നോവടങ്ങിയ മണ്ണിൽ പുരണ്ട കുഞ്ഞു കാലൊച്ചകൾ 

ബുദ്ധിയും വിവേകവും നൽകി ദൈവം സൃഷ്ടിച്ച ഒരേയൊരു ജീവിവർഗ്ഗം മാത്രമേയുള്ളൂ പ്രപഞ്ചത്തിൽ, മനുഷ്യകുലം!... സമാധാനവും സഹവർത്തിത്വവും കളിയാടുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ സാധിക്കുന്നത് മനുഷ്യന് മാത്രമാണ്. എന്നാൽ അതേ സമൂഹത്തെ രക്തച്ചൊരിച്ചിലിനാലും ആക്രമണങ്ങളാലും ശ്മശാന സമാനമാക്കുന്നതും മനുഷ്യൻ മാത്രമാണ്. അതി വൈകാരികതയിൽ നിന്ന് ഉത്ഭവിക്കുന്ന ലൈംഗികാസക്തി ഒരു മനുഷ്യനെ ഇത്രമേൽ ക്രൂരനാക്കുമോ എന്ന് 'ടി പി രാമകൃഷ്ണൻ' എഴുതിയ 'ഫ്രാൻസിസ് ഇട്ടിക്കോര' വായിച്ചപ്പോൾ അതിശയിച്ചു പോയത് സാങ്കല്പികം അല്ലേ എന്ന തലത്തിലേക്ക് തള്ളിക്കളഞ്ഞതിനെ ഓർത്ത് ഞാനിന്ന് പരിതപിക്കുന്നു. സങ്കല്പ കഥാപാത്രങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളിലും അതി വൈകാരികത വില്ലൻ കഥാപാത്രമായി രംഗപ്രവേശനം ചെയ്യുന്നു എന്ന് അനുദിനം തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.


             സമീപകാലങ്ങളിലായി ലോകം കണ്ട ഏറ്റവും ഭീകരമായ ക്രൂരതയാണ് ഫലസ്തീനിന്റെ മണ്ണിൽ നിറഞ്ഞാടുന്നത്. ഗസ്സയുടെ മിനാരങ്ങളിൽ ബാങ്കൊലികൾക്ക് പകരം ദീന വിലാപങ്ങളാണ് ഉയരുന്നത്. മനുഷ്യമനസ്സിനു ചെയ്യാനാകുന്നതിൽ വച്ച് ഏറ്റവും വലിയ ക്രൂരത!... ഒരുപക്ഷേ ന്യായങ്ങൾ ഓരോന്നായി ഇസ്രായേലിന് ലോകജനതയ്ക്ക് മുമ്പിൽ നിരത്തിവെക്കാൻ കഴിഞ്ഞാലും പിടഞ്ഞുവീണ ഓരോ കുഞ്ഞ് ശ്വാസത്തിനും അത് പകരമാക്കാൻ ആകുമോ? പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ- ഇസ്രായേൽ യുദ്ധ സംഘട്ടനങ്ങൾ ആ സമൂഹത്തിൻറെ ഭാവിയെ എത്രമേൽ വെല്ലുവിളിക്കുന്നുവെന്ന് നിരന്നു കിടക്കുന്ന ആ മയ്യിത്തുകൾ വിളിച്ചോതുന്നുണ്ട്. 

