കൊടപ്പനക്കൽ തറവാട്ടിലെ ഒളിമങ്ങാത്ത ദീപ്തം
കടലുണ്ടി പുഴക്കൊരു ഓളമുണ്ട്. ആ ഓളത്തിനൊരു താളമുണ്ട്. ആ താളത്തിൽ അലിഞ്ഞു നിൽക്കുന്ന ഒരിടമുണ്ട്. അതിന്റെ വക്കത്താണ് കൊടപ്പനക്കൽ തറവാട്. മല ചുറ്റി വന്ന് പാണക്കാട്ടെ കടവെത്തുമ്പോൾ ആ ഓളം മെല്ലെയാകും. അവിടെ വെള്ളം തൊട്ട് നിൽക്കുന്ന കുറ്റിച്ചെടികളോട് സംസാരിക്കും. വിശേഷങ്ങൾ പറഞ്ഞ് തുടങ്ങും. അതിലെല്ലാം ഉണ്ടാകും തറവാട്ടുമുറ്റത്ത് കൂടി നിൽക്കുന്ന കോരന്റെയും കാർത്യായനിയുടെയും ഖാദറിന്റെയും ഖദീജയുടെയുമെല്ലാം വേദനകൾ മാറ്റിയത്, തീർപ്പാകാതെ നിന്ന തർക്കങ്ങൾ അവസാനിച്ചത്, ഉണക്കം വരാത്ത വ്രണങ്ങളിൽ ഉണക്കം വന്നത്, അനുഗ്രഹത്തിനും ആശീർവാദത്തിനും വന്നവരുടെ മനസ്സ് നിറഞ്ഞത്, അങ്ങനെ സാമ്പത്തിക സാംസ്കാരിക സാമൂഹിക തലങ്ങളിലേക്കെത്തുമ്പോഴേക്കും പിന്നിൽ നിന്നും വന്ന വലിയ ഒരു ഓളം ആ കുഞ്ഞോളത്തെ തള്ളിയയക്കും. കുറ്റിച്ചെടിയും കുഞ്ഞു കാറ്റും തങ്ങളുടെ ജോലി തുടർന്നു
കൊണ്ടേയിരിക്കും.
ചില ജീവിതങ്ങൾ അങ്ങനെയാണ്. കാലം എത്ര കഴിഞ്ഞാലും അവർ സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കും. ഓർത്തെടുക്കാൻ ഓർമ്മകളേറെയാണ്. കൊടപ്പനക്കൽ തറവാടിന്റെ പൂമുഖത്ത് ഇന്നും മായാതെ പുഞ്ചിരി തൂകുന്ന വെൺമയാർന്ന വദനം ഓർമ്മകളാകുന്നു .
1936 മെയ് 4 ന് പി. എം. സ്. എ പൂക്കോയ തങ്ങൾ, ചെറുകുഞ്ഞി ബീവി ദമ്പതികൾക്ക് അല്ലാഹു കനിഞ്ഞേകിയ വരദാനമാണ് സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ഡി. എം. ആർ. ടി സ്കൂൾ പാണക്കാട് നിന്നും പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കി. എം. എം ഹൈസ്കൂൾ കോഴിക്കോട് നിന്നും എസ്. എസ്. എൽ. സി പഠനം പൂർത്തീകരിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1953-1958 കാലയളവിൽ തോഴന്നൂർ, കാനഞ്ചേരി