സൂറത്തുന്നസ്ർ;പ്രയത്നസാഫല്യങ്ങളെ സൃഷ്ടാവിൽ സമർപ്പിക്കാം.


അജ്ഞതയുടെ കൂരിരുട്ടിലതപതിച്ചൊരു ജനതയിലേക്ക് ജാഹിലിയ്യത്തിന്റെ തമസ്സകറ്റാൻ ഹിറാഗുഹയിൽ നിന്നും പ്രസരിച്ചു തുടങ്ങിയ പ്രകാശരേണുക്കൾ അതിന്റെ ഉത്തുംഗതയിലെത്തി നിൽക്കുകയാണ്.ഈ വേളയിൽ 

ദൗത്യപൂർത്തീകരണത്തിന്റെ സന്തോഷവും വിടവാങ്ങലിന്റെ സൂചനയുമുൾക്കൊള്ളിച്ചുകൊണ്ട് മദീനയിലവതീർണ്ണമായ മൂന്ന് സൂക്തങ്ങളടങ്ങിയ അധ്യായമാണ് സൂറത്തുന്നസ്ർ.ആദ്യസൂക്തത്തിലെ 'നസ്ർ' എന്ന പ്രയോഗമാണ് സൂറത്തിന്റെ നാമകരണത്തിനാധാരം.


           അള്ളാഹുവിങ്കൽ നിന്നും വിജയം വരികയും ജനങ്ങൾ കൂട്ടമായി ഇസ്ലാം പുൽകുകയും ചെയ്‌താൽ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുകയും അവനിലേക്ക് പാപമോചനത്തിന്റെ കരങ്ങളുയർത്തുകയും ചെയ്യുക എന്നതാണ് ഈ സൂറത്തിന്റെ ബാഹ്യാർത്ഥം.ഇസ്ലാമിക നവോത്ഥാന ധാരയിലെ വിജയത്താളുകളിൽ അതിമഹത്തായ വിജയമെന്ന് ചരിത്രം അവിതർക്കം രേഖപ്പെടുത്തിയ മക്കാവിജയമാണ് ഈ സൂറത്തിന്റെ അവതരണപശ്ചാത്തലം.സൂറത്തിൽ പരാമർശിച്ച 'ഫത്ഹ് 'എന്നത് ഫത്ഹു മക്കയാണെന്ന് മുഫസ്സിരീങ്ങൾ ഐക്യകണ്ഠേന അഭിപ്രായപ്പെട്ടതാണ്.മക്കാവിജയശേഷം മുസ്ലിംകൾക്ക് ഭീഷണിയാകുന്ന നിലക്കുള്ള ഭീതിതമായ യുദ്ധങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല, മദീന എന്നത് ചോദ്യം ചെയ്യപ്പെടാത്ത വലിയൊരു രാഷ്ട്രമായി ലോകം തിരിച്ചറിയുകയാണ് മക്കാവിജയശേഷമുണ്ടായത്.തുടർന്ന് മദീനയിലേക്ക് സമീപപ്രദേശങ്ങളിലുള്ള അറബികളും അനറബികളുമായ അനവധിപേർ വന്ന് ഇസ്‌ലാമികാശ്ലേഷത്തിന്റെയും തിരുനേതൃത്വം അംഗീകരിക്കുന്നതിന്റെയും പ്രഖ്യാപനങ്ങൾ നടത്തുന്നത് ഫത്ഹുമക്കയുടെ അനിഷേധ്യമായ നേട്ടം തന്നെ.

     

          പ്രവാചകത്വം വാദിച്ചു വരുന്ന വ്യക്തി സ്വരാജ്യത്തു നിന്നും പുറത്താക്കപ്പെട്ട് മറ്റൊരു നാട്ടിലേക്ക് പാലായനം ചെയ്യേണ്ടി വരുകയും പിന്നീട് പുറത്താക്കപ്പെട്ട നാട്ടിലേക്ക് തിരിച്ചുവന്ന് ആ നാടിന്റെ അധികാരം ആ വ്യക്തിയിലേക്ക് തന്നെ നിക്ഷിപ്തമാക്കപ്പെടുകയും ചെയ്‌താൽ ആ പ്രവാചകൻ യഥാർത്ഥപ്രവാചകൻ തന്നെയാണെന്ന് മനസ്സിലാക്കാമെന്ന് അക്കാലത്തെ വേദപരിജ്ഞാനമുള്ള പണ്ഡിതർ പറയുമായിരുന്നു.ഈ വാദത്തെ വാസ്തവമാക്കിക്കൊണ്ട് ലോകനായകർക്ക് വിശുദ്ധമക്കയുടെ അധികാരം കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവിടെ പുതിയ ചരിത്രങ്ങൾ സൃഷ്ടിക്കപ്പെടുക കൂടിയാണ് ചെയ്തത്.പീഡനമുറകളുടെ പരമ്പരകൾ താണ്ടി പരാജയപ്പെട്ടവർക്ക് മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ പ്രതികാരമെടുക്കാമായിരുന്നിട്ടും കരുണാമയന്റെ കരുണാമൃതം പൊഴിച്ച ഹബീബ് ﷺ വിട്ടുവീഴ്ചയുടെ പകരം വെക്കാനില്ലാത്ത പ്രഖ്യാപനം നടത്തുമ്പോൾ കാലമത്രയും ഹബീബിനെ ﷺ വൈരത്തോടെ വിമർശിച്ചവർ ഈയാംപാറ്റകളെപ്പോലെ ആ തണലിലേക്ക് പാഞ്ഞടുക്കുകയാണ്.


