സർവ ലോക സൃഷ്ടിപ്പിന്റെയും അധികാരിയും പരിപാലകനും 'എകമാണ്' എന്ന യാഥാർത്ഥ്യത്തിലേക്ക് പതിച്ചു നൽകുന്ന വിശ്വാസത്തിന്റെയും, ആ വിശ്വാസപ്രമാണങ്ങളിൽ ഊന്നിയ കർമ്മാനുഷ്ഠാനങ്ങളുടെയും സംഗമ ബിന്ദുവാണ് പരിശുദ്ധ ഇസ്ലാം. അതിൽ 'പ്രഥമം' എന്ന് എണ്ണിത്തുടങ്ങിയതാവട്ടെ സർവ്വലോക ജഗന്നിയന്താവായ പ്രപഞ്ചനാഥനിലും, ഭൂമിയിൽ സമാധാന വേദമരുളി കടന്നുവന്ന അവൻ്റെ ദിവ്യദൂതൻ മുഹമ്മദ് നബി (സ)യിലും അടിയുറച്ച് വിശ്വസിക്കലാണ്.ഇസ്ലാമി ൻ്റെ അടിസ്ഥാന പ്രമാണങ്ങളായി തുടർന്ന് എണ്ണപ്പെടുന്ന നമസ്കാരം, സക്കാത്ത്, നോമ്പ്, ഹജ്ജ് എന്നിവയെല്ലാം പരിഗണനീയമാകുന്നതിനുള്ള 'രജിസ്ട്രേഷൻ റെസിപ്റ്റ്' ആണ് യഥാർത്ഥത്തിൽ വിശ്വാസം അഥവാ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കൽ. ചിന്താവിചിന്തനങ്ങൾ പോലും മാർക്കറ്റിംഗ് ചരക്കുകൾ ആയി മാറിക്കൊണ്ടിരിക്കുന്ന ഈ യവനികയിൽ തന്റെ മുൻപിലേക്ക് എത്തുന്ന ഏതൊന്നിനെയും ഇഴകേറി ആഴത്തിൽ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ് എന്നിരിക്കെ, വിശ്വാസങ്ങളും തദനുസൃതം പരിഷ്കരണങ്ങൾക്കടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവിടെയാണ് അർത്ഥം അറിഞ്ഞുകൊണ്ട് ഹൃദയത്തെ ആകർഷിപ്പിക്കുന്ന മനോഹരമായ ലാളിത്യത്തിന്റെ ഭാഷയിൽ വിശുദ്ധ ഖുർആൻ ഇസ്ലാമിന്റെ സുന്ദരമായ ലോകത്തേക്ക് മാനവനെ ക്ഷണിച്ചിരുന്നത്. വിശുദ്ധ വചനം16:125ൽ അല്ലാഹു പറയുന്നു: ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ١٢٥ "ജ്ഞാനത്തോടും നല്ല ഉപദേശത്തോടും കൂടി എല്ലാവരെയും നിൻ്റെ മാർഗത്തിലേക്ക് ക്ഷണിക്കുകയും അവരോട് നല്ല രീതിയിൽ മാത്രം സംവാദം നടത്തുകയും ചെയ്യുക. തീർച്ചയായും നിൻ്റെ രക്ഷിതാവിന് മാത്രമേ തന്റെ മാർഗത്തിൽ നിന്ന് തെറ്റിപ്പോയത്, ആരാണ് നേർവഴിയിൽ ആയതെന്നും നന്നായി അറിയുന്നത്. വിവര വിനിമയ സാങ്കേതികവിദ്യ എല്ലാ മേഖലയിലും ചടുലമായ മാറ്റങ്ങൾ പണിതുകൊണ്ടിരിക്കുമ്പോൾ ലോകം 'തന്റെ വിരൽത്തുമ്പിൽ തല കുനിക്കുന്നു' എന്ന അഹങ്കാരത്തോടെ മനുഷ്യൻ ജീവിക്കുമ്പോൾ, ലളിതവും സുതാര്യവുമായ പ്രബോധനത്തിന്റെ ആവശ്യകത ഉയർന്ന് വരികയാണ്. ഇവിടെ ലോകം അജ്ഞതയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന അതേ വഴിയിൽ തന്നെ നാം തിരിഞ്ഞുനോട്ടത്തിന് പരിശ്രമിക്കേണ്ടതുണ്ട്. ഇന്റർനെറ്റിന്റെ വെളിച്ചം എത്തിയ ഓരോ കോണുകളിലും ഇസ്ലാമിൻ്റെ സുവർണ്ണ ശോഭയെ എത്തിക്കാനും ഇന്ന് സാധിക്കും. കലാ-സാഹിത്യ മേഖലകളിൽ അത്യന്തം അത്ഭുതകരമായ ചുവടുവെപ്പുകൾ നടത്തുന്ന മുസ്ലിം സമൂഹത്തിന് ഇത് ഏറെ ലളിതവുമാണ്. ഇസ്ലാമിൻ്റെ ആരംഭ ദിശയിൽ പ്രവാചകൻ മുഹമ്മദ് നബി(സ), തങ്ങളുടെ സഹജീവികളോട് അനുവർത്തിച്ച കാരുണ്യത്തിന്റെ മാർഗ്ഗങ്ങൾ അവരെ ഇസ്ലാമിൻറെ വഴിയിലേക്ക് കൈപിടിച്ച് എത്തിക്കുന്നതിൽ വിജയം കണ്ടിരുന്നു. വഴിയോരത്ത് പ്രവാചകനെ എപ്പോഴും ഉപദ്രവിച്ചിരുന്ന ഒരു പെൺകുട്ടിയെ ഒരു ദിവസം അവിടെ കാണാതിരുന്നപ്പോൾ നബി(സ)തങ്ങൾ കാര്യം അന്വേഷിച്ചു. അവൾ രോഗിണിയാണെന്ന് അറിയവേ പ്രവാചകൻ (സ)അവളെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തത് അവളെ ഇസ്ലാം സ്വീകരിക്കുന്നതിൽ എത്തിച്ചു എന്ന് ചരിത്രത്തിൽ കാണാം. ആധുനിക കാലത്ത് ഇസ്ലാമിക പ്രബോധനത്തിന് ആവശ്യമായത് സ്വന്തം ജീവിതത്തെ മറ്റുള്ളവർക്ക് മാതൃകയാക്കിക്കൊണ്ട് അവരെ മുന്നിൽ നിന്നു നയിക്കുക എന്ന പ്രക്രിയയാണ്. മുൻഗാമികൾ സഞ്ചരിച്ചുപോയ പാതയും ഇപ്രകാരമുള്ളതായിരുന്നു. പ്രവാചകന്‍ (സ) തന്റെ ജീവിതം മുൻനിർത്തി കൊണ്ടാണ് ഇസ്ലാമിനെ പ്രചരിപ്പിച്ചത്. കുട്ടിയായിരുന്നപ്പോഴും തമാശക്ക് പോലും കളവു പറഞ്ഞിട്ടില്ലാത്ത 'അൽഅമീൻ' വിശുദ്ധ ദീനുമായി രംഗപ്രവേശനം ചെയ്തപ്പോൾ ഖുറൈശികൾ വിശ്വസിക്കാൻ മടിച്ചത് അവർ നബി(സ)യെ അംഗീകരിക്കാത്തത് കൊണ്ടായിരുന്നില്ല. മറിച്ച് തങ്ങളുടെ പാരമ്പര്യത്തെ തള്ളിക്കളയാനുള്ള പ്രയാസം കൊണ്ടായിരുന്നു. എങ്കിലും നബി (സ) ഒരിക്കലും കളവ് പറയില്ലെന്നും വിശ്വാസവഞ്ചന നടത്തുന്നവൻ അല്ലെന്നും മുൻകാല ജീവിതം കൊണ്ട് അവർ വാസ്തവീകരിച്ചതാണ്. ഇസ്ലാമിക മൂല്യങ്ങൾ പൊതുയിടങ്ങളിൽ വിളിച്ചുപറഞ്ഞു പലപ്പോഴും മുസ്ലീങ്ങൾക്കിടയിൽ തന്നെ സ്വയം അപലപിച്ചു പോകുന്ന സ്ഥിതിവിശേഷം പല പ്രബോധകരിലും നാം കാണാറുണ്ട്. അവരുടെ തകർച്ചയും പിഴവുകളും ഉപയോഗിച്ച് വിശുദ്ധ ഇസ്ലാമിനെതിരെ വാക്കുകൾ കൊണ്ട് അമ്പെയ്ത്ത് നടത്തുന്നവരെയും നാം അഭിമുഖീകരിക്കേണ്ടിവരുന്നു. ഇവിടെയാണ് മുകളിൽ പ്രസ്താവിച്ച ഖുർആനിക വചനത്തിന്റെ സ്വീകാര്യതയെ കുറിച്ച് വിശകലനം ചെയ്യേണ്ടത്. അല്ലാഹു പറയുന്നത് ശ്രദ്ധിക്കുക ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ "ജ്ഞാനത്തോടെയും മനോഹരമായ ഉപദേശങ്ങളുടെയും കൂടി എല്ലാവരെയും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിൻറെ മാർഗത്തിലേക്ക് ക്ഷണിക്കുക" പ്രസ്തുത വചനത്തിൽ നിന്നും നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം; ഏതൊരു വസ്തുതയും കൃത്യവും വ്യക്തവുമായ രീതിയിൽ അതിൻ്റെ എല്ലാ വശങ്ങളെക്കുറിച്ചും പഠിക്കുകയും മാന്യമായ രൂപത്തിൽ അവരെ ഉപദേശിക്കുകയും ആണ് പ്രബോധന വേളയിൽ നാം ചെയ്യേണ്ടത്. 