സൂറത്തുദ്ദാരിയാത്ത് :പ്രപഞ്ചനാഥന്റെ ഓർമ്മപ്പെടുത്തലുകൾ



    അൽ ബർറ (റ) വിൽ നിന്നുള്ള നിവേദനം :"ഞങ്ങൾ നബി(സ്വ)യോടൊപ്പം ളുഹർ നിസ്കരിക്കുമ്പോൾ സൂറത്തുദ്ദാരിയാത്ത്, സൂറത്ത് ലുഖ്മാൻ, ഇവയിൽ നിന്നുള്ള സൂക്തങ്ങൾ പാരായണം ചെയ്തതായി കേട്ടു".

    

       ജാഹിലിയ്യത്തിന്റെ ഇരുൾചുരുളുകൾക്കുള്ളിൽ മനസ്സകമിൽ അജ്ഞതയുടെയും അന്ധകാരത്തിന്റെയും കുടിൽ കെട്ടി ജീവിച്ച  അവിശ്വാസികൾക്കുള്ള താക്കീതാണ് സൂറത്തുദ്ദാരിയാത്ത്. ഇസ്‌ലാമികാഗമനത്തോടെ കിഴക്കിന്റെ വെള്ളക്കീറുകൾ കണ്ട്തുടങ്ങിയപ്പോഴും കീറിത്തുടങ്ങിയവയെ തുന്നിക്കെട്ടി അജ്ഞത കൊണ്ട് ചായമേകിയവരുടെ പതനത്തിന്റെ കിസ്സകളാണ് സൂറത്തുദ്ദാരിയാത്ത്. അവസാന നാളിന്റെ ആവിർഭാവത്തെ അവതാനതയിലാക്കാതിരിക്കാനുള്ള മുന്നറിയിപ്പാണ് സൂറത്തുദ്ദാരിയാത്ത്. ഇന്നും പുകമറക്കുള്ളിൽ ചമ്രം പടിഞ്ഞിരിക്കുന്നോർക്ക് സത്യദീനിന്റെ തെളിമയേറിയ കഥകൾ അവതരിക്കുകയാണിവിടെ, ചുരുക്കത്തിൽ ഇന്നത്തെ സത്യനിഷേധികൾക്കുള്ള ശാസനയാണ് സൂറത്തുദ്ദാരിയാത്ത്.

         

                    സത്യവിശ്വാസത്തിന്റെ അതുല്ല്യപ്രകാശത്തിന് മുന്നിൽ അന്ധത നടിച്ച് കുഫ്രിയ്യത്തിന്റെ ഇരുളറകളിലേക്ക് ആഴ്ന്നിറങ്ങിയവർക്കുള്ള സർവശക്തന്റെ ഓർമപ്പെടുത്തൽ, ഈമാനിന്റെ തെളിനീരിനാൽ ഹൃദയം ശുദ്ധിയാക്കി ഇലാഹിനോടുള്ള ഇഷ്‌ഖിൽ അലിഞ്ഞു ചേർന്ന് സൂക്ഷ്മതയാൽ വിശ്വാസം മുറുകെപ്പിടിച്ചവർക്കുള്ള ലോകരക്ഷിതാവിൽ നിന്നുള്ള ഉത്തമ പ്രതിഫലം, ഒരു കയ്യിൽ ഇബ്രാഹിം(അ)നുള്ള സന്തോഷവാർത്തയും മറുകയ്യിൽ ലൂത്(അ) ന്റെ സമുദായത്തിന് മേലുള്ള ശിക്ഷയുമായി വന്ന അല്ലാഹുവിന്റെ മാലാഖമാർ, സത്യസന്ദേശവുമായി വന്ന അല്ലാഹുവിന്റെ പ്രവാചകർക്ക് നേരെയുള്ള അവിശ്വാസികളുടെ നിഷേധാത്മകമായ നിലപാട്, മനുഷ്യ-ജിന്ന് വർഗ്ഗത്തിന്റെ സൃഷ്ടിപ്പിലെ പടച്ചവന്റെ ഉദ്ദേശ്യം, ഇവയൊക്കെയും ഉദ്ധരിക്കുന്ന ലളിതമായ എന്നാൽ അർത്ഥസമ്പൂർണമായ 60 സൂക്തങ്ങൾ.

