സൃഷ്ടി സ്രഷ്ടവിനെ

അതിജയിക്കുകയോ?

—————–——————


ശാസ്ത്ര സാങ്കേതികവിദ്യയുടെ കുതിച്ച് ചാട്ടം മാനവരാശിയെ വികസനത്തിന്റെ വഴികളിലേക്ക് കൊണ്ടെത്തിച്ചെങ്കിലും അധാർമികതയുടെ കടന്നുവരവിനും അതു കാരണമായി. കയ്യെത്തും ദൂരത്തേക്കുള്ള ശാസ്ത്രലോകത്തിന്റെ വളർച്ചയും സ്രഷ്ടാവിനെ സൃഷ്ടി അതിജയിക്കുന്നു എന്ന ആശയത്തിലേക്ക് വഴി നടത്തിച്ചു. അന്യഗ്രഹ ജീവികളുടെ കൈകടത്തലുകൾ ആണ് മനുഷ്യജന്മത്തിന് ആധാരം എന്ന് വാദിക്കുന്ന UFO പോലുള്ള മതങ്ങളുടെ  ഉത്ഭവവും ദൈവസങ്കൽപങ്ങളെ പോലും പാടെ നിരാകരിക്കുന്ന സ്ഥിതികളിലേക്ക് എത്തിച്ചു. ഈ ഒരു സാഹചര്യത്തിലാണ് പരിശുദ്ധ ഖുർആനിന്റെ അമാനുഷികതക്ക് ചർച്ച ഏറുന്നത്. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്കും അപ്പുറമാണ് സ്രഷ്ടാവിന്റെ കഴിവും ഹിക്മത്തും എന്ന് പരിശുദ്ധ ഖുർആൻ പലയിടങ്ങളിലായി ആവർത്തിച്ച് പറയുന്നുണ്ട്. ശാസ്ത്രീയ കണ്ടെത്തലുകളെ ദൈവിക കഴിവുകളിലേക്ക് ചേർത്ത് വായിക്കുന്നതിൽ വന്ന പാകപിഴവുകൾ മനുഷ്യനെ ദൈവനിഷേധത്തിലേക്ക് കൊണ്ടെത്തിച്ചു. എന്നാൽ 19,20 നൂറ്റാണ്ടുകളിലായി മനുഷ്യൻ കണ്ടെത്തിയ ഒരുപാട് കാര്യങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നേ ഖുർആനിൽ അവതീർണമായതായി കാണാം. പടപ്പുകൾക്ക് ചിന്തിക്കാനും പാഠം ഉൾക്കൊള്ളാനുമാണ് അല്ലാഹു ഇത്തരം ദൃഷ്ടാന്തങ്ങൾ നൽകുന്നത്. ഗോളശാസ്ത്രപരമായ ബന്ധപ്പെടുന്ന ഇത്തരം ചില കണ്ടെത്തലുകൾ നമുക്ക് ഇവിടെ വിശദീകരിക്കാം:


•ഭൂമിയുടെ ഉത്ഭവം:

 നിരവധി ഗോളശാസ്ത്രജ്ഞരുടെയും ഊർജ്ജശാസ്ത്രജ്ഞരുടെയും കണ്ടെത്തലുകളും നിഗമനങ്ങളും അനുസരിച്ച് മഹാവിസ്ഫോടനം വഴിയാണ് ഭൂമി രൂപപ്പെടുന്നത്.ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത് പിണ്ഡം അഥവാ primerary nebula ആയിരുന്നു. പിന്നീട് ഇത് പൊട്ടിത്തെറിച്ച് നിരവധി ഗാലക്സികൾ രൂപം കൊള്ളുകയും, ഇവയുടെ വിഘടനം മൂലം സൂര്യൻ,ചന്ദ്രൻ,നക്ഷത്രം,ഭൂമി തുടങ്ങി മറ്റു ഗ്രഹങ്ങൾ രൂപം കൊള്ളുകയും ചെയ്തു. പ്രപഞ്ചത്തെ കുറിച്ച് പരിശുദ്ധ ഖുർആൻ പരാമർശിക്കുന്നത് ഇങ്ങനെയാണ് :

''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും ശേഷം അവയെ നാം വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?'' (21:30).

 പ്രപഞ്ചോൽപ്പത്തിക്ക് മുമ്പ് തലസ്ഥാനത്തെ വാതക രൂപത്തിലുള്ള നിരവധി പദാർത്ഥങ്ങൾ നിലനിന്നതായി ശാസ്ത്രം പറയുന്നുണ്ട്. വാതകം എന്നതിലേറെ ഈ അന്തരീക്ഷ പദാർത്ഥത്തെ പുക (smoke)എന്ന് സൂചിപ്പിക്കുന്നതാണ് അനുയോജ്യം. ഈ ശാസ്ത്രീയ വസ്തുത ഖുർആൻ വർഷങ്ങൾക്കു മുമ്പ് തന്നെ വ്യക്തമാക്കുന്നത് കാണുക:ശേഷം അവന്‍ ആകാശത്തിനുനേരെ തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. അവന്‍ അതിനോടും ഭൂമിയോടും പറഞ്ഞു: നിങ്ങള്‍ രണ്ടും അനുസരണപൂർവമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.'' (41:11).



