ഏകീകൃത സിവിലിസം;കത്തിവെക്കുന്നത് ആരെ?

               



"വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്മാരും, മൂടുതാങ്ങികളുമാണ് ഇന്ന് ഭാരതാംബയുടെ കണ്ണിലെ കരടുകളായി തീർന്നിട്ടുള്ളത്. ആ കരടുകൾ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകൾ കലങ്ങി തന്നെയിരിക്കും"-(കേസരി വാരിക)

ജനാധിപത്യം ത്രിവർണ്ണ പതാകയുടെ ഉഷസ്സോടും യശസ്സോടും കൂടി ഇന്ത്യാ മഹാരാജ്യത്തിന്റെ വാനതലത്തിൽ ചിറകടിച്ചുയരുമ്പോൾ കാലത്തിന്റെ ആരംഭം മുതൽ രാജ്യത്തിന്റെ അടിവേരിനും വളർച്ചക്കും ഉൾകാമ്പിന്റെ ആഴത്തിനും വരെ സാക്ഷിയായ, നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ മുറുകെ പിടിക്കുകയും പല മതങ്ങളെയും ഒറ്റവാക്കിൽ ഒന്നാക്കുകയും ചെയ്ത ഇന്ത്യൻ ജനാതിപത്യത്തെ ഞെരിക്കികൊല്ലാൻ നടത്തിയ ഖോരവും നഗ്നവുമായ പ്രകടനങ്ങൾക്ക് ഒടുവിൽ ആർ. എസ്.എസും സംഘപരിവാറും പുലർത്തുന്ന മത സമീപനം സഹിഷ്ണുതാപരമല്ല എന്നതിനുള്ള തെളിവാണ് കേസരി വാരികയിലെ വരികൾ.



"ഒന്നും രണ്ടും മൂന്നും കെട്ടും, ഇ.എം.സ് ന്റെ ഓളേം കെട്ടും"കേരളത്തിൽ ശരീഅത്ത് സംവാദം കത്തിനിന്ന 1980 കളിൽ നാട്ടിൻപുറത്തെ പ്രതിഷേധ പ്രകടനങ്ങളിൽ കേട്ട മുദ്ര്യാവാക്യങ്ങളിൽ ഒന്നാണിത്. അതിവൈകാരികമായ സമീപനങ്ങൾ ആരോഗ്യകരമായ സംവാദത്തെ വിവാദമായി അധപതിപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ മുദ്രാവാക്യം.ശബാനു ബീഗം കേസിന്റെ പശ്ചാതലത്തിൽ ഉയർന്നുവന്ന ചർച്ചകൾ മുസ്ലിം പുരുഷന്മാരുടെ വിവാഹേതര പ്രശ്നം മാത്രമാണെന്ന പേരിൽ ചുരുങ്ങുകയാണുണ്ടായത്. മുസ്ലിമീങ്ങളുടെ പ്രതിസന്ധി വിവാഹത്തെ സംബന്ധിച്ച് മാത്രമാണെന്ന ധാരണ പരത്താൻ വിദ്വേഷപ്രചാരകർക്ക് അവസരമൊരുക്കി എന്നതാണ് വിശ്വാസികളുടെ കയ്യിൽ നിന്നും രാഷ്ട്രീയക്കാർ റാഞ്ചിയ ശരീഅത്ത് പ്രതിഷേധത്തിന്റെ നേട്ടം. വിശ്വാസിയുടെ ജീവിതത്തിലെ സമസ്ത മേഖലകളെയും പ്രകാശപൂരിതമാക്കുന്ന സമഗ്രജീവിത പദ്ധതിയെന്ന നിലയിൽ പൊതുസമൂഹത്തിൽ ശരിഅത്ത് ഒരിക്കലും ചർച്ചയായില്ല. ഈയിടെ സമൂഹമാധ്യമത്തിൽ ചർച്ചയായി കത്തികയറികൊണ്ടിരിക്കുന്ന ഏക സിവിൽ കോഡും ഇത്തരത്തിൽ വഴിതെറ്റിക്കലിന്റെ പിന്നാമ്പുറ കാഴ്ചയാണ്. മുസ്ലിമുകൾക്ക് മാത്രമാണ് കോഡ് ഏകീകരണത്തിൽ പ്രശ്നമെന്ന മിഥ്യാധാരണ ഊട്ടിയുറപ്പിക്കാൻ ഉതകുന്ന തരത്തിൽ നിയമത്തെ വളച്ചൊടിക്കുകയാണ് സംഘപരിവാർ തീവ്രവാദികൾ. യാഥാസ്ഥികമായി 2018 ൽ നിയമ കമ്മീഷൻ അനാവശ്യമെന്നും അപ്രായോഗികമെന്നും  തള്ളിയ സംഗതി 2023ൽ വീണ്ടും പുനരുദ്ധാരണം ചെയ്തത് 2024 നു വേണ്ടിയുള്ള കളിയാണ് എന്ന് ചിന്തിക്കാൻ വികലമായ ബുദ്ധിയുള്ളവരല്ല ജനങ്ങൾ എന്ന സത്യം സംഘപരിവാർ സംഘടനകൾ മനസ്സിലാക്കേണ്ടതുണ്ട്.



