സൂറത്തുൽ മസദ്: തിരുത്തലുകളില്ലാത്ത സത്യം
നബി (സ്വ)യുടെ പിതൃവ്യനായ അബൂലഹബിനെയും ഭാര്യ ഉമ്മുജമീലിനെയും അധിക്ഷേപിച്ചു കൊണ്ട് അവതരിക്കപ്പെട്ട അദ്ധ്യായമാണ് സൂറത്തുൽ മസദ്. മക്കയിൽ അവതീർണ്ണമായ ഈ അധ്യായം 5 സൂക്തങ്ങളടങ്ങിയ വിശുദ്ധ ഖുർആനിലെ നൂറ്റിപ്പതിനൊന്നാം അധ്യായമാണ്. ഈ അദ്ധ്യായത്തിനു സൂറത്തു ‘തബ്ബത്ത്’ (تَبَّتْ) എന്നും, സൂ: മസ്ദ് (المسد) എന്നും പേരുണ്ട്.
അബൂലഹബും ഭാര്യ ഉമ്മു ജമീലയും നബിയോട് കടുത്ത ശത്രുതയും വ്യക്തിവൈരാഗ്യവും വെച്ചുപുലർത്തിയവരായിരുന്നു.
وَأَنذِرْ عَشِيرَتَكَ الْأَقْرَبِين (٢١٤)سورة الشعراء
"തങ്ങളുടെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക" എന്ന മുന്നറിയിപ്പോടെ സൂറത്ത് ശുഅറാഇലെ 214 സൂക്തം അവതരിച്ചപ്പോൾ നബി തങ്ങള്‍ സഫാ മലയിൽ കയറി അടുത്ത കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യാൻ അയക്കപ്പെട്ട ദൂതനാണ് താന്‍ എന്ന് അറിയിച്ചപ്പോൾ ബന്ധുമിത്രാദികൾക്കിടയിൽനിന്നും പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞെഴുന്നേറ്റ് കൊണ്ട് പറഞ്ഞു:
تبالك سائر الأيام ألهذا جمعتنا
"എല്ലാ നാളുകളിലും
നിനക്ക് നാശം. ഇതിനാണോ നീ ഞങ്ങളെ ഒരുമിച്ച്കൂട്ടിയത്’."
എന്ന അബൂലഹബിന്റെ ആക്രോശത്തെ തുടർന്നു അവതീർണ്ണമായഅദ്ധ്യായമാണെന്നും,അബൂലഹബ് ഒരിക്കല്‍ നബിയെ സമീപിച്ച് ചോദിച്ചു.ഞാൻ ഈ മതത്തിൽ വന്നാൽ എനിക്ക് എന്ത് ലഭിക്കും? മറ്റ് മുസ്‌ലിംകൾക്ക് നൽകുന്നതൊക്കെ നൽകും എന്ന് നബി പ്രത്യുത്തരം നൽകിയപ്പോൾ എനിക്ക് പ്രത്യേകത ഒന്നും ഇല്ലേ!? എന്ന് അയാൾ ചോദിച്ചു. അയാൾ ഉദ്ദേശിക്കുന്നതിനെകുറിച്ച് നബി ചോദിച്ചപ്പോൾ അയാൾ പറഞ്ഞു എന്നെയും ഇവരെയും സമമാക്കിയ ഈ മതം നശിക്കട്ടെ എന്ന് ! . അപ്പോഴാണീ അദ്ധ്യായം അവതരിച്ചത് എന്നും അഭിപ്രായം ഉണ്ട്.അബൂലഹബിനെ അതിനിശിതമായ രീതിയില്‍ വിമർശിച്ചു കൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്.
تَبَّتْ يَدَا أَبِي لَهَبٍ وَتبً
അബൂലഹബിന്റെ ഇരു കൈകളും നാശമടയട്ടെ. അവൻ നാശമടയുകയും ചെയ്തു.
