*ഫതഹ് മക്ക: വിട്ടുവീഴ്ചാമനോഭാവത്തിന്റെ ആദ്യ പാഠം*
ഇസ്ലാമിൻറെ ചരിത്രത്തിൽ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച മാസമാണ് പരിശുദ്ധ റമളാൻ .വിശുദ്ധ ഖുർആൻ അവതരണം, ബദർ യുദ്ധം തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ നാഴിക കല്ലുകളായി മാറിയ ചരിത്ര മുഹൂർത്തങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മക്കാ വിജയം.റസൂൽ(സ) പതിനായിരത്തോളം വരുന്ന തൻ്റെ അനുയായികൾക്കൊപ്പം മദീനയിൽ നിന്നും വിജയഭേരിമുഴക്കിക്കൊണ്ട് മക്കയിൽ പ്രവേശിച്ച് കേവലം ഒറ്റ ദിവസം കൊണ്ട് മക്കയുടെയും പരിസരപ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത അവിസ്മരണീയ സംഭവമാണ് ഫതഹ് മക്ക. ഹിജ്റ 2 റമളാൻ 17ന് ബദർ രണാങ്കണത്തിൽ തുടക്കം കുറിച്ച വിജയത്തിൻറെ പൂർത്തീകരണം ആയിരുന്നു യഥാർത്ഥത്തിൽ മക്കാ വിജയം.
പ്രവാചകർ മുഹമ്മദ് നബി(സ്വ)യും ഖുറൈശികളും തമ്മിൽ ഉണ്ടായിരുന്ന ഹുദൈബിയ കരാർ മൂന്നു വർഷത്തിനു ശേഷം ലംഘിക്കപ്പെട്ടു.സഖ്യകക്ഷികളായ ഗോത്രങ്ങളെ ഇരുകക്ഷികളോ കക്ഷികളുടെ സഖ്യഗോത്രങ്ങളോ ആക്രമിക്കരുത് എന്ന ഒരു ധാരണ കരാറിൽ ഉണ്ടായിരുന്നു.കരാറിന്റെ മൂന്നാം വർഷം ഖുറൈശികളുമായി സഖ്യത്തിൽ ഉണ്ടായിരുന്ന ബനൂബക്കർ ഗോത്രം മുസ്ലീങ്ങളുടെ സഖ്യഗോത്രമായ ബനു ഖുസാഅ ഗോത്രത്തെ ആക്രമിക്കുകയുണ്ടായി.ഇതിന് ഖുറൈശികളിൽ ചിലരുടെ പിന്തുണ യുമുണ്ടായിരുന്നു. അതോടെ ഹുദൈബിയ കരാർ ലംഘിക്കപ്പെട്ടു. അങ്ങനെ മൂന്നു വർഷത്തെ സമാധാന അന്തരീക്ഷത്തിനു ശേഷം വീണ്ടും യുദ്ധ അന്തരീക്ഷം ഉടലെടുക്കുന്ന അവസ്ഥ സംജാതമായി. സന്ധിയിലൂടെ മക്കക്കും മദീനക്കും ഇടയിൽ സമാധാന അന്തരീക്ഷം നിലവിൽ വന്നത് മദീനയിൽ കലാപം പതിവാക്കിയിരുന്ന ചില ജൂത അറബ് ഗോത്രങ്ങളെ അമർച്ച ചെയ്യാൻ പ്രവാചകൻ (സ്വ) തങ്ങൾക്ക് സാവകാശം നൽകിയത് മുതലാണ് .അത് അടിച്ചമർത്തപ്പെട്ടതോടെ മദീനയിലും സമാധാന അന്തരീക്ഷം തിരിച്ചുവന്നു. ഇത് മക്കക്കും മദീനക്കും ഇടയിലുള്ള നിശബ്ദ പ്രബോധന പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കുകയും അതോടെ പ്രസ്ഥാനം കൂടുതൽ ജനകീയമായി തീരുകയും ചെയ്തു. ഉഭയകക്ഷികളിൽ ആരുമായും ഇഷ്ടാനുസരണം സഖ്യം സ്ഥാപിക്കാൻ ഗോത്രങ്ങൾക്കുള്ള തുറന്ന അനുമതി ഹുദൈബിയ സന്ധിയിലെ പ്രധാന വ്യവസ്ഥ ആയിരുന്നു.ഈ വ്യവസ്ഥയാണ് ഖുറൈശികൾക്ക് വിനയായും മക്ക വിജയത്തിലൂടെ വിപ്ലവത്തിന് പരിസമാപ്തി കുറിക്കാൻ മുസ്ലീങ്ങൾക്ക് സുവർണാവസരമായും മാറിയത്.
