# റഹ്മതിൽ നിന്ന് മഗ്ഫിറത്തിലേക്ക്#



പരിശുദ്ധ റമളാനിൽ നന്മകളിലൂടെയുള്ള വളർച്ചയും വികാസവുമാണ് സത്യാവശ്വാസികൾ അനുഭവിക്കുന്നതും കരകതമാക്കുന്നതും. അവരുടെ പ്രതിഫല സമ്പാദ്യം ഈ മാസത്തിൽ ഉയർന്നു വരുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും ആഖിറത്തിലേക്കുള്ള മുതൽക്കൂട്ടുകൾ കൂടിവരുന്നു. മാനുഷികമായ ഗുണങ്ങളും അപ്രകാരം തന്നെയാണ്.നോമ്പിലൂടെ കൈവരുന്ന ക്ഷമാശീലം, സഹനശക്തി, ഉദാരമനസ്കത, സഹജീവികളോടുള്ള സാമീപ്യം, നന്മകളോടുള്ള പ്രതിപത്തി തുടങ്ങിയ ഗുണങ്ങളും അതിന്റെ മൂർധാന്യവസ്ഥയിലെത്തുന്നു .ഒരു സൂചനയെന്നോണം ഈ മാസം മൂന്നു ഭാഗമായി പകുക്കപ്പെട്ടിരിക്കുന്നു എന്ന് നബി (സ്വ )തങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് ഈ മാസത്തിന്റെ ആദ്യം റഹ്മത്തും മദ്ധ്യം മഗ്ഫിറത്തും അന്ത്യം നരക മോചനവുമാണ് എന്ന് ഇമാം ഇബ്നു ഖുസൈമ ഉദ്ധരിച്ച ഒരു ഹദീസിൽ നിന്നും മനസ്സിലാകുന്നത്, മേല്പറഞ്ഞ ആ പുണ്യാഗുണങ്ങളുടെയും നന്മകളുടെയും മാനുഷിക ഗുണങ്ങളുടെയുമെല്ലാം ആരോഹണമാണ്. അതിനാൽ ഈ ചുവടുകളിലൂടെ മുന്നോട്ട് കുതിക്കുവാൻ  സത്യാവിശ്വാസി പരിശ്രമിക്കേണ്ടതാണ്.


             റമദാനിന്‍റെ രണ്ടാമത്തെ പത്ത് സമാഗതമായിരിക്കുകയാണ്. ആദ്യ പത്തിലെ  കാരുണ്യ വര്‍ഷത്തിന് ശേഷം ഈ പത്തില്‍ വിശ്വാസികളെ അല്ലാഹു അനുഗ്രഹിക്കുന്നത് പാപമോചനം കൊണ്ടാണ്. പാപമോചനം നല്‍കുന്നവന്‍ എന്നര്‍ഥമുള്ള ഗഫൂര്‍ എന്നത് അല്ലാഹുവിന്‍റെ 99 പേരുകളിലൊന്നാണ്. 


        പാപം മനുഷ്യന്റെ മനസ്സിനെയാണ് കളങ്കപ്പെടുത്തുന്നത്. ഇക്കാര്യം മനോഹരമായ ഒരു ഹദീസിലൂടെ നബി (സ്വ)തങ്ങൾ ചിത്രീകരിക്കുന്നുണ്ട്. ഒരാൾ ഒരു പാപം ചെയ്യുമ്പോൾ അത് അവന്റെ മനസ്സിൽ ഒരു കറുത്ത പുള്ളി വീഴ്ത്തുന്നു. പാപങ്ങൾ ആവർത്തിക്കപ്പെടുന്നതോടെ പുള്ളികളും ആവർത്തിക്കപ്പെടുന്നു.ഇങ്ങനെ പാപങ്ങൾ അധികരിച്ചു വരുന്നതോടെ മനസ്സ് ക്രമേണ കറുത്തിരുണ്ട് പോകുന്നു. മനസ്സ് കണ്ണാടി പോലെ തെളിഞ്ഞിരിക്കേണ്ട ഒന്നാണ്. കാരണം അതിലാണ് എല്ലാ നന്മകളും പതിയേണ്ടത്. റമളാൻ പ്രദാനം ചെയ്യുന്ന ആത്മീയാനുഭൂതിയിൽ പാപമോചനത്തിനായി പത്ത് രാപകലുകൾ ലഭിക്കുമ്പോൾ അതിന് പ്രാധാന്യമേറെയാണ്. മനസ്സും ശരീരവും പശ്ചാത്താപത്തിന്റെയും ദൈവ   വിധേയത്വത്തിന്റെയും വികാരങ്ങളിലായിരിക്കും ഈ ദിനരാത്രങ്ങളിൽ.