       

                "ദാരിയാത്ത്" എന്ന പദം ഉരിത്തിരിഞ്ഞു വന്നത് 

وَٱلذَّٰرِيَٰتِ ذَرْوًۭا  (51:1)


"പൊടി പറത്തുന്നവ സാക്ഷി"

         എന്ന ആദ്യ സൂക്തത്തിൽ നിന്നുമാണ്. ഈ കാലഘട്ടവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുമ്പോൾ ഈ നാമകരണത്തിന് കീഴിൽ അണിനിരന്ന സൂക്തങ്ങളിലൂടെ ജഗനിയന്താവായ അല്ലാഹു സുബ്ഹാനഹു വ തആല ഇന്ന് ജീവിക്കുന്ന ഓരോ ഹൃദയത്തുടിപ്പിലേക്കും ചരിത്ര സംഭവങ്ങളെ സാക്ഷിയാക്കി ചിന്തബിന്ദുക്കളെ ഇട്ടുകൊടുക്കുകയാണ്. "ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്" എന്നാണല്ലോ ഖുർആൻ വാക്യം.

     

             മറ്റെല്ലാ മക്കിയായ സൂറത്തുകളെയും പോലെ സൂറത്തുദ്ദാരിയാത്തിലും അല്ലാഹുവിന്റെ ഏകത്വത്തെയും മനുഷ്യകർമ്മഫലങ്ങളെയും പുനരുത്ഥാനത്തെയും സ്വർഗ്ഗനരക വിധിനിർണയത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. അതിന് പുറമെ അല്ലാഹുവിന്റെ പ്രവാചകരായ ഇബ്രാഹിം(അ),ലൂത്(അ), മൂസ(അ), നൂഹ് (അ) എന്നിവരെക്കുറിച്ചും ആദ് -സമൂദ് ഗോത്രങ്ങളെക്കുറിച്ചും, ജോഡികളായുള്ള പ്രപഞ്ചത്തിലെ ഓരോ വസ്തുവിന്റെയും സൃഷ്ടിപ്പിനെയും ഈ സൂറത്തിൽ പരാമർശിച്ചതായി കാണാം. മുഹമ്മദ്‌ (സ്വ) ജാലവിദ്യാക്കാരനാണെന്ന സത്യനിഷേധികളുടെ വാദത്തെയും ഈ സൂറത്തിലൂടെ അല്ലാഹു പൊളിച്ചുകളയുന്നു. അവനെ ആരാധിക്കാനല്ലാതെ മനുഷ്യ-ജിന്ന് വർഗ്ഗങ്ങളെ സൃഷ്ടിച്ചില്ലെന്നും അല്ലാഹു അറിയിച്ചുതരികയാണിവിടെ.


          ശക്തിയായി പൊടിപാറ്റുന്ന കാറ്റിനെ കൊണ്ടും, സമുദ്രങ്ങളുടെ ഉപരിതലത്തിനുമേൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന ജലയാനങ്ങളെ കൊണ്ടും, ജലകണങ്ങൾ വഹിക്കുന്ന മേഘങ്ങളെ കൊണ്ടും, ഭൂമിയിലാകെയും ദൈവികകല്പനകൾ വീതിച്ചു നൽകുന്ന മലക്കുകളെ കൊണ്ടും സത്യം ചെയ്ത്കൊണ്ട് പുനരുത്ഥാനം യാഥാർത്ഥ്യമാണെന്ന് അറിയിക്കുകയാണ് ആദ്യ സൂക്തങ്ങൾ. മൺപൊടികളും മണൽത്തരികളും പാറ്റിപ്പറത്തുന്ന കാറ്റ് അന്നത്തെ അറബികൾക്കും മറ്റെല്ലാവർക്കും സുപരിചിതമാണ്. ഇവയുടെ ഉത്ഭവം എങ്ങനെ?,ഇതിനെയൊക്കെയും ആര് നിയന്ത്രിക്കുന്നു?, ഇവയുടെ പര്യവസാനം എങ്ങനെ?, ചിന്തിക്കുന്ന മനുഷ്യന് മുന്നിൽ ദൃഷ്ടാന്തങ്ങൾ ഏറെയാണ്.

