ആയിരം മാസത്തിന്റെ പ്രതിഫലവും ആധുനിക മുസ്ലിമും 


              സഹസ്രമാസത്തേക്കാൾ പവിത്രമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന പുണ്യ ദിനരാത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ് വിശ്വാസികൾ. പാവപ്പെട്ടവനും പണക്കാരനും സാഹോദര്യവും സ്നേഹവും നിലനിർത്തുമ്പോൾ, അവകാശികളിലേക്ക് സകാത്തുകൾ ഒഴുകുമ്പോൾ, മസ്ജിദുകളിൽ സ്വഫുകൾ നിറയുമ്പോൾ, പാപഭാരമോർത്ത് വിശ്വാസികൾ റബ്ബിന്റെ കാരുണ്യം തേടി രാവുകളെ ജീവസുറ്റതാക്കുമ്പോൾ അല്ലാഹുവിന്റെ അനുഗ്രഹം അനേകമിരട്ടിയായി ഭൂമിയിൽ വർഷിക്കും. മലക്കുകളുടെ സുജൂദിനാൽ ലോകം നിബിഡമാകും. സത്യവിശ്വാസികൾക്കുവേണ്ടി അവരും കരമുയർത്തും.


പരിശുദ്ധമായ റമളാൻ മാസത്തിലെ അവസാന പത്തുകളിൽ വിശ്വാസികൾ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുക എന്നാണ്  നബി വചനം. കേവലം 83 വർഷവും നാല് മാസവും ആരാധന നിർവഹിച്ചതിന്റെ പ്രതിഫലം ഈ ഒരൊറ്റ രാവ് കൊണ്ട് വിശ്വാസിക്ക് കരസ്ഥമാകുന്നു. മനുഷ്യ വംശത്തിന്‍റെയും പ്രപഞ്ചമാസക്കാലത്തിന്‍റെയും വിധി നിര്‍ണ്ണയിക്കുന്ന രാവ് എന്ന അര്‍ത്ഥത്തിലാണ് ഖുര്‍ആനിലും മറ്റു  ഇസ്ലാമിക സംജ്ഞകളിലും ലൈലത്തുല്‍ ഖദ്ര്‍ എന്ന അറബി പദം ഉപയോഗിച്ച് വരുന്നത്.സൃഷ്ടിയായ മനുഷ്യന്ന് സൃഷ്ട്ടാവായ നാഥനുമായി ഒരു സാമീപ്യം പടുത്തുയർത്താൻ അവൻ വ്യത്യസ്ത മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. സൽകർമങ്ങൾ ചെയ്യുമ്പോൾ പോലും  കൂടുതൽ പ്രതിഫലാർഹമാക്കാൻ അവയെ എപ്പോൾ എങ്ങനെ എവിടെവെച്ച് ചെയ്യണമെന്നും അവൻ പഠിപ്പിച്ചു. അത്തരത്തിൽ പുണ്യ മാസത്തിലെ ഏറ്റവും പവിത്രമായ രാവിനെയും വിശ്വാസിക്ക് വേണ്ടി അല്ലാഹു  ഒരുക്കി തയ്യാറാക്കിയിരിക്കുന്നു.


മുഹമ്മദ്‌ നബി (സ്വ )യുടെ സമുദായത്തിന് മാത്രം തയ്യാറാക്കപ്പെട്ട അനുഗ്രഹമാണ് ലൈലത്തുൽ ഖദ്ർ.അല്ലാഹുവിന്റെ മാർഗത്തിൽ ആയിരം മാസം പോരാടിയ ബനൂ ഇസ്രാഈലരിൽ ജീവിച്ച ധീരയോദ്ധാവായിരുന്ന ശംഊനിന്റെ കഥ കേൾക്കുകയായിരുന്നു പ്രവാചക അനുചരർ. പകൽ മുഴുവൻ ധർമ സമരത്തിലും രാത്രി മുഴുവൻ ആരാധനാ കർമങ്ങളുമായി ജീവിതം നയിച്ച ശംഊനിനെ കുറിച്ച് കേട്ടപ്പോൾ തങ്ങളുടെ സൽകർമ്മ  നിരത കൊണ്ട് അവരുടെ അടുത്ത് പോലും എത്താൻ പറ്റില്ലല്ലോ എന്ന് വേദനയോടെ പറഞ്ഞപ്പോഴായിരുന്നു ഖദ്ർ സൂറത്തുമായി  ജിബ്‌രീൽ (അ)മിന്റെ ആഗമനം.