           ഖുര്‍ആനിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു സൂക്തം പാപമോചനത്തെ സംബന്ധിച്ചുള്ളതാണ്. അല്ലാഹു പറയുന്നു, 'പറയുക, സ്വന്തത്തോട് അതിക്രമം കാട്ടിയ എന്‍റെ അടിമകളെ, അല്ലാഹുവിന്‍റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങള്‍ ഭഗ്നാശരാകരുത്. അവന്‍ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവന്‍ തന്നെ തീര്‍ച്ച,"(39:53)


ഈ ആയത്തില്‍ അതിരില്ലാത്ത തെറ്റുകള്‍ ചെയ്ത ആളുകളെ അല്ലാഹു വിളിക്കുന്നത് എന്‍റെ അടിമകളെ എന്നാണ്. മാത്രമല്ല, അവന്‍ പാപങ്ങള്‍ മാപ്പാക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞതിന് ശേഷം വീണ്ടും പൊറുക്കുന്നവന്‍, കരുണാമയന്‍ എന്നര്‍ഥമുള്ള വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു എന്നത് സത്യാവശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 


പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു അവരുടെ തെറ്റുകള്‍ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുമെന്നും അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണെന്നും സൂറത്തുല്‍ ഫുര്‍ഖാനിലൂടെ അവന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന്‍റെ അപാരമായ പാപമോചനത്തെയാണ് ഈ ആയത്ത് മനസ്സിലാക്കിത്തരുന്നത്. യഥാര്‍ഥമായ രീതിയില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് എല്ലാ തെറ്റുകളും പൊറുത്ത് കൊടുക്കുക മാത്രമല്ല, മറിച്ച് അവര്‍ അല്ലാഹുവിനെ ധിക്കരിച്ച് ചെയ്ത തെറ്റുകളെല്ലാം നന്മകളാക്കി മാറ്റുക കൂടി ചെയ്യുമെന്ന ഓഫര്‍ അതിന്‍റെ തെളിവാണ്.


        തൗബ ചെയ്യുക വഴിയാണ് അല്ലാഹു ദോഷങ്ങള്‍ പൊറുക്കുക. എത്ര വലിയ തെറ്റുകള്‍ ചെയ്താലും തൗബ ചെയ്യാന്‍ അവസരമുണ്ടെന്നാണ് ഇസ്ലാമിലെ അധ്യാപനം. ബനൂ ഇസ്റാഈല്യനായിരുന്ന ഒരു വ്യക്തിയുടെ കഥ ഇവിടെ പരാമര്‍ശനീയമാണ്. 99 പേരെ വധിച്ച ഈ വ്യക്തി ഒടുവില്‍ മാനസാന്തരപ്പെട്ട് ഒരു പണ്ഡിതനെ സമീപിച്ച് ചോദിച്ചു, 99 പേരെ കൊന്ന വ്യക്തിയാണ് ഞാന്‍, എനിക്ക് തൗബ ചെയ്യാന്‍ അവസരമുണ്ടോ?ഇല്ലെന്നായിരുന്നു പണ്ഡിതന്‍റെ മറുപടി. അതോടെ അയാള്‍ പണ്ഡിതനെയും കൊന്ന് 100 പേരുടെ ജീവദാഹിയായി. എന്നാല്‍ ഇയാള്‍ക്ക് വീണ്ടും മാ നസാന്തരമുണ്ടായി. മറ്റൊരു പണ്ഡിതനെ സമീപിച്ച് തന്‍റെ കുറ്റം ഏറ്റ് പറഞ്ഞ് തനിക്ക് തൗബയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തൗബക്ക് അവസരമുണ്ടെന്നായിരുന്നു ആ പണ്ഡിതന്‍ മറുപടി നല്‍കിയത്. ഒരു പ്രത്യേക നാട്ടിലേക്ക് പാലായനം ചെയ്യാനും അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകള്‍ക്കൊപ്പം താമസിക്കാനും തിന്മയുടെ കേന്ദ്രമായ തന്‍റെ നാട്ടിലേക്ക് ഒരിക്കലും മടങ്ങി വരരുതെന്നും ആ പണ്ഡിതന്‍ മറുപടി നല്‍കി. 


