മുആദ് ബ്നു ജബൽ(റ)
ഇസ്‌ലാമിക ചരിത്രത്തിൽ എപ്പോഴും ധീരതയോടെ ഓർക്കപ്പെടുന്ന അൻസ്വാരി സ്വഹാബിയാണ് മുആദ് ബ്നു ജബൽ(റ).ബനൂ അദിയ്യ് കുടുംബത്തിൽ ജനിച്ച അദ്ദേഹം തന്റെ 18-ആം വയസ്സിൽ ഇസ്ലാം സ്വീകരിച്ചു. 2-ആം അഖബ ഉടമ്പടിയിൽ പങ്കെടുത്ത പ്രമുഖ സ്വഹാബിമാരിൽ മുആദ് (റ) ഉം ഉണ്ടായിരുന്നു.പ്രവാചകൻ (സ്വ) തങ്ങളെ മദീനയിൽ സംരക്ഷിക്കാമെന്ന കരാർ നൽകിയാണ് അദ്ദേഹം മദീനയിലേക്ക് തിരികെ പോകുന്നത്.നബി (സ്വ) യുടെ സന്തത സഹചാരിയായി അനുവർത്തിച്ച ഈ മഹാന്റെ വിളിപ്പേര് "അബൂ അബ്ദുറഹ്മാൻ" എന്നായിരുന്നു.പിതാവ് ജബൽ ഇബ്ൻ അംറും മാതാവ് ഹിന്ദ് ബിൻത് സഹലും ആയിരുന്നു.
ബദർ യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ മുആദ് (റ) ന് 21 വയസ്സായിരുന്നു പ്രായം.നബി (സ്വ) അങ്ങേയറ്റം ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് മുആദ് (റ) എന്നതിന് ധാരാളം ഹദീസുകൾ പിൻബലം നില്‍ക്കുന്നു.ഒരിക്കൽ നബി (സ്വ) തങ്ങൾ മുആദ് (റ) ന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു :"അല്ലാഹു തന്നെയാണ് സത്യം,തീർച്ചയായും ഞാൻ നിങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ ഇഷ്ടപ്പെടുന്നു".തുടർന്ന് പറഞ്ഞു :"ഓ മുആദ്,താങ്കൾക്ക് ഞാൻ ഉപദേശം നല്‍കുന്നു,താങ്കൾ നിസ്കാരങ്ങൾക്ക് ശേഷം ഇങ്ങനെ പ്രാർത്ഥിക്കുക:
اللهم أعني على ذكرك و شكرك وحسن عبادتك "
മുആദ് (റ)ന് തങ്ങൾ (സ്വ) ഒരുപാട് ഉപദേശങ്ങൾ നൽകിയതായി ഹദീസുകളിൽ കാണാൻ കഴിയും.തങ്ങളുടെ (സ്വ) കൂടെ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയും, ആ യാത്രാ വേളകളിലൊക്കെ ഉപദേശം നൽകപ്പെടുകയും ചെയ്തിട്ടുണ്ട്.പണ്ഡിതന്മാരുടെ മുൻ നിരയിൽ നാളെ ഉണ്ടാകുമെന്ന് റസൂൽ (സ്വ) തങ്ങൾ പറഞ്ഞത് മുആദ് (റ) നെ കുറിച്ചാണ്.
ഒരു വ്യക്തി ആയിരിക്കെ ഒരു സമൂഹം ചെയ്യുന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ചതിനാൽ അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ) അദ്ദേഹത്തെ 'ഉമ്മത്ത് ' എന്നാണ് വിശേഷിപ്പിച്ചത്.മുആദ് (റ) ഏറ്റവും നന്നായി ഹലാലും ഹറാമും പഠിച്ചിരുന്നു.ഒരിക്കൽ ഉമർ (റ) പറഞ്ഞു:"ആരെങ്കിലും ഫിഖ്ഹ് ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ മുആദിന്റെ അരികിലേക്ക് വരട്ടെ."
ഒരിക്കൽ ഒരുകൂട്ടം യമനികൾ റസൂൽ (സ്വ) തങ്ങളോട് തങ്ങളുടെ നാട്ടിലേക്ക് മുഅല്ലിമായി ഒരാളെ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു.അവിടുന്ന് (സ്വ) മുആദിനെ തെരഞ്ഞെടുത്തു.യമനിലേക്ക് അയക്കുന്നതിന് മുന്നോടിയായി അവിടുന്ന് മുആദിനോട് പറഞ്ഞു :"മുആദ്! ഇനി നമ്മൾ അല്ലാഹുവിന്റടുക്കൽ വെച്ചായിരിക്കും കണ്ടുമുട്ടുക.താങ്കൾ എന്റെ ഖബറിന്റെ അരികിലൂടെയായിരിക്കും മടങ്ങി വരിക." തങ്ങളുടെ ഈ വാക്കുകള്‍ കേട്ടിട്ടും മുആദ് (റ) നെ മനക്കരുത്തോട് കൂടി യമനിലേക്ക് പോകാൻ പ്രേരിപ്പിച്ചത് പ്രബോധനം ബാധ്യതയാണെന്ന തിരിച്ചറിവായിരുന്നു.
'ഖുർആൻ ഇവരിൽ നിന്ന് നിങ്ങൾ സ്വീകരിക്കൂ' എന്ന് റസൂൽ (സ്വ) പ്രത്യേകം പറഞ്ഞവരിൽ പെട്ടവരായിരുന്നു മുആദ് (റ).ഇസ്‌ലാമിക ലോകത്ത് അനേകം അറിവുകൾ സമ്മാനിച്ച മുആദ് (റ) ഉമർ (റ) ന്റെ ഭരണ കാലത്ത് തൻറെ 34-ആം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു.
Ansiyah VP
MTM Wafiyya College,Olavilam

0 Comments