സൂറത്തുൽ ഹശ്ർ ; തൗഹീദിന്റെ ഉദ്ബോധനം 



وعن أنس بن مالك: أن رسول الله صلى الله عليه وسلم قال: من قرأ سورة الحشر غفر الله له ما تقدم من ذنبه وما تأخر.


ഇഹലോക ജീവിതം താത്കാലികമാണ്.നിസ്സാരവും നിന്ദ്യവുമായ ജീവിതത്തിലേക്ക് വെളിച്ചം പകരാൻ നിയോഗിക്കപ്പെട്ടവരാണ് അമ്പിയാക്കൾ. അവരെ അവഹേളിക്കുകയും പിന്നിൽ നിന്ന് ചതിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ ഇഹത്തിലും പരത്തിലും അനുഭവിപ്പിക്കുക എന്നത് അജയ്യനായ അല്ലാഹുവിന്റെ നടപടിക്രമമാണ്.മദീനയിൽ കുടിയേറി പ്രവാചകന്റെ വരവും പ്രതീക്ഷിച്ചിരുന്ന യഹൂദികൾ പ്രസ്തുത പ്രവാചകൻ മുഹമ്മദ്‌ ﷺ ഇസ്രായേലിൽ പെട്ടവരല്ലാത്ത കാരണത്താലും ചിരകാലമായി തങ്ങളിൽ മൂടുറച്ചു കഴിഞ്ഞ പല ദുഷിച്ച ചിന്തകൾ അനൂകൂലിക്കാത്തതിനാലും ശത്രുതയും അസൂയയും വെച്ചുപുലർത്തി പരമാകരുണികന്റെ തുരത്തലിനിരയായി മാറുകയാണുണ്ടായത്.


59-മത്തെ അധ്യായമായ സൂറത്തുൽ ഹശ്ർ ഹിജ്റക്ക് ശേഷമാണ് അവതീർണ്ണമായത്.ബനൂ നളീർ ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനാലാണ്  സൂറത്തിന് "തുരത്തിവിടൽ" എന്നർത്ഥമുള്ള 'ഹശ്ർ' എന്ന പേര് ലഭിച്ചത്.


ആകാശഭൂമികളെല്ലാം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിന് പ്രകീർത്തനം ചെയ്യുന്നുണ്ടെന്ന തിരുവാക്യത്തിൽ പ്രാരംഭം കുറിക്കുകയും പര്യവസാനിക്കുകയും ചെയ്യുന്ന പ്രസ്തുത സൂക്തം യഹൂദികളുടെ നാടുകടത്തൽ, ഫൈഇന്റെ അവകാശികൾ, സ്വാഹാബികളുടെ ഭക്തിനിപിടമായ പ്രാർത്ഥന, കപടവിശ്വസിയുടെ യഥാർത്ഥ സ്വത്വം, പിശാചിന്റെ ഒഴിഞ്ഞു മാറ്റം,ഖുർആനിന്റെ മഹത്വം, ഗാംഭീര്യം തുടങ്ങി നിരവധി വിഷയങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നു.


ശത്രുക്കളുമായി ഏറ്റുമുട്ടലും പടവെട്ടലും കൂടാതെ അവർ ഉപേക്ഷിച്ചു പോകുന്ന സ്വത്തിനാണ് ഫൈഅ് എന്ന് പറയുന്നത്.ബനൂനളീറിൽ നിന്ന് ലഭ്യമായത് പോലെ തന്നെ എല്ലാ ഫൈഉം റസൂലിനും, അവിടുത്തെ അടുത്ത കുടുംബം, അനാഥർ, സാധുക്കള്‍, വഴിപോക്കര്‍ (നിരാലംബരായ യാത്രക്കാര്‍) എന്നിവര്‍ക്കുള്ളതാണെന്ന് അല്ലാഹു പ്രസ്താവിക്കുന്നു.

(كي لايكون دولة بين الأغنياء)

ധനം ധനികന്‍മാരുടെ ഇടയില്‍ മാത്രം കൈമാറപ്പെടുന്ന ഒരു വസ്‌തു ആവാതിരിക്കാൻ അല്ലാഹു നിശ്ചയിച്ച ക്രമം വളരെ പ്രധാനപ്പെട്ട ഒരു ഇസ്‌ലാമിക സിദ്ധാന്തത്തെയാണ് വ്യക്തമാക്കുന്നത്.


{وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا}

("തിരുമേനി ﷺ നിങ്ങള്‍ക്ക് എന്തു കൊണ്ടുതന്നുവോ അതു നിങ്ങള്‍ സ്വീകരിക്കണം; തിരുമേനി ﷺ നിങ്ങളോട് ഏതൊന്നിനെക്കുറിച്ച് വിരോധിച്ചുവോ അതില്‍നിന്ന് വിലങ്ങിനില്‍ക്കണം")


പ്രസ്തുത സൂക്തത്തിലൂടെ പ്രധാനപ്പെട്ടതും ഇസ്ലാമിന്റെ അടിത്തറയുമായ മൗലിക സിദ്ധാന്തമാണ് അല്ലാഹു സത്യവിശ്വാസികളെ അറിയിക്കുന്നത്.റസൂൽ കല്പിച്ചത് എന്ന് പറയാതെ, റസൂൽ കൊണ്ട്തന്നത് എന്ന് പറഞ്ഞത് ശ്രദ്ധേയമാണ്. വാക്ക്, പ്രവർത്തി, മൗനാനുവാദം എന്നിങ്ങനെ പ്രവാചകൻ തിരുമേനി കാണിച്ചു തന്ന സകലതും ഖുർആനും ഉള്‍ക്കൊള്ളത്തക്കവിധം വിശാലാര്‍ത്ഥമുള്ളതാണ് ആ വാക്ക്.അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്ന മുഹാജിറുകൾക്കവകാശപ്പെട്ടതാണ് ഫൈഅ് എന്നും സ്നേഹം, ഔദാര്യം, ത്യാഗം, നിസ്വാര്‍‍ത്ഥത ആദിയായ ഗുണങ്ങൾ ഒത്തുചേർന്ന അന്‍സ്വാരികളെ കുറിച്ച് അർത്ഥഗർഭത്തോടെ പരാമർശിച്ചതിനും ശേഷം സ്വാഹാബാ കിറാമിന്റെ നിസ്വാർത്ഥവും നിഷ്കളങ്കവുമായ പ്രാർത്ഥന വിവരിക്കുന്നു.


 {رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالإِيمَانِ وَلا تَجْعَلْ فِي قُلُوبِنَا غِلاً لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ}

"ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു."


പ്രസ്തുത വചനത്തിൽ നിന്ന് ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടിയും, ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടു പോയ സത്യവിശ്വാസിക്ക് വേണ്ടിയും പ്രാര്‍‍ത്ഥിക്കുന്നതു സല്‍ക്കര്‍മവും, അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കുന്നതും  സജ്ജനങ്ങളുടെ ലക്ഷണവുമാണെന്നും മുന്‍ഗാമികളായ സജ്ജനങ്ങളെ കുറ്റം പറയുകയും, അവരെക്കുറിച്ചു വിദ്വേഷവും വെറുപ്പും വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് ദുർജ്ജനങ്ങളുടെ ലക്ഷണമാകുന്നു എന്നും പരമകാരുണികൻ ബോധ്യപ്പെടുത്തുന്നു.


അല്ലാഹുവിനേക്കാൾ സത്യവിശ്വാസികളെ ഭയക്കുന്ന ബുദ്ധിഹീനരായ കപടവിശ്വാസികളുടെയും യഹൂദരുടെയും കാഴ്ച്ചയിലുള്ള ഒത്തൊരുമ ഭീരുത്വവും ഹൃദയഭിന്നതയുമാണെന്ന് അല്ലാഹു തുറന്നടിക്കുന്നു.മാത്രമല്ല അവരും അവരുടെ കൂട്ടുകാരും ഒത്തൊരുമിച്ചു യുദ്ധത്തിന് മുതിരുകയാണെങ്കില്‍ വല്ല കോട്ടക്കുള്ളില്‍വെച്ചോ, മതിലുകളുടെ മറവുപിടിച്ചോ ഒളിപ്പോരു നടത്തുവാനല്ലാതെ, വെളിക്കിറങ്ങി യുദ്ധം നടത്തുവാനും അവര്‍ ധൈര്യപ്പെടുകയില്ലതാനും.അവരുടെ ദാരുണാന്ത്യത്തെ കുറിച്ചും അവർ അനുഭവിക്കാൻ പോകുന്ന കഠിനമായ ശിക്ഷയെ കുറിച്ചും പരാമർശിച്ച ശേഷം തുടർന്നുള്ള ആയത്തുകളിൽ മനുഷ്യന്റെ രക്ഷയും മോക്ഷവും ഭാവിനിർണ്ണയവും ആശ്രയിച്ചിരിക്കുന്ന 3 വിലയേറിയ ഉപദേശങ്ങൾ നൽകുന്നു.


