وبلغنا رمضان


يا أيها الذين آمنو كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون.

 "സത്യവിശ്വാസികളെ മുൻഗാമികൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലിലും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു"(2:183). മുൻ കഴിഞ്ഞ കാലക്കാർക്കെല്ലാം നോമ്പ് നിർബന്ധമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ ഖുർആനിക സൂക്തം. രീതി,സമയം നിയമങ്ങൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവയിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാത്തിന്റെയും അകപൊരുൾ لعلكم تفلحون   എന്നത് തന്നെയായിരുന്നു. ഇമാം ഇബ്നുൽ ഖൈയ്യിമിൽ ൽ ജാസി (റ )പറയുന്നത് നോമ്പ് അതികഠിനമായ ഒരു ആരാധനയാണ് എന്നാണ്.കാരണം അതിന്റെ ദൈർഘ്യം, ത്യാഗം നിശ്ചയദാർഢ്യം  എന്നിവ മറ്റു ഇബാദത്തുകളിൽ നിന്നും അതിനെ  വ്യതിരിക്തമാക്കുന്നു. മനുഷ്യൻ അവന്റെ വികാരവിചാരങ്ങളെ നിയന്ത്രിച്ച് തന്റെ മനസ്സും ശരീരവും അല്ലാഹുവിലേക്ക് മാത്രം തിരിക്കേണ്ടുന്ന ചില ദിനരാത്രങ്ങളാണവ. പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ വിശുദ്ധ റമദാനിലൂടെ ലക്ഷ്യം വെക്കുന്നത് തഖ്‌വ നേടിയെടുക്കുക എന്നത് തന്നെയാണ്. അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ അനുസരിക്കുകയും വിരോധിച്ചതിനെ ഒഴിവാക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. ഇരുലോക വിജയത്തിനും കർമ്മ സ്വീകാര്യതയ്ക്കും അത്യന്താപേക്ഷിതമായ ഒന്നുമാണത്.ഓരോ അടക്ക അനക്കങ്ങളിലും അവൻ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. കാരണം, വെറും അന്നപാനീയങ്ങൾ ഒഴിവാക്കി പഷ്ണി കിടക്കുക എന്നതിലുപരി അവൻ അവനെ തന്നെ തിരിച്ചറിയുന്ന, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളെ ഉൾകൊള്ളുന്ന പകലുകളാണവ. തികച്ചും തഖ് വയിലധിഷ്ഠിതമായ ജീവിതം നയിക്കാനുള്ള പരിശീലനമാണ് ഇതിലൂടെ ലഭ്യമാകുന്നത്. അത് കൃത്യമായി നിർവഹിക്കുന്നതിലൂടെ റമദാൻ മാസം എന്നല്ല ജീവിതകാലം മുഴുവൻ തഖ്‌വ കൈവെടിയാതെ ജീവിക്കാൻ ഈ പരിശീലനം സഹായകമാവും. ആത്മാവിന്റെ ഭക്ഷണമായ ആത്മീയതയാണ് ഇതിന്റെ മുതൽക്കൂട്ട്.


   മനുഷ്യൻ ബലഹീനനാണ് നന്മകളിൽ മാത്രം മുഴുകി ജീവിക്കുക എന്നത് ഒരു സാധാരണ മനുഷ്യന് തികച്ചും അസാധ്യമായ ഒന്നാണ്. ആയതിനാൽ നമുക്ക് വന്നുഭവിക്കുന്ന കുറവുകൾ പരിഹരിക്കാൻ കാരുണ്യവാനായ അല്ലാഹു നമുക്കായി വച്ച് നീട്ടുന്ന ഔദാര്യമാണ് പരിശുദ്ധ റമളാൻ.ഒരിക്കൽ പ്രവാചകർ സ്വല്ലല്ലാഹു അലൈഹിവസല്ലമ മിമ്പറിൽ വച്ച് ഖുതുബ ഓതിക്കൊണ്ടിരിക്കെ അസാധാരണമായി മൂന്ന് പ്രാവശ്യം ആമീൻ പറഞ്ഞു. കാരണമെന്താണെന്ന് അനുചരന്മാർ തിരക്കിയപ്പോൾ ജിബ്‌രീൽ അലൈഹിസ്സലാമിന്റെ പ്രാർത്ഥനക്ക് ആമീൻ പറഞ്ഞതായിരുന്നു എന്ന് പ്രവാചകർ (സ) പ്രതികരിച്ചു. പ്രാർത്ഥന എന്തായിരുന്നു എന്നറിഞ്ഞാൽ അല്പമെങ്കിലും ഈമാനുള്ള വിശ്വാസി ഹൃദയം ഒന്ന് കിടുങ്ങും. റമദാൻ സമാഗതമായി തിരിച്ചു പോയിട്ടും പാപമോചനം തേടാത്തവർ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകലെ ആവട്ടെ എന്നായിരുന്നു മലക്കുൽ അംലാക്കിന്റെ പ്രാർത്ഥന. അതിനു ആമീൻ പറഞ്ഞതോ? അഷ്‌റഫുൽ ഖൽഖ് മുഹമ്മദ്‌ മുസ്തഫ തങ്ങളും. നിസ്സംശയം ഉത്തരം ഉറപ്പാണ്. ഓരോ കർമ്മങ്ങൾക്കും ഇരട്ടി പ്രതിഫലം ലഭിക്കുന്ന ഈ സുവർണ്ണ നിമിഷങ്ങളെ സൽകർമ്മങ്ങൾ കൊണ്ടും പാപമോചന തേട്ടം കൊണ്ടും ധന്യമാക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അതിനെ ഏറ്റവും ഫലവത്തായ രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഒരു നിമിഷം പോലും പാഴായി പോകുന്നില്ല എന്ന് നിരന്തരം ആത്മവിചാരണ നടത്തണം. ഇതോടൊപ്പം മറ്റൊരു പ്രധാന കാര്യം നമ്മുടെ നന്മകൾ ചോർന്നു പോകാതിരിക്കാൻ ശ്രദ്ധാലുക്കളാകണം

