റമദാനിനെ  സുന്ദരമാക്കുന്ന സുന്നത്തുകൾ

________________________

 നവ്യാനുഭൂതികളുടെ ശ്രുതി ലയങ്ങളിൽ ഹൃദയങ്ങൾ നവജീവൻ പ്രാപിച്ചുകൊണ്ട് വിശുദ്ധ റമദാൻ നമ്മിലൂടെ കടന്നുപോവുകയാണ്.ഈ വിശുദ്ധിയുടെ മാസത്തിൽ വിശ്വാസികളുടെ മേൽ നിർബന്ധമാക്കപ്പെട്ട വ്രതത്തിന് പുറമെ അതിൻ്റെ തിളക്കവും തെളിമയും കൂടുതൽ ആസ്വാദ്യകരമാക്കാൻ തിരുസുന്നത്തുകൾ വിശ്വാസികൾ  മുറുകെപിടിച്ചേ സാധിക്കൂ..... 

           

       വിശുദ്ധനബി വചനങ്ങളുടെ വാതായനങ്ങൾ തുറക്കുമ്പോൾ റമളാനിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സുന്നത്തായ് നമുക്ക് അത്താഴത്തെ കാണാം...

"تسحروا فإن في السحور بركة"

"നിങ്ങൾ അത്താഴം കഴിക്കുവിൻ..., അതിൽ വലിയ ബറകത്തുണ്ട്" എന്നാണ് നബി തങ്ങൾ വിശ്വാസിസമൂഹത്തെ പഠിപ്പിക്കുന്നത്. അത്കൊണ്ട് തന്നെ നോമ്പെടുക്കുന്ന വിശ്വാസികൾ നിയ്യത്ത് നന്നാക്കികൊണ്ട്  ആ സുന്നതിനെ ജീവിതത്തിൽ പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായികൊണ്ട് ഒരിക്കലും  അത്താഴത്തിന്റെ സുന്നത്ത് നഷ്ടപ്പെട്ടുപോവരുത്. അത്താഴം കഴിക്കുന്നു എന്ന് കരുതിയാൽ മാത്രമേ സുന്നത്ത് ലഭിക്കൂ.ചെറിയ ഒരു അശ്രദ്ധ കൊണ്ട് വലിയ ഒരു സുന്നത്താണ് നമുക്ക് നഷ്ടമാവുക.

എപ്പോഴാണ് അത്താഴം കഴിക്കാൻ ഉത്തമസമയം? തിരു നബി (സ്വ)അത്താഴം കഴിച്ചു കഴിഞ്ഞാൽ  സാധാരണ രീതിയിലുള്ള 50 ആയത്ത് പാരായണം ചെയ്യാനുള്ള സമയം ബാക്കിയാവുന്ന തരത്തിലാണ് ഉണ്ടാവേണ്ടത് എന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അത്താഴ സമയം പിന്തിച്ച് ബാങ്ക് കൊടുക്കുന്ന സമയത്തോട് ചേർക്കൽ കറാഹത്താണ് എന്നാണ് പണ്ഡിതന്മാർ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും നല്ല അത്താഴം ഒരു  ഈത്തപ്പഴം കൊണ്ട് സുന്നത്തിനെ എടുക്കലാണ്. വെള്ളം കൊണ്ടായാലും ശരി,  അത്താഴം എന്ന സുന്നത്തിനെ നാം റമളാനിൽ പാലിക്കേണ്ടതുണ്ട്.

 അത്താഴസമയത്ത് സുഗന്ധം ഉപയോഗിക്കുക എന്നത് മറ്റൊരു സുന്നത്താണ്. റമദാനിലെ പകലിൽ സുഗന്ധം ഉപയോഗിക്കുക എന്നത് കറാഹത്ത് ആണെങ്കിലും അത്താഴ സമയത്ത് സുന്നത്തായി പണ്ഡിതന്മാർ നമ്മെ പഠിപ്പിക്കുന്നു. വലിയ അശുദ്ധി ഉള്ളവർ സുബഹി ബാങ്കിന് മുമ്പ് കുളിക്കുക, പകൽ കുളിക്കൽ അഥവാ സുബഹിക്ക് ശേഷം കുളിക്കൽ നോമ്പിന് പ്രശ്നം വരുന്നില്ലെങ്കിലും മുമ്പ് കുളിക്കുക എന്നത് സുന്നത്തിൽ പെട്ടതാണ്.