പല ജാതിമതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുൾക്കൊള്ളുന്ന ഇന്ത്യയിൽ വളർന്നുവരുന്ന ഓരോരുത്തരും എന്താണ് ഏക സിവിൽ കോഡ് എന്നത് സുതാര്യവും സ്പഷ്ടവുമായി തന്നെ അറിഞ്ഞിരിക്കേണ്ടതുണ്ട്.  എന്താണ് ഏക സിവിൽ കോഡ്? ഈ രാജ്യത്ത് പ്രധാനമായും രണ്ടുതരം നിയമങ്ങളാണ് നിലവിലുള്ളത്, സിവിൽ നിയമവും അതുപോലെതന്നെ  ക്രിമിനൽ നിയമവും. ഇതിൽ ക്രിമിനൽ നിയമങ്ങൾ മാത്രം 100% എല്ലാ പൗരന്മാർക്കും ഒരു പോലെ നടപ്പിലാക്കുകയും, സിവിൽ നിയമങ്ങൾ പൗരന്റെ മതത്തെ പരിഗണിച്ചുമാണ് നടപ്പിലാക്കുന്നത്. ക്രിമിനൽ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ആണെങ്കിൽ സിവിൽ നിയമങ്ങൾ പലതും വ്യക്തികൾക്കനുസൃതമാണ് . വിവാഹം, വിവാഹമോചനം, ജീവനാംശം,ദത്തെടുക്കൽ,രക്ഷാകർതൃത്വം,പിന്തുടർച്ചാവകാശം, പൈതൃകസ്വത്തവകാശം, തുടങ്ങിയ മേഖലകളിൽ നിയമം നടപ്പിലാക്കുന്നത് ഒരാളുടെ മതത്തെ പരിഗണിച്ചാണ് ,അഥവാ മതം നിർദ്ദേശിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് ഇവയിൽ സ്വീകരിക്കുക .



രാജ്യത്തെ എല്ലാ പൗരന്മാർക്കും പൊതുവായിട്ടുള്ള ഒറ്റ നിയമം അതാണ് ലളിതമായി പറഞ്ഞാൽ ഏക സിവിൽ കോഡ്. മത- സാംസ്കാരിക പശ്ചാത്തലങ്ങൾ,കാലങ്ങളായി പൗരന്മാർക്കുമേൽ നിർവഹിച്ചു പോരുന്ന നിയമ നിയന്ത്രണങ്ങൾക്ക് പകരം പൊതുവായി ബാധകമായി ഒരു സിവിൽ നിയമം അതാണ് ഏകീകൃത സിവിൽ കോഡ്.


 ഇന്ത്യയെ പോലെയുള്ള വിശാലമായ മതജാതി ഭാഷാ സാംസ്കാരിക വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഇത്തരത്തിൽ ഒരു ഏക നിയമം കൊണ്ടുവരുക എന്നത് അത്യധികം സങ്കീർണവും അപ്രായോഗികവുമാണ്. ഹൈന്ദവർ, ക്രൈസ്തവർ, പാഴ്സി തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക വ്യക്തി നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഗോത്രവർഗ്ഗങ്ങൾക്കും ഇതര വിഭാഗങ്ങൾക്കും അവർ തുടർന്ന് പോകുന്ന ആചാരങ്ങൾ വേറെയുമുണ്ട്. ഹൈന്ദവ മത  വിഭാഗത്തിന് അഞ്ച് വ്യക്തി നിയമങ്ങളും ക്രൈസ്തവ മതത്തിന് മൂന്ന് വ്യക്തി നിയമങ്ങളും മുസ്ലിമുകൾക്ക് അവരുടെതായ വ്യക്തി നിയമങ്ങളുമാണുള്ളത്. ഏക സിവിൽ കോഡ് എന്ന ആവശ്യം ഉയർന്നത് മുതൽ അത് വെറും മുസ്ലിം ആശങ്കകൾ മാത്രമായി ഒതുങ്ങി കൂടുകയാണ് ഉണ്ടായത്. ഏകനിയമം എന്നത് മുസ്ലിമുകളെ മാത്രം ബാധിക്കുന്നതാണെന്ന ധാരണ സമൂഹത്തിൽ കുത്തിവെച്ച്  ജനങ്ങളെ പൊറുതി മുട്ടിക്കുകയാണ് സർക്കാർ. മുസ്ലിം സമൂഹത്തെ പോലെ തന്നെ ഇന്ത്യയിലെ സകലമാന മതവിശ്വാസ പ്രകാരം ജീവിതം നയിക്കുന്നവർക്കും ഇത് എന്നേക്കുമായുള്ളൊരു  തിരിച്ചടിയായി തീരും.