ഹിജ്റ എട്ടാം വർഷം റമദാൻ മാസത്തിൽ മുഹമ്മദ് നബി (സ്വ) അനുയായികളോട് കൂടെ മക്കയിലേക്ക് പുറപ്പെട്ടു. പതിനായിരം പേരടങ്ങുന്ന ആ വലിയ സംഘത്തെ ഇസ്ലാമിക മര്യാദകൾ പരിശീലിപ്പിച്ചു കൊണ്ടാണ് നബി(സ്വ) തങ്ങൾ നയിച്ചത്. മക്കാ നിവാസികൾ നിസ്സംശയം കീഴടങ്ങി.നേരിട്ട് എതിർക്കുന്നവരെ അല്ലാതെ അന്യായമായി ഒരാളുടെയും മേൽ ആയുധം പ്രയോഗിക്കരുത് എന്ന് മക്കയിൽ പ്രവേശിച്ചപ്പോൾ നബി (സ്വ) തങ്ങൾ സൈന്യത്തിന് നിർദ്ദേശം നൽകി.മക്കക്കാരുടെ സ്വത്ത് വകകളിൽ കൈകടത്തുന്നതിനെ തടയുകയും,ഒരു വീടിനും പോറൽ ഏൽപ്പിക്കരുതെന്ന് മൊഴിയുകയും,സ്വന്തം വീട്ടിൽ വാതിൽ അടച്ചിരിക്കുന്നവരും പള്ളിയിൽ പ്രവീശിച്ചവരും അബൂസുഫിയാന്റെ വീട്ടിൽ കടന്നവരും സുരക്ഷിതരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.ഒരുകാലത്ത് മക്കക്കാരുടെ മർദ്ദനം സഹിക്കവയ്യാതെ പാലായനം ചെയ്തവരാണ് വിജയികളായി തിരിച്ചെത്തിയിരിക്കുന്നത്...നടക്കുന്ന വഴികളിൽ മുള്ളും ചപ്പുചവറുകളും ഇട്ടിട്ടുണ്ട്,അനുചരന്മാരെ ചുട്ടുപഴുത്ത മണലിൽ കിടത്തി കരിങ്കല്ല് നെഞ്ചത്തിട്ട് വലിച്ചു കൊണ്ടു പോയിട്ടുണ്ട്, വിവസ്ത്രരാക്കി ഗുഹ്യഭാഗത്ത് കുന്തം കയറ്റിയിട്ടുണ്ട്,ബദറിലും ഉഹ്ദിലും അവരോട് പോരാടി 100 കണക്കിന് വിശ്വാസികളാണ് കൊല്ലപ്പെട്ടത്...ആ എതിരാളികളോട് പ്രതികാരം ചെയ്യാനുള്ള സുവർണ്ണാവസരം ആയിരുന്നു നബി (സ) തങ്ങൾക്കും അനുചരന്മാർക്കും അല്ലാഹു നൽകിയത്.വിധിയോ വിചാരണയോ കൂടാതെ അവരെ നിഷ്ഠൂരമായി വധിച്ചാൽ പോലും ആരും പ്രവാചകർ(സ)യെ അക്രമി എന്ന് മുദ്രകുത്തില്ലായിരുന്നു. എന്നാൽ തിരുനബി (സ) സ്വീകരിച്ച നടപടി ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.നബി (സ) തങ്ങൾ പ്രഖ്യാപിച്ചു :"ഖുറൈശി സമൂഹമേ, ഞാൻ നിങ്ങളെ എന്തു ചെയ്യും എന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?യൂസുഫ് നബി തൻ്റെ സഹോദരന്മാരോട് പറഞ്ഞത് തന്നെയാണ് എനിക്ക് നിങ്ങളോടും പറയാനുള്ളത്. നിങ്ങളുടെ മേൽ യാതൊരു പ്രതികാര നടപടിയുമില്ല...നിങ്ങൾ സ്വതന്ത്രരാണ്." അവിശ്വസനീയമായ പ്രഖ്യാപനം കഴിഞ്ഞ ഉടനെ ഇസ്‌ലാമിന്റെ കൊടി പുണ്യ റസൂലിന്റെ പരിശുദ്ധ കരങ്ങളാൽ മക്കാ ഭൂമിയിൽ നാട്ടപ്പെട്ടു.
