ഒന്നു നിൽക്കണേ... നിനക്ക് റബ്ബിനെ കിട്ടിയോ ..?
40000 മൈൽ നീളമുള്ള സൈന്യത്തിനെതിരിൽ യുദ്ധ കാഹളം മുഴങ്ങിയിരിക്കുകയാണ് അങ്ങ് മദീനത്ത് . മദീനയോ... ഒരു യുദ്ധത്തിന് പോയിട്ട് നല്ല കച്ചവട യാത്രക്ക് പോലും പാകമല്ലാത്ത രീതിയിൽ ദാരിദ്രത്തിന്റെ പടുകുഴിയിലും.തിരുദൂതരിൽ നിന്നും കേട്ട പാതി കേൾക്കാത്ത പാതി സർവസ്വവും വിട്ടെറിഞ്ഞ് ദീനിൽ ത്വജിച്ച് ഇറങ്ങിയ ഒരു കൂട്ടം മനുഷ്യർ, മുഅ്മിനുകൾ.ഇനിയും ഒരു പരാജയത്തിലേക്കോ എന്ന് വിചാരിച്ച് പിൻവലിഞ്ഞ് മറ്റൊരു കൂട്ടവും,മുനാഫിഖീങ്ങൾ.ചരിത്രത്തിൽ അതുല്യമായ ദീനിന്റെ ഒരടരായി മാറി , പിന്നീട് ആ യുദ്ധം ; " ത്വബൂഖ്".
ആരാണ് സത്യ വിശ്വാസി ? പരലോക വിജയത്തിന് അവസരം വന്നാൽ അതിലേക്ക് ചാടിക്കയറുന്നവനാണ് ,അവർക്ക് അതിൽ തീരെ സംശയമില്ല തന്നെ .'പിന്നീട് ' എന്നൊരു ചിന്തക്ക് അവിടെ സ്ഥാനമില്ലെന്നോണം .
നാമും യുദ്ധഭൂമിയിൽ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു . ഇച്ഛകളെത്തൊട്ട് സ്വന്തം നഫ്സിന് എതിരെയുള്ള ജിഹാദത്രെ ഏറ്റവും മഹത്വമേറിയത് .നാം പടക്കളത്തിലേക്ക് മുന്നും പിന്നും നോക്കാതെ ഇറങ്ങിയിട്ടുണ്ടോ? ,അതോ വിജയിക്കുമോ എന്ന് സംശയിച്ച് നില്പാണോ?...
അങ്ങനെയെങ്കിൽ ഇനിയും നാം സജ്ജരാകേണ്ടതുണ്ട്.
റമദാൻ എന്ന വേനൽമഴക്ക് പെയ്തിറങ്ങാൻ പറ്റിയ പാപക്കറകളാകുന്ന കളകൾ പിഴുതെറിഞ്ഞ് അമലുകളാകുന്ന വിളകൾ മുളക്കാൻ പാകമായ ഫലഭൂയിഷ്ഠമായ ഹൃദയമാണോ എനിക്കുള്ളത്..
അല്ലല്ലോ...എത്ര നിയ്യത്തെടുത്തിട്ടും എനിക്ക് റവാതിബുകൾ നിർവഹിക്കാൻ കഴിയുന്നില്ലല്ലോ.റമദാനിന് മുന്നേ തന്നെ കരുതി വെച്ച പലതും ഓർമ പോലും വരുന്നില്ല .ളുഹായൊക്കെ പാടെ മറക്കുന്നു.എന്തിനേറെ , വിശുദ്ധ റമദാനിൽ പോലും തഹജ്ജുദ് കിട്ടാത്ത ഹതഭാഗ്യം ഇനി എങ്ങനെയാണ് വീട്ടുക ? ശൈത്വാന്മാരായ ജിന്നുകളെയൊക്കെ ബന്ധിയാക്കിയിട്ടും പുതിയൊരു നന്മയിലേക്ക് ഞാൻ മുന്നിടുന്നില്ല.മനുഷ്യരിലും ശൈത്വാൻ ഉണ്ട് എന്നതിന് ഉദാഹരണം നിർമ്മിക്കലാണോ ഇത്?
'എനിക്ക് റബ്ബ് അതിന് തൗഫീഖ് തരുന്നില്ല ' .
തൗഫീഖിന് തടസ്സം നാം പോലും അറിയാതെ നമ്മിലലിഞ്ഞ ചെറിയ പിഴവുകളും അശ്രദ്ധകളുമാണെന്ന് വിസ്മരിച്ചോ? .
വൃഥാവിലാക്കുന്ന ഓരോ നിമിഷങ്ങളേക്കുറിച്ചുമുള്ള നിഷ്കളങ്കമായ തൗബയാണ് തൗഫീഖിനാധാരം.
യുദ്ധത്തിലാണ് നാം .. സൂക്ഷ്മാലുവാകുക , അന്തിമ വിജയം നഷ്ടമാകാതിരിക്കാൻ .