സമൂഹത്തിന്റെ വൈകല്യമായ കാഴ്ചപ്പാട് പോലെ ഏക സിവിൽ കോഡെന്നത് ഒരു പുത്തനാശയമല്ല, സരളവും വിശാലവുമായ ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 44ൽ എന്നോ ഉൾപ്പെട്ടതാണ്. എന്നാൽ മനസ്സിലാക്കേണ്ട വസ്തുത  ഈ സിവിൽ നിയമം മൗലികാവകാശങ്ങളിൽ എഴുതപ്പെട്ട ഒന്നല്ല. മറിച്ച് നിർദ്ദേശകതത്വം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. എന്താണ് നിർദ്ദേശക തത്വങ്ങൾ? മൗലികാവകാശങ്ങളെ പോലെ നിർബന്ധമായും നടപ്പാക്കേണ്ട ഒന്നല്ല നിർദ്ദേശക തത്വങ്ങൾ. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും ഇന്ത്യൻ സമൂഹം അത് നടപ്പിലാക്കാൻ  അനുയോജ്യമായാൽ മാത്രം നടപ്പിലാക്കേണ്ട ഒന്നാണിത്. അതുകൊണ്ടാണ് ഇതിനെ മൗലികാവകാശങ്ങളിൽ നിന്ന് മാറ്റി തിരുത്തി മറ്റൊരു വിഭാഗത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിരിക്കുന്നത്. കാലാന്തരങ്ങൾക്കു മുമ്പേ ഭരണഘടന രൂപീകരണ സമയത്ത് തന്നെ ഏക സിവിൽ കോഡിനെതിരെ വിമർശനങ്ങൾ ധാരാളമായി ഉയർന്ന് വന്നിരുന്നു. അതുകൊണ്ടുതന്നെയാണ് മൗലികാവകാശങ്ങളിൽ നിന്ന് വെട്ടി നിർദ്ദേശക തത്വങ്ങൾ എന്ന പൊതു വിഭാഗത്തിലേക്കായി ഇതിനെ കൂട്ടിച്ചേർത്തത്. ഭരണഘടന രൂപീകരിച്ച് ദശകങ്ങൾ പിന്നിട്ടിട്ടും ഏക സിവിൽകോഡിനായി ഒരു കരട് രേഖ പോലും നിർമ്മിക്കാനിതുവരെ ആയിട്ടില്ല എന്നിരിക്കെ എന്തുകൊണ്ടാണ് ഭരണകൂടം ഏകീകൃത സിവിൽ നിയമത്തിനായി ഇത്രമേൽ ആരവം കൊള്ളുന്നത്. ഈ വിഷയം ചർച്ചയ്ക്ക് ഇട്ടപ്പോൾ  ഒരു രാജ്യത്ത് രണ്ട് നിയമമോ എന്നായിരുന്നു , ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത ഏക സിവിൽ കോഡിന്റെ ആവശ്യകത ഉറപ്പിക്കും മട്ടിൽ പ്രധാനമന്ത്രി ചോദിച്ചത്. ഇന്ത്യയിലെ പുതിയ നിയമ കമ്മീഷൻ നടപ്പിലാക്കുവാൻ വേണ്ടി ജനങ്ങൾക്ക് അഭിപ്രായം പറയാൻ അവസരം തുറന്നു കൊടുത്തപ്പോളായിരുന്നു ഏകീകൃത സിവിൽ നിയമം ഇത്രകണ്ട് ചർച്ചയായത്. ഇതിനേക്കാൾ ഉപരി സുപ്രീംകോടതി നിരവധി തവണ യു.സി.സി നടപ്പിലാക്കണമെന്ന ആവശ്യം മുന്നിലേക്ക് ഉന്നയിക്കപെട്ടിട്ടും ഉണ്ടായിരുന്നു. 1935-ലെ ശബാനു ബീഗം കേസ്, 1995ലെ സർല മുദ്ഗുൽ കേസ്, 2019 ലെ ജോസ് പൗലൊ കേസ്, എന്നീ സന്ദർഭങ്ങളിലായിരുന്നു  സുപ്രീം കോടതി യു.സി.സി നടപ്പിലാക്കണമെന്ന് ആവശ്യം ഇത്രമേൽ ഉന്നയിച്ചത്.


