അബുദ്ദർദാഅ്(റ)
ഖുർആനിലെ മുൻനിര അധികാരിയും അധ്യാപകനും എന്ന നിലയിൽ അറിയപ്പെടുന്ന പ്രവാചകൻ മുഹമ്മദ് നബി (സ ) യുടെ സഹയാത്രികനായിരുന്നു അബുദ്ദർദാഅ്(റ ).
അദ്ദേഹം ജനിച്ചത് ഒരു മുസ്ലിമായിട്ടായിരുന്നില്ല. ബദ്ർ യുദ്ധത്തിന് ശേഷം ഇസ്ലാം മതം സ്വീകരിച്ചു. പ്രവാചകൻ (സ) യുടെ പാത പിന്തുടർന്നിരുന്ന ഒരു മഹാനായ വ്യകതിയായിരുന്നു. ഒരിക്കൽ പൊതുവഴിയിലിരുന്ന് വെടിപറയുകയും വഴിപോക്കരെ നോക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു സംഘം ചെറുപ്പക്കാരെ സമീപിച്ച് അബുദ്ദർദാഅ് പറഞ്ഞു: 'കുട്ടികളേ! മുസ്‌ലിമിൻ്റെ രക്ഷാഗേഹം അവന്റെ ഭവനമാണ്. ശരീരവും കണ്ണും അവിടെ ഒതുങ്ങിയിരിക്കണം. അങ്ങാടികളിൽ നിങ്ങൾ ഇരിക്കരുത്. അത് നിങ്ങളെ അലസരും അധമരുമാക്കും. അദ്ദേഹം വീണ്ടും പറഞ്ഞു: " നിങ്ങളിൽ ഒരാൾ പോലും അറിവ് നേടുന്നത് വരെ ഭക്തനാവുകയില്ല " കൂടാതെ ഒരു നേടിയ അറിവ് പ്രയോഗിക്കാതെ അയാൾക്ക് ആസ്വാദിക്കാനും കഴിയുകയില്ല.
ഒരിക്കൽ ഒരാളെ ജനങ്ങൾ വളഞ്ഞ് ശകാരിക്കുന്നതും തല്ലുന്നതും കണ്ട അബുദ്ദർദാഅ് ആൾക്കൂട്ടത്തിൽ ചെന്ന് അന്വേഷിച്ചു:
'എന്താണ് കാര്യം?'
"ഇവൻ ഒരു മഹാ പാതകം ചെയ്തു.'
'കിണറ്റിൽ വീണാൽ ഇവനെ നിങ്ങൾ രക്ഷപ്പെടുത്തുകയില്ലേ?'
“തീർച്ചയായും.'
'ഇവനെ നിങ്ങൾ അടിക്കുകയും ശകാരിക്കുകയുമല്ല വേണ്ടത്. ഗുണ ദോഷിക്കുകയും ബോധവാനാക്കുകയും ചെയ്യുക. അതോടൊപ്പം അത്തരം തെറ്റിൽ പെടാതെ നിങ്ങളെ കാത്തുസൂക്ഷിച്ച അല്ലാഹുവിനെ നിങ്ങൾ സ്തുതിക്കുകയും ചെയ്യുക.'താങ്കൾക്ക് ഇവനോട് രോഷമില്ലേ?'
'ഇവന്റെ ചെയ്തിയോടാണ് എനിക്ക് രോഷം. അത് വർജിച്ചാൽ ഇവൻ എൻ്റെ സഹോദരനായി.'
ഇതു കേട്ട് ആ മനുഷ്യൻ കരയുകയും പരസ്യമായി പശ്ചാത്തപിക്കുകയും ചെയ്‌തു.
മറ്റൊരിക്കൽ ഒരു യുവാവ് അബുദ്ദർദാഇനെ സമീപിച്ച് ഇങ്ങനെ ആവശ്യപ്പെട്ടു: 'പ്രവാചകവര്യൻ്റെ സഹചാരിയായ അങ്ങ് എനിക്കു ഉപദേശം നൽകിയാലും.'