'മുറിവൈദ്യൻ ആളെ കൊല്ലും' എന്നപോലെയാണ് അൽപജ്ഞാനം വിളിച്ചുവരുത്തുന്ന അപകടവും. വിശുദ്ധ വചനങ്ങളുടെ തെറ്റായ വ്യാഖ്യാനവും ആഴത്തിലുള്ള അറിവില്ലായ്മയും മൂലമാണ് പലപ്പോഴും ഇസ്ലാം വിരുദ്ധ സംഘടനകൾ വളരുന്നതിന് കാരണമായതും. കൂടാതെ പ്രസ്തുത വചനത്തിൽ ഇതിനെ തുടർത്തിക്കൊണ്ട് അള്ളാഹു പറയുന്നു: وَجَـٰدِلْهُم بِٱلَّتِى هِىَ أَحْسَنُ "അവരോട് ഏറ്റവും നല്ല രൂപത്തിൽ സംവാദം നടത്തുകയും ചെയ്യുക" അങ്കം വെട്ടാതെ നാടുപിടിക്കാൻ ഒക്കുമോ എന്ന തരത്തിലാണ് പലരുടെയും ഇസ്ലാമിക പ്രചാരണം. പരുഷമായ രൂപത്തിൽ, ഭീഷണിയുടെ സ്വരത്തിൽ നാം പ്രബോധനത്തിന് ഇറങ്ങുമ്പോൾ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുകയാണ് ചെയ്യുന്നത്. 1400 വർഷങ്ങൾക്ക് മുമ്പ് സത്യദീനുമായി പ്രവാചകൻ (സ) മക്കയിൽ അവതീർണമാകുമ്പോൾ വിരലിലെണ്ണാവുന്നവരെ നബി(സ)യെ വിശ്വസിച്ചിരുന്നുള്ളൂ. വളരെ രഹസ്യമായി നടത്തിയ ആ പ്രചാരണം പ്രാരംഭ അവസ്ഥയിൽ നിന്നും ലോകത്തിൻറെ സർവ ദിക്കുകളിലേക്കും പ്രവാചകൻ(സ) എത്തിച്ചത്, ഒരിക്കലും ഭീഷണിയിലൂടെയോ അക്രമങ്ങളിലൂടെയോ അല്ല. ഭീഷണിയിലൂടെയും അക്രമങ്ങളിലൂടെയും ഇസ്ലാമിനെ പ്രചരിപ്പിക്കാൻ സത്യവിശ്വാസികൾക്ക് അവരുടെ നാഥൻ സമ്മതം നൽകിയിട്ടുമില്ല. വിശുദ്ധ ഖുർആനിൽ രണ്ടാം അധ്യായം സൂറത്തുൽ ബക്കറ 256 വചനത്തിൽ പറയുന്നു: لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ "ദീനിൽ ഒരു നിർബന്ധിക്കലും ഉണ്ടാകരുത്. കാരണം സത്യം അസത്യത്തിൽ നിന്ന് വ്യക്തമാണ്, അഥവാ നീതി അനീതിയിൽ നിന്നും വേർതിരിഞ്ഞു നിൽക്കുന്നു" സത്യ മാർഗ്ഗത്തിലേക്കും ക്ഷണിക്കുന്നത് നിർബന്ധം ചെലുത്തിയും ശക്തിയും സ്വാധീനവും ഉപയോഗിച്ചും ആവരുത്. അതിന് ഏറ്റവും അനുയോജ്യമായ മൂന്ന് രീതികളാണ് പ്രസ്തുത വചനത്തിലൂടെ അള്ളാഹു മനുഷ്യനെ പഠിപ്പിക്കുന്നത്. 