അബുസുഫിയാന്റെ പുത്രി:റസൂലിന്റെ പത്നി :മഹതി ഉമ്മുഹബീബ (റ)



 താൻ ജീവിച്ചിരിപ്പുള്ള കാലം തന്റെ അടുത്ത ബന്ധുക്കളാരും നബിയിൽ വിശ്വസിക്കില്ലെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഖുറൈശി പ്രമുഖനായ അബൂസുഫിയാൻ. അത് പ്രഖ്യാപിച്ചു അഭിമാനിയായി കഴിഞ്ഞുകൊണ്ടിരുന്ന അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ടൊരു മതം മാറ്റമുണ്ടായി,

അത് മറ്റാരുമായിരുന്നില്ല, തൻ്റെ പുത്രി റംലയും ഭർത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ശും.

സ്വന്തം മകൾ മതം മാറിയതിലുള്ള മാനക്കേടോർത്ത് അബൂസുഫിയാൻ വിറകൊണ്ടു. പഠിച്ച പണിയൊക്കെ പയറ്റിനോക്കി സ്നേഹത്തോടെയുള്ള ഉപദേശം,ഭീഷണി എല്ലാം നിഷ്ഫലമായി.


ഏത് പീഡനവും സഹിക്കാൻ മാത്രം വിശ്വാസം മക്കളിൽ രൂഢമൂലമായിരുന്നു. ഐഹിക സുഖങ്ങളൊക്കെ റംലക്കു നഷ്ടമായി. പീഡന പരമ്പര അവരെ തേടിയെത്തി. എന്നാൽ,   എല്ലാം അവർ സഹിച്ചു. അതിനു സർവശക്തൻ മഹാസൗഭാഗ്യം തന്നെ പ്രതിഫലം നൽകി. നബി(സ)യുടെ സഹധർമിണീപദം. ഇത്,  ഉമ്മുൽ മുഅ്മിനീൻ റംല(റ)യുടെ കഥ.....റംല എന്ന ഉമ്മുഹബീബ(റ)യുടെ കഥ.....


ഇസ്ലാമാശ്ലേഷിച്ച മകളോട് അബൂസുഫിയാന് വെറുപ്പാണെന്ന് അറിഞ്ഞതോടെ അവരെ ദ്രോഹിക്കാൻ എല്ലാവർക്കും ഉത്സാഹമായി. സഹായഹസ്തങ്ങൾ ഒന്നുമില്ല. അംഗുലീപരിമിത മുസ്ലിംകൾ ഓരോരുത്തരും കഷ്ട‌തകൾ സഹിച്ചുകൊണ്ടിരിക്കുകയാണ്. ആര് ആരെയാണ് സഹായിക്കുക? അപ്പോഴാണ് പലായനത്തിന് നബിയുടെ നിർദേശമുണ്ടായത്.

അങ്ങനെ ഹബ്‌ശയിലേക്കുള്ള ഒരു സംഘത്തിൽ റംലയും യാത്രയായി. കൂടെ ഭർത്താവും പിഞ്ചുകുഞ്ഞ് ഹബീബയും.

ഹബ്‌ശയിൽ വെച്ച് ദ്രോഹിക്കാൻ ശത്രുക്കൾ ശ്രമം നടത്തി നോക്കി. പക്ഷേ, നല്ലവനായ നജ്ജാശി (നേഗസ്) രാജാവിന്റെ മുമ്പിൽ അത് വിലപോയില്ല. സ്വസ്ഥമായി റബ്ബിനെ ആരാധിച്ചു കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞ ദിനങ്ങൾ. പക്ഷേ, അല്ലാഹുവിന്റെ നിശ്ചയങ്ങൾ മുൻകൂട്ടി ആരറിയുന്നു!

കഠിന പരീക്ഷണങ്ങളിലൂടെ ഉമ്മുഹബീബയെ സ്‌ഫുടം ചെയ്തെടുക്കാൻ തന്നെയായിരുന്നു റബ്ബിൻ്റെ തീരുമാനം.ഒരു രാത്രി ഭീകരസ്വപ്നം കണ്ട് റംല ഞെട്ടിയുണർന്നു. ഭർത്താവ് ഉബൈദുല്ല ആഴക്കടലിൽ വീണു മുങ്ങിപ്പൊങ്ങുന്നു. ഘോരാന്ധകാരത്തിൽ കൂറ്റൻ തിരമാലകൾ മേൽക്കുമേൽ.

