*ഒരാണ്ടിലേക്കുള്ള പാഥേയവും മനുഷ്യന്റെ ആത്മാവും; വിശകലനങ്ങൾക്ക് വിധേയമാകുമ്പോൾ..* 



 അല്ലാഹു പറയുന്നു:മനുഷ്യന്റെ കർമ്മങ്ങളെല്ലാം അവന്റെതാണ് നോമ്പ് ഒഴിച്ച്, അതെനിക്കുള്ളതാണ് അതിന് പ്രതിഫലവും ഞാനാണ് നൽകുക.

         നാഥന്റെ തൃപ്തിക്ക് പാത്രമാകണമെങ്കിൽ ഭൗതിക മോഹങ്ങൾ തിരസ്കരിക്കുകയും വിശപ്പിന്റെ മൂല്യമറിയുകയും വേണം. കാലവൃത്തത്തിന്റെ ചക്രം വട്ടമടിച്ച് പരിശുദ്ധിയുടെ അന്ത്യയാമങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. സമാപനമെങ്കിലും നാഥന്റെ തൃപ്തിക്ക് നാം ഓരോരുത്തരും പാത്രമാകണം. പുണ്യ റമളാൻ വിട്ടുപിരിഞ്ഞ് അകലാനുള്ള അതിർത്തി അടുക്കുമ്പോഴും വിശ്വാസിയുടെ ജീവിതത്തെ  ആത്മീയ ഉന്നതിയിലേക്കെത്തിക്കാനും ഐഹിക വിരക്തരാക്കി   പരലോകത്തോടുള്ള ആസക്തി വർധിപ്പിക്കാനും റമദാനെ നാം പ്രജോദനമാക്കി മാറ്റിയോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട്. തിന്മകൾ നിറഞ്ഞ മനസകം  വിമലീകരിക്കാനും ദുർമേദസ്സകറ്റാനും വൃതം സിദ്ധ ഔഷധമാണല്ലോ, പരിശുദ്ധമാക്കപ്പെട്ട വ്രതതിന് വിരാമം വയ്ക്കുമ്പോഴും മനുഷ്യാത്മാവിന്റെ പാഥേയം വിശകലനമർഹിക്കുക എന്നത് ഉചിതമായ വസ്തുതയാണ്.