                               ✯ ✯ ✯

      ബൂട്ടുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന ഒരു സമൂഹം, ചീറിപ്പായുന്ന വെടിയുണ്ടകൾ ചിതറിത്തെറിപ്പിച്ച പാതി വെന്ത ജീവനുകൾ, മനുഷ്യമനസാക്ഷിയിലേക്ക് ഇറങ്ങി ചെല്ലുന്ന ദയനീയ രോദനങ്ങൾക്കിടയിൽ പെട്ടു ശ്വാസത്തിനായി പിടയുന്ന ആംബുലൻസ് സൈറനുകൾ..... ആശയവിനിമയ മാർഗങ്ങളും ഇൻ്റർനെറ്റ് ചാലകങ്ങളും നിലച്ചുപോയ മണ്ണിൽ നിന്നും കേൾക്കുന്നതൊക്കെയും മരണത്തോട് മല്ലടിക്കുന്നവൻ്റേത്.ഞെരുക്കങ്ങൾ  വടക്കെന്നും തെക്കെന്നും ഇല്ലാതെ ഇസ്രായേൽ പട്ടാളം ഗസ്സയെ ചുരുട്ടി കൂട്ടുമ്പോൾ ഭാവിയിലേക്കുള്ള ഒരു തണലെങ്കിലും ബാക്കി നിർത്താൻ ആവതു ശ്രമിക്കുകയാണ് ഒരു രാജ്യത്തിൻറെ ജനത.


         അഭയ മേഖലകളായി മുമ്പേ പ്രഖ്യാപിച്ചിരുന്ന ഇടങ്ങളിൽ നിന്നുപോലും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ആക്രമണം തുടരുകയാണ് ഇസ്രായേൽ. വ്യോമാക്രമണങ്ങൾക്കൊപ്പം സൈനികർ നേരിട്ടിറങ്ങിയുള്ള ആക്രമണത്തിനായി സൈനിക ടാങ്കറുകൾ കളത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. അതിനായി ജനവാസ മേഖലകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ചരിത്രത്തിൽ ഇതുവരെ ഇങ്ങനെയൊരു ഘട്ടം കഴിഞ്ഞുപോയിട്ടുണ്ടാകുമോ....?



കുരുന്നുകൾ എന്തു പിഴച്ചു?


        യൂണിയൻ ചിൽഡ്രൻസ് ഫണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വേദനയോടെയല്ലാതെ കേൾക്കാൻ സാധിക്കില്ല. “ലോകത്ത് കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലം സ്ഥലം ഗസ്സയാണത്രെ“.തെക്കൻ ഗസ്സയിലെ റഫ അതിർത്തിയിൽ 'സുരക്ഷിത ഇടങ്ങൾ' എന്ന് കരുതിയിരുന്ന മേഖലകളിൽ ഇസ്രായേലിൽ ബോംബിട്ട് തകർത്തപ്പോൾ  മരിച്ചവരിൽ ഏറെയും കുട്ടികളാണ്. ഖാൻ യൂനിസ് ആസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഇസ്രായേൽ- ഫലസ്തീൻ യുദ്ധത്തിലെ ഏറ്റവും രൂക്ഷമായ ആക്രമണം ആണെന്ന് യൂനിസെഫ് ചിൽഡ്രൻസ് സംരക്ഷണ സമിതി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ മേഖലയിൽ കുട്ടികളുടെ ദുരിതം വിവരിക്കാൻ വാക്കുകളില്ലെന്ന് യുനിസെഫ് വക്താവ് ജയിംസ് എൽഡർ അപലപിക്കുന്നു. “ഗസ്സ കുട്ടികളുടെ ശ്മശാനം ആയി മാറിയിരിക്കുന്നു. മറ്റുള്ളവർക്ക് ഇതൊരു ജീവനുള്ള നരകമാണ് “ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ വിലാപത്തിൽ കണ്ണീരോടെ അദ്ദേഹം കൂട്ടിച്ചേർത്തു. 


         സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വ്യാപകമായി ചർച്ച ചെയ്ത ’എൻ്റെ വേദന നിങ്ങൾക്ക് ഊഹിക്കാനാകുമോ’ എന്ന് ഗസ്സ യുവാവ് യൂസഫ് ഷറഫിന്റെ വാക്കുകൾ, അനന്തമായ ഈ ലോകത്തെ വിധിയാൽ തനിച്ചായി പോയവന്റെ നിസ്സഹായതയെ അവതരിപ്പിക്കുന്നു. ഗസ്സയിൽ ഇസ്രായെൽ നടത്തിയ ആക്രമണത്തിൽ യൂസഫിന്റെ മാതാപിതാക്കളും ഭാര്യയും മൂന്ന് സഹോദരന്മാരും രണ്ടു സഹോദരികളും അവരുടെ പങ്കാളികളും കുട്ടികളും എല്ലാം മരിച്ചു. തകർന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മറഞ്ഞുപോയ തൻ്റെ നാല് കുഞ്ഞുങ്ങളെ തേടിയുള്ള അലച്ചിലിലായിരുന്നു ആഴ്ചകളോളം യൂസഫ്. പ്രസ്തുത ആക്രമണത്തിൽ സഹോദരങ്ങളുടേതും അടക്കം ആ കുടുംബത്തിലെ 13 കുട്ടികൾ കൊല്ലപ്പെട്ടു. 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകം കണ്ട കുഞ്ഞുമാലാഖ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. പിറന്നുവീഴും മുമ്പേ കാലം കവർന്നെടുത്ത കുഞ്ഞ് റൂഹ്! ഉണരും മുമ്പേ ഉറങ്ങേണ്ടി വന്നവൾ!.....


        ഗസ്സയിൽ സംഭവിക്കുന്ന ഓരോ അഞ്ചു മരണങ്ങളിലും രണ്ടെണ്ണം കുട്ടികളാണെന്ന് ഫലസ്തീൻ പ്രദേശങ്ങൾക്കായുള്ള save The children  ഡയറക്ടർ ജേസർ ലീ പറയുന്നു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഉൾപ്പെടുത്താതെയുള്ള ശരാശരി കണക്കുകൾ ആണിവ. ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു. ’Save The children’ പുറത്തുവിട്ട കണക്കനുസരിച്ച് വെറും മൂന്ന് ആഴ്ച കൊണ്ട് മാത്രം ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 2019 മുതലുള്ള വർഷങ്ങളിൽ ലോകത്തിൽ എല്ലാ സംഘർഷ മേഖലകളിലും കൊല്ലപ്പെട്ട മൊത്തം കുട്ടികളുടെ എണ്ണത്തെ മറികടന്നിരിക്കുന്നു.


        കൊടും ഭീകരതയുടെ വിഷ സർപ്പങ്ങൾക്ക് മുമ്പിൽ സ്വന്തം ജീവിതം പണയം വെക്കാൻ ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു? ഉമ്മയുടെ ഉദരപാത്രം വെട്ടിത്തുറന്ന് ഈ ലോകത്തെ നോക്കി പുഞ്ചിരിച്ച ഷഹീദ  നബീലയുടെ കുഞ്ഞു ശരീരം ആത്മാവില്ലാതെ ആക്കി തീർത്തത് ആരുടെ രോഗങ്ങൾക്ക് ശമനം കിട്ടാനായിരുന്നു? പിറന്നുവീണു ദിവസങ്ങൾക്കകം പരലോകം പുൽകാൻ വർഗീയതയുടെ അന്തിമ മുഖങ്ങൾ അവളെ പറഞ്ഞയച്ചു. ആശുപത്രി കിടക്കയിൽ വെച്ച് കുഞ്ഞുമറിയം എഴുതിയ കത്തും അതു വായിച്ച് വികാരഭരിതരായി നിൽക്കുന്ന ഡോക്ടർമാരും ഒരു നിമിഷം സർവ്വദേശങ്ങളെയും കരളലിയിപ്പിച്ചിരുന്നു. തൻ്റെ ഉടുപ്പുകളും ശൂവും കൂട്ടുകാർക്കും കളിപ്പാട്ടങ്ങൾ സഹോദരങ്ങൾക്കും നൽകണം എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. പ്രഗ്നൻസി കിറ്റിലെ പോസിറ്റീവ് ലൈനിനോടൊപ്പം പ്രിയതമനായി ഒരുക്കിവെച്ച സമ്മാനത്തിൽ ഇങ്ങനെയും ചില വരികൾ ഉണ്ടായിരുന്നു; ’നിനക്കുള്ള എൻറെ ആദ്യ സമ്മാനം ഒരുപക്ഷേ അവസാനത്തേതും'. ഗസ്സയിലെ തെരുവോരങ്ങളെല്ലാം മരണഭയത്തോട് കൂടിയാണ് ഓരോ നിമിഷങ്ങളിലും ജീവിച്ചു കൊണ്ടിരിക്കുന്നത്. മരണം പടി വാതിലിൽ കാത്തുനിൽക്കുമ്പോൾ എങ്ങനെ സന്തോഷം പടികടക്കും? ഫലസ്തീനിലെ കുഞ്ഞുങ്ങൾക്ക് പോലും ഇന്ന് മരണ ഭയമില്ല. ഇരമ്പി പ്പായുന്ന വെടിയുണ്ടകൾക്കു മുന്നിൽ കരുത്തുറ്റ ഈമാനിൻ്റെ തലയെടുപ്പോടെ അവർ സധൈര്യം മുന്നോട്ട് ഗമിക്കുകയാണ്.പക്ഷേ എത്ര നാൾ?... ഗസ്സയിലെ ഓരോ ആത്മാക്കളും പരലോകം പുൽകി കഴിഞ്ഞാൽ ഒരു രാജ്യത്തിൻറെ ഭാവി ആരു കാക്കും?

