സൂറത്തുസ്സഫ്ഫ്:നമുക്കും ഹവാരിയ്യുകളാകാം
വിശുദ്ധ ഖുർആനിലെ അറുപത്തി ഒന്നാം അദ്ധ്യായമായ സൂറത്തുസ്സഫ്ഫ് മദനിയ്യായ സൂറത്താണ്. അണി എന്നാണ് സഫ്ഫ് എന്ന പദം കൊണ്ടുള്ള വിവക്ഷ. സൂറത്തിലെ നാലാം വാക്യം അണിയായി യുദ്ധം ചെയ്യുന്നവരെ പരാമർശിക്കുന്നതിനാലാണ് ഈ പേര് വന്നതെന്നാണ് അഭിപ്രായം. ലോകരക്ഷിതാവിൻറെ പരിശുദ്ധിയെ പ്രകീർത്തിച്ചാണ് സൂറത്തിന്റെ പ്രാരംഭം. അവന്റെ പ്രതാപത്തെ വാഴ്ത്തികൊണ്ട് സത്യവിശ്വാസികൾ ജാഗ്രത പുലർത്തേണ്ട സുപ്രധാന കാര്യങ്ങൾ ഉണർത്തുകയാണ്.
ചെയ്യാത്ത കാര്യം പറയൽ അല്ലാഹുവിന്റെ കോപത്തിന് പാത്രീഭൂതരാകാൻ ഹേതുവാകുമെന്ന കാര്യം രണ്ടും മൂന്നും വചനത്തിലൂടെ സത്യവിശ്വാസികളെ ഓർമിപ്പിക്കുന്നുണ്ട്.യുദ്ധം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയും അതിന് അനുവാദം കിട്ടിയപ്പോൾ അമാന്തം കാണിക്കുകയും ചെയ്ത ചിലരുടെ നിലപാടിനെ വിലയിരുത്തിക്കൊണ്ടാണ് ഈ ആയത്തുകൾ അവതീർണ്ണമായത് എന്നാണ് അധിക മുഫസ്സിറുകളുടെയും പക്ഷം.
അനുയായികളുടെ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ നബി (സ്വ) തങ്ങളെ വേദനിപ്പിച്ചപ്പോൾ നബി (സ്വ) ക്ക് സാന്ത്വനവും പ്രചോദനവും നൽകേണ്ടതിനായി മുൻപ്രവാചകന്മാരുടെ ജീവിതം കാണിച്ചു ധൈര്യം പകരുക കൂടിയാണ് അല്ലാഹു സുബ്ഹാനഹു വതആല ഇതിലെ സൂക്തങ്ങളിലൂടെ.
അല്ലാഹുവിൻറെ ദൂതരാണെന്ന് ബോധ്യപ്പെട്ടിട്ടും ഈസാ നബി(അ)നെയും മൂസാ നബി (അ)നെയും അവരുടെ ജനത നിഷേധിച്ചതും പ്രയാസപ്പെടുത്തിയതുമായ ചരിത്രം വിവരിച്ചു കൊടുത്ത് അത്തരക്കാരുടെ പ്രവർത്തനങ്ങളെ താക്കീതു ചെയ്യുന്നതും ഈ അധ്യായത്തിൽ കാണാം.യഥാർത്ഥത്തിൽ അത്തരം സ്വഭാവക്കാർ അല്ലാഹുവിൻറെ മേൽ കള്ളം കെട്ടിച്ചമക്കുന്നവരും വലിയ അക്രമികളുമാണെന്ന വസ്തുതയും തുറന്നുകാട്ടുന്ന ആയത്തുകളാണ് അഞ്ചും ആറും ഏഴുമൊക്കെ.ആരൊക്കെ എന്തൊക്കെ കെട്ടിച്ചമച്ച് രാവിനെ പകലാക്കിമാറ്റാൻ ശ്രമിച്ചാലും അല്ലാഹുവിൻറെ പ്രകാശമായ പരിശുദ്ധദീൻ കെടുത്തിക്കളയാൻ ഒരു ശക്തിക്കും കഴിയില്ലെന്ന കാര്യം ഉത്ബോധിക്കുന്ന എട്ട് ഒമ്പത് വാക്യങ്ങൾ എപ്പോഴും സത്യവിശ്വാസികൾക്കും പ്രബോധകർക്കും ആത്മവിശ്വാസവും പ്രചോദനവും നൽകികൊണ്ടിരിക്കുന്നു.
അക്രമികളുടെ കുതന്ത്രങ്ങളൊന്നും പരിശുദ്ധദീനിന് മങ്ങലേൽപ്പിക്കാൻ പര്യാപ്തമല്ലെന്ന് കാണിച്ചു കൊണ്ട് അത്തരം കുത്സിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് വേദനജനകമായ ശിക്ഷയെ താക്കീത് നൽകുന്നതോടൊപ്പം അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു ബിസിനസ്സ് ഓഫർ പത്തും പതിനൊന്നും സൂക്തങ്ങളിലൂടെ അല്ലാഹു അറിയിച്ചു കൊടുക്കുകയാണ്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കലും ദേഹം കൊണ്ടും ധനം കൊണ്ടും അവരെ ദീനിൻറെ മാർഗ്ഗത്തിൽ സഹായിക്കലും യുദ്ധം ചെയ്യേണ്ടിവന്നാൽ ചെയ്യലുമാണ് ആ കച്ചവട രീതി. അനിർവചനീയമായ സൗഭാഗ്യങ്ങളുള്ള സ്വർഗ്ഗമാണ് അതിലെ ലാഭം.അത്തരം സ്വഭാവം ഉൾക്കൊള്ളുന്ന ഒരു ജനതയെ എടുത്തു പറഞ്ഞാണ് ഈ സൂറത്ത് അവസാനിക്കുന്നത്. ഈസാ നബി (അ)ന്റെ അനുയായികളായ ഹവാരിയ്യുകളാണവർ.അല്ലാഹുവിന്റെ മാർഗ്ഗത്തിൽ എന്നെ സഹായിക്കുന്നവർ ആരാണെന്ന് ചോദിച്ചപ്പോൾ ഈസാ നബി(അ)യോട് സധൈര്യം ഞങ്ങളെന്ന് പ്രഖ്യാപിച്ചവരാണ് ഹവാരിയ്യുകൾ. അവരുടെ മാർഗ്ഗത്തിൽ നിലയുറപ്പിക്കാൻ തൌഫീഖ് ഏകട്ടെ,ആമീൻ
SHAHAMA KP
IMAM SHAFI SHE CAMPUS

0 Comments