എന്നീ സ്ഥലങ്ങളിൽ ദർസ് വിദ്യാഭ്യാസം നേടി. ദർസ് രംഗത്തെ ശിഹാബ് തങ്ങളുടെ പ്രധാന ഗുരുനാഥൻ പൊന്മള മൊയ്തീൻ മുസ്ലിയാരായിരുന്നു. പിന്നീട് നാട്ടിലെ വിദ്യാഭ്യാസത്തിനുശേഷം തങ്ങളുടെ ഉപരിപഠനം ഈജിപ്തിലായിരുന്നു. ദർസ് പഠനശേഷം കൊടപ്പനക്കൽ തറവാട്ടിൽ ഇരിക്കെയാണ് ഈജിപ്തിലെ പ്രശസ്ത കൾച്ചറൽ ഓർഗനൈസേഷനായ ഇസ്ലാമിക് കോൺഗ്രസിന്റെ പ്രതിനിധികൾ കേരളം സന്ദർശിച്ചത്. ഇവരിൽ നിന്നാണ് അൽ അസ്ഹർ യൂണിവേഴ്സിറ്റിയെക്കുറിച്ചും അവിടുത്തെ കോഴ്സുകളെ ക്കുറിച്ചും ശിഹാബ് തങ്ങൾ ചോദിച്ചറിഞ്ഞത്. തുടർന്ന് പൂക്കോയ തങ്ങളുടെ സമ്മതത്തോടെ സ്കോളർഷിപ്പോട് കൂടി അൽ അസറിലെ പഠനം പൂർത്തീകരിച്ചു.1958 -1961 വരെയായിരുന്നു അൽ അസ്ഹറിലെ പഠനകാലം. ലോക പ്രസിദ്ധമായ യൂണിവേഴ്സിറ്റിയിൽ മൂന്നുവർഷം പഠിച്ചതിനുശേഷം ഈജിപ്തിലെ കൈറോ യൂണിവേഴ്സിറ്റിയിൽ 1961-1966 വരെ തങ്ങൾ പഠിച്ചു. അവിടെ നിന്ന് 'ലിനാൻസ് അറബിക് ലിറ്ററേച്ചർ' ബിരുദം നേടി. ഡോ : ഇസ്സുദ്ദീൻ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ :ബഹി, ശൗക്കി എന്നിവരായിരുന്നു കൈറോ യൂണിവേഴ്സിറ്റിയിലെ ശിഹാബ് തങ്ങളുടെ പ്രധാന ഗുരുനാഥന്മാർ. ശൈഖ് അബ്ദുൽ ഹലീം മഹ്മൂദ് എന്ന സൂഫിവര്യന്റെ ശിഷ്യനായിരുന്ന ഒരു പണ്ഡിത കേസരിയുടെ കീഴിൽ മൂന്നുവർഷത്തെ സൂഫിസം കോഴ്സും ശിഹാബ് തങ്ങൾ പൂർത്തിയാക്കി.
ഈജിപ്തിലെ പഠനം കഴിഞ്ഞ് അസഹർ യൂണിവേഴ്സിറ്റിയിൽ ഒരു അധ്യാപകൻ ആവാനുള്ള സുവർണാവസരം ശിഹാബ് തങ്ങൾക്ക് ലഭിച്ചിരുന്നു. അക്കാലത്തെ ഇന്ത്യയുടെ പതിനായിരം രൂപ ശമ്പളം ഉള്ള ജോലി, എന്നാൽ പിതാവ് പൂക്കോയ തങ്ങൾക്ക് സമ്മതമില്ലായിരുന്നു. ഇക്കാര്യത്തിൽ പൂക്കോയ തങ്ങൾ അന്ന് വിസമ്മതം കാണിച്ചതുകൊണ്ട് ഇന്ത്യാ മഹാരാജ്യത്തെ മർദ്ദിത ജനകോടികളുടെ ഹൃദയസിംഹാസനത്തിലെ പടനായകനാവാൻ ശിഹാബ് തങ്ങൾക്ക് കഴിഞ്ഞു.
