മുഹമ്മദ് ബ്നു മസ്‌ലമ (റ)
തിരുനബി(സ)യുടെ കാവൽഭടനായ മുഹമ്മദ് ബ്നു മസ്‌ലമ(റ) വിടർന്ന മാറിടവും ബലിഷ്ഠ ശരീരവുമുള്ള ആളായിരുന്നു. കാഴ്ച്ചക്കാർക്ക് കൗതുകം പകരാൻ മാത്രമായിരുന്നില്ല അദ്ദേഹത്തിൻ്റെ ശരീരം,മറിച്ച് യുദ്ധമുഖത്തുള്ള പോരാട്ടങ്ങൾ കണ്ടാൽ ഏത് ശത്രുവിന്റെയും മുട്ടുമടക്കും. മദീനയിൽ മതപ്രബോധനത്തിനായി നിയമിച്ച മിസ്അബ് (റ) മുഖേനയാണ് ഇദ്ദേഹം ഇസ്ലാമിലേക്ക് കടന്നു വരുന്നത്. മുഹാജിറുകളിൽ നിന്ന് അബൂ ഉബൈദ(റ)നെ യാണ് ഇദ്ദേഹത്തിന് തിരുനബി (സ) ഏൽപ്പിച്ചുകൊടുത്തത്.
ഈജിപ്തിലെ സമരമുഖത്ത് ഇനിയും സൈനിക സഹായം ആവശ്യമായതിനാൽ അംറ് ബ്നുആസ് (റ)ഖലീഫ ഉമർ (റ )വിനോട് സൈന്യത്തെ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കേവലം നാല് പേരായ മുഹമ്മദ് ബ്നു മസ്‌ലമ(റ), സുബൈറുബ്നു അവ്വാം(റ), മിക്ദാദ് ബ്നുൽഅസദ്(റ), ഇബാദത്ത് ബ്നു സാമിത്ത്(റ) എന്നിവരെയാണ് ഉമർ (റ) അയച്ചുകൊടുത്തത്. മാത്രമല്ല ഉമർ (റ) ഇങ്ങനെ എഴുതുകയും ചെയ്തു:"സൈനികരുടെ അംഗസംഖ്യ കുറഞ്ഞ് പോയതിൽ പരിഭവിക്കേണ്ടതില്ല. മുന്നണിയിൽ ശത്രുക്കൾക്ക് അഭിമുഖമായി ഊരിയ വാളുമായി വിരിഞ്ഞ മാറിടവും ബലിഷ്ഠ ശരീരവുമുള്ള ഇവർ നാലായിരം സൈനികർക്ക് സമമായിരിക്കും".
നബി(സ)യോടൊപ്പം തബൂക്ക് ഒഴികെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. നബി(സ) അദ്ദേഹത്തെ മദീനയിൽ ചില ചുമതലകൾ ഏൽപ്പിച്ചു നിർത്തിയതിനാലാണ് തബൂക്കിൽ സംബന്ധിക്കാൻ കഴിയാതെ വന്നത്.
ബദ്ർ യുദ്ധാനന്തരം വീണ്ടും ഖുറൈശികളെ മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിന് പ്രേരിപ്പിക്കാൻ കഅ്ബ് ബ്നു അശ്റഫ് എന്ന ജൂത നേതാവ് ശ്രമിച്ചു.ഇദ്ദേഹത്തിൻ്റെ ദ്രോഹം കൊണ്ട് മുസ്ലിംകൾ പൊറുതിമുട്ടിയപ്പോൾ നബി(സ) സ്വഹാബത്തിനോട് ചോദിച്ചു "കഅ്ബിൻ്റ ശല്യമൊന്ന് അവസാനിപ്പിക്കാൻ ആർക്കാണ് സാധിക്കുക". ഉടനെ മസ്‌ലമ(റ) പറഞ്ഞു "അങ്ങ് എന്നെ അനുവദിക്കുകയാണെങ്കിൽ ഞാൻ ആ കാര്യം നിർവഹിക്കാം". അപ്പോൾ നബി(സ) അനുവാദം നൽകി. കഅ്ബിൻ്റെ ദ്രോഹത്തിൽ നിന്ന് മുസ്ലിം സമൂഹത്തെ സംരക്ഷിക്കാനായി ഉബാദത്ത് ബ്നു ബശർ(റ), ഹാരിസ് ബ്നു ഔസ് (റ), അബൂ അബ്ബാസ് ബ്നു ജബൽ (റ), അബൂ നാഇല എന്നവരെ അദ്ദേഹം കൂട്ടിന് തിരഞ്ഞെടുത്ത് ഒരു തന്ത്രം പ്രയോഗിച്ചു. അവർ കഅ്ബിന്റെ വീട്ടിലേക്ക് പോയി കഅ്ബിനോട് പറഞ്ഞു:"മുഹമ്മദിനെ (സ)കൊണ്ട് ഞങ്ങൾ വലഞ്ഞിരിക്കുന്നു. എപ്പോഴും ധർമ്മം ചോദിച്ച് വിഷമിപ്പിക്കും. ഞങ്ങൾ ഇപ്പോൾ നിങ്ങളുടെ അടുത്ത് വന്നത് അല്പം ധാന്യം കടം ചോദിക്കാനാണ്".