അദ്ദേഹം ഉപദേശിച്ചു: “കുട്ടി! സുഖത്തിൽ നീ അല്ലാഹുവിനെ ഓർക്കുക; എങ്കിൽ ദുഃഖത്തിൽ അവൻ നിന്നെ ഓർക്കും.'
'കുട്ടീ! നീ പണ്ഡിതനോ വിദ്യാർഥിയോ ശ്രോതാവോ ആയിരിക്കണം. ഒരിക്കലും അജ്ഞനാവരുത്. അജ്ഞനായാൽ നീ നശിക്കും.'
'കുട്ടീ! പള്ളി നിൻ്റെ വസതിയായിരിക്കട്ടെ പള്ളികൾ ഭക്തന്മാരുടെ വസതിയാണെന്നു നബിതിരുമേനി പ്രസ്‌താവിച്ചത് ഞാൻ കേട്ടിട്ടുണ്ട്. പള്ളികളെ വസതികളാക്കുന്നവർക്കു സുഖവും മനഃസംതൃപ്‌തിയും കാരുണ്യവും വിജയത്തിലേക്കുള്ള സുഖയാത്രയും അല്ലാഹു ഉറപ്പുനൽകിയിട്ടുണ്ട്.'
അബുദ്ദർദാഇന്റെ ചില സാരോപദേശങ്ങൾ കൂടി കേൾക്കുക:
"ഭക്തന്റെ കടുകുമണിത്തൂക്കം പുണ്യം സുഖലോലുപൻ്റെ പർവതങ്ങ ളോളം വരുന്ന ഇബാദത്തിനെക്കാൾ ഫലപ്രദവും ഭാരം തൂങ്ങുന്നതുമാണ്.'
പണ്ഡിതനാവാതെ നിങ്ങൾക്കു ഭക്തനാവാൻ കഴിയില്ല. പ്രവർത്തിക്കാത്ത അറിവുകൊണ്ട് മഹത്വം കിട്ടുകയില്ല.'
'അന്യരെ ദ്രോഹിക്കുന്നതിനെ ഞാൻ വെറുക്കുന്നു. അല്ലാഹുവിനോട് അല്ലാതെ ആശ്രയം തേടാനില്ലാത്ത നിരാലംബരെ ദ്രോഹിക്കുന്നത് ഞാൻ കൂടുതൽ വെറുക്കുന്നു.'
ജീവിതത്തിൽ ഇത്രയധികം സൂക്ഷ്‌മതയും ആദർശനിഷ്ഠയും പാലിച്ച അബുദ്ദർദാഇന്റെ അന്ത്യരംഗം കൂടി കാണുക. ആസന്നമരണനായ അദ്ദേഹ ത്തോട് സുഹൃത്തുക്കൾ 'താങ്കളെ ദുഃഖിപ്പിക്കുന്ന കാര്യം' എന്താണെന്നു ചോദിച്ചു. 'എന്റെ പാപങ്ങൾ' എന്നായിരുന്നു ഉത്തരം. "താങ്കൾ ആഗ്രഹിക്കുന്ന കാര്യം' എന്താണെന്നു കൂടി അവർ ആരാഞ്ഞു. 'എൻ്റെ നാഥന്റെ മാപ്പ്'-അബുദ്ദർദാഅ് അറിയിച്ചു. അനന്തരം, ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻറസൂലുല്ലാഹ് എന്നു ആവർത്തിച്ച് ചൊല്ലിത്തരാൻ അദ്ദേഹം സന്ദർശകരോട് ആവശ്യപ്പെട്ടു. അങ്ങനെ ആ ഉത്തമ വചനം ഉരുവിട്ടുകൊണ്ട് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
AYISHA HAMNA MK
VMHM MUKKAM

0 Comments