ഇസ്‌ലാം = സത്യവിശ്വാസം

_______________


"ان الله لا يغير ما بقوم حتى يغيرو ما بانفسهم "


"ഏതൊരു ജനപഥവും സ്വന്തം നിലപാടുകൾ പരിവർത്തന വിധേയമാക്കുന്നത് വരെയും അല്ലാഹു അതിൽ മാറ്റം വരുത്തില്ല തന്നെ. "

 അല്ലാഹു മനുഷ്യനെ ആദരിച്ചിരിക്കുന്നു."നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെക്കാളും അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു" (17:70). അതനുസരിച്ച് ഈ ലോകവും അതിലുള്ള സർവ്വവും അവനു വിധേയമാക്കി തിട്ടപ്പെടുത്താനാവാത്ത അനുഗ്രഹങ്ങൾ സംവിധാനിച്ചു ഈ പശ്ചാത്തലത്തിൽ അനുഗ്രഹ ദാതാവായ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുകയും കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ അനിവാര്യബാധ്യതയാണ്. അക്കാര്യം അവഗണിച്ച് കൃതഘ്നതയുടെ മാർഗമാണ് സ്വീകരിക്കുന്നതെങ്കിൽ അനുഗ്രഹങ്ങൾ നിഷേധിക്കപ്പെടും, പ്രയാസങ്ങളും കഷ്ടപ്പാടുകളും വരും. ഇത് അവന്റെ സ്വയം കൃതാനർത്ഥമാണ്. അവൻ നിലപാട് മാറ്റിയപ്പോൾ അല്ലാഹുവും മാറ്റി.

     ഇസ്ലാം എന്നത് മറ്റിതര മതങ്ങളെ അപേക്ഷിച്ച് സ്നേഹവികാരങ്ങൾ ചൊരിയുന്നതും, നിലക്കാത്ത പ്രത്യാശ നൽകുന്നതും, ക്രിയാത്മകമായ കർമ്മോത്സുകത പ്രാപിക്കാനുള്ളതുമായ വേറിട്ട ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന വ്യത്യസ്തതയാർന്ന മതമാണ്. ക്രൈസ്തവ കുടുംബത്തിൽ ജനിച്ച് വളർന്ന് പിന്നീട് ചൂതുകളിയിലും മറ്റ് ഭൗതിക ഭ്രമങ്ങളിലും അഭിരമിച്ചു പോയ മാൽക്കം എക്സ് എന്ന വ്യക്തിയുടെ ഇസ്ലാം ആശ്ലേഷണവും അദ്ദേഹത്തിന്റെ വൈയ്യതിക ജീവിതത്തിലുണ്ടായ മാറ്റങ്ങളും ഇസ്ലാം എത്രത്തോളം അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവുകളാണ്. "മതം ഒരു വ്യക്തിയിൽ നിന്ന് അവന്റെ എല്ലാ സുഷുപ്തി സാധ്യതകളും പുറത്തെടുക്കുന്നു"- മൽകം എക്സിന്റെ ഈ വാക്കുകളിൽ നിന്നും ഇസ്ലാമിന്റെ സ്വാധീനവും അതിന്റെ വ്യാപ്തിയും അദ്ദേഹത്തിലെത്ര വലിയ ചലനസാഗരമാണ് സൃഷ്ടിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും. നന്മയിലേക്കുള്ള ചെറു താത്പര്യം പോലും നന്മയായി പരിഗണിച്ച് പ്രതിഫലം നൽകുന്ന കരുണാവാരിധിയായ ഒരു ദൈവമുണ്ടായിരിക്കെ എങ്ങനെയാണ് ചിലർക്കെങ്കിലും അവനെ നിഷേധിക്കാനാവുക? ചെറിയ ബുദ്ധിമുട്ടുകളോ പരീക്ഷണങ്ങളോ നേരിടുമ്പോഴേക്കും ദൈവനിഷേധിയായിത്തീരുന്ന ദാസന്മാർ തന്റെ ശരീരഘടനയിലേക്ക് നോക്കിയാൽ തന്നെ മതിയാവുന്നതാണ്, നിരാശ്രയനും സ്രഷ്ടാവുമായ ആ പ്രപഞ്ചസത്യത്തെ മനസ്സിലാക്കാൻ. 'ദൈവം' എന്നത് സ്വയം സ്ഥാപിത സത്യമാണ്. സ്വയം സ്ഥാപിത സത്യം എന്നാലോ അവ തെളിയിക്കപ്പെടേണ്ട യാതൊരുവിധ ആവശ്യവും ഇല്ല. അതുകൊണ്ടുതന്നെ ദൈവിക നിലനിൽപ്പിന്റെ തെളിവ് അന്വേഷിച്ച് മുറവിളികൂട്ടുന്നവർക്ക് വേണ്ടി മറുപടി അന്വേഷിക്കേണ്ട ആവശ്യകതയും അവിടെ വരുന്നില്ല.

