സൂറത്തുൽ ഫീൽ: കുതന്ത്രങ്ങൾക്ക് മേലുള്ള അല്ലാഹുവിന്റെ തന്ത്രം
പ്രപഞ്ച നാഥന്റെ പരിശുദ്ധ ഭവനം നിഷ്കരുണം പൊളിച്ചുതള്ളാൻ പുറപ്പെട്ട വൻസൈന്യത്തെ അല്ലാഹു നിഷ്പ്രയാസം പരാജയപ്പെടുത്തിയ അത്യത്ഭുത ചരിത്രം ചൂണ്ടികാണിക്കുകയും അതിലടങ്ങിയ ദൃഷ്ടാന്തങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യുകയാണ് വിശുദ്ധ ഖുർആനിലെ നൂറ്റി അഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഫീൽ.
മക്കയിൽ അവതീർണ്ണമായ ഈ അദ്ധ്യായം അഞ്ച് സൂക്തങ്ങളടങ്ങിയതാണ്.പ്രഥമ സൂക്തത്തിലടങ്ങിയ "അസ്ഹാബുൽ ഫീൽ "(ആനക്കാർ )എന്നവാക്കിൽ നിന്ന് സ്വീകരിക്കപ്പെട്ടതാണീ അധ്യായനാമം.
അബ്സീനിയൻ ചക്രവർത്തിക്ക് കീഴിലെ യമനിലെ രാജാവായ അബ്രഹത്ത് കഅ്ബ തകർക്കാനായി നടത്തിയ ശ്രമവും അതിനെ അല്ലാഹു അബാബീൽ പക്ഷിക്കൂട്ടങ്ങളെ അയച്ചു പരാജയപ്പെടുത്തിയതുമാണ് അദ്ധ്യായത്തിന്റെ ഉള്ളടക്കം.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
"തങ്ങളുടെ നാഥൻ ആനക്കാരെ കൊണ്ട് എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് തങ്ങൾ കണ്ടില്ലേ?"
ഏറെ അർത്ഥമുൾകൊള്ളുന്ന വലിയൊരു ചോദ്യമുന്നയിച്ചുകൊണ്ടാണ് സൂറത്തിന്റെ ആരംഭം.
ക്രിസ്ത്യാനിയായ അബ്സീനിയൻ ചക്രവർത്തിയെ പ്രീതിപ്പെടുത്തുവാനായി അബ്രഹത്ത് സൻആഇൽ 'അൽ ഖുല്ലൈസ് 'എന്ന പേരിൽ ഒരു ദേവാലയം നിർമ്മിച്ചു.
മക്കയിലേക്ക് ഹജ്ജിനുപോകുന്ന വിശ്വാസികളെ തന്റെ ദേവാലയത്തിലേക്ക് വഴിതിരിച്ചുവിടാൻ അയാൾ ശ്രമിച്ചു.
തന്റെ ലക്ഷ്യം സാക്ഷാത്കരിക്കാനാവാതെ വന്നപ്പോൾ കഅബ പൊളിക്കാൻ പദ്ധതിയിട്ടു മക്കയിലേക്ക് പുറപ്പെട്ടു.ആ സൈന്യത്തിൽ ആനകളുമുണ്ടായിരുന്ന കാരണത്താലാണ് സൈന്യത്തിന് ആനപ്പട എന്നും സംഭവത്തിന് ആനക്കലഹം എന്നും പേരുവന്നത്.
പല അറബ് ഗോത്രങ്ങളും യാത്ര തടയാൻ ശ്രമിച്ചെങ്കിലും അവരെയല്ലാം അബ്രഹത്ത് പരാജയപ്പെടുത്തി മുന്നേറി.
