ഉഖ്ബതുബിനു ആമിർ റ :  ഒരു ത്യാഗത്തിൻ്റെ കഥ



പരമദരിദ്രനായിരുന്ന ഒരു സ്വഹാബി ആയിരുന്നു ഉഖ്ബത്ത് (റ).മദീനയുടെ പരിസരങ്ങളിലെ മേച്ചിൽ പറമ്പുകളിൽ ഒരു ചെറിയ പറ്റം ആടുകളുടെ പിന്നിൽ കാലം കഴിച്ചിരുന്ന ഒരാട്ടിടയൻ.


ബിലാൽ (റ)യെ പോലെ!

സൽമാൻ (റ)യെ പോലെ!

അമ്മാർ(റ)യെ പോലെ!


മണലാരുണ്യത്തിലെ കോടാനുകോടി മണൽ തരികളിലൊന്നു പോലെ, അപ്രശസ്ത‌മായി, അപ്രസക്തമായിത്തീരേണ്ടി വന്ന ഒരു പാവം ആട്ടിടയൻ. പക്ഷെ ഇസ്ലാമിലേക്കുള്ള കടന്നു വരവിലൂടെ അവരെ ലോകം അംഗീകരിക്കാനും അറിയാനും തുടങ്ങി.


നബി (സ) മദീനയിലെത്തിയപ്പോൾ ഉഖ്ബത്ത് (റ) അവിടെയുണ്ടായിരുന്നില്ല. മദീനാ നിവാസികളുടെ ആഹ്ലാദാവേശത്തിൽ പങ്കെടുക്കാൻ അദ്ദേഹം സന്നിഹിതനായിരുന്നില്ല. തൻ്റെ ആട്ടിൻപറ്റവുമായി മേച്ചിൽപറമ്പ് തേടിപ്പോയ തായിരുന്നു.എങ്കിലും ആ 'പൂർണ്ണചന്ദ്രൻ്റെ' ആഗമനം ഉഖ്‌ബത്ത് (റ) അറിയാതിരുന്നില്ല. ഒരിക്കൽ അദ്ദേഹം നബി (സ)യുടെ തിരുമുമ്പിൽ ആഗതനായി ഇങ്ങനെ പറഞ്ഞു: "നബിയേ, എനിക്ക് 'സാക്ഷ്യ വചനം" ചൊല്ലിത്തരൂ!"....അങ്ങനെ ഉഖ്ബത്ത് (റ) ഇസ്‌ലാമിലെ ഒരംഗമായിത്തീർന്നു.


ഉപജീവനാർത്ഥം പട്ടണം വിട്ടുകഴിയുന്നവരെല്ലാം കൂടെകൂടെ നബി (സ)യുടെ സന്നിധിയിൽ ഒത്തുകൂടുക പതിവായിരുന്നു.തന്റെ കൂട്ടുകാരായ സുഹൃത്തുക്കളെല്ലാവരും ഊഴമെടുത്ത് അങ്ങനെ ചെയ്യുക പതിവായിരുന്നു. നബി (സ)യിൽ നിന്ന് കിട്ടിയ വിജ്‌ഞാനം അവർ പങ്കിടുകയും ചെയ്യും. ഉഖ്‌ബത്ത് (റ)ക്ക് അത് മതിയാകാതെവന്നു. തൻ്റെ ആടുകളെ കയ്യൊഴിച്ചു നബി (സ)യുടെ സദസ്സിലെ സ്ഥിരം പങ്കാളിയായിത്തീർന്നു അദ്ദേഹം. അങ്ങനെ നബി (സ)യുടെ സന്തതസഹചാരിയായിത്തീർന്നു.യാത്രയിൽ നബി (സ)യെ അനുഗമിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.


നബി (സ) കഴുതപ്പുറത്താണെങ്കിൽ കയർ പിടിച്ചു മുമ്പിൽ നടക്കും. ചിലപ്പോൾ നബി (സ)യുടെ പിന്നിൽ വാഹനപ്പുറത്തിരിക്കും, നബി (സ) അദ്ദഹത്തെ വാഹനപ്പുറത്ത് കയറ്റി താഴെ നടക്കും!.....ഇതുകാരണം "റദീഫുന്നബിയ്യ്" (നബി (സ)യുടെ യാത്രയിലെ കൂട്ടുകാരൻ) എന്ന് അദ്ദേഹത്തെ വിളിക്കപ്പെടാറുണ്ടായിരുന്നു.


ഉഖ്ബത്ത് (റ) പറയുകയാണ്...


"ഞാൻ ഒരിക്കൽ നബി (സ)യോടൊപ്പം മദീനയിലൂടെ സഞ്ചരിക്കുകയായിരുന്നു. നബി (സ)യുടെ കഴുതയുടെ മൂക്കുകയർ പിടിച്ചു നടക്കുകയായിരുന്നു ഞാൻ. നബി (സ) പറഞ്ഞു: ഉഖ്ബത്ത്, ഇനി അൽപ്പം വാഹനപ്പുറത്തിരിക്കൂ, ഞാൻ നടക്കാം.നബി (സ)യുടെ ആജ്ഞ എങ്ങനെ സ്വീകരിക്കാതിരിക്കും, എങ്ങനെ സ്വീകരിക്കും!