     ഒരു വസ്തു അല്ലെങ്കിൽ ഒരു കാര്യം സ്വയം സ്ഥാപിത സത്യം ആവണമെങ്കിൽ ചില നിബന്ധനങ്ങൾ പൂർണ്ണമാവേണ്ടതുണ്ട്.


1.സാർവത്രികമായിരിക്കണം (UNIVERSAL).

 ലോകത്തിലുള്ള മഹാഭൂരിപക്ഷവും ദൈവവിശ്വാസികളാണെന്നത് തന്നെയാണ് തെളിവ്. ന്യൂനപക്ഷം മാത്രമാണ് ദൈവമില്ലാ എന്ന വിശ്വാസത്തിന് തെളിവുള്ളവർ ആയിട്ടോ അല്ലെങ്കിൽ ദൈവം ഉണ്ടോ ഇല്ലയോ എന്ന വിഷയത്തിൽ ഉറപ്പില്ലാത്തവർ(AGNOSTIC) ആയിട്ടോ അല്ലെങ്കിൽ ഈശ്വര വിരോധികൾ(MESOTHEIST)ആയിട്ടോ ജീവിക്കുന്നത്.


2.പഠിപ്പിക്കപ്പെടാത്തതായിരിക്കണം (UNTAUGHT).

 ആരാലും പഠിപ്പിക്കപ്പെടാത്തതായിരിക്കണം. പൊതുസമൂഹവുമായി യാതൊരുവിധ ബന്ധവും പുലർത്താത്ത കാടിന്റെ ഉള്ളറകളിൽ താമസിക്കുന്ന മനുഷ്യന്മാർക്കിടയിൽ

പോലും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഭൗതിക വിശ്വാസം നിലനിൽക്കുന്നുണ്ട്.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ആന്ത്രോപോളജി ആൻഡ് മൈൻഡിലെ മുതിർന്ന ഗവേഷകനായ ഡോക്ടർ ജസ്റ്റിൻ ബാലറ്റിന്റെ ഗവേഷണ പ്രകാരം വീടുകളിൽ നിന്നോ സ്കൂളിൽ നിന്നോ ഒരുതരത്തിലും വിശ്വാസത്തെ പറ്റി പഠിപ്പിച്ചു കൊടുത്തിട്ടില്ലെങ്കിൽ പോലും കുട്ടികളിൽ സ്വാഭാവികമായ ദൈവിക ചിന്ത ഉണ്ടാകുന്നു. കൂടാതെ മരുഭൂമിയിൽ ഒറ്റയ്ക്ക് വളർന്നവൻ പോലും ദൈവത്തിൽ വിശ്വസിക്കുന്നു എന്നും അദ്ദേഹം വാദിക്കുന്നുണ്ട്.


3. സ്വാഭാവിക ചിന്തയായിരിക്കണം (NATURAL).

 നിഷ്പക്ഷ ബുദ്ധിയോടുകൂടി പ്രകൃതിയെ നോക്കിക്കാണുന്ന ഏതൊരു മനുഷ്യന്റെ ഉള്ളിലും ഉണ്ടാകുന്ന സ്വാഭാവിക ചിന്തയാണത്. ഈ പ്രകൃതി ഏതോ ഒരു അഭൗതിക ശക്തിയാൽ സൃഷ്ടിക്കപ്പെട്ടതാണെന്ന ചിന്ത.