പടയോട്ടത്തിനിടയിൽ പലതും കൊള്ളയടിക്കുന്നതിന്റെ കൂട്ടത്തിൽ ഖുറൈശി നേതാവും കഅബ സൂക്ഷിപ്പുകാരനുമായ അബ്ദുൽമുത്തലിബിന്റെ 200 ഒട്ടകങ്ങളെയും കൊള്ളയടിച്ചു. ശേഷം അബ്രഹത്ത് അബ്ദുൽമുത്തലിബുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ വരവിന്റെ ഉദ്ദേശം യുദ്ധമല്ല,കഅബ പൊളിക്കലാണെന്നും അറിയിച്ചു. ഇതുകേട്ട അദ്ദേഹം തന്റെ ഒട്ടകങ്ങളെ തിരിച്ചു നൽകാൻ ആവശ്യപ്പെട്ട അബ്ദുൽമുത്തലിബിനെ അബ്രഹത്ത് കഅബയുടെ കാര്യമാരായാത്തതിൽ പരിഹസിച്ചു."ഒട്ടകങ്ങളുടെ യജമാനനായ എനിക്ക് അവയുടെ കാര്യം അന്വേഷിച്ചാൽ മതിയെന്നും, കഅബയുടെ രക്ഷിതാവ് കഅബയെ സംരക്ഷിച്ചുകൊള്ളുമെന്നും പതറാതെ അബ്ദുൽമുത്തലിബ് മറുപടി കൊടുത്തു.
കോപാകുലനായ അബ്രഹത്ത് കഅബക്ക് നേരെ മുന്നിട്ടു.
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
'അവരുടെ കുതന്ത്രം അള്ളാഹു നഷ്ടത്തിൽ ആക്കിയില്ലെ?'
വിശ്വാസികളെ കഅബയിൽ നിന്നും തങ്ങളുടെ ദേവാലയത്തിലേക്ക് വഴിതിരിക്കാനുള്ള അവരുടെ കുതന്ത്രത്തെ അല്ലാഹു അവസാനിപ്പിച്ചതിനെ പറ്റിയാണ് വരും ആയത്തുകളിലെ പ്രതിപാദ്യ വിഷയം.
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ
അബ്ദുൽമുത്തലിബിന്റെ പ്രാർത്ഥനസ്വീകരിച്ച പാവന ഭവനത്തിന്റെ രക്ഷിതാവ് ആനക്കൂട്ടങ്ങളെ മുന്നോട്ടുപോകാൻ പറ്റാത്തവിധം മുട്ടുകുത്തിക്കുകയും അബാബീൽ പക്ഷികളാൽ ചുടുകല്ലുകൾ അവർക്കുമീതെ വർഷിപ്പിക്കുകയും ചെയ്ത് അവരുടെ കുതന്ത്രത്തെ
( كَيْد)
പൊളിച്ചടക്കുകയും കഅബയുടെ നിലനിൽപ് കൊണ്ട് വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്തു.
അഹങ്കാരത്താൽ ധിക്കാരം കാണിച്ച ,അല്ലാഹുവിന്റെ തീരുമാനങ്ങളെ മാറ്റാമെന്ന് നിനച്ച ഒരുപറ്റം ശത്രു സൈന്യത്തെ നിമിഷനേരം കൊണ്ട് ചെറുപക്ഷികളാൽ അവയുടെ ചെറു ചുണ്ടുകളിൽ ഒതുങ്ങുന്ന ചുടുകല്ലുകളാൽ "തിന്നപ്പെട്ട വൈക്കോൽ" പോലെ ആക്കിയെന്ന് അവസാന ആയത്തിലൂടെ ആനക്കാരുടെ ദയനീയത അല്ലാഹു ചൂണ്ടികാണിക്കുന്നുണ്ട്.
സൃഷ്ടിപ്പിനും, സംരക്ഷണത്തിനും കഴിവുള്ള അത്യുന്നതനാണ് റബ്ബെന്നും ധിക്കാരികളുടെ അവസ്ഥയെ തൊട്ട് നിങ്ങൾ സൂക്ഷിക്കണമെന്നും സൂറത്തുൽ ഫീൽ നമ്മെ ഉണർത്തുന്നു.
അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കി ജീവിക്കുന്നവരിൽ നമ്മെ ഉൾപെടുത്തട്ടെ.. ആമീൻ
JENNATH SHIRIN KK
DARUL ANWAR ISLAMIC & ARTS COLLEGE FOR WOMEN (WAFIYYA)

2 Comments
This comment has been removed by the author.
ReplyDeleteMa Sha Allah 💥🔥
ReplyDelete