വേലികൾ തകർത്ത് വലയം തീർക്കുമ്പോൾ ...
മനുഷ്യകുലത്തിന്റെ പുരോഗതി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ വൈജ്ഞാനിക വിപ്ലവത്തിന്റെ വിളയാട്ടം ധാർമികബോധത്തെ നഷ്ട്ടപ്പെടുത്തി, ജീവിതത്തെ അന്ധകാരത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ് . സാമൂഹ്യ മാധ്യമങ്ങളിലെ അഴിഞ്ഞാട്ടവും സമ്പത്തിനോടുള്ള അതിരുവിട്ട ആർത്തിയും മാനുഷിക മൂല്യത്തിന്റെ വിലയറിയാതെ കോലം തുള്ളലുകളുടെ വേരിളക്കാൻ പാകത്തിലുള്ള കോലിളക്കങ്ങൾ സൃഷ്ട്ടിച്ച് കൊണ്ട് സമൂഹത്തിൽ ആരാജകത്വത്തിന്റെ പന്തങ്ങൾ കത്തിച്ചു കൊണ്ടിരിക്കുന്നു.സ്വത്വത്തെ പിച്ചിചീന്തും വിധം സ്വാർത്ഥ ചിന്തകൾ തലക്കുപിടിച്ച ഒരു തരം ഭ്രാന്താണ് ഇന്ന് ലോകത്തിനു പിടിപെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യം ഹനിക്കപ്പെട്ടൊരു വിഭാഗം നരക തുല്യമായ ജീവിതത്തിന് അടിമകളായി മാറുമ്പോൾ , സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണമെന്നറിയാതെ കണ്ണ് മഞ്ഞളിച്ച് നിൽക്കുന്ന മറ്റൊരു കൂട്ടരാണ് മറുപ്പുറത്ത് .ആ ഗണത്തിൽ പെടുന്നവരാണ് മതം പുൽകിയതിന്റെ പേരിൽ ലോകമെങ്ങും അഭയാർത്ഥി പട്ടം ചാർത്തി കൊടുക്കുന്ന റോഹിoഗ്യയിലെയും പലസ്തീനിലെയും സാധാരണ മുസ്ലിം മതവിശ്വാസികൾ.
എന്നാൽ മതസ്വാതന്ത്ര്യം നൽകപ്പെട്ടിട്ടും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ കൂടി ചോദ്യം ചെയ്യാനിറങ്ങിയ ആളുകളാണ് പൊതുവെ യുക്തി വാദികൾ, സ്വതന്ത്ര ചിന്തകർ, നിരീശ്വര വാദികൾ തുടങ്ങിയവർ . ഇവയെല്ലാം കൂടി എത്തിച്ചേരുന്ന അവസാന ആശയം മത നിരാകരണവും നാസ്തികതയുമൊക്കെയാണ്. കൈതോടുകളും പോഷകനദികളുമായി അവസാനം കടലിൽ ചേരുന്ന ജല പ്രവാഹത്തെ പോലെയാണവരുടെ നീക്കുപോക്കുകൾ.