1)അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സ്വീകരിക്കുകവഴി അവനോടു ഭയഭക്തിയുള്ളവരായി ജീവിക്കുക എന്നാണ് അല്ലാഹുവിനെ സൂക്ഷിക്കുക എന്നതുകൊണ്ടു വിവക്ഷ.ഇതാണ് ഏറ്റവും മർമ്മപ്രധാനമായ വിഷയവും.


2)ഓരോരുത്തരും അവനവന്റെ ശാശ്വതമായ പരലോക ജീവിതത്തിന് വേണ്ടി എന്തൊക്കെയാണ് ഒരുക്കിവെച്ചതെന്ന് ആത്മപരിശോധന നടത്തികൊണ്ടിരിക്കണം.


3) അല്ലാഹുവിനെ ക്കുറിച്ചുള്ള ബോധമോ ഭയമോ ഇല്ലാതെ അവന്റെ വിധിവിലക്കുകളെ ലാഘവത്തോടെ കാണുന്ന താന്തോന്നികളെ പോലെ നിങ്ങൾ ആവരുത്.


എത്ര മഹത്തായ ഉപദേശങ്ങൾ!!ഈ ഉപദേശങ്ങൾ സ്വീകരിക്കുന്നവർക്കാണ് നിത്യാനന്ദമായ സ്വർഗ്ഗം.അവർ തന്നെയാണ് ഭാഗ്യവാന്മാർ!!


 മാനവവിശ്വാസികൾക്ക് സുപരിചിതമായ മഹത്വവും ഗംഭീര്യവും നിറഞ്ഞ لو انزلنا എന്ന് തുടങ്ങുന്ന ആയതുകളിലൂടെയാണ് സൂറത്ത് അവസാനഘട്ടത്തിലേക്ക് കടക്കുന്നത് .

{لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍۢ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ}

ഉറച്ച പർവതങ്ങൾ പോലും ഖുർആനിന്റെ ഗാഭീര്യത്താൽ അല്ലാഹുവിനെ ഭയന്നു സ്വയം പൊട്ടിപ്പിളരുമെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ മനുഷ്യന്റെ ഹൃദയാന്തരങ്ങളിൽ നേരിയ ചലനം പോലും ഉടലെടുക്കാത്തത് മനുഷ്യ ഹൃദയത്തിന്‍റെ കടുപ്പം എത്രമാത്രമാണെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് അവന്‍റെ മനസ്സിന് അതര്‍ഹിക്കുന്ന മാറ്റം വരാത്തത് എന്ന് സാരം.



തൗഹീദിനെ കുറിച്ച് പ്രതിപാദിച്ച ശേഷം  അല്ലാഹുവിന്റെ പരമോല്‍കൃഷ്ടങ്ങളായ ഗുണഗണങ്ങളെ വിശേഷിപ്പിക്കുന്ന അത്യുത്തമ നാമവിശേഷണങ്ങളില്‍പെട്ട ചിലതിലൂടെയാണ് 24 സൂക്തം അടങ്ങുന്ന പ്രസ്തുത അദ്ധ്യായം അവസാനിക്കുന്നത്.അവയെ ഗ്രഹിക്കുകയും അതിലടങ്ങിയ ആശയങ്ങൾ ഗ്രഹിച്ച് ബോധപൂർവ്വം നിലകൊള്ളുന്നവർക്ക് രക്ഷയുണ്ടത്രേ..


اللهم اجعلنا منهم


Fathima beevi


Fathima Zahra women's college, uduma