ഔറംഗസീബ് : ദ മാൻ ആൻഡ് ദ മിത്ത് - ചരിത്ര ലേബലുകൾക്കുമപ്പുറം



കപട രാഷ്ട്രീയവും ഇസ്ലാം മതവിരുദ്ധതയും  കെട്ടിച്ചമക്കലുകളും നിർഗളിക്കുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ, മതതീവ്രവാദം തലയ്ക്ക് പിടിച്ച മത മൗലികവാദി എന്ന് മുദ്രകുത്തപെട്ട മുഗൾ ചക്രവർത്തിയായ ഔറംഗസീബിൻ്റെ ജീവ ചരിത്രത്തിലെ മിഥ്യാ ധാരണകളെ പൊളിച്ചെഴുതകയാണ് ' _ഔറംഗസീബ് ദ മാൻ ആൻഡ് ദി മിത്ത് '_ എന്ന പുസ്തകത്തിൽ  അമേരിക്കൻ ചരിത്ര പണ്ഡിതയായ ഔഡ്രി ട്രെഷ്കി.തീക്ഷ്ണമായ ഹാസ്യത്തിനു പിന്നിൽ സങ്കീർണ്ണവും ബഹുമുഖവുമായ ഒരു വ്യക്തിയെ വെളിപ്പെടുത്തുകയും സൂക്ഷ്മമായ ഗവേഷണത്തിലൂടെയും സമതുലിതമായ സമീപനത്തിലൂടെയും ട്രഷ്‌കി ഔറംഗസീബിൻ്റെ പൈതൃകത്തെ മറച്ചുവെച്ച കെട്ടുകഥകളും പക്ഷപാതങ്ങളും തുറന്നു കാട്ടുന്നു.


മുഗൾ ചക്രവർത്തിമാരിൽ "മതഭ്രാന്തൻ" എന്ന പേരിൽ പഴിചാർത്തപ്പെട്ട ഔറംഗസീബിനെ ഒരു മഹാമനീഷിയായി വെള്ളപൂശുകയോ അല്ലെങ്കിൽ വിശുദ്ധനാക്കുകയോ ചെയ്യുന്നതിന് പകരം, അദ്ദേഹത്തിന് നേരെ എറിയുന്ന ഹേത്വാഭാസങ്ങളെ പൊളിച്ചെഴുതുകയാണ് ഔഡ്രി ട്രഷ്കി ചെയ്യുന്നത്.

അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള നിരത്തുകളും കെട്ടിടങ്ങളും ഓരോന്നായി പുനർനാമകരണം ചെയ്യപ്പെടുകയും പൊളിച്ചുനീക്കുകയും ചെയ്യുന്ന മതവിരുദ്ധ വിഷം കലർന്ന ഈ ചുറ്റുപാടിൽ, ഔറംഗസീബിനെതിരെയുള്ള വിമർശനങ്ങളുടെ അതിശയോക്തിയെ തീർത്തും വിമർശിക്കുകയാണ് എഴുത്തുകാരി.


നിരവധി പള്ളികൾ നിർമ്മിക്കുകയും മുസ്ലിം ചിന്താധാരയെ ഇന്ത്യയിലുടനീളം വളർത്തിയെടുക്കാൻ ശ്രമിക്കുകയും, ഒരുപാട് ഹിന്ദു ക്ഷേത്രങ്ങളുടെ ധ്വംസനത്തിന് കൂട്ട് നിന്നുവെന്നും പറയുമ്പോൾ, ഇതൊന്നും അദ്ദേഹത്തിന്റെ നേരിട്ടുള്ള കൽപ്പനയല്ലെന്ന വസ്തുത നാം മനസിലാക്കേണ്ടതുണ്ട്.

ഹിന്ദു മത വിദ്വേഷിയും കൊലപാതകിയും മതഭ്രാന്തനും എന്ന കഥാഗതിയെ പലരും മുൻധാരണയായ് വെക്കുമ്പോൾ,നീതിമാനും യോഗ്യനുമായ ഇന്ത്യൻ രാജവാകാൻ ശ്രമിച്ച ഒരു മനുഷ്യൻ എന്ന നിലയിൽ ഔറംഗസീബിന്റെ അപരിചിതമായ ഒരു വശം ഇതിൽ നിന്ന് തിരിച്ചറിയുന്നു.


കൊളോണിയൽ, ദേശീയവാദ ചരിത്രരചനയെ കുറിച്ചുള്ള ഗ്രന്ഥകർത്താവിൻ്റെ വിമർശനം പ്രത്യേകിച്ചും ഉൾക്കാഴ്ചയുള്ളതും, രാഷ്ട്രീയ അജണ്ടകൾക്കായി ഔറംഗസീബിൻ്റെ പ്രശസ്തി എങ്ങനെ വളച്ചൊടിക്കപ്പെട്ടുവെന്നും തുറന്നുകാട്ടുന്നു. പേർഷ്യൻ, ഉറുദു ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകൾ പരിശോധിച്ചുകൊണ്ട്, ട്രഷ്കി അവരുടെ കൂടുതൽ കൃത്യമായ ചിത്രം പുനർനിർമ്മിക്കുന്നു.


ചരിത്രം പലപ്പോഴും ആത്മനിഷ്ഠവും സന്ദർഭാശ്രിതവുമാണെന്ന് കാലോചിതമായി ഓർമ്മപ്പെടുത്തുന്ന ട്രഷ്കിയുടെ ഈ കൃതി, ഔറംഗസീബിനെക്കുറിച്ചുള്ള സൂക്ഷ്മമായ വിശകലനത്തിലൂടെ, അനുമാനങ്ങളെ ചോദ്യം ചെയ്യാനും മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർത്തികൾ പരിശോധിക്കാനും അവ പരിഗണിക്കാനും വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു.



MARIYAMBI KC

WADEEMA COLLEGE, Talipparamba