സൂറത്തുൽ ഇൻഷിഖാഖ്: പുനരുദ്ധാനത്തിന്റെ നാൾവഴികൾ
നാം വസിക്കുന്ന സുരക്ഷിതമാണെന്ന് ഏറെകുറെ വിശ്വസിക്കപ്പെടുന്ന ഈ ഭൂമിയും അതുൾപ്പടെയുള്ള സർവമാന പ്രപഞ്ചങ്ങളെയും നാമാവശേഷമാക്കുന്ന ഭീതിധായകവും അതിനിർണ്ണായകവുമായിട്ടുള്ള ഒരു ദിനത്തെ പറ്റി വിശുദ്ധ ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐഹിക ജീവിതത്തിന് വിരാമമിട്ട് കൊണ്ട് പാരത്രിക ജീവിതത്തിലേക്കുള്ള നാൾവഴികൾ നടക്കുന്ന സംഭവ ബഹുലമായ വസ്തുതകളിലേക്ക് ഖുർആൻ ശക്തമായി പല സ്ഥലങ്ങളിലും വിരൽ ചൂണ്ടുന്നു.
അന്തിമത്വത്തിന്റെ നേർകാഴ്ചകൾ വെളിപ്പെടുത്തുന്ന മക്കയിൽ അവതരിച്ച എൺപത്തി നാലാം അദ്ധ്യായമാണ് സൂറത്തുൽ ഇൻഷിഖാഖ് . ഹൃദയ വീചികളിലേക്ക് തറച്ച് കയറുന്ന ഉൽബോധനവും മനുഷ്യന്റെ സംസ്കാര ചാതുര്യത്തെ വിവിധ മേഖലകളിലേക്ക് ഒരു വിചിന്തനമായി എത്തിക്കുകയും ചെയ്യുന്ന സൂറത്തുൽ ഇൻഷിഖാഖിന് ചില ശ്രേഷ്ഠതകളുണ്ട്.
പതിവാക്കിയാൽ വിചാരണ വേളയിൽ മുൻഭാഗത്തിലൂടെ കിതാബ് കിട്ടുന്നവരുടെ കൂട്ടത്തിൽ അള്ളാഹു ഉൾപെടുത്തുന്നതും പിൻഭാഗത്തു കൂടി കിതാബ് കിട്ടുന്നവരിൽ നിന്നും സംരക്ഷിക്കുന്നതുമാണ്. ( ബൈളാവി)
ഇൻഷിഖാഖ് എന്നാൽ പിളരൽ എന്നാണർത്ഥം. പ്രഥമ സൂക്തത്തിലുപയോഗിച്ച ഇന്ഷഖ്ഖത്ത് എന്നതിന്റെ ക്രിയാധാതുവാകുന്നു ഇത്.
ഖിയാമത് നാൾ സംഭവിക്കുന്നത് ഒരാൾക്ക് കണ്ണിൽ കാണാൻ ആഗ്രഹമുണ്ടെങ്കിൽ അവർ സൂറത്തുൽ ഇൻഷിഖാഖ് ഓതെട്ടെ എന്ന് നബി (s) പറഞ്ഞതായി ഹദീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അദ്ധ്യായത്തിന്റെ ആദ്യ ഭാഗത്തിൽ സർവ്വലോക നാശത്തെയാണ് പ്രതിപാദിക്കുന്നത്. പ്രപഞ്ചം നിലനിൽക്കാൻ നിദാനമായ ആകാശ ഭൂമി,തന്റെ രക്ഷിതാവിന്റെ ആജ്ഞ കൊണ്ട് പൊട്ടിപ്പിളരുന്ന ദിവസം, ഭൂമി നിരപ്പാക്കപെടുകയും അതിലുള്ളതിനെ അത് ബഹിർഗമിക്കുകയും ശൂന്യമായി തീരുകയും ചെയ്യുന്നു. പിന്നീട് മഹ്ശറ സംവിധാനിക്കപ്പെടുന്നു.
തീർച്ചയായും മനുഷ്യൻ തന്റെ പ്രവർത്തനങ്ങളുമായി അല്ലാഹുവിനെ കണ്ടുമുട്ടേണ്ടതാണ്.
يا اَيُّهَا الاِنْسَانُ اِنَّكَ كَادِحٌ اِلَى رَبِّكَ كَدْحًا فَمُلاَقِيه.