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ...


-തീർച്ചയായും നാം ഇതിനെ (ഖുർആനിനെ ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു -


        ഈ ഒരു അദ്ധ്യായം പറഞ്ഞു തരുന്നതിനനുസരിച്ച് ദീ​ർ​ഘാ​യു​സ്സു​ള്ള ഒ​രു വ്യ​ക്തി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ആ​രാ​ധ​നാ ക​ർ​മ​ങ്ങ​ളി​ൽ മു​ഴു​കി​യാ​ൽപോ​ലും നേ​ടാ​ൻ ക​ഴി​യാ​ത്ത പു​ണ്യം ലൈ​ല​ത്തു​ൽ ഖ​ദ്​റി​ലൂടെ ലഭിക്കുമെന്ന് അ​ല്ലാ​ഹു തആല പറയുന്നു.അ​തി​നു​വേ​ണ്ടി മു​ണ്ടു​മു​റു​ക്കി​യ ന​ബി​യു​ടെ​യും അ​നു​ച​ര​ന്മാ​രു​ടെ​യും ജീ​വ​ച​രി​ത്രം പ​ഠി​ച്ചി​ട്ടും അ​തൊ​ന്നും മ​ന​സ്സി​ൽ ത​ട്ടാ​ത്ത നാം മ​നു​ഷ്യ​ർ എ​ത്ര നി​ർ​ഭാ​ഗ്യ​വാ​ന്മാ​രാ​ണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.പൊതുവെ അലസന്മാരും ഒന്നിനും സമയമില്ലെന്ന് വാദിക്കുന്നവരുമാണ് ആധുനിക സമൂഹം.പ്രതിഫലങ്ങളുടെ ആ പവിത്രരാവ് കരസ്ഥമാക്കാൻ നാം പരിശ്രമിക്കണം. വെറുതെ കിട്ടുന്നത് വിലയില്ലാത്തത് എന്നാണല്ലോ പൊതു ഭാഷ്യം.അലസതയും തിരക്കുകളും മാറ്റി വെച്ച് റമളാൻ മാസത്തെ വിശ്വാസികൾ വരവേൽക്കണം.ആയിരം മാസത്തെ പ്രതിഫലമേകുന്ന ആ രാവിനെ മറച്ചു വെച്ചതും നമ്മിൽ വ്യാപിച്ച അലസതയെ അറുത്തുമാറ്റാൻ ആയിരിക്കാം. ഏതെങ്കിലും ഒരു ദിവസത്തിൽ മാത്രം ഇബാദത്തുകളിൽ മുഴുകി ബാക്കി ദിവസം അലസതയിൽ കഴിയുന്നത് അല്ലാഹു ഇഷ്ടപ്പെടില്ല. നിശ്ചിത രാവിനെ വ്യക്തമാക്കിയാൽ ബാക്കി രാവുകൾ വൃഥാ പാഴായി പോകുന്നു.

തെറ്റുകുറ്റങ്ങളിലേക്ക് എളുപ്പ വഴികൾ തുറന്ന് കിടക്കുന്ന ലോകത്ത്, അന്ത്യ നാളിൽ തന്റെ അടിമകളെ നന്മ കുറഞ്ഞവരായി കാണാതിരിക്കാൻ അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹമാണ് ലൈലത്തുൽ ഖദ്ർ. അവസാനപത്തിൽ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ച് നബിയും സ്വാഹാബാക്കളും മുണ്ട് മുറിക്കിയെടുത്ത് രാത്രി മുഴുവൻ ഇഅ്തികാഫ്  ഇരുന്നിരുന്നു,ധാരാളം  ഖത്തം തീർത്തിരുന്നു തുടങ്ങിയ ഹദീസ്  ആഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തി നമുക്കും അവയ്ക്കായി ഈ ദിനങ്ങളിൽ പരിശ്രമിക്കാവുന്നതേയുള്ളൂ.