ഈജിപ്തിലെ എട്ടുവർഷത്തെ പഠനം കഴിഞ്ഞ് 1966 ൽ ശിഹാബ് തങ്ങൾ നാട്ടിൽ തിരിച്ചെത്തി. പിന്നീട് പഴയ കൊടപ്പനക്കൽ തറവാട്ടിലെ മാളിക മുകളിൽ ഇരുന്ന് വായനയുടെ ലോകത്തായിരുന്നു അദ്ദേഹം പരിലസിച്ചത്. അനേകം അറബ് പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും അക്കാലത്ത് വരുത്തി. സാര സമ്പൂർണ്ണവുമായ ലേഖനങ്ങൾ എഴുതി. ഇങ്ങനെ അക്ഷരങ്ങളുടെ ആത്മസുഹൃത്തായി കഴിയുന്ന വേളയിലാണ് രാഷ്ട്രീയത്തിലേക്കുള്ള കാൽവെപ്പും, ഏറനാട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടായതും. ഇപ്രകാരം തുടരുമ്പോഴാണ് വന്ദ്യപിതാവ് പൂക്കോയ തങ്ങൾ 1975 - ൽ ഇഹലോക വാസം വെടിഞ്ഞത്.പൂക്കോയ തങ്ങളുടെ വേർപാടിന് ശേഷം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ ശക്തിക്ക് ആരാണ് ഇനി നേതൃത്വം നൽകുക എന്ന ചോദ്യം പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉയർന്നപ്പോൾ സമുദായത്തിന്റെ നയനങ്ങൾ പതിഞ്ഞത് 39 വയസ്സ് പ്രായമുള്ള പൂക്കോയ തങ്ങളുടെ മൂത്ത പുത്രൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിലായിരുന്നു. 1975 ൽ കേരള സംസ്ഥാന മുസ്ലിം ലീഗ് അധ്യക്ഷപദവി സ്ഥാനം ഏറ്റെടുത്തു. ഇതോടെ അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിൽ സൂര്യപ്രഭ പോലെ പ്രോജ്ജ്വലിച്ച അജയ്യനായ ഒരു രാഷ്ട്രീയ നേതാവായിത്തീർന്നു.
ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ആയ കാലഘട്ടങ്ങളിൽ സംഘടനാ ചരിത്രത്തിൽ അനേകം അഭിമാനാർഹമായ സംഭവങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു. സമുജ്വലമായ നിയമനിർമ്മാണങ്ങൾ, ഭരണപരമായ നേട്ടങ്ങൾ കൈവരിക്കാൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് കഴിഞ്ഞത് ശിഹാബ് തങ്ങളുടെ തേജസ്സാർന്ന നേതൃത്വം കൊണ്ടായിരുന്നു. ശിഹാബ് തങ്ങളുടെ വ്യക്തിപ്രഭാവം ഇത്രയും ദീപ്തമാകാൻ കാരണം അധികാരത്തിൽ നിന്ന് മഹാനുഭാവൻ വിട്ടു നിന്നതാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായി കുറച്ചുകാലം കഴിഞ്ഞാൽ എം. പി. യും മന്ത്രിയുമാകാൻ തിടുക്കം കാട്ടുന്ന രാഷ്ട്രീയ നേതാക്കളിൽ നിന്നും ശിഹാബ് തങ്ങൾ തികച്ചും വ്യതിരിക്തനായിരുന്നു. മുസ്ലിം ലീഗിന്റെ അധ്യക്ഷപദവിയിൽ 34 വർഷം അദ്ദേഹം ഇരുന്നപ്പോൾ മന്ത്രിസ്ഥാനവും എം.പി സ്ഥാനവും തന്റെ വിളിപ്പുറത്ത് തന്നെ ഉണ്ടായിട്ടും ശിഹാബ് തങ്ങൾ അതിന് ആഗ്രഹിച്ചില്ല. ഇവിടെ ഏറെ പ്രസക്തമാകുന്നത് തിരുനബി വചനമാണ്. നബി (സ ) പറഞ്ഞു : " ഭരണാധികാരം ചോദിച്ചു വാങ്ങരുത്, കാരണം അത് ചോദിക്കാതെ ലഭിച്ചാൽ നീ സഹായിക്കപ്പെടും. ചോദിച്ചിട്ടാണ് ലഭിച്ചതെങ്കിൽ അതൊരു ഭാരമായി നിന്നിൽ വഹിക്കപ്പെടുകയും ചെയ്യും. "
(ബുഖാരി, മുസ്‌ലിം )
"Last prophet of secular politics" മതേതര രാഷ്ട്രീയത്തിന്റെ അവസാന പ്രവാചകൻ എന്ന വിശേഷണവും ഇന്ത്യൻ എക്സ്പ്രസ്സിൽ നിന്നും ശിഹാബ് തങ്ങൾക്ക് ലഭിച്ചു. പ്രവാചക സന്താന പരമ്പരയിൽ പിറന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഇസ്ലാമിന്റെ ഉൽകൃഷ്ടമാനവികത ഉൾക്കൊണ്ട മതേതരനായ ഒരു നേതാവായിരുന്നു.