തന്റെ സ്വ‌പ്നത്തിന്റെ പൊരുൾ എന്തെന്നോർത്ത് അവർക്ക് ഏറെ കാത്തിരിക്കേണ്ടിവന്നില്ല. പിറ്റേന്നു തന്നെ അത് സത്യമായിപ്പുലർന്നു. ഭർത്താവ് ഇസ്ലലാം ഉപേക്ഷിച്ചു ക്രിസ്‌ത്യാനിയായി. പോരാത്തതിന് മദ്യപാനവും തുടങ്ങി. ഏറെ സമയവും അയാൾ മദ്യഷാപ്പിൽ തന്നെ കഴിഞ്ഞുകൂടി. മുസ്‌ലിംകളെ അവഹേളിക്കൽ അദ്ദഹത്തിന്റെ വിനോദമായി മാറി.


ഉമ്മുഹബീബ ദുഃഖത്താൽ നീറി. തൻ്റെ മുമ്പിൽ മൂന്നു വഴികളാണ് കാണുന്നത്. ഒന്നുകിൽ ഭർത്താവിനോടൊപ്പം ക്രിസ്ത്യാനിയാവുക. അല്ലെങ്കിൽ മക്കയിൽ തിരിച്ചുപോയി പിതാവിനോടൊപ്പം വിഗ്രഹാരാധകയായി കഴിയുക. ഇതു രണ്ടും റംലക്കു ആത്മഹത്യാപരമായി തോന്നി. പിന്നീടുള്ള ഏകമാർഗം ആരും സഹായിക്കാനില്ലാതെ, ഏകയായി...


അവർ മൂന്നാമത്തേതു തന്നെ തിരഞ്ഞെടുത്തു. അവൾ പ്രതിജ്ഞയെടുത്തു,  മറ്റൊരു വഴിയിലേക്കും താനില്ല. എത്ര കഷ്‌ട്ടപ്പെട്ടാലും തന്റെ മാംസവും എല്ലുകളും വേർപ്പെടുത്തിയാലും ഈ സത്യവിശ്വാസം താൻ ത്യജിക്കില്ല. തുണയായി അല്ലാഹു മാത്രം മതി.



സർവശക്തന്റെ സൗഭാഗ്യ കവാടം തുറക്കപ്പെടാൻ ഉമ്മുഹബീബക്ക് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ഒരവസരത്തിൽ വാതിലിൽ ആരോ മുട്ടി വിളിച്ചു. വാതിൽ തുറന്ന ഉമ്മു ഹബീബ കണ്ടത് നജ്ജാശി രാജാവിന്റെ പ്രത്യേക സന്ദേശവാഹക അബ്റഹത്തിനെ. താഴ്മയോടെ അഭിവാദ്യം ചെയ്തു അകത്തു കടന്ന അബ്റഹത്ത് ആ സന്തോഷവാർത്ത അറിയിച്ചു.


“രാജാവ് നിങ്ങൾക്ക് അഭിവാദ്യമർപ്പിച്ചിരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ നിങ്ങളെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും രാജാവറിയിച്ചിട്ടുണ്ട്. കാര്യങ്ങളെല്ലാം നടത്താൻ രാജാവിനെ ഏൽപ്പിച്ചുകൊണ്ടുള്ള കത്ത് നബിയിൽ നിന്ന് കിട്ടിയിരിക്കുന്നു. നിങ്ങളുടെ കാര്യങ്ങൾ നടത്താൻ വേണ്ട ഒരാളെ ചുമതലപ്പെടുത്താം."


സന്തോഷാധിക്യത്താൽ ഉമ്മുഹബീബ തരിച്ചു നിന്നു. കാതുകളെ വിശ്വസിക്കാനായില്ല.

തിരുനബിയുടെ പത്നീപദം.

ഒരു സ്ത്രീക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. അവർ റബ്ബിനെ സ്‌തുതിച്ചു.  