•ഭൂമിയുടെ ഗോളാകൃതി:

 ആദ്യകാലങ്ങളിൽ ഭൂമി പരന്നതാണ് എന്നാണ് ജനങ്ങൾ വിശ്വസിച്ചിരുന്നത്. ഈ വിശ്വാസം അവരെ ദീർഘദൂര യാത്രകളിൽ നിന്നും തിരിച്ചു ഭൂമിയുടെ അറ്റത്തുനിന്നും താഴേക്ക് വീഴുമോ എന്ന ഭയമായിരുന്നു.എന്നാൽ പിന്നീട് 1597ൽ ഫ്രാൻസ് ഡ്രൈവർ കപ്പൽ യാത്ര നടത്തിക്കൊണ്ട് ഭൂമി ഉരുണ്ടതാണെന്ന് കണ്ടുപിടിച്ച ഒരു പ്രാപഞ്ചിക സത്യം ഖുർആൻ വെളിപ്പെടുത്തുന്നു ണ്ട്:രാത്രിയെകൊണ്ട് പകലിനെയും പകലിനെകൊണ്ട് രാത്രിയെയും ചുറ്റിപ്പൊതിഞ്ഞു.'' (39:5) ഇവിടെ ചുറ്റിപ്പൊതിയുക എന്നതിന് "കവ്വറ" എന്ന അറബി പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ കവ്വറ എന്ന പദത്തിന്റെ ഭാഷാ അർത്ഥം ഗോളാകൃതിയിൽ ചുറ്റുക എന്നാണ്. അതായത് രാത്രിയും പകലും ഉരുണ്ട ഗോളാകൃതിയിലുള്ള ഒന്നിന്റെ മേൽചുറ്റിതിരിയുന്നു. എന്നാൽ ഭൂമി പൂർണ്ണമായും ഉരുണ്ടതല്ല.ഇരു ധ്രുവങ്ങളിലെയും വ്യത്യാസങ്ങൾ നിമിത്തം ഭൂമി ദീർഘവൃത്താകൃതിയിലാണ് കാണപ്പെടുന്നത്. വിശുദ്ധ ഖുർആൻ വളരെ കൃത്യമായി ഇത് സൂചിപ്പിക്കുന്നുണ്ട്:

وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ (79:30)

ഇവിടെ 'ദഹ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് യഥാർത്ഥത്തിൽ ഒട്ടകപക്ഷിയുടെ മുട്ടയെന്നാണ്. ഭൂമിയുടെ ആകൃതി ഇതിനോട് സാമ്യപ്പെടുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.


•സൂര്യന്റെ ചലനം:

 1512 കോപ്പർനിക്കസ് സൂര്യ കേന്ദ്രീകൃത പ്രപഞ്ച സിദ്ധാന്തം (heliocentric theory of planetary motion ) ആവിഷ്കരിക്കുന്നത് വരെ ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ സൂര്യ കേന്ദ്രീകൃത സിദ്ധാന്തം വഴി സൂര്യൻ സൗരയുഥത്തിന്റെ മധ്യത്തിൽ നിശ്ചലമായി നിൽക്കുന്നുവെന്നും മറ്റു ഗ്രഹങ്ങൾ സൂര്യനെ വലയം ചെയ്യുന്നു എന്നും സമർത്ഥിക്കപ്പെട്ടു. 1609ൽ ഈ ആശയം ഉൾക്കൊണ്ടുകൊണ്ട് ജർമൻ ശാസ്ത്രജ്ഞനായ 'ജൊഹന്നസ് കെപ്ലർ ആസ്ടോ നോമിയോ നോവ' എന്ന ഗ്രന്ഥവും തയ്യാറാക്കി. പക്ഷേ ഈ കണ്ടുപിടുത്തങ്ങൾ എല്ലാം നടന്നിട്ടും സൂര്യന്റെ ചലനത്തെ കുറിച്ച് ശാസ്ത്രലോകം അഗ്നരായിരുന്നു. പരിശുദ്ധ ഖുർആൻ പറയുന്നു:''അവനത്രെ സൂര്യ ചന്ദ്രന്മാരെയും രാപ്പകലുകളെയും സൃഷ്ടിച്ചത്. അവയോരോന്നും അവയുടെ ഭ്രമണപദത്തിലൂടെ നീന്തിക്കൊണ്ടിരിക്കുന്നു'' (21:33)

