റമളാൻ : കളങ്കമില്ലാതെ കാരുണ്യവാനിലേക്ക്..
പാപപങ്കിലമായ പതിനൊന്നു മാസക്കാലത്തെ ജീവിതത്തെ ശുദ്ധിയാക്കാനെന്നോണം നാഥൻ കനിഞ്ഞേകിയ അമൂല്യ മാസം നമ്മിലേക്ക് ആഗതമായിരിക്കുകയാണ്... റജബ് മുതൽ അഥവാ രണ്ടു മാസം മുന്നേ തന്നെ അതിലേക്കെത്തിക്കണമെന്നും അതിനെ ധന്യമാക്കാൻ കഴിയണേ എന്നും പ്രാർത്ഥിച്ചു കൊണ്ട് വിശ്വാസികൾ കാത്തിരിക്കുകയാണ്... വലതുഭാഗത്തെ ഏട് നിറക്കാൻ...ഒരു മാസം ഉടമയ്ക്ക് വേണ്ടി ചിലവഴിക്കാൻ... എല്ലാം പൊറുത്തു തരുമെന്ന് ഉറപ്പുള്ള നാഥനിലേക്ക് സകലതും സമർപ്പിക്കാൻ... അമൂല്യ ദിനരാത്രങ്ങളും അസുലഭ നിമിഷങ്ങളും ഉൾകൊള്ളുന്ന നിസ്തുലവും അനുഗ്രഹീതവുമായ സൃഷ്ടാവിന്റെ സമ്മാനത്തിനായുള്ള തയ്യാറെടുപ്പാണ് ഓരോ റമളാനും. ഒരു വീണ്ടുവിചാരത്തിനുള്ള സമയമാണ് ഇത്... ശരീരത്തിൽ നിന്നുള്ള ഭാരം ഇറക്കി വെക്കാനുള്ള സമയം... ആയുസ്സിൽ ഇത്രത്തോളം നമുക്ക് ലഭിച്ചിട്ടുള്ള പുണ്യമാസങ്ങൾ വേണ്ടുവോളം ഉപയോഗപ്പെടുത്തിയോ എന്ന് ചിന്തിക്കാനുള്ള സമയം... ഇല്ല എന്നാണ് ഉത്തരമെങ്കിൽ തിരുത്തപ്പെടാനുള്ള സമയം.... കുറവുകളും വീഴ്ചകളും ഭംഗിയാക്കാനുള്ള സമയം... സ്വയം വിചാരണ അത്യന്താപേക്ഷിതമാണ്...
ഖുർആനിന്റെ മാസമാണ് പരിശുദ്ധ റമളാൻ... ഖുർആൻ അവതരിച്ചു എന്നുള്ളതാണ് റമളാനിന്റെ ഏറ്റവും വലിയ ശ്രേഷ്ടത... സൂറത്തുൽ ഖദ്രിന്റെ വ്യാഖ്യാനമായി ഇബ്നു അബ്ബാസ് (റ ) പറയുന്നു : " ലൈലത്തുൽ ഖദ്രിൽ ലൗഹുൽ മഹ്ഫൂളിൽ നിന്ന് ഒന്നാം ആകാശത്തിലെ ബൈത്തുൽ ഇസ്സയിലേക്ക് ഖുർആൻ ഇറക്കപ്പെട്ടു... അവിടെ നിന്നും സന്ദർഭോചിതമായി വിവിധ ഘട്ടങ്ങളിലൂടെ ഇരുപത്തി മൂന്ന് വർഷം കൊണ്ട് പൂർണമായും നബി (സ്വ )ക്ക് അള്ളാഹു ദൂതനായ ജിബ്രീലിലൂടെ (അ ) വഹിയായി ഇറക്കപ്പെട്ടു... അതിന്റെ പ്രാരംഭം ഹിജ്റയുടെ പതിമൂന്ന് വർഷം മുമ്പ് ഒരു റമളാനിൽ ആയിരുന്നു "... പൂർവസൂരികൾ റമളാനിനെ ഖുർആനിന്റെ മാസമായി കണക്കാക്കിയിരുന്നു... ചിലർ മൂന്ന് ദിവസം കൂടുമ്പോൾ ഓരോ ഖത്ത്മ് പൂർത്തീകരിച്ചിരുന്നു... ഇമാം ഷാഫിഈ (റ ) ഓരോ റമളാനിലും 60 ഖത്ത്മ് പൂർത്തിയാക്കിയിരുന്നു.. നിസ്കാരത്തിലെ ഖുർആൻ പാരായണത്തിന് പുറമെയാണിത്.. ഇമാം അബൂ ഹനീഫ(റ )നെ ക്കുറിച്ചും ഇപ്രകാരം വന്നിട്ടുണ്ട്... ഇമാം ഖത്താദ(റ ) റമളാൻ മുഴുവൻ ഖുർആൻ പഠനത്തിന് നീക്കിവെച്ചു... ഇമാം മാലിക് (റ ) റമളാനായാൽ ഹദീസ് പഠനവും മറ്റും നിർത്തി ഖുർആൻ പാരായണത്തിൽ വ്യാപൃതനാവുമായിരുന്നു..
റമളാനിലും പാപമോചനം നേടാത്തവർ പരാചിതർ തന്നെ... ലൈലത്തുൽ ഖദ്റിൽ വിശ്വസിച്ചാൽ തന്നെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന ഹദീസുകൾ നമുക്ക് കാണാം... ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു : നബി (സ്വ ) പറഞ്ഞു : അഞ്ചു നേരത്തെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റമളാൻ അടുത്ത റമളാൻ വരെയുമുള്ള പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.. വൻദോഷങ്ങൾ ഒഴികെ... പാപങ്ങൾ കരിക്കപ്പെടുന്നതിനാലാണ് റമളാൻ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് അനസ് (റ ) റിപ്പോർട്ട് ചെയ്യുന്നു... ആത്മീയതയ്ക്കാണ് റമളാനിൽ പ്രാധാന്യം... കർമങ്ങൾ കൊണ്ട് വിജയം നേടാൻ കഴിയാത്തവർ ഹൃദയന്തരങ്ങളിലേക്ക് ജല്ലജലാലിനെ പ്രവഹിച്ച് ആത്മീയത കൈക്കൊള്ളാൻ തയ്യാറാവുക... നാഥൻ തുണക്കട്ടെ...
മർഹബാൻ ബിക യാ ശഹർ റമളാൻ...
AYISHA KV
IZZATHUL ISLAM WAFIYYA COLLEGE,
ATHAZHAKKUNNU

0 Comments