നടനവേദിയിലെ ജനാധിപത്യം

  


  ജാതി-മത-വർണ്ണ വൈവിദ്ധ്യങ്ങൾക്കിടയിലും തത്ത്വമസിയും പ്രജ്ഞാനം ബ്രഹ്മയും ഭുവനത്തിന്റെ വിശ്വാസ പ്രമേയത്തിലേക്ക് ചേർത്തുവെച്ച രാഷ്ട്രമാണ് ഇന്ത്യ. പിന്നീട് ബ്രിട്ടൻ ഗവൺമെന്റിൽ നിന്ന് കടമെടുത്ത ജനാധിപത്യഭരണരീതിയും രാഷ്ട്രത്തെ ഉത്തുംഗതയിലേക്ക് എത്തിക്കുകയായിരുന്നു. അതുകൊണ്ട് തന്നെയാണ് 'ഒരു മലർവാടിയിലെ പൂക്കളെ പോലെയാണ് ഓരോ ഇന്ത്യക്കാരനും' എന്ന് അല്ലാമ മുഹമ്മദ് ഇഖ്ബാൽ ഇന്ത്യയെ പരിചയപ്പെടുത്തിയത്. സുന്ദരവും യുക്തിഭദ്രവുമായ ഭരണഘടനയും മുഖം നോക്കാതെ നടപടിയെടുക്കുന്ന രാജ്യത്തെ നീതിപീഠവും ഭാരതത്തിൻ്റെ മുതൽക്കൂട്ടുകളാണ്.

         പ്രസ്തുത അടിത്തറകളെ അവലംബമാക്കി സ്വാതന്ത്ര്യസമരസേനാനികൾ സ്വപ്നം കണ്ടത് തോമസ് മൂർ കണ്ടതുപോലെ ഉട്ടോപ്യ എന്ന സാങ്കല്പിക നഗരമല്ല. മറിച്ച്, ഭാരതത്തിൻ്റെ തനത് രൂപത്തെ പരിപൂർണ്ണതയുടെ വെള്ളാരങ്കല്ല് കൊണ്ട് ഹൃദയത്തിൽ കൊത്തിവെ ക്കലായിരുന്നു .വിശ്വമഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ വരികളിൽ അവരുടെ ഹൃദയമിടിപ്പ് കേൾക്കാം:

  "എവിടെ മനസ്സ് നിർഭയമായിരിക്കുന്നുവോ 

എവിടെ ശിരസ്സ് ഉയർന്നു നിൽക്കുന്നുവോ

 എവിടെ അറിവ് സ്വതന്ത്രമായിരിക്കുന്നുവോ

എവിടെ ഇടുങ്ങിയ ചുവരുകളാൽ ലോകം വിഭജിക്കപ്പെടാതിരിക്കുന്നുവോ

സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗത്തിലേക്ക് പിതാവേ,

എന്റെ രാജ്യത്തെയും ഉയർത്തിയാലും"

