ബദ്രീങ്ങൾ ആത്മീയ ലോകത്തെ രാജാക്കന്മാർ


_______________________


മനുഷ്യന്റെ ആത്മീയ ബൗദ്ധിക തലങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന നാമധേയരാണ്  ബദ്രീങ്ങൾ. ഇസ്ലാം മതപൂർത്തീകരണത്തിൽ അതിപ്രാധാന്യം അർഹിക്കുന്ന ഒന്നായിരുന്നു ബദ്ർ യുദ്ധം എന്നതാണ്  അവർക്ക്  മറ്റു യോദ്ധാക്കളേക്കാൾ ശ്രേഷ്ഠത ലഭിക്കാനുള്ള കാരണവും. ബദ്രീങ്ങളെ  ഹൃദയത്തോട്  ചേർത്തവർക്ക് ശാരീരിക ആത്മീയ മോചനം ആയി അത് മാറിയെന്നു ബദ്ർ മുതൽ ഇന്നോളമുള്ള  ചരിത്രങ്ങളിൽ നമുക്ക് കാണാം. ആത്മീയ ചക്രവാളങ്ങളിൽ ഏറ്റവും ആദ്യം രചിക്കപ്പെട്ടതും ഏറ്റവും ഉത്തുംഗതിയിൽ വിഹരിക്കുന്നതുമായ നാമങ്ങളാണ് മുന്നൂറ്റി പതിമൂന്ന് ബദരീങ്ങൾ എന്ന് ചുരുക്കം.

                "നിങ്ങൾ ഇഷ്ടം പ്രവർത്തിച്ചു കൊള്ളുക ഞാൻ  നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു "എന്ന് അള്ളാഹു പ്രഖ്യാപിച്ച ജനവിഭാഗങ്ങളാണല്ലോ ഈ ബദ്രീങ്ങൾ. അതികഠിനമായ സാഹചര്യത്തിൽ പോലും ദീനിന്റെ നിലനിൽപ്പിന്നായി എല്ലാം ഉപേക്ഷിച്ച് യുദ്ധം ചെയ്തു എന്നതാണ് ഈ സർവ്വസ്വാതന്ത്ര്യം  അവർക്ക് ലഭിക്കാൻ കാരണമായത് . ബദ്രീങ്ങൾ യുദ്ധം ചെയ്യാൻ പുറപ്പെട്ടപ്പോൾ അവരുടെ വീടിന് മുമ്പിൽ ജൂതന്മാരും കപടവിശ്വാസികളും നൃത്തം ചവിട്ടിയതായും അവരുടെ ഭാര്യമാരോട് ഇനി അവർ തിരിച്ചുവരില്ലാ എന്നും നീ എന്റെ കൂടെ വന്നോളൂ എന്നും വിളിച്ചു പറഞ്ഞതായും ഹദീസുകൾ വ്യക്തമാക്കുന്നു. വെറും മുന്നൂറ്റിപ്പതിമൂന്ന് സൈനിക ബലത്താലും  എഴുപതോളം കുതിരകളാലും എല്ലാം പടച്ച രക്ഷിതാവിന് സമർപ്പിച്ചു യുദ്ധത്തിനിറങ്ങി ആയിരത്തോളം വരുന്ന അവിശ്വാസികളോടും അവരുടെ കുതിരപ്പടയാളികളോടും പോരാടിയി ല്ലായിരുന്നുവെങ്കിൽ ഇസ്ലാമിന്റെ വിജയശ്രീലാളിതയിൽ ബദ്ർ എന്ന ചരിത്രം കൊത്തപ്പെടുമായിരുന്നില്ല.