അക്ഷര ലോകത്തെ ഉജ്ജ്വല ജ്യോതിസ്സായിരുന്നു ശിഹാബ് തങ്ങൾ. പഠനകാലത്ത് അക്ഷര ലോകത്തിന്റെ നിലാമുറ്റത്തേക്ക് ഓടിച്ചെല്ലാൻ വെമ്പൽ കൊണ്ട ഒരു ഹൃദയം ശിഹാബ് തങ്ങളിൽ സ്പന്ദിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ആ ഹൃദയ ആരാമത്തിൽ നിന്ന് വിദ്യാർത്ഥിയായ കാലത്ത് വിടർന്നു വന്ന ലേഖനങ്ങളും കവിതകളും പഠനങ്ങളും സാര സമ്പൂർണ്ണവും സാഹിത്യ ഭംഗിയും അനാവരണം ചെയ്തതാണെന്ന് തിരിച്ചറിയാൻ അക്ഷര ലോകത്തിന്റെ വായനക്കാർക്ക് എളുപ്പത്തിൽ കഴിഞ്ഞു. വിദ്യാർത്ഥി കാലത്ത് മലയാളത്തിലെ ആനുകാലികങ്ങളിൽ സാരവത്തായ ധാരാളം ലേഖനങ്ങൾ ശിഹാബ് തങ്ങൾ എഴുതി.1960 ജനുവരി 16 ലെ ചന്ദ്രിക ആഴ്ച പതിപ്പിൽ എഴുതിയ അൽ അസ്ഹർ സർവ്വകലാശാല എന്ന ലേഖനം അവതരണരീതിയിലും മലയാള ഭാഷ പ്രയോഗത്തിലും മികച്ചു നിന്നു. വിദ്യാർത്ഥി കാലഘട്ടത്തിൽ എഴുതിയ മറ്റുചില ലേഖനങ്ങളായിരുന്നു പത്രപ്രവർത്തനം ഈജിപ്തിൽ, സൂയസ് കനാലും നാസർ പദ്ധതിയും, പിരമിഡുകൾ, ലൈലാ ഖാലിദിന്റെ ആത്മകഥ, ഇബ്നു സീനയുടെയും അൽബിറൂനിയുടെയും ജീവചരിത്രം എന്നീ കൃതികൾ.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ, ഇന്ത്യൻ രാഷ്ട്രീയത്തിലെ മൂല്യ ബോധത്തിന്റെയും ആദർശ ജ്വാലയുടെയും നിത്യ സുരഭില പ്രതീകമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് ഒന്നിന് കാലധർമ്മം പ്രാപിച്ചപ്പോൾ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിക്കുകയായിരുന്നു. ശിഹാബ് തങ്ങളുടെ വിയോഗ വാർത്തയറിഞ്ഞ് അന്നത്തെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.അഹമ്മദ് ഇപ്രകാരം പറഞ്ഞു : " വെളിച്ചം പോയി സർവത്ര അന്ധകാര നിബിഡമായി".
Hasbeena sharin pp
MIC Islamic and arts college for women kaipamangalam

0 Comments