ബറകതിനും ആഫിയത്തിനുമായി നിരന്തരം ദുആ ചെയ്ത് വന്നെത്തിയ അതിഥിയെ ഏത് വിധത്തിൽ നാം സ്വീകരിച്ചു, ആദരിച്ചു, സൽകരിച്ചു എന്ന് വിചിന്തനം നടത്തുക.
"من كان يؤمن بالله ورسوله فليكرم ضيفه"
"ആരെങ്കിലും അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അതിഥിയെ ബഹുമാനിക്കട്ടെ."
റമദാൻ എന്ന വലിയ അതിഥിയെ സൽക്കരിക്കുക എന്ന നിയ്യത്തിൽ ആണല്ലോ നമ്മുടെ വീട് ഒരുക്കലും, നനച്ചു കുളിയും എല്ലാം. എന്നാൽ ആത്മീയതയുടെ സോപാനത്തിൽ എങ്ങനെ നാം ഒരുങ്ങി...?! നിഷ്കളങ്കമായ ഹൃദയത്തിലും തൗബയുള്ള ഒരു മനസ്സിലും മാത്രമേ റമളാൻ വസിക്കൂ. അവനെയും കൊണ്ടേ റമളാൻ മടങ്ങൂ..
قال النبي صلى الله عليه وسلم :كل عمل ادم يضاعف الحسنة عشرة امثالها الى سبع ماءة ضعف الا الصوم فانه لى وانا اجزى لكم
"ആദമിൻറെ പുത്രന്റെ നന്മകൾക്ക് 10 മുതൽ 700 വരെ പ്രതിഫലം ഇരട്ടിയാകുന്നതാണ് നോമ്പ് ഒഴികെ ,നോമ്പ് എന്റേതാണ് ഞാൻ അതിന് പ്രതിഫലം നൽകും "
റബ്ബിന് വേണ്ടി ദാഹവും വിശപ്പും സഹിക്കലും ഉറക്കം ഒഴിക്കലും ആസ്വാദ്യകരമാണ്. കാരണം റബ്ബാണല്ലോ നമുക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇഷ്ടപ്രേയസിക്കുവേണ്ടി മരിക്കാൻ പോലും തയ്യാറാകുന്ന കാഴ്ചകൾ നാം കാണുന്നതല്ലേ.
നോമ്പിന്റെ മഹത്വങ്ങളിൽ ഏറ്റവും വലുത് നോമ്പുകൊണ്ട് "നിനക്ക് റബ്ബിനെ കിട്ടുന്നു" എന്നാണ് ത്വാഹാ റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മോട് പറഞ്ഞത്; അല്ലാതെ ലഭിക്കുന്ന പ്രതിഫലങ്ങളെ ക്കുറിച്ചായിരുന്നില്ല . അപ്പോൾ നമ്മുടെ നോമ്പ് നമ്മുടെ റബ്ബിന് വേണ്ടിയുള്ളതാകുമ്പോൾ നമുക്ക് മടിയോ പ്രയാസമോ ഒന്നുമുണ്ടാവില്ല. കാരണം, മടിയോടെ അമലുകൾ ചെയ്യുന്ന കൂട്ടരല്ല നാം. മറിച്ച് നമ്മുടെ റബ്ബിന്റെ 'ഇബാദു സ്വാലിഹീൻ' ആണ്.
എല്ലാ അമലുകളുടെയും പ്രഥമ ലക്ഷ്യം എന്താണ്? സ്വർഗ്ഗം ലഭിക്കണം എന്നതാണെങ്കിൽ നമുക്ക് തെറ്റി... സർവതിന്റെയും പ്രഥമ ലക്ഷ്യവും പരമ ലക്ഷ്യവും ഇലാഹിന്റെ തൃപ്തിയാണെന്നിരിക്കെ സ്വർഗ്ഗം പോലും രണ്ടാം സ്ഥാനത്താണ്. ഫലത്തെ ഇച്ഛിക്കുന്നതിൽ പോലും അതാണല്ലോ നബി ്് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ പറഞ്ഞത്
"رب صاءم حظه من صيامه الجوع والعطش"
"എത്ര നോമ്പുകാരാണ് അവരുടെ വിശപ്പ് കൊണ്ട് വിശപ്പും ദാഹവും മാത്രമാണ് അവർക്ക് ലാഭം". ലാഭക്കണ്ണുകൾ ഇല്ലാതെ, കണക്കുകൂട്ടലുകൾ കൂടാതെ , പ്രണ യത്തിലേക്കുള്ള പ്രയാണത്തിന്റെ അമൂർത്തഭാവമാവണം നമ്മുടെ വ്രതം. അപ്പോൾ മറ്റാരും നോമ്പനുഷ്ഠിച്ചില്ലെങ്കിലും നാം നോമ്പുകാരൻ ആകും. ആരോഗ്യമുണ്ടാവാനുള്ള ഉപാധിയായി നമ്മുടെ നോമ്പു മാറുകയില്ല. ഏത് പ്രതിസന്ധിഘട്ടത്തിലും നോമ്പുകാരൻ ആവാൻ നാം .