 📍*ആത്മസംസ്കരണത്തിന്റെ റമളാൻ എന്ന യാഥാർത്ഥ്യം*


    റമദാൻ എന്നാൽ അഴിച്ചുപണിയുടെ കാലമാണ്, ആത്മഹർശത്തിന്റെ ആരാധനാ കാലമാണ്. ശരീരവും വിശ്വാസവും ആത്മാവും സംസ്കരിച്ച് മാലാഖമാരുടെ തലത്തിലേക്ക് മാനവർക്ക് ഉയരാവുന്ന, അതിനേക്കാൾ ഉന്നതരാവാൻ സാധ്യമാകുന്ന വിശ്വ സന്ദർഭമാണ് റമദാൻ.പ്രഭാതം മുതൽ പ്രദോഷം വരെ പട്ടിണികിടന്ന് പടച്ചവന്റെ പ്രീതിയിലേക്കുള്ള പ്രയാണമാണ്ഭ.സുകൃതങ്ങളും സുചിന്തകളും വർദ്ധിപ്പിച്ച് വിശ്വാസി ഈ പുണ്യ കാലം നാളെക്കുള്ള വിളവെടുപ്പ് കാലമായി പരിവർത്തനം ചെയ്യണം. ഖൽബിനെ കാർന്നുതിന്നുന്ന വ്യാധികളെല്ലാം തുടച്ചു നീക്കി വിശുദ്ധിയുടെ അടിവേരിനെ തേടണം, അങ്ങനെ അകം വെളുത്താലെ അപരനെ കുറിച്ചുള്ള ചിന്ത വിശ്വാസിയോട് അടുക്കു.പകലിലെ പട്ടിണി നിമിത്തമാണ് ഒരുവൻ വിശക്കുന്നവന്റെ വേദന മനസ്സിലാക്കുക. ഉദാരവാനാകാനും ഉപകാരിയാവാനും ആ മഹത്തായ വിശുദ്ധിയും പട്ടിണിയും ദാഹവും എല്ലാം മനുഷ്യനെ പ്രേരിപ്പിക്കുന്നു. ആകയാൽ റമദാൻ ആത്മവിശുദ്ധിയുടെ  മാത്രമല്ല,അപര ബോധത്തിന്റേത് കൂടിയാണ്.എന്തിനും ഏതിനും തെളിവ് ഒരു വാശിയായി മുറുകെപ്പിടിച്ചവർക്ക് പ്രവാചകൻ(സ) ഉദാഹരണമായി മാറുകയാണ്. സൃഷ്ടികളിൽ ഏറ്റവും പരോപകാരിയായ റസൂൽ(സ)റമളാൻ എത്തിയാൽ ഉദാരതയുടെ ഉത്തുംഗത്തിലെത്തുമായിരുന്നു. അടിച്ചു വീശുന്ന മാരുതൻ പോലെയാണ് അവിടുത്തെ ഉദാരത എന്നാണ് ഹദീസുകളിലെ പരാമർശം. ഇതിനെയെല്ലാം വിശ്വമായ  വിശകലനങ്ങൾക്ക് വിധേയമാക്കിയാൽ മതം മനുഷ്യനെ സ്വന്തത്തിലേക്ക് ഉൾവലിയാനല്ല സഹജീവികളിലേക്ക് ഒഴുകിപ്പരക്കാനാണ് പഠിപ്പിക്കുന്നതെന്ന് വ്യക്തമാകും.കേട്ട് തഴമ്പിച്ച പോലെ തന്നെ പുണ്യ റമദാനിലെ അന്ത്യരാവിൽ തന്നെ പിശാചുക്കളെയും ധിക്കാരികളെയും ജിന്നുകളെയും ചങ്ങലയ്ക്കിടും, നരക കവാടങ്ങൾ അടയ്ക്കുകയും  സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്നു, അങ്ങനെ എണ്ണമറ്റ അനുഗ്രഹ പ്രവാഹങ്ങൾ കൊണ്ട് നിറഞ്ഞൊഴുകിയ മാസമാണ് പുണ്യ റമളാൻ.


📍 *വർത്തമാന വാസ്തവത്തിലെ പാഥേയം*

 പരിശുദ്ധ നോമ്പിൽ ഒരു വിശ്വാസി സന്തുഷ്ടരാവണം, അതിനെ ഒരു കവചമാക്കി മാറ്റുക എന്ന യാഥാർത്ഥ്യത്തിനപ്പുറം വർത്തമാനവാസ്തവം  ചൂടുപിടിച്ചെ രിയുകയാണ്.ആ തീപ്പൊരിയുടെ ചൂട് തന്നെ മതി വിശ്വാസി സമൂഹം വെന്തെരിയാൻ.ഭൗതികലോകം  മനുഷ്യനെ തിന്മകളിലേക്ക് മാടിവിളിച്ചു കൊണ്ടിരിക്കുകയാണ്. ബാഹ്യ സൗന്ദര്യവും വർണ്ണവും  കൗതുകവും കണ്ട് അതിൽ വഞ്ചിതരാകാൻ സാധ്യതകൾ ഏറെയാണ്. എന്നാൽ അതിന്റെ അനന്തരഫലം അനന്തമായ പരാജയമായിരിക്കും ലഭിക്കുന്നത്. തുടർച്ചയായി ലഭിക്കുന്ന പ്രതാപത്തിന്റെയും സ്ഥാനമാനങ്ങളുടെയും കണക്കുപ്പൊലിപ്പിച്ച്  ഇതുതന്നെയാണ് യഥാർത്ഥ വിജയം എന്ന അപരിഷ്കൃത ചിന്തകൾ മനസ്സിൽ കുന്നു കൂടിയേക്കാം. ജീവിതത്തിന്റെ സുഖാസ്വാദനങ്ങൾക്ക് വേണ്ടി അശ്ലീലതയും വിനോദവും ധൂർത്തും നമ്മെ ഭരിച്ചുകൊണ്ടിരുന്നേക്കാം. പരിശുദ്ധ ഖുർആൻ പോലും വരാനിരിക്കുന്ന വൻ വിപത്തിനെ കുറിച്ച് സൂചന നൽകിയിട്ടുണ്ട്. ഈ വസ്തു തന്നെയാണ് വർത്തമാന വാസ്തവത്തിലെ പാഥേയം.പടച്ചവൻ താൻ പവിത്രമാക്കിയ പടപ്പിലേക്ക് പരിശുദ്ധ പരിവർത്തനത്തിന്റെയും പാപമോചനത്തിന്റെയും ദിനങ്ങൾ അവസരമായി ചൊരിഞ്ഞ്  നൽകിയപ്പോൾ  സുഖലോലുപതയും അഹങ്കാരവും ഉപേക്ഷിച്ച് ത്യാഗത്തിന്റെയും വിനയത്തിന്റെയും മാർഗം നാം സ്വീകരിക്കണം.അല്പം കഠിനമായിരിക്കാം, ആ കാഠിന്യതിനപ്പുറവും മയത്തിന്റെ  സഹസ്രതലങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. ഭൗതിക നശ്വരതയിൽ വഴുതിവീഴാതെ നാം  ബുദ്ധിശൂന്യരാവാതിരിക്കുകയാണ് വേണ്ടത്. പതിവ് പോലുള്ള ദിവസങ്ങളായി നോമ്പുകാലത്തെ കാണാതിരിക്കുക.പരന്ന പത്രവായനയും വാട്സ്ആപ്പ് ഉപയോഗങ്ങളെ ഒക്കെയും തടയിടണം. അത്തരം കാര്യങ്ങൾ അത്യാവശ്യത്തിലൊതുക്കി റമളാനിലെ ഓരോ നിമിഷത്തെയും ചൂഷണം ചെയ്യണം.പരമാവധി മുതലെടുക്കണം പകൽ മുഴുവൻ പട്ടിണി കിടത്തിയ റബ്ബിനോടുള്ള പ്രതികാരമായി നമ്മുടെ നോമ്പുതുറകൾ മാറിക്കൊണ്ടിരിക്കുകയാണ് അത്തരം ചെയ്തികൾ ഉപേക്ഷിക്കണം. ശരീരത്തിന് ആവശ്യമായവ മാത്രം സ്വാംശീകരിക്കുക.റമളാൻ അങ്ങേയറ്റം സുന്ദരമാക്കി മാറ്റാൻ നാം പരിശ്രമിക്കണം.


