*ആത്മസമർപ്പണം കൊണ്ട് അധർമ്മങ്ങളെ അതിജയിച്ചവരുടെ ചരിത്രം.*


ولقد نصركم الله ببدر وانتم اذلة فاتقو االله لعلكم تشكرون

നിങ്ങൾ ദുർബലരായിരിക്കെ ബദറിൽ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട് അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക നിങ്ങൾ നന്ദിയുള്ളവരായേക്കാം. (3:123)


 ഇസ്ലാമിക ചരിത്രത്തിലെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും പ്രതിരോധത്തിന്റെയും അനുപമമായ സന്ദേശം നൽകുന്ന സംഭവമാണ് ഹിജ്റ രണ്ടാം വർഷം ബദറിൽ സാക്ഷ്യം വഹിച്ചത്. മദീനയുടെ തെക്ക് പടിഞ്ഞാറ് പഴയ മക്ക - മദീന പാതയിൽ മക്കയിൽ നിന്ന് ഏകദേശം 250  മൈൽ അകലെ മദീനയോട് 150  മൈൽ അടുത്ത്  സ്ഥിതി ചെയ്യുന്ന ഒരു വലിയ ഒരു മലയോര പ്രദേശമാണത്.

ബദർ എന്ന പ്രദേശം പുരാതന കാലഘട്ടത്തിൽ ചന്തകളുടെ അടിസ്ഥാനത്തിലാ യിരുന്നു അറിയപ്പെട്ടിരുന്നത്. വർഷംതോറും നടന്നിരുന്ന ഉക്കാസ്,മജന്ന എന്നിവയാണ് അവയിൽ പ്രാധാന്യം.


             എന്നാൽ റമദാൻ മാസം 17ന്  ക്രി:  624 ന് ആ സ്ഥലത്തിന് മറ്റൊരു ചരിത്ര നിയോഗം കൈവന്നു. ഇന്ന് ചരിത്രബോധം ഉള്ളവരെല്ലാം ബദർ എന്ന് കേട്ടാൽ ഓർമ്മിക്കുന്നത് നിർണായകയുദ്ധമാണ്.

 ചരിത്രത്തിന്റെ ഗതിമാറ്റം വരുത്തിയ സംഭവമായതിനാൽ ഇസ്ലാമിക ചരിത്രത്തിൽ ബദർ യുദ്ധത്തിന് അത്യപൂർവ്വ സ്ഥാനമാണുള്ളത്.

   

          പിറന്ന മണ്ണിൽ നിന്ന് ഖുറൈശി ഗോത്രക്കാരായ ശത്രുക്കളുടെ  മർദ്ദനങ്ങളും പീഡനങ്ങളും അധികരിച്ചപ്പോഴാണ് പ്രവാചകനും (സ്വ) അനുയായികളും മദീനയിൽ നിന്ന് പാലായനം ചെയ്തത്.

 ഇസ്ലാമിന്റെ വളർച്ചയോടുള്ള ശത്രുതയും തങ്ങൾക്ക് ലഭിച്ചിരുന്ന പദവിയും സ്ഥാനവും നഷ്ടപ്പെടുമോ എന്ന ഭയവും ഖുറൈശികളിൽ ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ യുദ്ധത്തിനു  തുടക്കം കുറിക്കുന്നത്.

 സത്യവും അസത്യവും തമ്മിൽ നടന്ന നേർക്ക് നേർ പോരാട്ടം തന്നെയായിരുന്നു ബദർ. റസൂലിനെയും വിശുദ്ധ മതത്തെയും  ഉന്മൂലനം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.മദീനയിലെത്തിയ റസൂലിനെയും അനുയായികളെയും ദ്രോഹിക്കൽ തുടർന്നപ്പോഴാണ് യുദ്ധത്തിന് അനുമതി നൽകി അല്ലാഹുവിന്റെ സന്ദേശം ഇറങ്ങുന്നത്.

"യുദ്ധത്തിലൂടെ ആക്രമിക്കപ്പെടുന്നവർ മർദ്ദിതരാണെന്നതിനാൽ തിരിച്ചടിക്കാൻ അനുവാദം നൽകിയിരുന്നു അവരെ സഹായിക്കാൻ അല്ലാഹു കഴിവുള്ളവനാണ്. തീർച്ചയായും അന്യായമായി വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട വരാണ് അവർ. അല്ലാഹുവാണ് തങ്ങളുടെ രക്ഷിതാവെന്ന് പറയുകയാണവർ ." (22:39,40)