"قال صلى الله عليه وسلم: للصاءم فرحتان .فرحة عند الافطار وفرحة عند اللقاء "
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ പറഞ്ഞു "നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട് ;നോമ്പ് തുറക്കുന്ന വേളയിലും അല്ലാഹുവിനെ കണ്ടുമുട്ടുന്ന വേളയിലും"
എന്റെ ജീവനേക്കാൾ എനിക്ക് പ്രിയമുള്ള എന്റെ പ്രണയത്തെ കണ്ടുമുട്ടാൻ എന്റെ വയറിന് ഞാൻ വ്രതം എടുത്തു, എന്റെ വികാരങ്ങൾക്ക് ഞാൻ കടിഞ്ഞാണിട്ടു, എന്റെ സംസാരങ്ങളെ ഞാൻ നിയന്ത്രിച്ചു, എന്റെ കണ്ണിനും കാതിനും വ്രതം നോറ്റു, എന്റെ ആത്മാവിനെ ഞാൻ വരുതിയിലാക്കി ഇതെല്ലാമാണ് എന്റെ പ്രാണന് പ്രിയമെന്നറിഞ്ഞ്. ഇനി എനിക്കൊന്നു കാണണം എന്റെ ഇലാഹിനെ, എന്റെ റൂഹിനെ. ആ നോമ്പാണ് നമ്മുടെ ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മോട് പറഞ്ഞു തന്നത് .
ഇത് നമ്മുടെ അവസാനത്തെ റമളാൻ ആയിരുന്നു. വരും കൊല്ലം റമളാനിലെ വരവേൽക്കാൻ ഞാൻ ഉണ്ടാകുമോ? അല്ലാഹു എനിക്ക് ആഫിയത്ത് വിധിച്ചിട്ടുണ്ടോ? തീർച്ചയില്ല!. ഹബീബായ മുത്ത് മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹിവസല്ലം ഭൂജാതരായപ്പോൾ ലോകത്തുള്ള സകലതും പ്രകാശിച്ചു, വഫാത്തായപ്പോൾ സകലതും അന്ധകാരത്തിലായി. നമ്മുടെ സൗഭാഗ്യവും അണയാൻ പോകുന്നു,ഇരുള് പരക്കാൻ പോകുന്നു നമ്മെ നേരിട്ട് സ്വർഗ്ഗത്തിലേക്ക് കൂട്ടാം എന്ന് പറഞ്ഞ നമ്മുടെ കൂട്ടുകാരൻ 'വിശുദ്ധ റമളാൻ' ദിനമെണ്ണിക്കൊണ്ടിരിക്കുന്നു, യാത്ര പറച്ചിലിലേക്ക് അടുത്തിരിക്കുന്നു. നാം സ്വീകരിക്കപ്പെട്ടിരിക്കുമോ... ഒരു അണുമണി എങ്കിലും ?
"وقد صمت عن لذات دهرى كلها;
ويوم لقاك ذلك فطر صيامي...."
"ഞാൻ എന്റെ എല്ലാ രസങ്ങളെയും തൊട്ട് കാലം മുഴുവൻ വ്രതം അനുഷ്ഠിച്ചു, നിന്നെ കണ്ടുമുട്ടുന്ന നാളിലാണ് ആ നോമ്പു ഞാൻ തുറക്കുന്നത്" എന്ന് മഹാരഥന്മാർ പറഞ്ഞുവെച്ചിട്ടുണ്ട്.
ഈ റമളാനിന്റെ അവസാനം ആ ലിഖാഇലാവട്ടേ... ധാരാളം ഇബാദത്തുകളും ആയി റബ്ബിനെ കണ്ടുമുട്ടുന്നതിനേക്കാൾ നല്ലത് അല്ലാഹു വെറുക്കുന്ന ഒന്നും തന്റെ കണക്ക് പുസ്തകത്തിൽ ഇല്ലാതെ കാണലല്ലയോ. അപ്പോൾ അള്ളാഹു എങ്ങനെയാവും നമ്മെ സ്വീകരിക്കുക...
റഹ്മതിന്റെ തോൽസഞ്ചിയിൽ മഗ്ഫിറത്തിന്റെ പാഥേയം നിറച്ച് തിരിഞ്ഞു പോകുന്ന സുഹൃത്തേ ഒന്നു നിൽക്കണേ......
നിനക്ക് റമദാൻ കിട്ടിയോ......?! നിനക്ക് നിൻറെ റബ്ബിനെ കിട്ടിയോ.......!?
ASURA M.A.
Beevi Khadeeja (R) Islamic & Arts Women's College,Combara ,Aluva.

0 Comments