കൃത്യമായി നോക്കുകയാണെങ്കിൽ 2018 ൽ ഇതിനു മുന്നേയുള്ള കമ്മീഷൻ ഏക സിവിൽ നിയമം നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ഒരു പഠനം നടത്തുകയുണ്ടായി.  ഈ പഠനം പറയുന്നത് യു.സി.സി എന്നത് ഇന്ത്യയ്ക്ക് അഭികാമ്യമോ ആവശ്യമോ അല്ല എന്നതാണ്. ഇന്ത്യയിൽ ഏകീകൃത നിയമം കൊണ്ടുവരുന്നതിലൂടെ  രാജ്യത്തിന്റെ തനതായ സവിശേഷതയെ തന്നെയാണത് ഉന്മൂലനം  ചെയ്യുപ്പെടുക .ആർട്ടിക്കിൾ 29,ആർട്ടിക്കിൾ 37,37A,37 C,37 G തുടങ്ങിയവ സ്വതാല്പര്യ പ്രകാരം മതം തിരഞ്ഞെടുക്കാനും അത് പ്രചരിപ്പിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നിരിക്കെ നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടുന്ന സിവിൽ നിയമം എങ്ങനെയാണ് ഭരണഘടനയിൽ നടപ്പിലാക്കാൻ കഴിയുക ? ഓരോ പൊതു നിയമങ്ങളും നടപ്പിലാക്കുന്നതിലൂടെ ഓരോ മതസ്ഥർക്കും തനതായ മത നിയമങ്ങൾ അപ്രസക്തമാവുകയാണ് ചെയ്യുന്നത്. ആർട്ടിക്കിൾ 44 ഭരണഘടനയിൽ ചേർക്കുമ്പോൾ അംബേദ്കർ പറഞ്ഞു വെച്ചൊരു വാക്യമുണ്ട്, 'അധികാരത്തിലിരിക്കുന്നവർ ഏകപക്ഷീയമായാണ് കോഡിനെ അവതരിപ്പിക്കുന്നതെങ്കിൽ ഇത് രാജ്യത്തിന്  തന്നെ ഭീഷണിയാകും' എന്നതായിരുന്നു അത്. എന്നാൽ ഗോൾവാർക്കർ പോലും ശക്തിയുക്തം എതിർത്തൊരു ആശയത്തെ വീണ്ടും  വലിച്ചിഴച്ച് പ്രദർശിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഇത് ആർ.എസ്.എസ് സംഘടന ക്രൂരമായി നടപ്പിലാക്കുന്ന സ്വാർത്ഥത മാത്രമാണ്.


