റയ്യാൻ :സ്വാഇമിന്റെ സ്വപ്നകവാടം..!
മാനവിക ഹൃദയങ്ങളെ തഴുകിത്തലോടി വിശുദ്ധിയുടെ പാഥേയങ്ങളിൽ ധാർമികതയുടെ പ്രതിരോധ കോട്ടകൾ തീർത്തു കൊണ്ടാണ് റജബിൻ്റെയും ശഅ്ബാനിൻ്റെയും അകമ്പടിയോടെ പരിശുദ്ധ റമദാൻ കടന്നുവരുന്നത്. അല്ലാഹുവിലേക്ക് അടുക്കാനും ശാരീരിക-മാനസിക സൗഖ്യങ്ങളെ കരഗതമാക്കാനും ഒരു പവിത്ര കാലം...
"സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു.അതുമൂലം നിങ്ങൾ സൂക്ഷ്മതയുള്ളവരാകാൻ വേണ്ടി" എന്ന അൽബഖറയിലെ 183-സൂക്തവും അതേ സൂറത്തിലെ 185- സൂക്തമായ "ആ മാസത്തെ ആരെങ്കിലും സാക്ഷ്യം വഹിച്ചാൽ അവൻ നോമ്പനുഷ്ഠിക്കട്ടെ" എന്നതും ദ്യോതിപ്പിക്കുന്നത് റമളാൻ വ്രതത്തെയാണ് എന്നത് നിസംശയം സുവ്യക്തമാണ്. റമളാനിൻറെ ആത്മാവാണ് നോമ്പ്. ഒരു മാസം നീണ്ടുനിൽക്കുന്ന ഈ നോമ്പ് തിരുനബി(സ്വ)യുടെ ഉമ്മത്തിൻ്റെ മാത്രം പ്രത്യേകതയാണ്.
സർവ്വവും അല്ലാഹുവിന് സമർപ്പിക്കുന്ന വ്രതാനുഷ്ഠാനത്തിൻ്റെ ചൈതന്യം സുരക്ഷിതമാകാൻ മനസ്സാ വാചാ കർമ്മണാ നിഷിദ്ധങ്ങൾ വർജ്ജിക്കേണ്ടത് പ്രധാനമേറിയ കാര്യമാണ്.ധർമ്മതീരത്തുനിന്ന് അകലാതെ മനുഷ്യന്റെ ആത്മാവിനെ പാപമോചനത്തിൽ പുളകിതമാക്കുമ്പോഴാണ് വിശുദ്ധി പരിപൂർണതയിലെത്തുന്നത്. വിശുദ്ധിയുടെയും പരിപൂർണ്ണ നന്മയുടെയും ലോകം കെട്ടിപ്പടുക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന ആബാലവൃദ്ധം ജനങ്ങളുടെ അടങ്ങാത്ത ആത്മ ദാഹത്തിൻ്റെ ശമനമെന്നോണം അല്ലാഹു സുബ്ഹാനഹു വതആല സംവിധാനിച്ചതത്രേ സുവർഗത്തിലെ എട്ടു കവാടങ്ങളിൽ ഒന്ന്. അതിന്റെ മഹത്തായ നാമമത്രെ റയ്യാൻ.
"സ്വർഗത്തിന് എട്ട് കവാടങ്ങളുണ്ട്. ഒരു കവാടത്തിൻ്റെ പേര് റയ്യാൻ എന്നാകുന്നു.പുനരുദ്ധാന ദിനം അതിലൂടെയാണ് നോമ്പുകാർ പ്രവേശിക്കുക. അതിലൂടെ അവരോടൊപ്പം മറ്റാരും പ്രവേശിക്കുകയില്ല. നോമ്പുകാർ എവിടെയെന്ന് വിളിച്ചു ചോദിക്കുമ്പോൾ അവർ അതിലൂടെ പ്രവേശിക്കുന്നതായിരിക്കും. അവർ മുഴുവനും പ്രവേശിച്ചു കഴിഞ്ഞാൽ ഉടൻ ആ വാതിൽ അടക്കപ്പെടും.പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല" എന്ന ബുഖാരി-മുസ്ലിം റിപ്പോർട്ട് ചെയ്ത സഹൽ (റ) ഉദ്ധരിച്ച ഹദീസു മാത്രം മതി റയ്യാനിൻ്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ. ഒരിക്കൽ അബൂ ഉമാമ (റ) നബി (സ്വ)യോട് ചോദിച്ചുവത്രേ: "തിരുദൂതരേ,സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ എനിക്ക് യോഗ്യത ലഭിക്കുന്ന ഒരു സൽക്കർമ്മത്തെപ്പറ്റി പറഞ്ഞുതന്നാലും".നബി (സ്വ) പ്രതിവചിച്ചു:"നോമ്പെടുക്കുകയാണ് സ്വർഗ്ഗപ്രവേശനത്തിനുതകുന്ന നല്ല പ്രവർത്തി. നോമ്പിനു സമാനമായി മറ്റൊന്നില്ല" (ഇബ്നു ഹിബ്ബാൻ). വ്രതാനുഷ്ഠാനർ സംശയലേശമന്യേ സ്വർഗ്ഗസ്ഥരാണ് എന്നതിനെ ഉയർത്തിക്കാട്ടുന്ന പ്രസ്താവനയാണ് മുകളിലത്തേത്.
