കാമ്പുള്ളതിനെ കല്ലെറിയപ്പെടുമ്പോൾ ഇസ്‌ലാമിൻ്റെ ആഴങ്ങളിലേക്കുള്ള പഠനങ്ങൾക്ക് ഇന്നത്തെ ചൂടേറിയ വിമർശനങ്ങൾ താങ്ങാവുന്നു എന്നതാണ് യാഥാർത്ഥ്യം. ഇസ്‌ലാമിക നിയമങ്ങളിൽ പലതും സാംസ്ക്കാരിക ആചാരങ്ങളല്ലെന്ന് തള്ളിപ്പറഞ്ഞ് ഇസ്‌ലാമിനെതിരെ കരിവാരിത്തേക്കുകയും എന്നാൽ മറ്റു മതങ്ങളിൽ ഒരുപോലെ പെരുകുന്നതിനെതിരെ കണ്ണടക്കുകയും ചെയ്യുന്ന ഈ ഒരു സാഹചര്യത്തിൽ "ഇസ്‌ലാമിലെ ബഹുഭാര്യത്വം" എന്ന വിഷയം ചർച്ചചെയ്യപ്പെടേണ്ടതാണ്.


  ലിവിങ് ടുഗതർ പോലെയുള്ള ബന്ധങ്ങളുടെ ആധുനിക പതിപ്പുകൾ സമൂഹത്തിന് പല ദൂഷ്യഫലങ്ങളുമുണ്ടാക്കുമ്പോൾ വ്യഭിചാരം പോലെയുള്ള നീചകൃത്യങ്ങളെ ചെറുക്കാൻ ഇസ്ലാം ഒരു പുരുഷന് നാല് ഭാര്യമാരെ അനുവദിച്ചിരിക്കുന്നു . വിശുദ്ധ ഖുർആനിലെ 4ാം അദ്ധ്യായം 3ാമത്തെ സൂക്തമായ وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا എന്നതിനെ ആധികാരികമായി സമർത്ഥിക്കേണ്ട സാഹചര്യമാണിന്ന്.

            ഈ ഒരു സൂക്തം ഇറങ്ങാനിടയായ  പശ്ചാത്തലം           ജാഹിലിയ്യ കാലഘട്ടത്തിൽ സമ്പത്തും ഭംഗിയും ഒത്തിണങ്ങിയ യത്തീമായ പെൺകുട്ടികളെ കണ്ടാൽ അവ ഉപയോഗിക്കുന്നതിന് വേണ്ടി അവരെ വിവാഹം ചെയ്തിരുന്നു. പിന്നീട് യത്തീമുകളുടെ ധനം അനർഹമായി ഉടമപ്പെടുത്തുന്നതിനെ നിഷേധിച്ച് കൊണ്ടുള്ള ഖുർആനിക സൂക്തം ഇറങ്ങിയപ്പോൾ അവർ ഭയപ്പാടിലായ സന്ദർഭത്തിലാണ് ഈ സൂക്തം ഇറങ്ങിയതെന്ന് ഒരു കൂട്ടം പണ്ഡിതർ അഭിപ്രായപ്പെടുന്നു. മറ്റൊരു അഭിപ്രായത്തിൽ അന്ന് ജാഹിലിയ്യക്കാരായ പുരുഷന്മാർക്കു കീഴിൽ 10 ഉം 8 ഉം വരുന്ന സ്ത്രീകൾ ഭാര്യമാരായി ഉണ്ടായിരുന്നെന്നും അവർക്കിടയിൽ നീതി പുലർത്തിയില്ലായിരുന്നു എന്നും കാണാം. ഈ ഒരു സന്ദർഭത്തിൽ യത്തീമുകളുടെ ധനം അവഹേളിക്കുന്നതിനെ വിരോധിച്ചു കൊണ്ടുള്ള സൂക്തമിറങ്ങിയപ്പോൾ അവർ യത്തീമുകളുടെ കാര്യത്തിൽ ഭയപ്പാടിലായി. ആ  സമയത്ത് അല്ലാഹു അവർക്ക് വിശദീകരിച്ചു കൊടുത്തതാകുന്നു യത്തീമുകൾക്കിടയിൽ നീതി കാണിക്കാതിരിക്കലിനെ നിങ്ങൾ ഭയപ്പെട്ടത് പോലെ ഭാര്യമാർക്കിടയിലും നീതി കാണിക്കാതിരിക്കലിനെ നിങ്ങൾ ഭയപ്പെടുക എന്നത് .

