സൂറത്തുൽ ഗാശിയ:മുന്നൊരുക്കങ്ങൾക്കുള്ള മുന്നറിയിപ്പുകൾ


മൂടുന്ന സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് തന്റെ അടിമകളോട് മൂഢരാവാതെ മടക്കയാത്രക്കൊരുങ്ങാൻ ഉണർത്തുകയാണ് സൃഷ്ടാവ്. സൃഷ്ടിവൈഭവങ്ങളെ സാക്ഷ്യപ്പെടുത്തി ചിന്തിക്കുവാനും വിചിന്തനങ്ങൾ വിവേകപൂർണ്ണമാക്കാനും വഴിയൊരുക്കുന്ന വചനങ്ങൾ വിശ്വാസത്തിന്റെ മൂർത്തീഭാവത്തിലേക്ക് ഹൃദയത്തെ കൊണ്ടെത്തിക്കുന്നു.ഒപ്പം ”അഹദെ”ന്ന വിശ്വാസമില്ലാത്തവർക്ക് പരാജയാശംസകൾ നേരുകയാണ് പ്രപഞ്ചനാഥൻ. അല്ലെങ്കിലും,തലയില്ലാതെ ഉടൽ ഉണ്ടായിടട്ടെന്ത് കാര്യം! അതെ,അവിശ്വാസികൾ ഇമവെട്ടാതെ അമൽ ചെയ്യുന്നതിൽ ഫലം ഇല്ലെന്ന് വിശുദ്ധ ഖുർആനിലെ 88ആം  അദ്ധ്യായമായ സൂറത്തുൽ ഗാശിയയിലൂടെ അള്ളാഹു പ്രസ്താവിക്കുന്നു. 26ആയത്തുകൾ ഉൾകൊള്ളുന്ന പ്രസ്തുത സൂറത്ത് മക്കയിലാണ് അവതീർണമായത്.ഗാശിയ(മൂടുന്നത് )എന്നതുകൊണ്ടുദ്ദേശം ഖിയാമത്ത് നാളാണ്. എല്ലാ വസ്തുക്കളെയും ഒന്നടങ്കം ബാധിക്കുന്ന മഹാവിപത്തായതിനാലാണ് അതിനെ മൂടുന്ന സംഭവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അവിശ്വാസികളെ ശിക്ഷിക്കുന്ന നരകത്തിന്റെ പേരാണതെന്നും ഇബ്നുഅബ്ബാസ് (റ )വിനെ തൊട്ട് അബൂസ്വാലിഹ്(റ ) ഉദ്ധരിച്ച ഹദീസുകളിൽ കാണാം.സ്വർഗത്തെയും നരകത്തെയും കുറിച്ച്  വിശദമാക്കിയ ആദ്യ സൂറത്താണിതെന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായമുണ്ട്.



-( നബിയേ, ) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം താങ്കൾക്ക് വന്നുകിട്ടിയോ?എന്ന ചോദ്യത്തോടെ തുടങ്ങുമ്പോൾ, അവിടെ പ്രിയപ്പെട്ടോരാളോടുള്ള സംസാരമര്യാദകൾ കൂടി അല്ലാഹു പറയാതെ പഠിപ്പിക്കുന്നു. ഭയാനകമായ ദിവസത്തിന്റെ /ശിക്ഷകളുടെ മുന്നറിയിപ്പായിട്ട് പോലും വളരേയേറെ വാത്സല്യത്തോടെ ശിഷ്യനെ ചേർത്തുപിടിച്ചു,കാര്യങ്ങൾ അറിയാനുള്ള  താല്പര്യം അവനിൽ ജനിപ്പിക്കുംവിധം പറഞ്ഞുകൊടുക്കാനൊരുങ്ങുന്ന ഒരു ഗുരുവിനെ നമുക്കിവിടെ ദർശിക്കാം.

ശ്രോതാവിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ സവിശേഷ അവതരണ ശൈലി.

ശേഷം അള്ളാഹു പറഞ്ഞു കൊടുക്കുകയാണ്

“ -അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

-പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും.

-ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

-ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന്‌ അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

-ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല.

-അത്‌ പോഷണം നല്‍കുകയില്ല. വിശപ്പിന്‌ ശമനമുണ്ടാക്കുകയുമില്ല.

”ആവിശ്വാസികളായ പുരോഹിതർ, കഠിന തപസ്സനുഷ്ടിക്കുന്ന സന്യാസിമാർ എന്നിവരെ  പോലുള്ളവരെക്കുറിച്ചാണ് ഈ പരാമർശം. ഇഹലോകവും പരലോകവും നഷ്ടമായ ഒരു കൂട്ടർ! അവർക്ക് അവരുടെ രക്ഷിതാവ് ഒരുക്കിവെച്ച ശിക്ഷകൾ, ഭക്ഷണപാനീയങ്ങൾ എല്ലാം എത്ര ഭീകരമാണ്. “എന്റെ ശിക്ഷകൾ അതികഠിനമാണെ”ന്ന് അള്ളാഹു തന്നെ പ്രഖ്യാപിച്ചുവെന്നിരിക്കെ അതിന്റെ തീവ്രത എത്രമാത്രമായിരിക്കും?!