 എന്നതാണ്. മറ്റവയവങ്ങളെയൊക്കെയും പരമാവധി പിടിച്ചു വെക്കാൻ സാധിച്ചാലും കൈവിട്ടു പോകുന്ന ഒന്നാണ് നാവ്. പകലന്തിയോളം ആരാധനയിൽ മുഴുകിയിട്ടും നാവിനെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.ഒരു ഭാഗത്തുനിന്ന് നന്മകൾ വാരിക്കൂട്ടുമ്പോൾ മറുഭാഗത്ത് അത് തിന്മകളായി ഒഴുകിപ്പോകുന്നതിൽ പരം നഷ്ടം മറ്റൊന്നുമില്ല. തെറ്റായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാൻ തയ്യാറല്ലാത്തവൻ വെറുതെ പട്ടിണി കിടന്നിട്ട് കാര്യമില്ല എന്നാണ് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മുന്നറിയിപ്പ് നൽകിയത്. വെറും ആരോഗ്യ സംരക്ഷണത്തിനും മറ്റു ഭൗതിക നേട്ടങ്ങൾക്കും വേണ്ടി ആവരുത് നമ്മുടെ വ്രതാനുഷ്ഠാനം. മറിച് ഹൃദയശുദ്ധീകരണവും ആത്മീയ വളർച്ചയും ആയിരിക്കണം മുഖ്യലക്ഷ്യം. പകൽ മുഴുവൻ നിദ്രയിലാണ്ടു രാത്രി മൂക്ക് മുട്ടേ ഭക്ഷണം കഴിച്ച് ആ വിശുദ്ധ ദിനങ്ങളെ വൃഥാവിൽ ആക്കുന്നതിനേക്കാൾ വലിയ പരാജിതൻ മറ്റാരുണ്ട്. വയറുനിറഞ്ഞാൽ ബുദ്ധിമന്ദീഭവിക്കുകയും ചിന്താശേഷി കുറയുകയും ശരീരം ആരാധനയിൽ നിന്ന് പിന്തിരിയുകയും ചെയ്യുമെന്നാണ് മഹാനായ ലുഖ്മാനുൽ ഹക്കീം റളിയള്ളാഹു അന്ഹു പഠിപ്പിക്കുന്നത്.


    റജബിൽ വിത്ത് വിതച്ച് ശഹബാനിൽ നല്ലപോലെ വെള്ളവും വളവും നൽകി റമളാനിൽ അതിനെ കൊയ്യാനായി കാത്തിരിക്കുന്ന ഒത്തിരി വിശുദ്ധ ഹൃദയങ്ങൾ ഉണ്ടാവും. എന്നാൽ ഇതിൽ അശ്രദ്ധരായി പോയ ഹതഭാഗ്യവാന്മാവും ഭൂരിഭാഗവും. ദുഖിക്കേണ്ട.പ്രതീക്ഷകൾക്ക് വകയുണ്ട്. തൗഫീഖ് ഉണ്ടെങ്കിൽ  വരും രജബുകളും ഷഹബനുകളും ഇരു കൈയും  നീട്ടി നമുക്ക് സ്വീകരിക്കാം. ആയുസ്സ് കുറവാണെങ്കിലും പുണ്യങ്ങൾ വാരിക്കൂട്ടാൻ മുൻകാല സമൂഹങ്ങളെക്കാൾ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ. ഓരോ നോമ്പനുഷ്ഠിക്കുമ്പോഴും ഇത് അവസാനത്തെതായിരിക്കാം എന്ന ബോധ്യം സദാ നമ്മിൽ ഉണ്ടായിരിക്കണം. കാരണം തുടർന്ന് ഒരു നോമ്പോ റമദാനോ നമുക്ക് അചിന്തനീയമാണ്. ആയതിനാൽ നഫ്സിന്റെ ഇച്ഛകളിൽ വഞ്ചിതരാവാതെ ജീവിതം ഇരുളുന്നതിന് മുമ്പ് ഹസനാത്തുകൾ കൊണ്ട് ധന്യമാക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ....ആമീൻ


Fathima Noora

WMO Wafiyya College