              എകാന്തതയുടെയും പരിത്യാഗങ്ങളുടെയും ചരിത്ര ലിഖിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത് സമ്പൂർണ ജീവിതാസ്വാധനമല്ല.മറിച്ച്, തന്റെ രക്ഷിതാവിനെ അനുസരിക്കുന്ന, അതിനായി വെമ്പൽ കൊള്ളുന്ന ഒരുത്തമ അടിമയുടെ ആത്മ സംസ്കരണവും സൂക്ഷ്മതയുമാണ്. മുഹമ്മദ്‌ നബി (സ്വ)യുടെ സമുദായത്തിനുള്ള അല്ലാഹുവിന്റെ പാരിതോഷികമാണ് ലൈലത്തുൽ ഖദ്ർ. കേവലം 60 ഓ 70 ഓ മാത്രം ആയുസ്സുള്ള ആധുനിക മനുഷ്യന്ന് വലിയ ഒരു അനുഗ്രഹത്തിലേക്കുള്ള വാതിലാണ് ലൈലത്തുൽ ഖദ്റിലൂടെ  അള്ളാഹു തുറന്നു തരുന്നത്. ഈ ചുരുങ്ങിയ ജീവിത ചക്രത്തെ ഒരൊറ്റ രാവ് കൊണ്ട് ആയിരം മാസത്തേക്കാളുള്ള ആരാധന കൊണ്ട് മറികടക്കാൻ കഴിയുന്നത് എന്തൊരു ഭാഗ്യമാണ്..!


ബുദ്ധിയും ശക്തിയും സമ്പത്തുമെല്ലാം തികഞ്ഞിട്ടും പരിഹരിക്കപ്പെടാത്ത എത്രയോ വേവലാതികൾക്കിടയിൽ ജീവിക്കുന്ന മനുഷ്യന് സദാ ഉള്ള പ്രാർത്ഥനയും വിശ്വാസവുമല്ലാതെ മറ്റെന്താണ് രക്ഷക്കായുള്ളത്.

ദീ​ർ​ഘാ​യു​സ്സു​ള്ള ഒ​രു വ്യ​ക്തി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ആ​രാ​ധ​ന ക​ർ​മ​ങ്ങ​ളി​ൽ മു​ഴു​കി​യാ​ൽപോ​ലും നേ​ടാ​ൻ ക​ഴി​യാ​ത്ത പു​ണ്യം ലൈ​ല​ത്തു​ൽ ഖ​ദ്​റി​ലു​ണ്ടെ​ന്ന് അ​ല്ലാ​ഹു വാ​ക്കു​ത​ന്നി​ട്ടും അ​തി​നു​വേ​ണ്ടി പരിശ്രമിച്ച ന​ബി​(സ)യു​ടെ​യും അ​നു​ച​ര​ന്മാ​രു​ടെ​യും ജീ​വ​ച​രി​ത്രം പ​ഠി​ച്ചി​ട്ടും അ​തൊ​ന്നും മ​ന​സ്സി​ൽ ത​ട്ടാ​ത്ത മ​നു​ഷ്യ​ർ എ​ത്ര നി​ർ​ഭാ​ഗ്യ​വാ​ന്മാ​രാ​ണ് എന്ന ബോധ്യത്തോടെ ഇനിയുള്ള  ഈ പവിത്ര രാവുകളെ ഉപയോഗപ്പെടുത്തുക. ലൈലത്തുൽ ഖദ്റിൽ പ്രതിഫലം ലഭിക്കുന്നവരുടെ കൂട്ടത്തിൽ നമ്മെയും കുടുംബത്തെയും അല്ലാഹു ഉൾപ്പെടുത്തട്ടെ...

 آمين يا ربّ العالمين






FATHIMATH SHIBILA  EP


DARUL ANWAR ISLAMIC & ARTS COLLEGE FOR WOMEN (WAFIYYA )

PALLIPPUAM, PATTAMBI