ذُوقُوا۟ فِتْنَتَكُمْ هَٰذَا ٱلَّذِى كُنتُم بِهِۦ تَسْتَعْجِلُونَ   (51:14)

അല്ലാഹുവിന്റെ ഏകത്വത്തെയും മനുഷ്യന്റെ പുനരുത്ഥാനത്തെയും നരകശിക്ഷയെയും കളിയാക്കിപ്പറഞ്ഞ സത്യനിഷേധികൾക്കുള്ള വിധിനിർണയ നാളിലെ അല്ലാഹുവിന്റെ മറുപടിയാണിത്.

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍۢ وَعُيُونٍ    (51:15)

                        അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിച്ച് അവനെ മാത്രം ആരാധിച്ച സദ് വൃത്തരായ അവന്റെ അടിമകൾക്കുള്ള പ്രതിഫലം കൊണ്ട് സന്തോഷവാർത്ത അറിയിക്കുകയാണിവിടെ. അവർ രാത്രി നമസ്കരിക്കുന്നവരും പാപമോചനം തേടുന്നവരുമാണ്.

                        

هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ   (51:24)

           വൃദ്ധയായ സാറാ ബീവിയിൽ നിന്നും പുത്രൻ ഇസ്ഹാഖ്(അ)ന്റെ ജനനത്തെക്കുറിച്ചുള്ള ശുഭവാർത്തയറിയിക്കാൻ വന്ന മലക്കുകളെയാണ് ഇവിടെ അതിഥികളായി പ്രതിപാദിച്ചിട്ടുള്ളത്. ഇതേ മലക്കുകൾ തന്നെയാണ് ലൂത് നബി(അ)ന്റെ സമുദായത്തിലേക്കുള്ള ശിക്ഷയുമായി ഇറങ്ങിയത്. ചുരുക്കിപ്പറഞ്ഞാൽ ഒരേ സമയം ഒരു പ്രവാചകന് സന്തോഷവാർത്തയും മറ്റൊരു പ്രവാചകന്റെ സമുദായത്തിന് ശിക്ഷയുമായാണ് ഈ മലക്കുകളുടെ ആഗമനം.


قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍۢ مُّجْرِمِينَ    (51:32)

           കടുത്ത ധിക്കാരികളും തെമ്മാടികളുമായ ലൂത് നബിയുടെ സമുദായത്തിന്റെ ചരിത്ര കഥയാണ് അവിടം വിവരിക്കുന്നത്. സമുദായത്തിലെ സത്യവി ശ്വാസികളായി ഉണ്ടായിരുന്നവരെയത്രെയും നാം പുറത്തു കൊണ്ടുവന്നു. ഒരൊറ്റ മുസ്ലിം ഗൃഹം മാത്രമായിരുന്നു അവിടെ വിശ്വാസിപക്ഷത്തുണ്ടായിരുന്നത്. മാനവകുലത്തിനാകയും കരുത്തുറ്റ ദൃഷ്ടാന്തമായി ചില ശേഷിപ്പുകൾ ബാക്കിയാക്കുകയാണിവിടെ.

                 

                       മൂസ നബി(അ)നെ വ്യക്തമായ ദൃഷ്ടാന്തവുമായി ഫിർഔനിന്റെ അടുത്ത് അയക്കുകയും എന്നാൽ കടുത്ത അധിക്ഷേപവുമായി തിരിച്ചയക്കുകയും ചെയ്തതായി തുടർന്നുള്ള സൂക്തങ്ങളിൽ വ്യക്തമാക്കുന്നു. കൂടാതെ ഓരോ അവിശ്വാസിസമൂഹത്തിലേക്കും അല്ലാഹു(സു)നൽകിയ ശിക്ഷയെയും ഇവിടെ പ്രതിപാദിക്കുന്നു. ഫിർഔനെയും കൂട്ടരെയും ചെങ്കടലിൽ മുക്കിയതും,ആദ് സമൂഹത്തിലേക്ക് നല്കപ്പെട്ട ഏതൊന്നിനെയും ദ്രവിപ്പിച്ചു കടന്ന് പോകുന്ന വന്യമായ കാറ്റിനെയും, സമൂദ് ഗോത്രത്തെ മുഴുവനും നശിപ്പിച്ച ഗോരമായ ആ ശബ്ദത്തെയും, അധർമ്മകാരികളായ മറ്റൊരു ജനവിഭാഗമായ നൂഹ് നബി (അ) ന്റെ സമുദായത്തിന്റെ പതനവും ഇതിൽ വ്യക്തമാക്കുന്നു.