ഖുദ്സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നത് നോക്കൂ, "മനുഷ്യൻറെ സൽകർമ്മങ്ങൾക്ക് മഹത്വം ആധാരമാക്കി പത്ത് മുതൽ എഴുന്നൂർ ഇരട്ടി വരെ പ്രതിഫലം ലഭിക്കും.നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നൽകുന്നത്. നോമ്പുകാരൻ ഭക്ഷണവും വെള്ളവും മറ്റ് ഇച്ഛകളും ഉപേക്ഷിക്കുന്നത് എനിക്ക് വേണ്ടിയാണ്". എങ്കിൽ വ്രതാനുരാഗികൾക്കുവേണ്ടി ഒരു സ്വർഗീയാരാമം ഒരുക്കി തയ്യാറാക്കിയതിൽ എന്താണിത്രമാത്രം അത്ഭുതപ്പെടാനിരിക്കുന്നത്?! ഒന്നുംതന്നെയില്ല. മനുഷ്യന്റെ ആരാധനകളിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും പ്രാധാന്യം അറിയിക്കുന്നതുമായ ഇബാദത്ത് നോമ്പാണെന്ന പണ്ഡിത വീക്ഷണത്തിലൂടെ കാഴ്ചപ്പാടിനെ ചലിപ്പിക്കുമ്പോൾ, അള്ളാഹു ഇത്തരമൊരു സമ്മാനം സംവിധാനിച്ചില്ലെങ്കിലാണ് അത്ഭുതം എന്നത് വാസ്തവം തന്നെ.
മനുഷ്യജീവിതം ഹ്രസ്വമാണെങ്കിലും അതു വിജയകരമായെങ്കിലേ അവൻ സൗഭാഗ്യവാനും മോക്ഷം സിദ്ധിച്ചവനും ആയിത്തീരൂ. അതു ലഭിക്കാൻ സൂക്ഷ്മത അഥവാ തഖ് വ അനിവാര്യമാണ്. പ്രസ്തുത തഖ് വ മനുഷ്യനിലുണ്ടാക്കിത്തീർക്കലാണ് നോമ്പിൻറെ ആത്യന്തിക ലക്ഷ്യം എന്ന് നാം മനസ്സിലാക്കിയല്ലോ.ഒരു വിശ്വാസി നോമ്പെടുക്കുന്നത് കൊണ്ട് ലക്ഷ്യമാക്കേണ്ടത് ഭൗതികമായ നേട്ടങ്ങളെയല്ല. ഭൗതികമായ ഒരുപാട് ഗുണങ്ങൾ നോമ്പിനുണ്ടെങ്കിലും വിശ്വാസിക്ക് അവൻറെ പരലോക മോക്ഷമാണ് മുഖ്യലക്ഷ്യം. ഈ മോക്ഷപ്രാപ്തി കൈവരിക്കുന്നതിൻ്റെ ആത്യന്തികോന്നമനമാണ് റയ്യാനെന്ന സ്വർഗ്ഗ പ്രവേശനം.
അല്ലാഹുവിനെ കണ്ണുകൊണ്ട് കാണുക എന്നതാണ് നോമ്പുകാരൻ്റെ പ്രധാനാനുഭവം. സ്വർഗ്ഗത്തിൽ കണ്ടനുഭവിച്ച എല്ലാ അനുഗ്രഹങ്ങളെക്കാളും അവനിഷ്ടപ്പെടുന്നത് ഈ ദർശനമാണ്. ഇതിന്റെ നിർവചനാതീതമായ അനുഭൂതിയാണ് നോമ്പുകാരന് ലഭിക്കുന്നത്.റയ്യാൻ എന്ന ഉദ്യാനകവാടം അവനു മലർക്കെ തുറന്നിട്ടിരിക്കുന്നു. "വാശി കാണിക്കുന്നവർ അതിനു (സ്വർഗ്ഗത്തിന്) വേണ്ടി വാശി കാണിക്കട്ടെ" എന്ന സൂറത്തുൽ മുതഫ്ഫിഫീനിലെ ഇരുപത്തിയാറാം ഖുർആനിക വചനത്തെ മുറുകെ പിടിച്ച്, റമദാനിൻ്റെ സത്യവും സുന്ദരവുമായ വീഥിയിലൂടെ റയ്യാനെന്ന ജന്നത്തിലെത്തിച്ചേരാൻ ഓരോ സത്യവിശ്വാസിയും പ്രയത്നിക്കേണ്ടതും അതുവഴി വിജയിക്കേണ്ടതും അനിവാര്യമാണ്.
"വിശപ്പുകൊണ്ട് പിശാചിന്റെ വഴികൾ നിങ്ങൾ ഞെരുക്കുക" എന്ന നബിവചനം ഏറെ പ്രസിദ്ധമാണ്. ഇവിടെ നിന്നാണ് നോമ്പിലൂടെയുള്ള സത്യവിശ്വാസികളുടെ ആത്മീയ-സ്വർഗ്ഗീയ യാത്ര ആരംഭിക്കുന്നത്. റമളാനിൽ തുടങ്ങുന്ന ഈ ആത്മീയ തീർഥയാത്ര വിരാമം കുറിക്കുന്നത് റയ്യാനെന്ന സ്വർഗീയ കവാടത്തിലാണ് എന്നത് സുനിശ്ചിതം തന്നെ.

2 Comments
Ma shaa allah....
ReplyDeleteറായ്യാനെന്ന കവാടത്തിലൂടെ സഞ്ചരിക്കാനാകട്ടെ...ആമീൻ ❤
آمين آمين يارب العالمين ❤️
Delete