ഈ വാദങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പൊട്ടി പുറപ്പെട്ടതല്ല. ബി സി 55 ൽ മരണപ്പെട്ട പ്രമുഖ ഗ്രീക്ക് ചിന്തകനായ ലുക്രീഷ്യസ് "മതങ്ങൾ വിഭ്രാന്തി മാത്രമല്ല മാനവകുലത്തിന് ഭീഷണിയുമാണെ"ന്നും വാദിച്ചിരുന്നു. ഇത്തരത്തിൽ മതങ്ങൾക്കെതിരെയുള്ള പ്രത്യേയശാസ്ത്രങ്ങൾ വളരെ മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അന്ധമായ പാശ്ചാത്യാനുകരണം, ലോകത്തുടനീളം ഈ തത്വങ്ങളുടെ വളർച്ചയ്ക്ക് വെള്ളവും വളവും തെളിക്കുക കൂടി ചെയ്യുകയുണ്ടായി .മതങ്ങൾ ശാസ്ത്ര തത്ത്വങ്ങൾക്കും അതിന്റെ സ്വീകാര്യതയ്ക്കും വെല്ലുവിളിയാണെന്നും കൂടാതെ സ്വാതന്ത്ര്യത്തിന് വില കല്പിക്കുന്നില്ലെന്നുമുള്ള വാദങ്ങളാണ് ജനങ്ങളിൽ ഇത്തരം ആശയാദർശങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നത്.മതത്തെയും ശാസ്ത്രത്തെയും അല്പം മാത്രം രുചിച്ചിട്ടുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം തന്റെ ജ്ഞാനത്തിന്റെ തോതനുസരിച്ച് ചിലപ്പോൾ പൂർണമായി അനുമാനിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.
ഇന്ന് എല്ലായിടങ്ങളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പദമാണ് ‘ലിബറലിസം’. യാതൊരു നിയന്ത്രണങ്ങളും അതിർവരമ്പുകളും കൂടാതെ ജീവിതം പൂർണ്ണ സൗഖ്യത്തിലാക്കുകയാണ് മാനവജീവിതത്തിന്റെ പരമമായ ലക്ഷ്യം. സന്തോഷം നേടാൻ മറ്റൊന്നിനെ ഹാനികരമാക്കാതെ ഏതറ്റം വരെ പോകാമെന്ന് വാദിക്കുന്ന ഈ ആശയത്തെ ലിബറലിസം എന്ന ഓമനപ്പേരിട്ട് ഇന്ന് വിളിക്കുന്നുവെന്നു മാത്രം.തീർത്തും യാഥാസ്ഥികമായി ഇവയെ സമീപിക്കുന്നവർക്ക് മനുഷ്യ കുലത്തിന്റെ അധ:പതനത്തിനുള്ള ആയുസ്സ് എണ്ണിതീർക്കാൻ മാത്രമേ നേരം കാണൂ. സ്വതന്ത്രലൈംഗികത പോലെയുള്ള ഇത്തരക്കാരുടെ ആവശ്യങ്ങളേ പരിഗണിക്കുമ്പോൾ ,( പ്രവാചകൻ തിരുമേനി(സ)യുടെ അടുക്കൽ ഒരു നവവിശ്വാസി വന്നുകൊണ്ട് തന്റെ ആവശ്യത്തെ പറ്റി പറഞ്ഞു , “പ്രവാചകരേ...അങ്ങ് എനിക്ക് വ്യഭിചാരം മാത്രം അനുവദനീയമാക്കി തരണം ”),ഒരു തരത്തിൽ പരോക്ഷമായി ഇത്തരം വാദക്കാർ ചോദിക്കുന്നത് ഇവ തന്നെയല്ലേ.ലിവിങ് ടുഗേതർ പോലുള്ളവയെ പ്രോത്സാഹിപ്പിക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്ന ഇവരുടെ പരമമായ ലക്ഷ്യം നെറികേടിന്റെ നവവിഷം കുത്തിവെക്കുക എന്നതാണ് .ഇവിടെ പ്രസക്തമാവുന്നത് പ്രവാചകർ തിരുമേനി(സ) നൽകുന്ന മറുപടിയാണ്. "നിന്റെ ഉമ്മയെ ഒരാൾ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ?, നിന്റെ മകൾ , സഹോദരി, ഭാര്യ ?
അദ്ദേഹം അർത്ഥശങ്കയില്ലാതെ എല്ലാത്തിനും "ഇല്ല " എന്ന വാക്കുകാെണ്ട് നിരാകരിച്ചു. പ്രവാചകർ (സ്വ ) തങ്ങൾ അരുളി: 'എങ്കിൽ താങ്കൾ വ്യഭിചരിക്കാനുദ്ദേശിക്കുന്ന സ്ത്രീ ഒന്നുകിൽ ഒരാളുടെ മാതാവ്, സഹോദരി, മകൾ , ഭാര്യ ആയിരിക്കില്ലേ?