ആ സ്ഥലത്തേക്ക് പുറപ്പെട്ട ഈ വ്യക്തിക്ക് പക്ഷേ തന്‍റെ ലക്ഷ്യസ്ഥാനത്തേക്കെത്താനായില്ല. വഴി മധ്യേ അയാള്‍ മരണപ്പെട്ടു. അയാളുടെ ആത്മാവ് ആര് കൊണ്ട് പോവണമെന്ന വിഷയത്തില്‍ റഹ്മത്തിന്‍റെയും ശിക്ഷയുടെയും മലക്കുകൾ‍ തര്‍ക്കത്തിലേര്‍പ്പെട്ടു. മനുഷ്യരൂപത്തില്‍ വന്ന മറ്റൊരു മലക്ക്  ഇങ്ങനെ തീര്‍പ്പ് പറഞ്ഞു, "ഇയാള്‍ മരണപ്പെട്ട സ്ഥലത്ത് നിന്ന് അളന്ന് നോക്കൂ, ഏത് നാടിനോടാണോ ഇയാള്‍ അടുത്ത് നില്‍ക്കുന്നത് ആ നാടിനോടാണ് അയാൾക്ക് കൂടുതൽ ബന്ധം". അളന്ന് നോക്കുമ്പോള്‍ നന്മയുടെ നാടിനോട് അടുത്തായാണ് കാണപ്പെട്ടത്. അതോടെ അയാളുടെ ആത്മാവ് റഹ്മത്തിന്‍റെ മലക്കുകളുടെ ചിറകിലേറി സ്വര്‍ഗീയ സോപാനത്തിലേക്ക് പറന്ന് പോയി. എത്ര വലിയ കൊടിയ തെറ്റുകള്‍ ചെയ്താലും അല്ലാഹുവിന്‍റെ മഗ്ഫിറത്ത് അയാൾക്ക് ലഭിക്കും എന്ന സന്ദേശമാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.


           ഒരു സത്യവിശ്വാസി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വഴി അല്ലാഹു ദോഷങ്ങള്‍ പൊറുത്ത് തരുന്നതാണ്. നബി (സ) പറയുന്നു, "ഒരു മുഅ്മിന്‍ അനുഭവിക്കുന്ന ഓരോ വിഷമവും ബുദ്ധിമുട്ടും രോഗവും വഴി അല്ലാഹു ദോഷങ്ങള്‍ പൊറുക്കും, അവന്‍റെ കാലില്‍ തറക്കുന്ന മുള്ള് പോലും അതിന് കാരണമത്രെ". 


ചുരുക്കത്തില്‍ അല്ലാഹു ഏറെ പൊറുത്ത് നല്‍കുന്നവനും കാരുണ്യവാനുമാണ്. എന്നാൽ അല്ലാഹുവിന്റെ കാരുണ്യത്തെ ഒരു മുഅ്മിനിന് നേടി കൊടുക്കുന്നത് അവന്റെ മനസ്സിനുള്ളിൽ നിന്ന് വരുന്ന  പശ്ചാത്താപവും  മുഖരിതമായ  പ്രാർത്ഥനകളാണ്.എന്നത് നിസ്സംശയമാണ്. അത് മനസ്സിലാക്കി اللهم اغفر لي ذنوبي يا رب العالمين (ലോക രക്ഷിതാവേ, എന്‍റെ തെറ്റുകള്‍ നീ പൊറുത്ത് നല്‍കേണമെ) എന്ന പ്രാര്‍ഥന ഓരോ സത്യവിശ്വാസിയുടെയും ചുണ്ടുകളില്‍ സദാ ഉരുവിടേണ്ട സമയമാണിത്.


Riswana Ak, vmhm wafiyya college, mukkam