കഅ്ബ് പറഞ്ഞു:"നിങ്ങൾക്ക് അവനെ മടുക്കുമെന്ന് എനിക്കറിയാം".
അപ്പോൾ മുഹമ്മദ് ബ്നു മസ്‌ലമ പറഞ്ഞു:"എന്തായാലും ഞങ്ങൾ അദ്ദേഹത്തെ പിന്തുടർന്ന സ്ഥിതിക്ക് അദ്ദേഹത്തിൻ്റെ കാര്യം എന്തെങ്കിലുമൊന്ന് ചെയ്യാതെ പിന്മാറാൻ പാടില്ലല്ലോ. താങ്കൾ ധാന്യം കടമായി തന്നാൽ ഉപകാരമായിരുന്നു".
കഅ്ബ് പണയമെന്ന ഉപാധിയോടെ അത് സ്വീകരിച്ചു. അങ്ങനെ ആയുധം പണയം തരാമെന്ന് മസ്‌ലമ(റ) പറഞ്ഞു. രാത്രിയിൽ ആയുധങ്ങളുമായി മടങ്ങിവരാൻ അവർ തീരുമാനിച്ചു. മുഹമ്മദ് ബ്നു മസ്‌ലമ(റ)കൂട്ടുകാരോട് പറഞ്ഞു:"ഞാൻ കഅ്ബുമായി സമീപിക്കുമ്പോൾ അയാളുടെ ശിരസ്സ് പിടിച്ച് ചുംബിക്കും. പിരടി വാളിന് പകരമായി ചാഞ്ഞുനിൽക്കുമ്പോൾ നിങ്ങൾ തല വെട്ടണം. അങ്ങനെ നമുക്ക് അവൻ്റെ കഥ കഴിക്കാം".
അങ്ങനെ അവർ ആയുധവുമായി ചെന്ന് കഅ്ബിനെ പുറത്തേക്ക് വിളിച്ചു. കസ്തൂരി പൂശിയ അയാളുടെ ശിരസ്സിൽ നിന്ന് സുഗന്ധം വമിക്കുന്നുണ്ടായിരുന്നു. മസ്‌ലമ(റ) പറഞ്ഞു:"ഹാ, എന്തൊരു സുഗന്ധം! താങ്കളുടെ ശിരസ്സ് ഞാനൊന്ന് വാസനിക്കട്ടെ, എന്നെ അനുവദിച്ചാലും!".
കഅ്ബ് സമ്മതിച്ചു. മസ്‌ലമ(റ)തല പിടിച്ച് കുനിച്ച് വാളിന് പകരമാക്കി ആംഗ്യം കാണിച്ചു. കൂട്ടുകാരിൽ ഒരാൾ ശിരസ്സ് വെട്ടി താഴെയിട്ടു.കഅ്ബിനെ കൊണ്ടുള്ള ശല്യം അങ്ങനെ ഒഴിവാക്കി. വിവരമറിഞ്ഞ നബി (സ)അദ്ദേഹത്തെ അനുമോദിച്ചു.
ഉസ്മാൻ (റ)ൻ്റെ മരണാനന്തരം കലാപം വ്യാപിച്ചപ്പോൾ മുഹമ്മദ് ബ്നു മസ്‌ലമ(റ) നബി (സ) അദ്ദേഹത്തിന് നൽകിയ വാൾ ഒരു പാറയിൽ അടിച്ചു പൊട്ടിച്ചു. ആ സമയം അദ്ദേഹത്തിൻ്റെ മനസ്സ് പിടയുന്നുണ്ടായിരുന്നു. എന്നാൽ ഈ വാൾ അദ്ദേഹത്തിന് നബി (സ) നൽകുമ്പോൾ ഇങ്ങനെ പറഞ്ഞിരുന്നു:"മുശ്രിക്കുകൾ യുദ്ധത്തിന് മുതിരുമ്പോഴെല്ലാം നീ ഇതുകൊണ്ട് പോരാടുക. മുസ്ലിം സമൂഹം പരസ്പരം യുദ്ധമാരംഭിക്കുന്ന കാലത്ത് ഈ വാൾ പാറയിലടിച്ചു പൊട്ടിച്ച് വീട്ടിലിരിക്കുക".
സിറിയക്കാരായ ചില കലാപകാരികളുടെ കയ്യാൽ മദീനയിലെ സ്വന്തം വീട്ടിൽ വെച്ച് അദ്ദേഹം വധിക്കപെട്ടു.
Meharba
MTM Wafiyya college

0 Comments