      ഈ വാക്യത്തിൽ എണ്ണിയാലൊടുങ്ങാത്ത മനുഷ്യരുടെ പതിറ്റാണ്ടുകൾ നീണ്ട ആഗ്രഹങ്ങളുടെയും സമാനതകളില്ലാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും സാഫല്യമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം എന്നത് പ്രകടമാണ്. എന്നാൽ അതിൻ്റെ വിശാലമായ ഉള്ളടക്കത്തെയും വ്യാപ്തിയെയും ആന്തരികാർത്ഥത്തെയും പല മട്ടിൽ ചോദ്യം ചെയ്യുന്ന ഭയാനകവും ഗൗരവകരവുമായ അവസ്ഥയിലേക്ക് സംഘപരിവാറും അതിന്റെ കുടക്കീഴിലുള്ള ഭരണവും രാജ്യത്തെ തരംതാഴ്ത്തിയിരിക്കുന്നു. ജനാധിപത്യവും മതനിരപേക്ഷതയും സഹവർത്തിത്വവും നാനാത്വത്തിൽ ഏകത്വവും വൈവിധ്യവും ഉൾച്ചേരലുമെല്ലാം വലിയ ഭീഷണികൾ നേരിടുകയാണ്. ഹിറ്റ്ലറെയും മുസ്സോളിനിയെയും ഓർമിപ്പിക്കും വിധം വംശീയതയുടെ വിഷലാവകൾ ഒഴുകുന്നതും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. സവർണ-സമ്പന്ന വിഭാഗങ്ങളുടെ മൂലധനതാല്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന 'ബനാന റിപ്പബ്ലിക്കു' കളിലൊന്നായി ഇന്ത്യയെ തകിടം മറിച്ചതും കാണാതിരിക്കാനാവില്ല. അംബാനി, അദാനിമാർ അതിവേഗം വളരുന്ന ശതകോടീശ്വരന്മാരുടെ ക്ലബ്ബിലേക്ക് കുതിച്ചെത്തിയത് രാഷ്ടത്തെ പ്രധാനിയുടെ കൈപിടിച്ചായിരുന്നു. ലോകത്ത് ഏറ്റവും കൂടിയ നിരക്കിൽ ഇന്ധനനികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയത് ആരെ സഹായിക്കാനായിരുന്നുവെന്ന് വ്യക്തം. ന്യൂനപക്ഷ-ദളിത്- പിന്നോക്ക വിരുദ്ധത, കോടിക്കണക്കിന് ഇന്ത്യൻ മക്കളുടെ പൗരത്വം സംശയാസ്പദമാക്കൽ, തൊഴിൽ പരിസ്ഥിതി നിയമങ്ങളിലെ വികൃതമായ പൊളിച്ചെഴുത്ത്, ഭരണകൂട പിന്തുണയോടെയുള്ള ആൾക്കൂട്ടക്കൊലപാതകങ്ങൾ, ജമ്മുകാശ്മീരിനെ ബന്ദിയാക്കൽ, മനുഷ്യന് മേലെ പശുക്കളെ പ്രതിഷ്ഠിക്കൽ, സിലബസ്പാഠ്യപദ്ധതി വക്രീകരണം, മനുഷ്യാവകാശ-മാധ്യമ പ്രവർത്തകരെയും അക്കാദമീഷ്യന്മാരെയും ചലച്ചിത്രപ്രതിഭകളെയും നിരന്തരം വേട്ടയാടൽ തുടങ്ങി അസഹിഷ്ണുതയുടെയും നാശോന്മുഖ താൽപര്യത്തിന്റെയും അലയൊലികളാണെങ്ങും.

       കാലാവധി പൂർത്തിയാക്കിയ ന്യായാധിപന്മാർ തൊട്ടടുത്ത ദിവസം തന്നെ നാനാതരം പദവികൾക്കും ഭരണകൂടത്തിന്റെ ഔദാര്യത്തിനുമായി കാത്തു നിൽക്കുന്നതിന്റെ ചിത്രങ്ങൾ നമ്മോട് വിളിച്ചു പറയുന്നതും മറ്റൊന്നല്ല. ജനാധിപത്യത്തിൻ്റെ നാലാം തൂണായി വാഴ്ത്തപ്പെട്ട മാധ്യമലോകം മൂലധന താൽപര്യങ്ങളുടെയും മതവർഗീയവാദികളുടെയും ദാസ്യവേലയിൽ എത്തിപ്പെട്ടുവെന്നത് പകൽ വെളിച്ചം പോലെ സത്യമല്ലേ! അതിനിടയിൽ ടീസ്റ്റ സെറ്റിൽവാദിനെയും സിദ്ദീഖ് കാപ്പനെയും  പോലുള്ളവർ നടത്തിയ പോരാട്ടവും വിസ്മരിക്കാതെ വയ്യ. അവസാനമായി ഒന്നേ പറയാനുള്ളൂ.. അരിമണി തന്നില്ലെങ്കിലും മേൽക്കൂര പൊളിക്കരുത്.


Mubassira Ismail

BKR ALUVA