പരലോകത്ത് വെച്ച് മനുഷ്യർ ഇരു വിഭാഗമായി തിരിക്കപ്പെടുകയും (സദ്'വൃത്തരും ദുർവൃത്തരും ) ഇഹലോകത്ത് മനുഷ്യർ ചെയ്തു കൂട്ടിയ കർമ്മങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥം അവർക്ക് നൽകുകയും ചെയ്യപ്പെടും. സദ്'വൃത്തർക്ക് വലതു കയ്യിലും ദുർവൃത്തർക്ക് ഇടതു കയ്യിലുമാണ് നല്കപ്പെടുക, അവരുടെ വിചാരണയാകട്ടെ അത്യന്തം നിർഭയവും നിഷ്ഠൂരവും ആയിരിക്കും.
രണ്ടാം പകുതിയിൽ സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തിലേക്കും മഹാത്മ്യതയിലേക്കും പാരാത്രികവും ആത്മീയവുമായ ലക്ഷ്യത്തിലേക്കും മനുഷ്യഹൃദയങ്ങളെ വഴി തിരിച്ചിടുന്നതിന് വേണ്ടി പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് സത്യം ചെയ്ത് കൊണ്ട് മനുഷ്യൻ വിഭിന്നമായ ദശാഘട്ടങ്ങളിലൂടെ പ്രയാണം ചെയ്യേണ്ടതുണ്ടെന്ന് അള്ളാഹു തആല പഠിപ്പിക്കുന്നു.
⚡لَتَرْكَبُنَّ طَبَقًا عَنْ طَبَقٍ ⚡
"നിശ്ചയമായും ക്രമാനുഗതമായി പ്രയാണം ചെയ്യേണ്ടതുണ്ട്."
മനുഷ്യന് മരണം സംഭവിക്കുന്നതിന് മുമ്പ് ശൈശവം, ബാല്യം, കൗമാരം, വാർദ്ധക്യം എന്നിങ്ങനെ വിവിധ ഘട്ടങ്ങളുള്ളത് പോലെ മരണാനന്തരം ബർസഖീ ജീവിതം, ഉയർത്തെഴുന്നേൽപ്പ്, വിചാരണ തുടങ്ങി പല ഘട്ടങ്ങൾ തരണം ചെയ്യേണ്ടതുണ്ടെന്നർത്ഥം.
ഇതൊക്കെ മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുകയും അവന്റെ പാരത്രിക ഭാവിയിലേക്ക് വേണ്ടകാര്യങ്ങൾ ബോധപൂർവ്വം പ്രവർത്തിക്കുകയും ചെയ്യേണ്ടതാകുന്നു. എന്നിട്ടും ഖുർആനിന്റെ സന്ദേശങ്ങൾ ഉൾകൊള്ളാനോ സ്വീകരിക്കാനോ അവൻ തയ്യാറാകുന്നില്ല.അവർക്ക് വേദനാജനകമായ ശിക്ഷയെയാണ് അള്ളാഹു അള്ളാഹു തയ്യാറാക്കിയിട്ടുള്ളത്.
അഖില ലോക സൃഷ്ടി സംഹാരകനായ അല്ലാഹുവിന്റെ മഹത്വവും വൈഭവവും കാണിക്കുന്ന പ്രപഞ്ചവും മനുഷ്യനും തുടർന്നുള്ള പരലോകവും രക്ഷാശിക്ഷാ മാർഗങ്ങളും സാര സമ്പൂർണ്ണമായി വിവരിച്ച് കൊണ്ട് വിശ്വാസികൾക്ക് അനശ്വര പ്രതിഫലത്തിന്റെ വാഗ്ദാനം നൽകി കൊണ്ട് പാരായണത്തിൽ ശ്രവണേന്ദ്രിയങ്ങളെ ഉദ്ധീപിക്കുന്ന ഗാഭീര്യവും ശ്രുതി താളവും നിറഞ്ഞു നിൽക്കുന്ന ഈ സൂറത്ത് അവസാനിക്കുന്നു.
Mariyam Najmah Saidharakath
MTM Wafiyya College, Olavilam

5 Comments
അല്ലാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ
ReplyDeleteആമീൻ
ما شاء الله💖
ReplyDeleteماشاء الله...
ReplyDeleteMa sha Allah👍🏻✨️
ReplyDelete✨️✨️
ReplyDelete