നബി സ്വയുടെ പ്രബോധനത്തിന്റെ പ്രാരംഭഘട്ടം മുതൽ തന്നെ നബിയുടെ കഠിന ബന്ദവൈരിയും കഠിന ശത്രുവുമായി നില കൊണ്ടയാളാണ് അബൂലഹബ്. അറബികളുടെ പതിവനുസരിച്ച് രൂക്ഷമായ പ്രതിഷേധ വേളകളിൽ ശപിച്ച് പറയാറുള്ള ഒരു വാക്കാണ് تبالك (നിനക്ക് നാശം) എന്നത് .അതേ വാക്ക് ഉപയോഗിച്ചാണ് അള്ളാഹു അവനെ ശപിച്ചത്.അവന്റെ കൈകൾ രണ്ടും നശിക്കട്ടെ എന്ന് പറഞ്ഞതിന്റെ ഉദ്ദേശം അവൻ മുഴുവനും നശിക്കട്ടെ എന്നാണ്. നബി തിരുമേനി ജനങ്ങള്‍ക്കിടയിൽ പ്രബോധനം നടത്തുമ്പോൾ അവർക്കിടയിൽ കടന്ന് മുഹമ്മദ് ഒരു കള്ളവാദിയാണെന്നും ആരും അത് സ്വീകരിക്കരുതെന്നും പറഞ്ഞു നടക്കുന്ന ക്രൂര ഹൃദയനായിരുന്നു അബൂലഹബ്.
മലിന വസ്തുക്കൾ നബിയുടെ വീട്ടിലേക്ക് വലിച്ചെറിയുക ഖുറൈശി പ്രമുഖനായ അബൂലഹബിൻറെയും ഭാര്യ ഉമ്മു ജമീലയുടെയും സ്ഥിരം പതിവായിരുന്നു. ഇസ്‌ലാമിനും നബിക്കുമെതിരിൽ അബൂലഹബിന്റെ ശത്രുത ഇത്രയും രൂക്ഷമായത് കൊണ്ട് തന്നെയാണ് അള്ളാഹു ഇവനെ പേരെടുത്ത് ഇത്തരത്തില്‍ ആക്ഷേപിച്ചത്. അബ്ദുൽ ഉസ്സാ എന്നായിരുന്നു ഇവന്റെ നാമം. ജ്വലിക്കുന്ന മുഖമായിരുന്നു അയാൾക്ക്.അത് കൊണ്ടാണ് അബൂലഹബ് ജ്വലിക്കുന്ന മുഖമുള്ളവൻ എന്ന് അറിയപ്പെട്ടത് നരകത്തിലെ തീജ്വാലയിൽ കിടന്ന് പുളയുന്നവൻ എന്ന അർത്ഥത്തിലാണിത് എന്നും അഭിപ്രായമുണ്ട്.
അറബികളിലെ പൗരപ്രമുഖനും ധനാഢ്യനുമായ അബൂലഹബിൻറെ സമ്പത്തിനെ കുറിച്ചാണ് അടുത്തതായി വിശുദ്ധ ഖുർആൻ ചർച്ച ചെയ്യുന്നത്.
مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ
അവന്റെ സ്വത്തുക്കളും അവൻ സമ്പാദിച്ച് വെച്ചതും അവനു പ്രയോജനപ്പെട്ടില്ല. ഇബ്നു അബ്ബാസ് പറയുന്നു.നബി തങ്ങൾ തന്റെ അടുത്ത ബന്ധുക്കളെ സത്യത്തിലേക്ക് ക്ഷണിച്ചപ്പോൾ അബൂലഹബ് പറഞ്ഞു. എന്റെ സഹോദര പുത്രൻ പറയുന്നത് സത്യമാണെങ്കിൽ ഞാൻ എന്റെ ധനവും മക്കളെയും പകരം നൽകി അതിന്റെ ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടും എന്ന് പറഞ്ഞു അതിന്റെ മറുപടിയാണ്. അവന്റെ ധനം, മക്കൾ, സ്വാധീനം മുതലായതൊന്നും അവനു ഇവിടെ ഇഹലോകത്ത് ഉപകരിച്ചില്ലെന്നും പരലോകത്ത് ഉപകരിക്കില്ലെന്നുമാണ് ഇവിടെ പരാമര്‍ശം .ബദ്‌ർ യുദ്ധം കഴിഞ്ഞ് വൈകാതെ വസൂരി പോലുള്ള ഒരു രോഗം(العدسة) ബാധിച്ച്, ദുർഗന്ധം മൂലം ആളുകൾക്ക് അടുക്കാൻ സാധിക്കാത്ത വിധം അവൻ അകറ്റപ്പെട്ടു. മരണം നടന്നപ്പോൾ ശവം സംസ്ക്കരിക്കാൻ പോലും ആളെക്കിട്ടാതെ കൂലിക്കാര്‍ ആണ് മറമാടിയത്.