ഞാൻ അൽപമൊന്നു മടിച്ചു നിന്നു. പിന്നീട് ഞാൻ സന്നദ്ധത പ്രകടിപ്പിച്ചു. നബി (സ) വാഹനപ്പുറത്ത് നിന്ന് ഇറങ്ങി. ഞാൻ കയറി. അങ്ങനെ യാത്ര തുടർന്നു. ഞാൻ കഴുതപ്പുറത്തും, നബി (സ) കാൽനടയായും!

പക്ഷേ അത് ദീർഘിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ താഴെ ഇറങ്ങി."


ഉഖ്ബത്ത് (റ) അഗാധ പണ്ഡിതനായിരുന്നു.

പരിശുദ്ധ ഖുർആനിലും ഹദീസിലും കർമ്മശാസ്ത്രത്തിലും അനന്തരവകാശ നിയമത്തിലുമെല്ലാം അദ്ദേഹത്തിൻ്റെ കഴിവ് അനുപമമായിരുന്നു.

ശ്രവണ സുന്ദരമായ അദ്ദേഹത്തിൻ്റെ പരിശുദ്ധ ഖുർആൻ പാരായണം സ്വഹാബികൾ വളരെ ഇഷ്‌ടപ്പെട്ടു. അവർ അതിന്റെ ഭക്തിലഹരിയിൽ മുഴുകി പൊട്ടിക്കരയുമായിരുന്നു.

ഉമർ (റ) അദ്ദേഹത്തോട് പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുവാൻ ആവശ്യപ്പെടുമായിരുന്നു. അദ്ദേഹം പാരായണം ചെയ്യും. ഉമർ (റ) തലതാഴ്ത്തിപ്പിടിച്ച് അത് കേൾക്കും, പൊട്ടിക്കരയും, താടിയിലൂടെ ഉതിരുന്ന കണ്ണീർ തുള്ളികൾ അദ്ദേഹത്തിന്റെ നെഞ്ചിലെ വസ്ത്രം പോലും നനച്ചു കളയും!


കഴിവുറ്റ ഒരു വില്ലാളിയായിരുന്നു അദ്ദേഹം.

ബദർ, ഉഹ്ദ്, ഖൻദഖ് അടക്കമുള്ള എല്ലാ യുദ്ധങ്ങളിലും അദ്ദേഹം നബി (സ)യോടൊപ്പം പങ്കെടുത്തു.

അബൂഉബൈദ (റ)യുടെ നേതൃത്വത്തിൽ നടന്ന 'ദമസ്‌കസ്' വിമോചനത്തിൽ ഉഖ്ബത്ത് (റ)യുടെ പങ്ക് നിസ്‌തുലമായിരുന്നു.

ദമസ്കസ് വിജയത്തിൻ്റെ സന്തോഷ വാർത്തയുമായി മദീനയിലായിരുന്ന ഖലീഫ ഉമർ (റ)യുടെ സമീപത്തേക്ക് പുറപ്പെട്ടത് ഉഖ്ബത്ത് (റ) ആയിരുന്നു. എട്ടു ദിവസവും രാവും പകലും നിരന്തരം യാത്ര ചെയ്‌തുകൊണ്ടാണ ത്രെ അദ്ദേഹം മദീനയിലെത്തിയത്.


ഈജിപ്തിന്റെ മോചനത്തിലും ഉഖ്‌ബത്ത് (റ)ൻ്റെ പങ്ക് വളരെ വലുതായിരുന്നു.

മുആവിയ (റ) അദ്ദേഹത്തെ ഈജിപ്‌തിലെ ഗവർണറായി നിശ്ചയിക്കുകയുണ്ടായി. മൂന്ന് വർഷം അദ്ദേഹം അത് ഭംഗിയായി നിർവഹിച്ചു.

ഈജിപ്തിൽ വെച്ചാണ് ഉഖ്ബത്ത്ബ്നു ആമിർ (റ) വഫാത്തായത്.


രോഗബാധിതനായ അദ്ദേഹം തൻ്റെ മക്കളെ ഇങ്ങനെ ഉപദേശിച്ചു:


"നബി (സ)യെ കുറിച്ച് കേൾക്കുന്നത്, വിശ്വാസയോഗ്യമല്ലാത്തത് ഒന്നും സ്വീകരിക്കരുത്.


കഷ്ടപ്പെട്ടാലും കടം വാങ്ങരുത്.


കവിത രചിച്ച് ഹൃദയം പരിശുദ്ധ ഖുർആനിൽ നിന്ന് വ്യതിചലിപ്പിക്കരുത്.


ഈ മൂന്ന് കാര്യങ്ങൾ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. അവ നിങ്ങൾ ജീവിതത്തിൽ പകർത്തുക."


കൈറോ പട്ടണത്തിൻ്റെ അടുത്തുള്ള 'മുഖത്തം' കുന്നിൻമേലാണത്രെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സങ്കേതം....

 

അള്ളാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുമാറാകട്ടെ....... ആമീൻ


Fathimath Ishrath

Hope Valley Women's College