 ചരിത്ര താളുകളിൽ നിന്ന് വ്യക്തമാകുന്നത് യു.സി.സി നടപ്പിലാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനം ഗോവയാണ് , ഗോവ സിവിൽ കോഡ് എന്നാണ് ഇതറിയപ്പെടുന്നത്. എന്നിട്ടും ഗോവയിൽ പല മേഖലകളിലും  പൊതു നിയമം മാറ്റിവെച്ച്, വ്യക്തികൾക്ക് അനുസരിച്ച് നിയമം നടപ്പിലാക്കേണ്ടി വന്നിട്ടുണ്ട് . ഇതെല്ലാം യു.സി.സി പരാജയത്തിന്റെ നേർക്കാഴ്ച തന്നെയല്ലേ? മേഘാലയ,നാഗാലാന്റ്, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും സിവിൽ കോഡിനെതിരെ ശക്തമായി പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. കാരണം നാഗരികർ നടപ്പിലാക്കുന്നത് പോലെ ഗോത്രവിഭാഗക്കാർക്ക് പൊതു നിയമം നടപ്പിലാക്കുക എന്നത് അത്രകണ്ട് എളുപ്പമല്ല. ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 25 നെതിരെയുള്ള നീക്കമാണ്  ഈ സിവിൽ നിയമം നടപ്പിലാക്കും വഴി പ്രാബല്യമാകുക.സിവിൽ നിയമം എന്നതിനെ മാറ്റി നിർത്തിയാൽ, അതിലുപരി ഒരു  രാജ്യം പ്രാധാന്യം കൽപ്പിക്കേണ്ട പല നിയമങ്ങളും നിർദ്ദേശക തത്വത്തിലുണ്ട്. ഒരു രാജ്യം,ഒരു ജനത,ഒരു ഭാഷ,എന്ന് പറയുമ്പോൾ ഇസ്ലാം മതവിശ്വാസികളുടെ നിയമങ്ങളെ മാത്രമല്ല സകല മതനിയമങ്ങളെയുമാണ് തിരസ്കരിക്കപ്പെടുന്നത്. അത് മുസ്ലിം ന്യൂനപക്ഷങ്ങളുടെ  മാത്രം പ്രശ്നമായി വക്രീകരിക്കപ്പെടുന്നിടത്താണിതിന്റെ പരാജയം. കോഡ് ഏകീകരണത്തിന് പ്രശ്നമുള്ളത് മുസ്ലിമുകൾക്ക് മാത്രമാണെന്ന് വാദിക്കുന്നവർ,  ഹൈന്ദവ കോഡ് ഏകീകരണങ്ങളുടെ ചരിത്രം പഠിച്ചറിയേണ്ടത് തന്നെയാണ്. എങ്കിലേ കാര്യങ്ങളുടെ കിടപ്പ്  മനസ്സിലാക്കാൻ കഴിയു.



 ഏകീകൃത സിവിൽ കോഡിനെ ചൊല്ലി ഭരണഘടന നിർമ്മാണ സമിതിയിൽ നേരിട്ടതിനേക്കാൾ എതിർപ്പും പ്രതിഷേധവുമായിരുന്നു ഈ വിഷയത്തിൽ ബി. ആർ അംബേദ്കർ നേരിട്ടിരുന്നത് . നിർദ്ദേശകതത്വവും മൗലിക അവകാശവും വൈരുധ്യമായി വന്നാൽ മൗലിക അവകാശത്തിനാകും കൂടുതൽ മുൻഗണന ലഭിക്കുക എന്നത് ഏതൊരാൾക്കും ചിന്തിച്ചാൽ മനസ്സിലാകുന്നതാണ്. മുത്ത്വലാക്കും ശരീഅത്തും  പോലെ കത്തി തീരുന്നതാകും ഏക സിവിൽ നിയമമെന്നും, ഇത് ഇസ്ലാം മതവിശ്വാസിളേ ബാധിക്കുന്ന പ്രതിസന്ധി മാത്രമായി കാണുന്നവരും മനസ്സിലാക്കേണ്ട വസ്തുത , പൊതു നിയമം നടപ്പിലാക്കുന്നതിലൂടെ ഇസ്ലാം മത വിശ്വാസികളെ പോലെ, ഇതര മത വിശ്വാസികൾക്കും തങ്ങളുടെ മതനിയമം നഷ്ടപ്പെടുമെന്നതാണ് . ഇന്ത്യയുടെ മാനവ സൗഹൃദമെന്ന  സങ്കല്പത്തിന് കളങ്കം സംഭവിക്കുന്ന പ്രവർത്തനങ്ങളും നിയമങ്ങളുമാണ് ജനാധിപത്യത്തിനെതിരെ  പ്രാബല്യത്തിൽ കൊണ്ടു വരാനായി സർക്കാർ

ശ്രമിക്കുന്നത്.വികലമായ സദാചാരബോധവും വിചിത്രമായ സാമൂഹിക നീക്കങ്ങളുമായി ഒരു ഭരണകൂടം നടപ്പിലാക്കുന്ന മിഥ്യ ധാരണകൾ പൊളിച്ചു മാറ്റപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു .


പ്രപഞ്ചനാഥൻ   തിരിച്ചറിവും വിവേകതയും നിറഞ്ഞ  ചിന്താമണ്ഡലങ്ങൾ പ്രദാനം ചെയ്യട്ടെ ...!





Shahana KP & Sahala Yasmin 

SMST ANCHANGADI