📍*ഓഫറുകളുടെ പെരുമഴക്കാലം*

 വീണുകിട്ടിയ മഹത്തരമായ ഓഫറുകളുടെ പെരുമഴക്കാലമാണ് റമളാനിലെ അവസാന ദിനങ്ങൾ.  എണ്ണിയാൽ ഒതുങ്ങാത്ത അവസരങ്ങൾ പടച്ചവൻ പടപ്പിനായി നൽകിയ പുണ്യങ്ങളുടെ വസന്തകാലം. വിമോചനമാണ് റമളാനിന്റെ അന്ത്യദിനങ്ങൾ പ്രതിനിദാനം ചെയ്യുന്നത്. നോമ്പിന്റെ പ്രതിഫലം സ്വർഗ്ഗമാണ്. വിശ്വാസിയുടെ ധന്യ അഭിലാഷമാണ് സ്വർഗ്ഗപ്രവേശനം. അവസാനത്തെ പത്തിൽ ഇബാദത്തുകൾ നിർവഹിക്കാൻ നബി(സ)കാണിച്ചിരുന്ന പ്രാധാന്യം ഹദീസുകളിൽ പ്രതിപാദിച്ചിട്ടുണ്ട്.  ആയിഷ(റ)യിൽ നിന്ന് നിവേദനം: അവസാന പത്തിൽ മറ്റുള്ള സമയത്തേക്കാൾ നബി(സ) തങ്ങൾ  ഇബാദത്തുകൾ അധികരിപ്പിച്ചിരുന്നു. രാത്രിയെ ജീവസ്സുറ്റതാക്കി ആരാധനകളെ മനോഹരമായി കൈകാര്യം ചെയ്യലായിരുന്നു റമളാനിൽ നബി(സ)യുടെ പ്രകൃതം.