4.അവബോധജന്യമായിരിക്കണം (INITUITIVE).

 എല്ലാ അവബോധങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെടുന്നത് വരെ സത്യമാണെന്ന് വിശ്വസിക്കണം. അതായത് ഒരു വസ്തു ഇല്ല എന്ന് നമുക്ക് ബോധ്യപ്പെട്ടില്ലായെങ്കിൽ ആ വസ്തു തന്നെ നിലനിൽക്കുന്നില്ല എന്ന് വാദിക്കാൻ സാധിക്കുകയില്ല.

     ദൈവം ഉണ്ടെന്ന അവബോധം ലോക മനുഷ്യർക്കിടയിൽ ഉണ്ടായിരിക്കെ അത് സ്വാഭാവിക വിശ്വാസമായി ഉരുത്തിരിയവെ ആരാലും പഠിപ്പിക്കപ്പെടാത്തതായിട്ടും കുഞ്ഞുങ്ങൾക്കിടയിൽ പോലും അഭൗതിക വിശ്വാസമുണ്ടാകവേ ലോകത്തിലെ ഭൂരിപക്ഷവും ദൈവവിശ്വാസികളായിരിക്കെ 'ദൈവം' എന്നത് സ്വയം സ്ഥാപിത സത്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇനിയും ഇതിനെ നിഷേധിക്കുന്നവർ അവരുടെ വാദത്തിന്റെ തെളിവുകളാണ് ഉദ്ധരിക്കേണ്ടത്. റിച്ചാർഡ് ഡോക്കിംഗ് സണ്ണിന്റെ അഭിപ്രായമനുസരിച്ച് നിരീശ്വരവാദികൾ ദർശനാത്മക ഭൗതികവാദത്തിൽ (Philosophical neutralism) വിശ്വസിക്കുന്നവരാണ്. അവർ അഭൗതികതയിൽ വിശ്വസിക്കുന്നില്ല. എന്നാൽ അഭൗതികമായ ഒന്നിന് മാത്രമേ ഭൗതികമായവയെ നിയന്ത്രിക്കാനും പരിപാലിക്കാനും സാധിക്കൂ എന്നുള്ളതാണ് യാഥാർത്ഥ്യം.

     വിശ്വാസ തത്വസംഹിതകളിൽ ഏറ്റവും പരിപൂർണ്ണമായതും അർത്ഥവത്തായതും ഇസ്ലാം ആണെന്നത് നിസ്സംശയം പറയാവുന്ന സത്യമാണ്. വിശ്വാസത്തിന്റെ അഭാവത്തെ കുറിച്ചുള്ള ചർച്ചകൾ നിരർത്ഥകമാകുന്നിടത്ത് നിന്നാണ് ലോകമാനവികതയ്ക്ക് വെളിച്ചമേകുന്ന ഒരേയൊരു ദിശാസംഹിതയായ ദീനുൽ ഇസ്ലാം വിഷയീഭവിക്കുന്നത്. ഭൗതിക-അഭൗതിക തലങ്ങളിൽ മനുഷ്യർക്ക് ആശ്വാസം പകരാൻ സാധിക്കുന്ന ഇസ്ലാമിന് പകരം വെക്കാൻ കഴിയുന്ന മറ്റൊരു ചിന്താധാരയും പിറവിയെടുത്തിട്ടില്ല. ഇത്തരം പഠനമനനങ്ങളിലൂടെ നാം എത്തിച്ചേരുന്ന തിരിച്ചറിവുകൾ പകരുന്ന ഊർജ്ജം തന്നെയാണ് ദീനിന്റെ അന്തസത്തയും.


അവലംബം :-

•https://www.telegraph.co.uk/news/religion/3512686/Children-are-born-believers-in-God-academic-claims.html

•https://www.britannica.com/biography/Malcolm-X

•https://islamchannel.tv/blog-posts/malcolm-x-7-inspiring-quotes-on-islam-and-muslims

•Hamza Andreas Tzortzis - The Divine Reality.


Husna Fathima A S

BKR ALUVA