അങ്ങനെ നജ്ജാശിയുടെ രാജകൊട്ടാരത്തിൽ,

നബി(സ)യുടെ അസാന്നിധ്യത്തിൽ വിവാഹം നടന്നു. നബി(സ) യുടെ പ്രതിനിധിയായി നജ്ജാശി നാനൂറ് സ്വർണനാണയം മഹ്ർ ഖാലിദിനെ ഏൽപ്പിച്ചു 

പിറ്റേന്ന്,

വിലപിടിപ്പുള്ള സുഗന്ധ വസ്‌തുക്കളുമായെത്തിയ അബ്റഹത്ത് പറഞ്ഞു.


“എനിക്കൊരുകാര്യം പറയാനുണ്ടായിരുന്നു."


“പറഞ്ഞോളൂ."


“ഞാൻ നബി(സ)യിൽ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾ നബിയെ കാണുമ്പോൾ ഇക്കാര്യം അറിയിക്കണം, എൻ്റെ സലാമും... മറക്കരുത്....”

മദീനയിലെത്തി. നബി(സ)യുമായി സന്ധിച്ച ദിവസം തന്നെ ഉമ്മു ഹബീബ(റ)വാക്കു നിറവേറ്റി. നബി(സ)ക്ക് സന്തോഷമായി. അവർക്കുവേണ്ടി പ്രാർത്ഥിച്ചു.


പിതാവ് അബൂസുഫിയാൻ ഒരിക്കൽ മദീനയിലെത്തി. തൻ്റെ അനുയായികളായ മക്കാനിവാസികൾ ലംഘിച്ച ഹുദൈബിയ്യാ കരാർ ഒന്നു പുതുക്കലാണ് ലക്ഷ്യം. അതിന് നബിയെ കാണണം. മുസ്‌ലിംകൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുമ്പോൾ മാനംകാക്കാൻ നല്ലത് ഇങ്ങനെയൊരു കരാർ ഉണ്ടാവുകയാണ്. അത് ലംഘിച്ചത് അബദ്ധമാണെന്ന് ഇപ്പോൾ തോന്നുന്നു.

മകളുടെ വീട്ടിലേക്ക് അബൂസുഫ്‌യാൻ വന്നു. ഈ വരവ് ഇസ്ലാം സ്വീകരിച്ചുകൊണ്ടായിരുന്നുവെങ്കിൽ ഉമ്മുഹബീബ സന്തോഷിക്കുമായിരുന്നു.

പക്ഷേ, ഇപ്പോൾ വിഗ്രഹാരാധകരുടെ പ്രതിനിധിയായാണ് പിതാ വിൻ്റെ വരവ്.

നബി(സ) കിടക്കാറുള്ള വിരിപ്പിൽ അബൂസുഫിയാൻ ഇരിക്കാൻ ഭാവിച്ചതോടെ ഉമ്മുഹബീബ വിരിപ്പ് വലിച്ചെടുത്ത് മടക്കിവച്ചു. ചൂളിപ്പോയ അബൂസുഫ്‌യാൻ ചോദിച്ചു:


“എന്താ മോളേ, ഈ വിരിപ്പ് എനിക്ക് ഇരിക്കാൻ കൊള്ളില്ലെന്നോ. അതോ ഇതിൽ ഇരിക്കാൻ മാത്രം ഞാനില്ലെന്നോ?"


ഉമ്മുഹബീബ തുറന്നു പറയുക തന്നെ ചെയ്തു.


“അല്ലാഹുവിന്റെ റസൂലിൻ്റെ വിരിപ്പാണിത്. മുശ്‌രിക്കായ നിങ്ങൾ ഇതിൽ ഇരിക്കാൻ യോഗ്യനല്ല."


ഉദ്ദേശിച്ചതൊന്നും നടക്കാതെ അബൂസുഫ്‌യാൻ മക്കയിലേക്ക് മടങ്ങി. എങ്കിലും അധികം വൈകാതെ പിതാവിനെ മുസ്‌ലിമായി കാണാനുള്ള ഭാഗ്യം മകൾക്കുണ്ടായി. മക്കം ഫത്ഹിൽ അബൂസുഫിയാൻ ഇസ്‌ലാം ആശ്ലേഷിച്ചു.അന്ന്,  ആരെക്കാളുമധികം സന്തോഷിച്ചത് ഉമ്മുഹബീബ(റ)യായിരുന്നു.


Shahala sherin k

Bafakhy wafiyya college