ചരിത്രം ഒട്ടേറെ പടയോട്ടങ്ങളും അധിനിവേശങ്ങളും കണ്ടിട്ടുണ്ട്.എന്നാൽ ചരിത്രം അന്ന് വരെയും അതിനുശേഷവും കണ്ട പടയോട്ടങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു മക്കാ വിജയം.കൂട്ടക്കൊലയിലും അധികാര ഭ്രമത്തിന്റെ ഉത്സവങ്ങളിലും ആണ് ചരിത്രം കണ്ട എല്ലാ അധിനിവേശങ്ങളും അവസാനിച്ചത്. എന്നാൽ കൂട്ടക്കൊലയോ നേരിയ തോതിലുള്ള രക്തച്ചൊരിച്ചിലിനുള്ള സാധ്യത പോലും തന്ത്രപരമായി റസൂൽ (സ) ഇല്ലാതാക്കി കൊണ്ടാണ് മദീനയിൽ നിന്ന് മക്കയിലേക്ക് പ്രവേശിച്ചത്. വിപ്ലവ പൂർത്തീകരണത്തിന് ശേഷം തന്റെ മുമ്പിൽ നിസ്സഹായരായി കൈകൂപ്പി നിന്ന ശത്രു നിരയോട് നിങ്ങൾ സ്വതന്ത്രരാണ് എന്ന പ്രവാചകന്റെ (സ്വ) വാക്യം ഉണ്ടല്ലോ,അതുപോലെ ഒന്ന് അതിനു മുമ്പോ ശേഷമോ വിജയം കരസ്തമാക്കിയ മറ്റൊരു ജേതാവിൽ നിന്നും ഭരണാധികാരിയിൽ നിന്നും ചരിത്രം കേട്ടിട്ടില്ല. മക്കം ഫതഹിന് ശേഷവും ധാർമികതയുടെ ഉടയാടകൾ ഉരിഞ്ഞുപോകുന്ന വിധമുള്ള വിജയാഹ്ലാദപ്രകടനമോ വിജയഭേരി മുഴക്കലോ ഉണ്ടായിട്ടില്ല.8 റക്അത്ത് നിസ്കാരവും പ്രപഞ്ചനാഥന് മുമ്പിലെ ദീർഘനേരത്തെ സാഷ്ടാംഗവും മാത്രമായിരുന്നു വിജയപ്രകടനം.
പ്രകോപനത്തിലൂടെ ശത്രു ഉന്മൂലനത്തിനു വേണ്ടി ശ്രമിക്കുമ്പോൾ പ്രകോപനങ്ങൾക്ക് വഴങ്ങാതെ പ്രകോപിതരാവാതെ ക്ഷമ അവലംബിച്ച് ശത്രുവിന്റെ അതിക്രമങ്ങളെ ചെറുക്കുകയായിരുന്നു പ്രവാചകരും അനുയായികളും. സമത്വത്തിലേക്ക് ഇസ്ലാമിൻറെ തുടക്കത്തിലേ ആളുകളെ ക്ഷണിച്ച നബി (സ) അതിൽ നിന്നും ഒട്ടും തന്നെ വ്യതിചലിച്ചിട്ടില്ല. ഈ വിജയത്തിൻ്റെ എല്ലാ അംഗീകാരവും അല്ലാഹുവിലേക്കാണ് ചേർത്തത്. സത്യത്തെ മുറുകെ പിടിക്കുകയും വിനയവും ദൈവഭക്തിയും ആയുധമാക്കുകയും ചെയ്ത പ്രവാചകരെയാണ് മക്കാ വിജയം വരച്ചുകാട്ടുന്നത്.ഇക്കാരണത്താൽ ആളുകൾ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് ഒഴുകാൻ തുടങ്ങി. മക്കാ വിജയം മക്ക എന്ന നാട് പിടിച്ചടക്കലായിരുന്നില്ല.മറിച്ച് മക്കക്കാരുടെ ഹൃദയം കീഴടക്കലായിരുന്നു. വിജയലഹരി തലക്കുപിടിച്ചു അഹങ്കരിക്കുന്ന ജേതാക്കളെയാണ് ഇന്ന് ലോകത്തിന് കാണാൻ കഴിയുന്നത്.സംഘം എത്ര ചെറുതാണെങ്കിലും അന്തിമവിജയം സത്യത്തിന്റെ ഭാഗത്താണെന്ന് തീർച്ച..! കാരുണ്യത്തിന്റെ മഹാപ്രപഞ്ചമായ തിരുനബി (സ) സ്വീകരിച്ച സമീപനം ആധുനിക ഭരണാധികാരികൾക്ക് തികച്ചും മാതൃകയാണ്.
_________________________
Fathima Noora
WMO Women's College Wafiyya

0 Comments