 ഖുർആൻ പാരായണം ചെയ്യുക, സ്വദഖ ചെയ്യുക, നോമ്പ് തുറപ്പിക്കുക പോലുള്ള പരമാവധി സുകൃതങ്ങൾ നോമ്പിന് മാറ്റുകൂട്ടുന്ന സുന്നത്തുകൾ ആയി പണ്ഡിതന്മാർ പറയുന്നു.അതിനാൽ ഇവയൊക്കെ പകർത്തി പരമാവധി നോമ്പിനെ വശ്യമാക്കേണ്ടതാണ്. മുത്ത് നബിയുടെ ഒരു ഹദീസിന്റെ ശകലം നമ്മെ വീണ്ടും ശ്രദ്ധയാലുവാക്കുകയാണ്.ആരെങ്കിലും നോമ്പുകാരനെ നോമ്പുതുറപ്പിച്ചാൽ അവനെ നരകമോചനം നൽകി സ്വർഗ്ഗത്തിൽ അള്ളാഹു പ്രവേശിപ്പിക്കും. കൂടാതെ,  നോമ്പു തുറക്കുമ്പോൾ  വെള്ളം നൽകിയാൽ അവന് ഹൗളുൽ കൗസറിൽ നിന്നും കുടിപ്പിക്കും.

 നോമ്പുകാരൻ പരമാവധി തെറ്റുകളിൽ നിന്നും മാറി നിൽക്കുക അഥവാ കണ്ണ്, നാവ്, കൈ,കാൽ എന്നിവ തെറ്റിൽ നിന്നും മുക്തമാക്കുക, ഇതും റമദാനിലെ സുന്നത്തായി പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. നോമ്പ് തുറക്കുന്ന സമയം ആയെന്ന് ഉറപ്പായാൽ,  വേഗം നോമ്പ് തുറക്കുക. നോമ്പുതുറക്ക് ഏറ്റവും നല്ലത് ഈന്തപ്പഴം ആണ്, രണ്ടാമത്തേത് പഴുത്തു ഉണങ്ങിയ കാരക്കയാണ്, അതുമല്ലെങ്കിൽ വെള്ളമാണ്. നോമ്പുതുറക്ക് ഇവയിലേതെങ്കിലുമൊന്ന് മൂന്നെണ്ണം ആക്കൽ സുന്നത്താണ്. നോമ്പ് തുറന്ന ഉടനെ 

"اللهم لك

 صمت وعلى رزقك أفطرت,ذهب الظمأ وابتلت العروق وثبت الأجر إن شاء الله"

എന്ന് പ്രാർത്ഥിക്കുകയും സുന്നത്ത് ഉള്ളതായി പണ്ഡിതന്മാർ പറയുന്നു.

 റമദാനിൽ പരമാവധി സുന്നത്തായ അമലുകൾ വർദ്ധിപ്പിക്കുക. കാരണം റമളാനിലെ  സുന്നത്തുകൾക്ക് ഒരു ഫർളിന്റെ കൂലിയാണ്. റമദാനിൽ മാത്രം ലഭിക്കുന്ന മറ്റൊരു വലിയ സുന്നത്താണ് തറാവീഹ് നിസ്കാരം. നമുക്കറിയാം തറാവീഹ് നിസ്കാരം നബി തങ്ങളുടെ സമുദായത്തിന് മാത്രമായി അല്ലാഹു കനിഞ്ഞുനൽകിയ സുപ്രധാന സുന്നത്താണ്. നബി (സ്വ)തങ്ങൾ പറയുന്നു:"വിശ്വസിച്ചു പ്രതിഫലം ആഗ്രഹിച്ചു വല്ലവരും തറാവീഹ് നിസ്കരിച്ചാൽ  അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്." തറാവീഹ് ജമാഅത്തായി നിസ്കരിക്കൽ സുന്നത്താണ് എന്ന് തന്നെയാണ് ബഹു ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം.

 തറാവീഹ് സ്ത്രീകൾക്ക് വീട്ടിൽവച്ച് ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം.എന്നാൽ അത്പോലെ 

 റമദാനിൽ മാത്രം കിട്ടുന്ന മറ്റൊരു ശ്രേഷ്ഠമാക്കപ്പെട്ട

 രാവാണ് ലൈലത്തുൽ ഖദർ.മാസത്തിൽ ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ളരാവ്.ആ രാത്രിയിലും ആരാധന കർമങ്ങളിൽ നിർവൃതി പൂണ്ടു പ്രപഞ്ചനാഥനിൽ അലിഞ്ഞു ചേർന്നാൽ വളരെ പ്രതിഫലാർഹം ആണ്. വിശുദ്ധ റമദാനിനെ നല്ലരീതിയിൽ സ്വീകരിക്കാനും   ഇഖ്‌ലാസോടെ ഇബാദത്തുകൾ ചെയ്യാനും റമദാനിലെ സുന്നത്തുകൾ വർദ്ധിപ്പിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ...ആമീൻ.റമദാൻ സൃഷ്ടിച്ച അഭൗമികവും, അനുപമവും അപ്രമേയവുമായ അന്തരീക്ഷം ജീവിതത്തിൽ ഉടനീളം നിലനിർത്തുന്നതിലാണ് യഥാർത്ഥ വിശ്വാസിയുടെ വിജയം.... അതിനുള്ള തയ്യാറെടുപ്പുകൾ ആവട്ടെ തിരുസുന്നത്തുകൾ!!