1. الحكمة -യുക്തി തത്വങ്ങൾ 2. الموعظه الحسنه- നല്ല രൂപത്തിലുള്ള സദുപദേശം 3. المجادله بالتي هي احسن- കൂടുതൽ നല്ല രീതിയിലുള്ള സംവാദം വ്യാഖ്യാനപരമായി ഇവയിൽ ആദ്യത്തേതിനെ, ഉപദേശിക്കുന്ന വിഷയത്തിന്റെ യാഥാർത്ഥ്യം ഗ്രഹിക്കുമാറ് അതിൻ്റെ യുക്തി, തെളിവ്, ലക്ഷ്യം തുടങ്ങിയവ വിവരിച്ചു കൊടുക്കുക എന്ന് നിർവചിക്കാം. തുടർന്ന് അനുഷ്ഠിക്കേണ്ടതു അനുഷ്ഠിക്കാനും ഉപേക്ഷിക്കേണ്ടത് ഉപേക്ഷിക്കുവാനും ആവശ്യമായ പ്രോത്സാഹനങ്ങളും പ്രേരണകളും നൽകി ന്യായങ്ങളും നൽകുക എന്ന് രണ്ടാമത്തെതിനും നിർവചനം നൽകാം. ആപേക്ഷികമായി നോക്കുമ്പോൾ ബുദ്ധിയും വിവേകവും ഉള്ളവരിൽ ഒന്നാമത്തെ രീതിയും സാധാരണക്കാരിൽ രണ്ടാമത്തെ രീതിയും കൂടുതൽ ഫലവത്തായിരിക്കും. എന്നാൽ സാത്വികന്മാരും സത്യാന്വേഷണ തൽപരരുമായിരിക്കുന്നവരോട് തർക്കവും വാദവും നടത്തേണ്ടതായി വരും. എന്നാൽ അത് വായ അടപ്പിക്കുന്ന തരത്തിലുള്ള രൂക്ഷമായ വാക്കുകൾ ഉപയോഗിച്ചോ ഉത്തരം മുട്ടിക്കുവാൻ വേണ്ടിയോ ആയിരിക്കരുത്. സത്യം ഗ്രഹിപ്പിക്കുകയാണ് പ്രബോധകന്റെ ലക്ഷ്യം. അത് പ്രതിയോഗിയുടെ പരാജയത്തെ മാത്രം ഉന്നം വെച്ചുകൊണ്ട് ആവരുത്. മറിച്ചായാൽ സംവാദത്തിൽ പരാജയപ്പെടുമ്പോഴും സത്യത്തോട് ഇണങ്ങാൻ അവർ താല്പര്യപ്പെടുകയില്ല. ഇനി ക്ഷണിക്കുന്ന മാർഗ്ഗവും രീതിയും എത്രതന്നെ നല്ലതായാലും ക്ഷണിക്കപ്പെടുന്നവരെല്ലാം സത്യം സ്വീകരിക്കുന്നത് യാഥാർത്ഥ്യമല്ല. അത് ക്ഷണിതാവിന്റെ ചുമതലയും അല്ല. ഇവിടെയാണ് പ്രസ്തുത വചനത്തിന്റെ അവസാനം അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കേണ്ടത്: إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ "നിശ്ചയമായും നിൻ്റെ റബ്ബ് അവൻ ഏറ്റവും കൂടുതൽ അറിയുന്നവനാണ്, അവൻ്റെ മാർഗം വിട്ടു തെറ്റിയവരെ പറ്റിയും പ്രാപിക്കുന്നവനെ പറ്റിയും". നേർമാർഗത്തിൽ ആക്കുക എന്നത് അല്ലാഹുവിന്റെ പ്രവർത്തിയാണ് അവൻ ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിൽ ആക്കുമെന്ന് ഖുർആനിൽ തന്നെ ആവർത്തിച്ചു പറയുന്നുണ്ട്. നാം പ്രബോധകരാകുക. പ്രവാചക പാതയെ പിന്തുടർന്ന് ജീവിക്കുന്നവരാണ് നാം എങ്കിൽ, നമുക്കുചുറ്റിൽ ഒരാൾ പോലും സത്യദീനിന്റെ ക്ഷണം എത്താതെ പോകരുത്. കാരണം പ്രവാചകൻ 23 വർഷത്തെ തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ ഒരാളെ പോലും വിശുദ്ധ ദീനിലേക്ക് ക്ഷണിക്കാതെ ഇരുന്നിട്ടില്ല. നമ്മുടെ നാഥൻ നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്വമാണിത്. നമ്മുടെ ഉത്തരവാദിത്വം ഏറ്റവും മനോഹരമായ രീതിയിൽ നാം നിറവേറ്റുക. പിന്നീട് അതിനെ അവന് വിട്ടു നൽകുക. കർമ്മവും ധർമ്മവും ഏറ്റവും സുന്ദരമായി സദാ ഉലകിൽ തെളിഞ്ഞു തന്നെ ഇരിക്കട്ടെ.....
Nabeela Nashrin AP
Alfarooq Wafiyya College Trippanachi

0 Comments