അബ്ദുള്ളാഹി ബ്നു ഉമ്മി മക്തൂം (റ)
ഖുർആനിൽ ഒരു സൂറത്തിൽ തന്നെ പതിനാറ് സൂക്തങ്ങൾ ഒരു അന്ധന് വേണ്ടി ഇറക്കപ്പെട്ടത് കേട്ടിട്ടുണ്ടോ...അതും നബി (സ്വ) യെ ആക്ഷേപിച്ചുകൊണ്ട്... അതെ, വിശ്വാസികൾ ഇന്നും പാരായണം ചെയ്തുകൊണ്ടിരിക്കുന്ന സൂറത്തുൽ അബസയിലെ ഒന്ന് മുതൽ പതിനാറ് വരെയുള്ള വചനങ്ങൾ അവതരിച്ചത് മക്കയിലെ ഇസ്ലാമിന്റെ ആദ്യ പൊൻകിരണങ്ങൾ തന്നെ ഏറ്റുവാങ്ങിയ ഖുറൈശി ഗോത്രക്കാരനും ഖദീജ ബീവിയുടെ അമ്മാവന്റെ മകനും കൂടിയായ അബ്ദുള്ളാഹി ഇബ്നു ഉമ്മി മക്തൂം (റ) നെ കുറിച്ചാണ്.
ഇസ്ലാമിന്റെ തുടക്കത്തിൽ മക്കയിലെ മർദ്ദനങ്ങളും കൊടിയ പീഡനങ്ങളും അദ്ദേഹത്തെ തളർത്തിയില്ല എന്ന് മാത്രമല്ല, അത് നബി (സ്വ) യോടും അല്ലാഹുവിന്റെ ദിവ്യകലാമിനോടുമുള്ള സ്നേഹം ദിനംപ്രതി വർദ്ധിപ്പിക്കുകയും ചെയ്തു. സഹനവും വിശ്വാസവും അദ്ദേഹം മുറുകെപ്പിടിച്ചുകൊണ്ടേയിരുന്നു. ഖുർആൻ മനഃപാഠമാക്കാനുള്ള അതിരറ്റ ആഗ്രഹം മൂലം ഇബ്നു ഉമ്മി മക്തൂം (റ) നബിയുടെ സന്നിധികളിൽ കയറിയിറങ്ങുന്ന കാലത്താണ് ഖുറൈശി പ്രമുഖന്മാരെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ നബി (സ്വ) അഹോരാത്രം പരിശ്രമിച്ചു കൊണ്ടിരുന്നതും. അതിനിടയിൽ ഒരു ദിവസം ഉത്ബത് ബ്നു റബീഅ, ശൈബത് ബ്നു റബീഅ, അബൂ ജഹൽ, ഉമയ്യത്ത് ബ്നു ഖലഫ്, വലീദ് ബ്നു മുഗീറ എന്നീ പ്രമുഖന്മാർക്ക് നബി (സ്വ) ഇസ്ലാമിനെ പരിചയപ്പെടുത്തുകയായിരുന്നു. തദവസരം ഇബ്നു ഉമ്മി മക്തൂം (റ) പ്രവാചക സന്നിധിയിലേക്ക് കടന്നുവന്നു. ' അല്ലാഹുവിന്റെ ദൂതരേ...അള്ളാഹു അങ്ങയെ പഠിപ്പിച്ച ചിലത് എന്നെ പഠിപ്പിച്ചാലും '...ഖുർആനിൽ നിന്ന് എന്തെങ്കിലും മനഃപാഠമാക്കാൻ കൊതിച്ചു വന്നതാണ്. പക്ഷെ തിരുമേനിയാകട്ടെ തന്റെ മുന്നിലുള്ള പ്രമുഖർ വഴി ഇസ്ലാമിനെ ശക്തിപ്പെടുത്തുന്നതിനെ പറ്റിയാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ നബി (സ്വ) അദ്ദേഹത്തിന് നേരെ മുഖം തിരിച്ചു കളഞ്ഞു. താമസിച്ചില്ല, അല്ലാഹുവിൽ നിന്നുള്ള സന്ദേശമെത്തി. 'കുരുടൻ വന്നതിനാൽ അദ്ദേഹം മുഖം ചുളിക്കുകയും തിരിഞ്ഞു കളയുകയും ചെയ്തു.....' (സൂറത്തുൽ അബസ 1-16). അന്ന് മുതൽ നബി (സ്വ) അദ്ദേഹത്തെ എവിടെ വെച്ചു കണ്ടാലും ആദരിക്കലൊരു പതിവാക്കി.
ബിലാൽ (റ) വിനെപ്പോലെത്തന്നെ മദീനയിലെ നബിയുടെ മറ്റൊരു മുഅദ്ദിൻ കൂടിയായിരുന്നു ഇബ്നു ഉമ്മി മക്തൂം (റ). ബാങ്ക് വിളി ബിലാൽ (റ) വിന്റെയും ഇഖാമത്ത് ഇബ്നു ഉമ്മി മക്തൂം (റ) വിന്റെയും ജോലിയായിരുന്നു. തിരിച്ചുള്ള സന്ദർഭങ്ങളും ചരിത്രങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ബദർ യുദ്ധവേളയിൽ അംഗവൈകല്യമുള്ളവർ യുദ്ധത്തിന് വരേണ്ടതില്ല എന്ന സൂക്തം ഇറങ്ങിയതും അദ്ദേഹത്തിന്റെ പ്രാർത്ഥന മൂലമായിരുന്നു.
പിന്നീട് നബി (സ്വ) യുടെ വഫാത്തിന് ശേഷം ഹിജ്‌റ പതിനാലാം വർഷം ഉമർ (റ) വിന്റെ കാലഘട്ടത്തിൽ പേർഷ്യക്കാർക്കെതിരെ നടന്ന ഖാദിസിയ്യ യുദ്ധത്തിൽ കൊടി പിടിച്ചത് അദ്ദേഹമായിരുന്നു!.
"കൊടി എന്നെ ഏൽപ്പിക്കുക, നിങ്ങൾക്ക് വേണ്ടി ഞാനത് കാത്തുസൂക്ഷിക്കും. ഞാൻ കുരുടനാണ്, എനിക്ക് തോറ്റോടാൻ സാധിക്കുകയില്ല "... എന്നും പറഞ്ഞു അദ്ദേഹം പടക്കളത്തിലേക്കിറങ്ങി. യുദ്ധത്തിൽ ഒരുപാടാളുകൾ ശഹീദായി, അക്കൂട്ടത്തിൽ ഇസ്ലാമിന്റെ കൊടിയും നെഞ്ചിലേറ്റി രക്തത്തിൽ കുളിച്ചൊരന്ധനുമുണ്ടായിരുന്നു....
Shifana
Al Gaith, Valanchery

0 Comments