 സൂര്യൻ സ്വയം അച്ചുതണ്ടിൽ കറങ്ങാൻ 25 ദിവസമാണ് എടുക്കുന്നത്. സൂര്യൻ സ്വയം കറങ്ങുന്നതോടൊപ്പം തന്നെ ഒരു സെക്കൻഡിൽ 220 കിലോമീറ്റർ വേഗതയിൽ ഗ്യാലക്സിയുടെ കേന്ദ്രത്തിനെ ചുറ്റുന്നുമുണ്ട്. ഇങ്ങനെ ഒരുവട്ടം ഗ്യാലക്സിയുടെ കേന്ദ്രത്തിന് ചുറ്റും കറങ്ങാൻ സൂര്യന് വേണ്ട സമയം 230 മില്യൺ വർഷങ്ങളാണ്. ഖുർആൻ പറയുന്നു:ചന്ദ്രന്‍ സൂര്യനെയോ സൂര്യന്‍ ചന്ദ്രനെയോ പ്രാപിക്കുകയില്ല. ഓരോന്നും നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.'' (36: 40)


•അണയാനൊരുങ്ങുന്ന സൂര്യൻ:

 നിരവധി ശാസ്ത്രജ്ഞരുടെ പ്രയത്നഫലമായാണ് പത്തൊമ്പതാം  നൂറ്റാണ്ടിൽ സൗരപരിണാമസിദ്ധാന്തം ആവിർഭവിക്കുന്നത്. ഈ തിയറി പ്രകാരം, ഏകദേശം 5 ബില്യൺ വർഷങ്ങൾക്ക് ശേഷം സൂര്യനിലെ പ്രകാശം കെട്ടുപോകുമെന്ന് വിശദീകരിക്കുന്നുണ്ട്. സൂര്യനിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയവുമായി കൂടിച്ചേർന്നുണ്ടാകുന്ന ഊർജ്ജമാണ് താപവും പ്രകാശവുമായി നാം കാണുന്നത്.ഈ ആറ്റങ്ങളുടെ ആവിർഭാവം സൂര്യന്റെ പ്രകൃതത്തെ മാറ്റം വരുത്തുകയും, ഊർജ്ജ ഉല്പാദനശേഷി നശിച്ച സൂര്യൻ വെളുത്ത കുള്ളൻ ഗ്രഹമായി മാറുകയും ചെയ്യും. ഖുർആൻ പറയുന്നു:

إِذَا ٱلشَّمْسُ كُوِّرَتْ(81:1)

وَٱلشَّمْسُ تَجْرِى لِمُسْتَقَرٍّۢ لَّهَا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ(36:38)

  ഇവിടെ مُسْتَقَرٍّۢ എന്ന പദം കൊണ്ട് ഒരു നിശ്ചിത സമയത്തെയോ സ്ഥലത്തെയോ ആണ് സൂചിപ്പിക്കുന്നത്. ഇതിനെ ഖിയാമത്ത് നാളിലേക്ക് വിരൽ ചൂണ്ടിയ നിരവധി മുഫസ്സിരിങ്ങളെയും നമുക്ക് കാണാൻ സാധിക്കും.


 പരിശുദ്ധ ഖുർആനിലൂടെ നൂറ്റാണ്ടുകൾക്ക് മുമ്പ് അല്ലാഹു തആല ഈ ലോകത്തോട് പറഞ്ഞ നിരവധി കാര്യങ്ങളോട് ശാസ്ത്രം പിന്നീട് യോജിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.ഇത്തരം കണ്ടെത്തലുകളെ യുക്തിവാദത്തിന്റെയും നാസ്തികതയുടെയും ദർപ്പണത്തിലൂടെ മാത്രം നോക്കികാണുന്നവർക്കാണ് സൃഷ്ടിയെ സ്രഷ്ടാവിന്റെ സ്ഥാനത്തേക്ക് ആവാഹിക്കാൻ കഴിഞ്ഞത്.ഇത്തരം കണ്ട തെറ്റുകളിലൂടെ, യഥാർത്ഥത്തിൽ അല്ലാഹു ഖുർആനിലൂടെ പറഞ്ഞ പ്രകാരം കൂടുതൽ ചിന്തിക്കുന്നവരാവുകയാണ് നാം വേണ്ടത്....

നാഥൻ തൗഫീഖ് നൽകട്ടെ....

ആമീൻ.

—————————

അവലംബം:

https://islamonlive.in/vazhivilakk/the-quran-and-modern-science/


https://islamonweb.net/ml/%E0%B4%97%E0%B4%B3%E0%B4%B6%E0%B4%B8%E0%B4%A4%E0%B4%B0%E0%B4%B5-%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8-38#newsletter


https://islamonweb.net/ml/If-science-wins-will-religion-lose


https://youtu.be/OheJCUaX8_w?si=0E0xPl7VPZPGy0zV


https://youtu.be/mzlhUlBJMio?si=CKQW-ceUXSlCjjiW


https://youtube.com/shorts/8rJK55jS9iY?si=azrYzDv3S3Jlgtgw

___________________________

Bareera gafoor

Bkr, aluva