സൂറത്തു ഖുറൈശ് :ആഹ്വാനം ഖുറൈശികളോട് മാത്രമല്ല...
فَضَّلَ اللهُ قريشًا بسبْعِ خِصالٍ، فضَّلَهم بأنَّهم عبدوا اللهَ عشْرَ سنينَ، لَا يَعْبُدُ اللهَ إلَّا قريشٌ، وفضَّلَهم بِأَنَّهم نَصَرَهُم يومَ الفيلِ وهم مشْرِكونَ، وفضَّلَهم بأنهم نزلَتْ فيهم سورةُ منَ القرآنِ لم يدخُلْ فيها أحدٌ منَ العالمينَ وهِيَ لِإِيلَافِ قُرَيْشٍ
ഖുറൈഷ്... തറവാടിത്വത്തിന്റെ അസ്‌തമിക്കാത്ത നാമകരണമാണ്. അന്ത്യ പ്രവാചകരുടെ ആഗമനത്താൽ അന്ത്യനാൾ വരെ അന്ത്യമില്ലാതെ അധരങ്ങളിൽ മുഴങ്ങുന്ന മഹിമ ഗോത്രത്തിന്റെ പേരാണ് ഖുറൈഷ്... ലോക രക്ഷിതാവിൽ നിന്ന് പ്രവാചക പ്രഭുവിന്റെ വിചാര വികാരങ്ങളിലൂടെ മാനവകുലത്തിലേക്ക് നിർഗളിച്ച ഖുർആനിക നീരുറവയുടെ 106 ആം അധ്യായത്തിന്റെ പേരാണ് ഖുറൈഷ്...
സൂറത്തു ഖുറൈഷ്, ഒരു ഓർമപ്പെടുത്തലാണ്... താക്കീതാണ്... യുക്തിഭദ്രമായ യാതൊരു കാരണവുമില്ലാതെ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ എതിർത്തപ്പോൾ, പ്രവാചകരുടെ പ്രവാചകത്വത്തെ പരിഹാസപാത്രമാക്കിയപ്പോൾ ഖുറൈശികൾ അനുഭവിക്കുന്ന അനുഗ്രഹങ്ങളെ ഓർമപ്പെടുത്തിക്കൊണ്ട്
فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ
" ഈ ഭവനത്തിന്റെ രക്ഷിതാവിനെ ആരാധിക്കൂ.." എന്ന റബ്ബിന്റെ ആഹ്വാനമാണ് അധ്യായത്തിലുടനീളം ധ്വനിച്ചുയരുന്നത്.
ആത്മീയത അന്വേഷിക്കുന്നവന് ഒരത്താണി മാത്രമായിരുന്നില്ല കഅബ,അഭയം അർത്ഥിക്കുന്നവർക്ക് അഭയകേന്ദ്രം കൂടിയായിരുന്നു. ഒരു സ്ഥാനവുമില്ലാത്തവർക്ക് സ്ഥനാരോഹാണ ഹേതു ആയിത്തീർന്നിട്ടുണ്ട് കഅബ. കഅബയുടെ ഒരു കല്ല് പോലും ഇളക്കാനനുവദിക്കാതെ അബ്രഹത്തിന്റെ ആനപ്പടയിൽ നിന്ന് അല്ലാഹു സംരക്ഷണം ഏർപ്പെടുത്തിയ സംഭവം വിവരിക്കുന്ന സൂറത്തുൽ ഫീലിന്റെ തുടർച്ചയായ ആശയം അവതരിപ്പിക്കുന്നു ഈ അധ്യായം.
إِيلافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْف
ശൈത്യ കാലത്ത് യമനിലേക്കും ഉഷ്ണകാലത്തു ശാമിലേക്കുമുള്ള ഖുറൈശികളുടെ കച്ചവട യാത്രകൾ അസ്വാരസ്യങ്ങളുടെ, കൊള്ളകളുടെ, അക്രമണങ്ങളുടെ കാറ്റിലും കോളിലും നിന്ന് സംരക്ഷിച്ചത് കഅബയായിരുന്നു. കഅബയെ സംരക്ഷിക്കുന്നവരെന്ന മഹിമയാണ് ഖുറൈശികളുടെ യാത്ര വിജയകരമാക്കിയത്. ഉപജീവന രംഗത്ത് കൈവരിച്ച ഈ നേട്ടമാണ് പട്ടിണിയില്ലാതെ അക്രമണങ്ങളില്ലാതെ നിർഭയരായി ഖുറൈശികളെ ജീവിക്കാനനുവദിച്ചത്. ഇബ്നു സൈദ് എന്നവർ പറയുന്നു. " അറബികൾ മറ്റുള്ളവരെ കൊള്ളയടിക്കുന്നവരും അക്രമിക്കുന്നവരും ആയിരുന്നു. എന്നാൽ കഅബയുടെ സ്ഥാനം കാരണം ഖുറൈശികൾ നിർഭയരാക്കപ്പെട്ടു" . ഈ വിശുദ്ധ ഗേഹം മുഖേന പട്ടിണിയിൽ നിന്ന് അന്നമൂട്ടിയ, ഭയത്തിൽ നിന്ന് അഭയം നൽകിയ രക്ഷിതാവാണ് ആരാധനക്കർഹൻ എന്നുണർത്തുകയാണ് ഈ അധ്യായത്തിലൂടെ...
പൊള്ളവാദങ്ങളിലുഴഞ്ഞ് ഇസ്ലാമിനെ അപരിഷ്കൃതമാക്കിയ, അർത്ഥശൂന്യമാക്കിയ ഖുറൈശി സമൂഹത്തെ ലജ്ജയിലേക്കും അതിനെ തുടർന്ന് സത്യത്തിലേക്കും നയിക്കാനുതകുന്ന അധ്യായമാണ് സൂറത്തുൽ ഖുറൈഷ്.
قال النبي صلى الله عليه وسلم : مَنْ أصبَحَ منكمْ آمنًا في سِرْبِهِ، معافًى فِي جَسَدِهِ، عندَهُ قوتُ يومِهِ، فكأنَّما حِيزَتْ لَهُ الدنيا بحذافِيرِهَا
"ആരെങ്കിലും തന്റെ താമസസ്ഥലത്തും വഴിയിലും നിർഭയനാവുകയും ആരോഗ്യമുള്ള ശരീരമുള്ളവനാവുകയും ഭക്ഷണം ലഭിക്കുകയും ചെയ്‌താൽ ഇഹലോകം മുഴുവനും നേടിയവനെ പോലെയാണ് "എന്ന പ്രവാചക വചനം ഈ സൂറത്തിനോട് ചേർത്ത് വായിക്കാവുന്നതാണ്.
അതിനാൽ സൂറത്തു ഖുറൈഷ് ഖുറൈശികൾക്ക് മാത്രമുള്ള താക്കീതല്ല, മറിച് ലോകരക്ഷിതാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുന്ന ഓരോ മനുഷ്യർകുമുള്ള താക്കീതാണ്...ഓർമപ്പെടുതലാണ്...
Ayisha Jilmiyya
Alfarooq Islamic Women's College, Thrippanachi.

1 Comments
This comment has been removed by the author.
ReplyDelete