        അവസാന പത്തിലെ ദിനരാത്രങ്ങളുടെ സവിശേഷതകൾ എണ്ണമറ്റതാണ്. ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാത്രിയും കൂടുതൽ പ്രതീക്ഷയുള്ള ദിനങ്ങളും അവസാനത്തെ  പത്തിലാണ്. ഒരു പുരുഷായുസ്സ് കൊണ്ട് നേടാനാവാത്ത പുണ്യമാണ് ഒരു രാത്രികൊണ്ട് കരസ്ഥമാക്കാൻ സാധിക്കുന്നത്. മാത്ര വാനല്ല, അല്ലാഹുവിന്റെ മഹത്തരമായ തൗബയ്ക്ക് സുതാര്യമായ സ്വീകരണം ലഭിക്കുന്ന രാവുകൾ കൂടിയാണ് ഇനി വരാനിരിക്കുന്നത്. പടച്ചവൻ അവന്റെ പടപ്പിലേക്ക് ഇത്രയധികം സൗഭാഗ്യങ്ങൾ  വാരിച്ചൊരിഞ്ഞു നൽകിയിരിക്കുകയാണ്.ഇനിയും മുതലെടുക്കാനായില്ലെങ്കിൽ ജീവിതം തന്നെ പരാജിതമായിമാറിയേക്കാം. റമദാനിന്റെ അകക്കാമ്പ് തൊട്ടറിഞ്ഞ്  സൽകർമ്മങ്ങൾ വർധിപ്പിക്കുന്നതിൽ നാം കുതുകികൾ ആയി  മാറേണ്ടതുണ്ട്. ഖുർആനിന്റെ പുണ്യ ഈരടികൾ മുഴങ്ങുന്ന ഭവനങ്ങളായി നമ്മളുടെ ഭവനങ്ങൾ നമുക്കു മാറ്റണ. നമ്മുടേത് മാത്രമായി ഒതുങ്ങാതെ അപരന്റെ ദുരിതങ്ങളിലേക്കും വേദനകളിലേക്കും സഹാനുഭൂതിയോടെ കണ്ണ് തുറന്നു നോക്കാൻ റമദാനിലെ ദർശനങ്ങൾ നമ്മെ സഹായിക്കുകയും പ്രേരിപ്പിക്കുകയും വേണം. ഓരോ സദക്കയിലൂടെയും ജീവിതത്തിൽ പരിവർത്തനമുണ്ടാക്കാം. വലതു കൈ കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുതെന്നാണല്ലോ നബിവചനം. സ്വന്തം തീൻമേശ പോലെ  മറ്റുള്ളവരുടെയും തീൻ മേശ വിഭവസമൃതമാകുമ്പോഴാണ് വിശ്വാസിയുടെ റമദാൻ പൂർണമാകുന്നത്.

          റമളാനിന്റെ പുണ്യ രാവുകളിൽ തുടർന്ന ഇബാദത്തുകൾ  ജീവിതത്തിൽ മുറിയാതെ തുടർകൊണ്ടിരിക്കണം. റമളാനിലെ റബ്ബ് തന്നെയാണ് എല്ലാ മാസങ്ങളുടെയും റബ്ബ് എന്ന യാഥാർത്ഥ്യം അറിയാത്ത അന്തരമായി മാറരുത്. റീൽസുകളിലും യൂട്യൂബിലും സമയം അകപ്പെടുത്താതെ മൂല്യം ഉള്ളതിലേക്കായി പരിവർത്തനപ്പെടുത്തുക. അതിർലംഘനങ്ങളെയും  കരിച്ചു കളഞ്ഞ് പുതിയ മനുഷ്യനെ നിർമ്മിക്കുകയാണ് വിശുദ്ധ മാസം. തപിക്കുന്ന മനസ്സിലേക്ക് കാരുണ്യത്തിന്റെയും  യും ഭക്തിയുടെയും കുളിർമഴ സമ്മാനിക്കുന്ന റമളാൻ എണ്ണിയാൽ ഒടുങ്ങാത്ത ആത്മസുഗന്ധങ്ങളാണ് സമ്മാനിക്കുന്നത്. നാവും ഖൽബും ദിക്ക്റിൽ നിന്ന് ഒഴിവായ ഒരു നിമിഷം പോലും ഉണർവിൽ ഉണ്ടാവാതിരിക്കാൻ  ദൃഢപ്രതിജ്ഞ എടുക്കുകയും പ്രയോഗിച്ചു വിജയിക്കുകയും വേണം. എങ്കിൽ,ഈ റമളാനും നമുക്ക് അനുകൂലമായി സാക്ഷി നിൽക്കും.നാഥൻ അനുഗ്രഹിക്കട്ടെ......



 Asiya Haneef 

Nafeesathul misriya alappuzha