            കലിമതുതൗഹീദിന്റെ മഹിതസന്ദേശങ്ങൾ ലോകത്തിനങ്ങ് പകർന്നുനൽകിയിരിക്കുന്നു, അങ്ങയിലർപ്പിതമായ അതിമഹത്തായ ദൗത്യത്തെ അങ്ങ് പൂർത്തീകരിച്ചിരിക്കുന്നു എന്ന് ഹിജ്‌റ പത്താം വർഷം നടന്ന മക്കവിജയത്തിലൂടെ പ്രഖ്യാപിക്കപ്പെടുമ്പോൾ അതിൽ ലോകനായകരുടെ ﷺ അന്ത്യത്തിന്റെ സൂചനയുണ്ടെന്ന് തിരിച്ചറിഞ്ഞത് അവിടുത്തെ ﷺ പ്രാർത്ഥന നിമിത്തം ഇൽമിന്റെ അനന്തസാഗരത്തിലേക്കൂളിയിട്ട റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) ആണ്.

കർമ്മവിജയത്തിന്റെ സകലസീമകളും കടന്നാലും അതിജയിക്കാനാവാത്ത ഇതിഹാസചരിത്രങ്ങൾ രചിച്ചാലും അഹങ്കരിക്കാൻ അണുമണി‌ത്തൂക്കം പോലും അവസരങ്ങളില്ലെന്നും സർവ്വത്തിനും നിമിത്തം സർവ്വലോകരക്ഷിതാവ് മാത്രമെന്ന് അംഗീകരിച്ച് അവനിലേക്ക് സ്തുതികളർപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള വലിയ സന്ദേശമാണ് ഈ ചെറുസൂറത്തിലൂടെ പകർന്നു നൽകപ്പെടുന്നത്.


            ഈ അധ്യായം അവതീർണ്ണമായ ശേഷം തിരുനബി ﷺ തങ്ങളുടെ ഇരിപ്പിലും നടപ്പിലും അനക്കത്തിലും അടക്കത്തിലുമെല്ലാം തസ്ബീഹും തഹ്മീദും ഇസ്തിഗ്ഫാറും അധികരിപ്പിച്ചുകൊണ്ട് سبحانك اللهم ربنا وبحمدك اللهم اغفر ليഎന്ന ദിക്ർ വർധിപ്പിരുന്നുവെന്ന് ആയിഷ ബീവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ശ്രേഷ്ഠപ്രവർത്തനങ്ങൾക്ക് പിറകെയെല്ലാം അപൂർണ്ണരായ ഈ അടിയങ്ങളുടെ ന്യൂനതകളെ പരിഹരിക്കണേ എന്ന അപേക്ഷയോടെ സ്വീകരിക്കാൻ സദാസന്നദ്ധനായ സർവ്വശക്തനിലേക്ക് ഇസ്തിഗ്ഫാറിനെ സമർപ്പിക്കാൻ കൂടി പറയുകയാണ് അവസാനസൂക്തം.

പ്രതിസന്ധികളുടെ തുരങ്കപാതക്കപ്പുറത്ത് പ്രതീക്ഷയുടെ ഉഷസ്സുണരാനുണ്ടെന്ന പ്രത്യാശ പകർന്ന് ജീവിതത്തിലെ ജയനിമിഷങ്ങളിലെല്ലാം ജഗന്നിയന്താവിന്റെ സ്‌മൃതികളിലേക്ക് മടങ്ങാൻ സർവ്വജനങ്ങളെയും പ്രേരിപ്പിച്ചു കൊണ്ട് ഈ സൂക്തമാവസാനിക്കുമ്പോൾ നമുക്കും മടങ്ങാം ആ വഴിയിലേക്ക്...

പിശാചിന്റെ അധികാരകേന്ദ്രങ്ങളിൽ നിന്നും ഇലാഹിന്റെ നസ്റാലെ നഫ്സുകളെ ഫത്ഹാക്കിക്കൊണ്ട് അനശ്വരമായ സ്വർഗീയ ലോകത്തേക്ക്...

അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. 


RABEEHATH KP

BAFAKHY WAFIYYA COLLEGE