            വ്യത്യസ്തമായ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ ഈ സൂക്തത്തിൻ്റെ വിശദീകരണം ഇപ്രകാരമാകുന്നു ; അനാഥർക്കിടയിൽ നീതി പാലിക്കാതിരിക്കലിനെ ഭയപ്പെടുകയാണെങ്കിൽ അനാഥരല്ലാത്ത സ്ത്രീകളെ നിങ്ങൾ വിവാഹം ചെയ്യുക. രണ്ട് ഭാര്യമാരെയും മൂന്ന് ഭാര്യമാരെയും നാല് ഭാര്യമാരെയും നിങ്ങൾക്ക് വിവാഹം ചെയ്യാം . നാലിനേക്കാൾ വർധിപ്പിക്കാൻ പാടില്ല എന്ന് ഇതിലൂടെ ലക്ഷീകരിക്കപ്പടുന്നു. അവർക്കിടയിൽ നീതി പാലിക്കുന്നതിനെ ഭയന്നാൽ ഒരു സ്ത്രീയെ മാത്രം വിവാഹം ചെയ്യുക. ഒരു ഭാര്യയോടും നീതി പുലർത്താതിരിക്കലിനെ ഭയന്നാൽ അടിമപ്പെണ്ണിനെ വിവാഹം ചെയ്യുക. ഇതിനു പിന്നിലെ വിവക്ഷ അടിമപ്പെണ്ണിൻ്റെ മേൽ മതിയാവുന്ന ചിലവ് കൊടുത്താൽ മതി. കൊടുത്തില്ലെങ്കിൽ കടമായി ശേഷിക്കുകയുമില്ല . മറിച്ച് ഭാര്യയാകുമ്പോൾ ഭർത്താവിന് അവൻ്റെ അവസ്ഥയനുസരിച്ച് കടമകളുണ്ട്. കൊടുത്തില്ലെങ്കിൽ കടമായി ശേഷിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ബാധ്യതകളൊന്നുമില്ലാത്തതിനാലാണ് അടിമപ്പെണ്ണിലേക്ക് ചുരുക്കുന്നത്. ഇപ്രകാരം ചെയ്യുന്നത് അനീതി കാണിക്കാതിരിക്കലിനോട് ഏറ്റവും അടുത്തതാകുന്നു.          

              ഈ ഒരു സൂക്തത്തിലെ ചില ഭാഗങ്ങളെ വ്യത്യസ്തമായ തഫ്സീറുകളിൽ വിഭിന്നമായ രൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  തഫ്സീർ അബി സ്സഊദ്  എന്ന  ഗ്രന്ഥത്തിൽ  മഹാനായ അബൂ ജഅ്ഫർ എന്നവർ ഇതിനെകുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട് . ഇതിന് ഉദാഹരണമാണ്  ما طاب لكم   എന്ന ഭാഗത്ത്  നിങ്ങൾക്ക് മനസ്സ് കൊണ്ട് ത്യപ്തിപ്പെടുന്ന അല്ലെങ്കിൽ വഴിപ്പെടുന്നത് എന്ന് ചില തഫ്സീറുകളിൽ വ്യാഖാനിക്കപ്പെടുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് വിവാഹ ബന്ധം ഹറാമാവാത്ത ഹലാലായ സ്ത്രീകൾ എന്ന് തഫ്സീർ അബിസ്സഊദിൽ  കാണാം. ഇവിടെ      

من 

    ൻ്റെ അർത്ഥത്തിൽ  ما

ഉപയോഗിച്ച തിൻ്റെ വിവക്ഷ പുരുഷന്മാരേക്കാളും ബുദ്ധി ചുരുങ്ങിയവരായാണ് സ്ത്രീകളെന്നത് കൊണ്ടാണെന്നും    അവളുടെ വിശേഷണങ്ങളെയാണ്  ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്നും വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം.

                 ഇസ്‌ലാമിലേതു പോലെ മറ്റു മതങ്ങളിലും ബഹുഭാര്യത്വം നിലനിൽക്കുന്നുണ്ട്. ഇതര മത ഗ്രന്ഥങ്ങളിലൊക്കെയും ഇഷ്ടമുള്ളത്രയും വിവാഹം കഴിക്കാം. 1954 ൽ   ഹിന്ദു സ്പെഷ്യൽ മാര്യേജ് ആക്ട് ഇന്ത്യൻ ഭരണകൂടം പുറപ്പെടുവിച്ചു എങ്കിലും കണക്കുകൾ പരിശോധിച്ചു നോക്കുമ്പോൾ ഇസ്ലാമിനെക്കാളും കൂടുതൽ ഹിന്ദു വിഭാഗത്തിലാണ് ബഹുഭാര്യത്വം നിലനിൽക്കുന്നത്.   

                     യുക്തിപരമായി ഈ സൂക്തത്തെ വിശകലനം ചെയ്യുമ്പോൾ ആൺകുട്ടികളേക്കാൾ പെൺകുട്ടികൾ കൂടുതലുള്ള രാജ്യങ്ങളാണ് ലോകരാജ്യങ്ങളിൽ കൂടുതലും. ഇവിടങ്ങളിൽ ഒരു പുരുഷന് ഒരു സ്ത്രീ എന്ന് കണക്കാക്കിയാൽ ജീവിത പങ്കാളികളെ കിട്ടാത്ത നിരവധി സ്ത്രീകളുണ്ടാകും. ഇവിടെ ബഹുഭാര്യത്വം  അനിവാര്യമായി മാറുന്നു എന്നതാണ് വാസ്തവം.

                 വിശുദ്ധ ഖുർആനിലെ ആഴമേറിയ പഠനങ്ങളെ വിലക്കെടുക്കാതെ ബാഹ്യ തലങ്ങളിലൂടെ മാത്രം ഇസ്ലാമിനെ വിരൂപമാക്കിക്കാണരുത്.


Minha Fathima

WMO Wafiyya College, Wayanad