وَمِن كُلِّ شَىْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ   ( 51:49)


"നാം എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. നിങ്ങള്‍ ചിന്തിച്ചറിയാന്‍".

كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ  ( 51:52)

            അല്ലാഹുവിന്റെ ദൃഷ്ടാന്തവുമായി ചെന്ന പ്രവാചകർ (സ)യെ സത്യനിഷേധികൾ ഭ്രാന്തനെന്നും മായാജാലക്കാരനെന്നും വിളിച്ച് ആക്ഷേപിച്ചപ്പോൾ നബി (സ)യ്ക്കുള്ള ആശ്വാസവും സത്യനിഷേധികൾക്കുള്ള താക്കീതുമായാണ് തുടർന്ന് വരുന്ന സൂക്തങ്ങളിൽ കാണാൻ സാധിക്കുക. അല്ലാഹുവിന്റെ മുഴുവൻ പ്രവാചകരും പരീക്ഷണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും അല്ലാഹു ഇതിലൂടെ അറിയിച്ചു തരികയാണ്...



وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ   (51:56)

        ഈ ഭൂമിലോകത്തു വാസമുൾകൊണ്ട ഓരോ ചെറു തന്മാത്ര മുതൽ ഭീമാകാരമായ വസ്തുക്കളുടെയും ശില്പി അല്ലാഹുവാണ്. ഓരോ സൃഷ്ടിയുടെയും ഭക്ഷണവും സർവ്വതും അല്ലാഹുവിൽ നിന്നാണ്. ആകയാൽ ഈ ഭൂമിലോകത്ത് പടക്കപ്പെട്ട ജിന്നുകളും മനുഷ്യരും അല്ലാഹുവിന് ഇബാദത്ത് ചെയ്യുവാൻ പടക്കപ്പെട്ടിട്ടുള്ളവരാണ്.


                 ജഗനിയന്താവായ റബ്ബിന്റെ മനോഹരമായ സൃഷ്ടി, എന്തിനേറെ ദർശനത്തിലും സ്പർശനത്തിലും ഇത്രയും ഉലഞ്ഞിരിക്കുന്ന ഹൃദയാന്തരങ്ങളിലും സ്വാന്തനത്തിന്റെ നേർമുത്തുകൾ ചിതറിയ പോൽ സ്പർശസ്പന്ദനം നൽകിയ പരിശുദ്ധ ഖുർആൻ, അവയുടെ അകത്തളത്ത് കടലലയുടെ ആഴങ്ങളിലെ  ചിപ്പിക്കുള്ളിൽ സാകൂതം വിശ്രമിക്കുന്ന മുത്ത് പോലെ സൂറത്തുദ്ദാരിയാത്തിൽ ഉൾകൊള്ളിച്ച അനേകായിരം ദൃഷ്ടാന്തങ്ങൾ, മുന്നറിയിപ്പുകൾ, അജബേറിയ അത്ഭുതങ്ങൾ, ചോദ്യകർത്താവിനെ സ്തബ്ധനാക്കുന്ന മറുപടികൾ.. ശിഫാഇന്റെ ചെറുതരികൾ ഒക്കെയും കോർത്തിണക്കിയ അത്ഭുതങ്ങൾ നിറഞ്ഞ അറുപതുസൂക്തങ്ങൾ.. അറിവില്ലായ്മയുടെ അന്ധകാരത്തിലേക്ക് വീഴാതെ വിശ്വാസത്തിന്റെ നൂറിൽ ഇഷ്‌ഖിന്റെ പാതയിലൂടെ തഖ് വയുള്ള മനസ്സുമായി ഇലാഹിലേക്ക് നീങ്ങാം... നാഥൻ തൗഫീഖ് നൽകുമാറാകട്ടെ....




يا ربنا توفنا مسلمين والحقنا بالصالحين...


أمين.....


Shahana yasmin.C. N & Shermina. K

Izzathul Islam wafiyya college,

Athazhakkunnu, Kannur