ഇസ്രായേൽ അഴിച്ചു വിടുന്ന ഈ ക്രൂരത നിയന്ത്രണ വിധേയമാക്കാൻ എന്തു കൊണ്ട് ഐക്യ രാഷ്ട്ര സഭയ്ക്ക് സാധിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നു വരേണ്ടതുണ്ട്. എന്നാൽ ഇസ്രായേൽ സിംഹങ്ങളെ ഒതുക്കി നിർത്താൻ UN ന് പോലും കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. ഇസ്രായേൽ ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറിക്ക് വിസ നിഷേധിക്കുന്നത് മുതൽ അതേ വേദിയിൽ നിന്ന് യു.എ.ഇ നെ പാഠം പഠിപ്പിക്കുമെന്ന് ആക്രോഷിച്ചു  കൊട്ടിഘോഷിക്കുന്നിടത്ത് വരെ  ഐക്യരാഷ്ട്രസഭയുടെ ആഢ്യത്വം തളർന്നുവീണു വീണു കഴിഞ്ഞു.


ഇനിയെന്ത്?


         ഫലസ്തീനിലെ ഭൂരിഭാഗം കുട്ടികളും തന്റെ ജീവിതത്തിൽ ഒന്നിലധികം യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചവരാണ്. ഒരു രാജ്യം നേരിടുന്ന കടുത്ത മാനസിക സംഘർഷങ്ങൾ ആ കുഞ്ഞു ഹൃദയങ്ങൾ ബാല്യം മുതലേ ചുമലിൽ ഏറ്റു തുടങ്ങി. ഈ കുട്ടികൾ ശാരീരികപരമായും മാനസിക പരമായും എത്രമേൽ ദുർബലരാണ് എന്ന് പ്രസ്തുത യുദ്ധാന്തര രംഗങ്ങൾ വ്യക്തമാക്കുന്നു. ഗസ്സയിൽ പലയിടത്തും വെള്ളവും ഭക്ഷണവും മരുന്നുകൾ പോലും ആവശ്യത്തിന് ലഭ്യമാകുന്നില്ല. തന്മൂലം കുട്ടികളിൽ മാരകമായേക്കാവുന്ന നിർജലീകരണവും വയറിളക്കവും വർദ്ധിച്ചു വരികയാണ്. പരുക്കേറ്റ കുട്ടികളെ ആശുപത്രികളിൽ എത്തിക്കുമ്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പോലും വേണ്ടത്ര ഇല്ലെന്ന് ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റൽ പീഡിയാട്രിക്  വിഭാഗം മേധാവി അഹമ്മദ് അൽഫറ പറയുന്നു. ഇത്രമേൽ ഭയാനകമായ പരിക്കുകളോടെ കുട്ടികളെ ഇതുവരെ കണ്ടിട്ടില്ല എന്ന് പല ഡോക്ടർമാരും സ്ഥിരീകരിക്കുന്നു. കേവലം പ്രത്യാക്രമണം എന്നതിലുപരി ഒരു രാഷ്ട്രത്തിന്റെ ഭാവിയെ അനിശ്ചിതത്വത്തിലേക്ക് നയിക്കുന്ന തരത്തിലേക്ക് ഇസ്രായേൽ-ഫലസ്തീൻ സംഘട്ടനം വളർന്നു കഴിഞ്ഞു. യുദ്ധത്തിന് ഉപയോഗിക്കുന്ന