മാനവന്ന് മൂല്യം കല്പിച്ച പ്രവാചകർ (സ്വ)
ഒരു പെണ്‍കുട്ടി ജനിച്ചിട്ടുണ്ടെന്ന അനുമോദന വാര്‍ത്ത അറിയിച്ചാല്‍ ദുഃഖത്തില്‍ ആണ്ടവനായി മുഖം കറുത്തുപോകുന്ന കാലമായിരുന്നു. തനിക്കുലഭിച്ച അനുമോദന വാര്ത്തയാലുണ്ടായ അപമാന നിമിത്തം ജനങ്ങളില്‍ നിന്നു അവന് ഒഴിഞ്ഞുമാറി മറഞ്ഞിരിക്കും. അവൻ സ്വയം പഴിച്ച് കൊണ്ട് മൊഴിയും :അപമാനം സഹിച്ചുകൊണ്ട് ആ പെണ്‍കുഞ്ഞിനെ വെച്ചുകൊണ്ടിരിക്കണമോ അതല്ല അതിനെ മണ്ണില്‍ പൂഴ്ത്തണമോ? അറിയുക, അവരുടെ വിധി വളരെ പിഴച്ചതുതന്നെ. (സൂറതുന്നഹല്-58,59)
അന്ത്യ പ്രവാചകരുടെ നിയോഗ പശ്ചാതലത്തിലുണ്ടായ അവസ്ഥയെ വിവരിക്കുന്ന ഖുർആനിക വചനങ്ങളാണിവ . ഒരു പെൺ കുഞ്ഞെന്നത് അപമാനവും, സ്ത്രീ കാമ പൂർത്തികരണത്തിനുള്ള ഒരു ഉപകരണവും മാത്രമായി കാണുകയും,സ്ത്രീക്ക് നിലയും വിലയും കൽപ്പിക്കാത്ത കാലം,അഭിമാനവും അന്തസ്സും കളങ്കം തട്ടാതിരിക്കാൻ കുഞ്ഞോമനമുഖത്ത് നോക്കി മണ്ണിടുന്ന പിതൃത്വം . ലൈംഗിക അരാചകത്വവും അരക്ഷിതാവസ്ഥയും കൊടികുത്തി വാഴുന്ന അന്ധകാരത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്ന ഒരു ജനതയെ ,എന്നല്ല,ലോകത്തെ തന്നെ മാനവ മൂല്യങ്ങൾ നൽകി സ്ത്രീയും പുരുഷനും മനുഷ്യരാണ് എന്ന ഉത്തമ പാഠം നൽകിയ പ്രവാചകർ (സ്വ)തങ്ങൾ.
മാനവിക മൂല്യങ്ങൾക്ക് മങ്ങലേറ്റുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിൽ , സ്ത്രീപക്ഷമെന്ന് നടിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന ലിബറൽ ചിന്താധാരകളിലെ സ്ത്രീ സ്വാതന്ത്ര്യത്തെ പൊളിച്ചെഴുതുന്നതാണ് പ്രവാചകാധ്യാപനങ്ങൾ .
വർഗ വംശ വെറികളും കൊലകളും സ്വാഭാവികമായും നടന്നുകൊണ്ടിരിക്കുന്ന കാലത്തെ അതിജീവിച്ച് പരസ്പരം സഹോദര തുല്യം സ്നേഹിക്കാനും ചേർത്തു പിടിക്കാനും ആദരിക്കാനും അംഗീകരിക്കാനും ഉൾക്കൊള്ളാനുമുള്ള വിശാല മനസ്കരായ അനുയായികളെ വാർത്തെടുത്തു.ഒരിക്കൽ നബി തിരുമേനി (സ്വ) അബൂ ഹുറൈറ (റ) വിനോട് പറഞ്ഞു : ഓ അബൂ ഹുറൈറ , താങ്കൾ കറി പാകം ചെയ്യുകയാണെങ്കിൽ അതിൽ വെള്ളം അധികരിപ്പിച്ച് അയൽവാസികളെ കൂടെ നിങ്ങൾ പരിഗണിക്കുക !
യുദ്ധ വേളയിൽ പോലും മനുഷ്യത്വം മുറുകെ പിടിക്കണമെന്നായിരുന്നു പ്രവചകാധ്യാപനങ്ങൾ. ആയിരത്തി നാനൂറ് വർഷങ്ങൾ പിന്നിട്ടിട്ടും ലോകത്ത് ആ പാഠങ്ങൾ ഇന്നും മായാതെ നിലനിൽക്കുന്നത് ആ അധ്യാപനം എത്ര ഹൃദ്യമായിരുന്നു എന്നതിന് തെളിവാണ്.
FATHIMA LABEEBA V P
CMMO MADAVOOR

1 Comments
🤍
ReplyDelete