ഇത്തരത്തിൽ മതനിയമങ്ങൾ സ്വാതന്ത്ര്യം നിഷേധിക്കുകയല്ല, മറിച്ച്, മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും കൈ കടത്താത്ത വിധം ഏവർക്കും സ്വാതന്ത്ര്യം നൽകുകയാണ് വിശിഷ്യ ഇസ്ലാം മതം .
ക്യാപിറ്റലിസം പോലയുള്ള സാമ്പത്തിക ആശയങ്ങൾ , സമ്പത്ത് കുറച്ച് പേരിലേക്ക് മാത്രം കേന്ദ്രീകരിച്ച് സാമ്പത്തിക വിതരണത്തിൽ വലിയൊരു അസമത്വം സൃഷ്ടിക്കുമ്പോൾ , ഇസ്ലാം വിഭാവനം ചെയ്യുന്ന സകാത്ത് സമ്പ്രദായം - നിശ്ചിത സമ്പത്തിന്റെ നിർണ്ണിത ഓഹരി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വർഷാവസാനം വിതരണം ചെയ്യുകയാണ് - ലോകം ഇന്നനുഭവിക്കുന്ന ദാരിദ്ര നിർമാർജ്ജനം ചെയ്യാനുള്ള എളുപ്പമായ വഴിയും ഇതുതന്നെ . ഈ സാഹചര്യങ്ങളിൽ സ്വന്തത്തിൽ മാത്രം ജീവിക്കുന്നവന് എങ്ങനെ അപരന് കൈ താങ്ങാവാനാകും?
പലിശ ഇടപാടിനെ സംബന്ധിച്ച് അല്ലാഹു ഖുർആനിൽ പ്രതിപാദിക്കുന്നത് :അവർക്ക് നിഷിദ്ധമായിരിക്കെ അവർ പലിശ വാങ്ങുകയും ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുകയും ചെയ്തു. അവരിലെ സത്യനിഷേധികൾക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട് [സൂറ: അന്നിസാഅ് - 161] .സമ്പന്നൻ കൂടുതൽ സമ്പന്നനാകാനും ദരിദ്രൻ എന്നും ദരിദ്യനാകും മാത്രമേ പലിശയിലൂടെ സാധ്യമാകുന്നുളളൂ . അത്യാവശ്യക്കാരനെ ഒരുവേള പണം നൽകി സഹായിച്ചതിന് പകരമായി ജീവിതകാലം മുഴുവൻ അവന്റെ സമ്പാദ്യം അപഹരിക്കപ്പെടുന്ന എത്രയെത്ര വൻകിട ഇടപാടുകൾ.
ഇത്തരം ആശയങ്ങളുടെയെല്ലാം ഉന്നം മതങ്ങളായതിന്റെ പ്രധാന കാരണം പരിധികളും, വിലക്കുകളും തടസ്സമാകുന്നതാണ്. വിലക്കുകളില്ലാത്ത ജീവിതം , വെള്ളപ്പേപ്പറിൽ അതിരുകൾ വരക്കാതെ എഴുതി നിറക്കുന്നത് പോലെയാണ്. അതിരുകൾക്കുള്ളിൽ തീർക്കുന്ന ജീവിതങ്ങൾക്കാണ് സൗന്ദര്യത്തിന്റെ മനോഹാരിത കണ്ടെത്താനാകൂ. മാനവ സമൂഹത്തിന് മൂല്യച്യുതി വരുന്നത് ഇനിയുമൊരു ജ്ഞാനോദയത്തിന്റെ കൂടി ആവശ്യകതയെയാണ് ചൂണ്ടി കാട്ടുന്നത്.
FATHIMA LABEEBA VP
CMMO MADAVOOR

0 Comments