തന്ത്രങ്ങളും യുദ്ധോപകരണങ്ങളും മനുഷ്യൻ്റെ ആന്തരിക സുസ്ഥിരതയെ തകിടം മറിക്കുന്ന തരത്തിലേക്ക് ആയി മാറി. ഫലസ്തീനിൽ 2.3 ദശലക്ഷം ഉള്ള ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ഇവരിൽ പലരും 2008 മുതൽ 5 ഇസ്രായേലി അതിക്രമങ്ങൾക്ക് എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകും എന്ന് അൽജസീറ അനുമാനിക്കുന്നു. ഒക്ടോബർ 7ന് ഇസ്രായേലിൽ ക്രൂരത തീവ്രമാക്കുന്നതിന് മുമ്പ് ഫലസ്തീനിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ പഠനത്തിൽ അഞ്ച് മുതൽ 17 വരെയുള്ള കുട്ടികളിൽ 13% ഉത്കണ്ഠ അനുഭവിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. 


       ഇന്നും അതിശക്തമായി തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരിൽ കുഞ്ഞുങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പിറന്നുവീഴുന്നത് പോലും കഠാരകൾക്കു മുമ്പിലേക്ക് ആകുമ്പോൾ ഫലസ്തീനിന്റെ ഭാവി പണിയാൻ 'ഇനി ആര്' എന്ന വസ്തുത ലോകത്തിനു മുമ്പിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഭൂരിഭാഗം കുട്ടികളും കാലനു മുമ്പിൽ കാലിടറി വീഴുന്നു, അവശേഷിക്കുന്നവർ അംഗവിച്ഛേദനങ്ങൾ കൊണ്ട് അപൂർണ്ണരായി തീരുന്നു, ചലനശേഷി നഷ്ടപ്പെട്ടു പോയവർ, ഹൃദയം വിങ്ങി പൊട്ടുന്നത് തുറന്നു പറയാൻ പോലും ആകാതെ വായ മൂടി കെട്ടേണ്ടി വന്നവർ.  ഇസ്രായേൽ നരനായാട്ട് ബാക്കിവെക്കുന്ന നഷ്ടങ്ങൾ ഒക്കെയും പലസ്തീൻ ജനതയ്ക്ക് മാത്രം സ്വന്തമായവ!... ഗസ്സയുടെ മണ്ണിൽ വെടിയുണ്ടകളുടെ കാലൊച്ചകൾ നിലക്കുന്ന സമാധാന ഭാവി ഒരുപക്ഷേ പുനസംഗമിക്കപ്പെടുമ്പോഴും ഫലസ്തീനിന്റെ വിഹായസ്സിൽ ഒരു പ്രതിധ്വനി സൃഷ്ടിക്കാൻ ആർക്കും സാധിക്കും? ഭാവിയുടെ വരദാനങ്ങൾ നിലച്ചുപോയ രക്തഗന്ധമുള്ള ആ മണ്ണിൽ ഒരു യുവത വിളഞ്ഞു വരാൻ ഇനി എത്രനാൾ കാത്തിരിക്കണം?


Nabeela Nashrin AP

Alfarooq Wafiyya College Trippanachi