 മക്കാ നിവാസികളുടെ ഒരു കച്ചവടസംഘം ശാമിൽ നിന്ന് തിരിച്ചുവരുന്ന വിവരം നബി (സ്വ) തങ്ങളുടെ അറിവിൽപെട്ടു. ആ സംഘത്തെ പിടികൂടിയാൽ മക്കയിൽ തങ്ങൾക്ക് നഷ്ടപ്പെട്ട വലിയ സമ്പത്തിന്റെ ചെറിയ വിഹിതം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് വിശ്വാസികൾ കരുതി. മുസ്ലിമീങ്ങൾ തങ്ങളെ തേടി ഇരിക്കുന്നു എന്ന വാർത്ത കേട്ട അബൂ സുഫിയാൻ മറ്റൊരു വഴിയിലൂടെ കച്ചവട സംഘത്തെ തിരിച്ചുവിട്ടു.. തങ്ങളെ ആക്രമിക്കാൻ നിൽക്കുന്നു എന്ന വിവരം മക്കക്കാരോട് വിളംബരം ചെയ്തു. ഇത് കേട്ട് അബൂജഹലിന്റെ നേതൃത്വത്തിൽ ഖുറൈശികൾ സർവായുധ സജ്ജരായി മുസ്ലീങ്ങളെ നേരിടാൻ പുറപ്പെടുക യായിരുന്നു. അവർ ബദ്റിൽ എത്തുമ്പോൾ കച്ചവടസംഘം സുരക്ഷിതരായി തിരിച്ച് എത്തിയ വിവരം അറിഞ്ഞു. തിരിച്ചുപോകാമെന്ന് പലരും അഭിപ്രായപ്പെട്ടു എന്നാൽ നേതാവായ അബൂജഹൽ വിസമ്മതിച്ചു .മുസ്ലിങ്ങളെ ഒരുപാഠം പഠിപ്പിക്കാം എന്ന് ഉറച്ച് അവർ മുന്നോട്ട് കുതിച്ചു.എന്നാൽ അവരെ നേരിടാൻ പുറപ്പെട്ട മുസ്ലീങ്ങളുടെ അംഗസംഖ്യ വളരെ കുറവായിരുന്നു. 313 സ്വഹാബത്തും 3 ഒട്ടകങ്ങളും 70 കുതിരകളും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ശത്രുക്കൾ ആയിരം പേരും.. മുസ്ലീമീങ്ങൾക്ക് അല്ലാഹു മാത്രമായിരുന്നു അഭയം. റസൂലിന്റെ പ്രാർത്ഥനയുണ്ട്, അവിടുന്ന് "അല്ലാഹുവേ നിന്നിൽ വിശ്വസിച്ച ഈ ചെറുസംഘം നശിച്ചുപോയാൽ ഈ ഭൂമിയിൽ നിന്നെ ആരാധിക്കാൻ പിന്നീട് ആരും ഉണ്ടാവില്ല" കണ്ണീരൊഴുക്കിയുള്ള റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രാർത്ഥന സ്വീകരിക്കപ്പെട്ടു. ശത്രുക്കളുടെ മൂന്നിലൊന്ന് ആൾബലം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും മുസ്ലിമീങ്ങളിൽ നിന്ന് രക്തസാക്ഷിയായത് 14 പേര് മാത്രമായിരുന്നു. ശത്രുക്കൾ 70 ആളുകൾ കൊല്ലപ്പെട്ടു 70 ആളുകളെ തടവുകാരായി പിടിക്കപ്പെട്ടു കൊല്ലപ്പെട്ടവരിൽ അവരുടെ നേതാക്കന്മാരും ഉണ്ടായിരുന്നു. മുസ്ലിമീങ്ങളെ പാഠം പഠിപ്പിക്കാൻ വന്നവരെ ബദ്റിൽ അല്ലാഹു പാഠം പഠിപ്പിച്ചു.


        അചഞ്ചലമായ ദൈവിക വിശ്വാസവും ത്യാഗ സന്നദ്ധതയും മനക്കരുത്തുമായി നബിയും സ്വഹാബികളും യുദ്ധത്തിന് ഇറങ്ങിയപ്പോൾ സായുധരും സുസജ്ജരുമായ മാലാഖമാരെ അല്ലാഹു സഹായത്തിന് അയച്ചു.

"ആയിരം മാലാഖമാരാൽ നാം അങ്ങയെ സഹായിക്കും,സേനയ്ക്ക് മുകളിൽ സേനയായി."(8:9)

 ഇതേസമയം തോൽവി വിവരം അറിഞ്ഞ മക്കയിൽ കൂട്ടക്കരച്ചിൽ ഉയരുകയായിരുന്നു. തങ്ങളുടെ നേതാക്കന്മാർ വധിക്കപ്പെട്ടത് അവർക്ക് വലിയ തിരിച്ചടിയായി. അംഗബലം കുറവാണെങ്കിലും മുസ്ലിമീങ്ങളുടെ ശക്തി ബദ്റിലൂടെ തിരിച്ചറിഞ്ഞു.


     ബദർ യുദ്ധം എന്നത് ഏതൊരു മുസ്ലീമിന്റെയും ഉള്ളിൽ തട്ടിയ ചരിത്രപ്രസിദ്ധമായ സംഭവമായതിനാൽ, ഇന്നും ബദ്ർ ദിനം ആചരിച്ചു പള്ളികളിലും വീടുകളിലും മൗലിദ് പാരായണവും തുടങ്ങി ,ജനഹൃദയങ്ങളിൽ ബദ്ർ ഒരു മറയാത്ത വിപ്ലവം ആയിരിക്കുന്നു.

എത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളിലും സത്യവിശ്വാസികൾ എങ്ങനെ അഭിമുഖീകരിക്കണം എന്നതിന്റെ ഉത്തമ പാഠമാണ് ബദ്ർ. അല്ലാഹുവിൽ ദൃഢവിശ്വാസം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധി ഘട്ടത്തെയും അതിജയിക്കാൻ വിശ്വാസികൾക്ക് കഴിയും.


         അചഞ്ചലമായ ദൈവീക വിശ്വാസവും കഠിനമായ ആദർശ ധീരതയും തന്നെയാണ് ഏത് ചെറു സംഘത്തെയും വിപ്ലവാത്മകമാക്കുന്നത്.

  

 Fathima hashira

Irshadul athfal arts college pattambi