പിന്നീടുള്ള ഉള്ള സൂക്തങ്ങളിൽ അബൂലഹബിന്റെയും ഭാര്യയുടെയും ശിക്ഷയെ കുറിച്ചാണ്
سَيَصْلَى نَارًا ذَاتَ لَهَبٍ
ജ്വാലയുള്ള അഗ്നിയിൽ അവൻ പിന്നീട് കിടന്നെരിയും.
ഈലോകത്തുണ്ടായ നാണക്കേടുകൾക്ക് പുറമെ പരലോകത്ത് അവൻ കത്തിജ്ജ്വലിക്കുന്ന നരകത്തിൽ കിടന്നെരിയും എന്നാണ് അള്ളാഹു ഉണർത്തുന്നത്
. وَامْرَأَتُهُ حَمَّالَةَ الْحَطَب
അവന്റെ ഭാര്യയും (അഗ്നിയിൽ കിടന്നെരിയും).
ആ വിറകു ചുമക്കുന്നവൾ
അവനു യോചിച്ച കൂട്ട് തന്നെയായിരുന്നു അവന്റെ ഭാര്യ. ഉമ്മു ജമീൽ.അബൂസുഫ് യാന്റെ സഹോദരിയായിരുന്ന അവൾ ഭർത്താവിനെ പോലെ അള്ളാഹുവിന്റെ ശാപത്തിനു അർഹയായി നരകത്തില്‍ പ്രവേശിക്കുമെന്നാണ് അള്ളാഹു ഉണർത്തുന്നത്.വിറക് ചുമക്കുന്നവൾ എന്ന് അവളെ വിശേഷിപ്പിച്ചത് അവളെ നിന്ദിച്ചതാണ്. ഏഷണിക്കാരെ സംബന്ധിച്ച് വിറകുണ്ടാക്കുന്നവൻ എന്ന് അറബികൾ പ്രയോഗിക്കാറുണ്ടെന്നും അതനുസരിച്ച് ഏഷണിക്കാരി എന്ന അർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചതെന്നും വ്യാഖ്യാതാക്കളിൽ ചിലർ പറയുന്നത്
.നബിയെക്കുറിച്ച് അവൾ പല ഏഷണിയും പറയാറുണ്ടായിരുന്നു.നബിയെ ഉപദ്രവിക്കാനായി അവൾ മുള്ളു ചുമന്ന് കൊണ്ട് വരികയും നബിതിരുമേനി നടക്കുന്ന വഴിയിൽ അത് മണ്ണിൽ പൂഴ്ത്തിവെക്കുകയും ചെയ്തിരുന്നെന്നും അതിനെ ഉദ്ദേശിച്ചാണ് ആ പേരു പറഞ്ഞതെന്നുമാണ് മറ്റൊരു പക്ഷം.
. فِي جِيدِهَا حَبْلٌ مِّن مَّسَدٍ
അവളുടെ കഴുത്തിൽ ഈത്തപ്പന നാരിനാൽ പിരിച്ച ഒരു കയർ ഉണ്ടായിരിക്കുന്നതാണ്
വിറക് ചുമക്കുന്നവർ അതിനുള്ള കയർ കൊണ്ട് നടക്കുമല്ലൊ അതാണ് അവളുടെ കഴുത്തിൽ പിരിച്ച കയറുണ്ടെന്ന് പറഞ്ഞത് .നരകത്തിലുള്ള അവളുടെ ശിക്ഷയുടെ വിവരിക്കുകയാണിതെന്നും അഭിപ്രായമുണ്ട്. എന്ത് തന്നെ ആയാലും തിരു നബിക്കെതിരിൽ ഈ ലോകത്ത് പ്രവർത്തിച്ചവർക്കും, ആക്രോശിച്ചവർക്കും, ഗൂഢതന്ത്രം മെനഞ്ഞവർക്കും അതിനനുസരിച്ചുള്ള ശിക്ഷ പരലോകത്ത് ലഭിക്കും എന്നത് സുവ്യക്തം. ഖുർആൻ അല്ലാഹുവിന്റെ കാലമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരൽഭുതം കൂടിയാണ് ഈ സൂറത്ത്.ഇതിന്റെ അവതരണ ശേഷം തമാശക്ക് പോലും ഇസ്ലാമിനോട് യോജിക്കുന്ന രീതിയിൽ ഒന്നും തന്നെ അബൂലഹബിൽ നിന്നുണ്ടായിട്ടില്ല. ഇവിടെ ഖുർആൻ തിരുത്തലുകളില്ലാത്ത സത്യമാണെന്ന് വ്യക്തമാവുന്നു.
Khadeeja Muneebah P
VMHM wafiyya college, Mukkam

0 Comments