തിളച്ചുമറിയുന്ന അഗ്നിഗോളത്തിലിരുന്ന് തിളച്ച വെള്ളം കുടിക്കുന്നതും കള്ളിമുൾച്ചെടികൾ വിഴുങ്ങുന്നതും ദുനിയാവിലെ സകലസുഖങ്ങളും ഉപേക്ഷിച്ചവർക്കാണെന്നോർക്കണം! അവർ ചെയ്ത ഒരേ ഒരു തെറ്റിന് ഉള്ള പ്രതിഫലമാണിതെന്നും മനസ്സിലാക്കണം! കുഫ്ർ എന്ന തെറ്റിന് കാരുണ്യത്തിന്റെ ചെറിയൊരു കണിക പോലും നാളെ ലഭ്യമല്ലെന്ന് തിരിച്ചറിയണം!വിശ്വാസമില്ലാത്തിടത് ആരാധനകൾ കേവലം ആംഗ്യങ്ങൾ മാത്രം!



അടുത്ത സൂക്തങ്ങൾ അവന്റെ അനുഗ്രഹങ്ങൾ കരഗതമാക്കിയവരെക്കുറിച്ചാണ് 

“-ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

-അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.

-ഉന്നതമായ സ്വര്‍ഗത്തില്‍.

-അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

-അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

-അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

-തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

-അണിയായി വെക്കപ്പെട്ട തലയണകളും,

-വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.”

സുഖലോലുപതയുടെ സ്വർഗകവാടങ്ങൾ തന്റെ സത്യവിശ്വാസികൾക്കായി  തുറന്നു വെച്ച് കാത്തിരിക്കുന്ന രക്ഷിതാവിന്റെ ആവേശകരമായ വചനങ്ങൾ...

നോക്കൂ,അവനെത്ര ശ്രദ്ധയോടെയാണ് അവന്റെ പ്രിയപ്പെട്ട അടിമകൾക്കുള്ള അനശ്വരമായ വാസസ്ഥലം ഒരുക്കിയിരിക്കുന്നത്!


ശേഷം സൃഷ്ടാവ് അവന്റെ  കഴിവുകളിലേക്ക് മനുഷ്യചിന്തയെ തിരിച്ചുവിടുന്നു. 

“-ഒട്ടകത്തിന്‍റെ നേര്‍ക്ക്‌ അവര്‍ നോക്കുന്നില്ലേ? അത്‌ എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌?

-ആകാശത്തേക്ക്‌ ( അവര്‍ നോക്കുന്നില്ലേ? ) അത്‌ എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌?

-പര്‍വ്വതങ്ങളിലേക്ക്‌ ( അവര്‍ നോക്കുന്നില്ലേ? ) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌?

-ഭൂമിയിലേക്ക്‌ ( അവര്‍ നോക്കുന്നില്ലേ? ) അത്‌ എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌?”

സ്വർഗലോകത്തെ ഉയർന്ന കട്ടിലുകളിൽ ഞങ്ങളെങ്ങനെ കയറുമെന്ന് ചില ആളുകൾ ചോദിച്ചപ്പോൾ അല്ലാഹു ഇറക്കിയതാണ് ഒട്ടകത്തിലേക്ക് നോക്കാൻ പ്രേരിപ്പിച്ചുകൊണ്ടുള്ള സൂക്തം. “മരുക്കപ്പലെ”ന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒട്ടകമെന്ന അത്ഭുതജീവിയുടെ സവിശേഷതകൾ വ്യക്തമായി അറിയാവുന്ന അറബികൾക്ക് വിശ്വാസികളാവാനുള്ള അല്ലാഹുവിൽ നിന്നുള്ള നോട്ടിഫിക്കേഷനായിരിക്കാം അത്.

ജീവിതമാർഗം കണ്ടെത്താൻ യാത്രകൾ ഒരുപാട്‌ ചെയ്യേണ്ടിവന്ന ഒരു സമൂഹത്തോട് അവന്റെ വാഹനത്തിലേക്കും മുകളിലെ ആകാശത്തിലേക്കും താഴെയുള്ള ഭൂമിയിലേക്കും ചുറ്റും കാണുന്ന പർവ്വതങ്ങളിലേക്കും നോക്കാനും ചിന്തിക്കാനും പറയുമ്പോൾ അവിടെ സൃഷ്ടികളെ വല്ലാതെ മനസ്സിലാക്കുന്ന ഒരു സൃഷ്ടവിന്റെ സാമീപ്യം നമുക്കനുഭവിക്കാം...


 

 

“-അതിനാല്‍ ( നബിയേ, ) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

-നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.”

ആരെയും നിർബന്ധിപ്പിച്ചു ദീനിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും അല്ലാഹുവിൽനിന്നുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കൽ മാത്രമാണ് പ്രവാചകന്റെ കർത്തവ്യം എന്നും പറഞ്ഞുകൊടുത്ത് സകല സൃഷ്ടികളുടെയും വിധേയത്വം തന്നിലേക്ക് ചേർത്തിപിടിക്കുന്നു  വലിയവനായ അള്ളാഹു.

“-പക്ഷേ , വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

-അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

-തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ്‌ അവരുടെ മടക്കം.

-പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ്‌ അവരുടെ വിചാരണ.”

വ്യക്തമായ മുന്നറിയിപ്പുകാരൻ തന്നുപോയ മുന്നറിയിപ്പുകളാണിവ. വിശദീകരണങ്ങൾക്ക് വിധേയമാക്കൽ വ്യാർത്ഥമാണെന്നിരിക്കെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുവാനും വിശ്വാസം കൈക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹുവിന്റെ ആഹ്വാനങ്ങൾ അനുസരിച്ചു കൊണ്ട് നമുക്ക് ജീവിക്കാം...

 നാഥൻ തൗഫീഖ് നൽകട്ടെ_آمين


Liyya Jasmin & Ashitha azeez

Grace valley wafiyya college