                 മുഹമ്മദ്‌ മുസ്തഫ  (സ ) തങ്ങൾ ആയിരുന്നല്ലോ  അവരുടെ  നേതാവ്. നബി (സ )തങ്ങൾ ആ പദവിയിൽ അഭിമാനം കൊണ്ടിരുന്നതായി ഹദീസുകളിൽ കാണാം. നബി (സ) തങ്ങൾ പറയുന്നു :ബദ്റിൽ പങ്കെടുത്തത് കൊണ്ട് നിങ്ങൾ എന്നെ സ്നേഹിക്കണം ". ആത്മസംസ്‌കരണത്താൽ സ്ഫുടം ചെയ്ത മനസ്സുകൾക്ക് ഉടമകളായിരുന്നു ബാക്കിയുള്ള നബി (സ )തങ്ങളുടെ  അനുയായികളും. അത് കൊണ്ട് തന്നെ അവരെ സ്നേഹിക്കാൻ നാം കടപ്പെട്ടവരാണ്. മൂന്നു കാര്യങ്ങൾ ഹൃദയത്തിൽ ഉണ്ടായാൽ ഈമാനിന്റെ  രുചി അവൻ അറിഞ്ഞു.നബി (സ )എണ്ണി പറഞ്ഞതിൽ ഒന്ന് അല്ലാഹുവും റസൂലും സ്നേഹിച്ചതിനെ സ്നേഹിക്കുക എന്നതാണ്. ആ സ്നേഹമാണ് ബദ്ർ ബൈത്തിലൂടെയും മജ്ലിസുന്നൂറുകളിലൂടെയും വിശ്വാസിസമൂഹം പ്രകടിപ്പിക്കുന്നതും. മഹാമാരികൾക്കിടയിലും ഭയ വിഹ്വലതകൾക്കിടയിലും പണ്ട് മുതൽക്കേയുള്ള വിശ്വാസി ഹൃദയങ്ങൾ അഭയം തേടിയത് ബദ്രീങ്ങളുടെ തവസ്സുലി ലേക്കായിരുന്നുവെന്ന് ചരിത്രങ്ങൾ പുന:പരിശോധിച്ചാൽ കാണാൻ സാധിക്കും.1942ൽ മലബാർ മേഖലയെ ഒന്നാകെ വിറങ്ങലടിപ്പിച്ച മഹാമാരിയിൽ നിന്നും ജനം രക്ഷതേടിയത് മജ്ലിസുന്നൂറുകളിലൂടെ യായിരുന്നുവെന്ന് ചരിത്രം പറയുന്നു. ബദ്രീങ്ങൾക്ക് നീ  ഗുണം ചെയ്യണമെയെന്നും അവരുടെ മഹത്വം കൊണ്ട് നീ  ഞങ്ങളെ രക്ഷപ്പെടുത്തണമേയെന്നുമുള്ള പ്രാർത്ഥനകൾ നിഷ്കളങ്ക സ്നേഹത്തിന്റെയും കറകളഞ്ഞ വിനയത്തിന്റെയും നിലയ്ക്കാത്ത രൂപങ്ങൾ തന്നെയാണ്.


        ഇസ്ലാമിക പടനീക്കത്തെ  സ്വന്തം സാമ്പത്തിക സുരക്ഷക്കുവേണ്ടി ശത്രുക്കൾക്ക് ഉറ്റി കൊടുത്തതിനാൽ പിടിക്കപ്പെട്ടപ്പോൾ അദ്ദേഹം ബദ്റിന്റെ ആൾ അല്ലയോ എന്ന് ചോദിച്ചു കൊണ്ട് ഒരു സ്വഹാബിയെ  കഴുത്തറുക്കുന്നതിൽ നിന്നും ഉമർ(റ ) വിനെ നബി (സ )തടഞ്ഞു വെച്ചതും ബദ്റിൽ പങ്കെടുത്ത സ്വഹാബത്തിന്റെയും അവരെ സഹായിക്കാനായി ഇറങ്ങിയ മലക്കുകളുടെയും ശ്രേഷ്ഠത വാനോളം ഉയർത്തുന്നു. യുക്തിമാനായ അല്ലാഹുവിന്റെ യുക്തിഭദ്രമായ നീക്കത്തിലെ ഒരു ചുവട് വെപ്പായിരുന്നു സത്യത്തിൽ ബദ്ർ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.


           ബദ്റിൽ തന്റെ കാപട്യം തുറന്നു കാണിച്ച പിശാചിലൂടെ അള്ളാഹു പൈശാചികത്വത്തിന്റെ ദുർമേദസ്സിനെയും കുറഞ്ഞ അംഗബലത്താൽ വന്നു വിജയം നേടിയ സ്വാഹാബത്തിന് നൽകിയ സർവ്വ സ്വാതന്ത്രത്താൽ  ആത്മ സംസ്ക്കരണത്തിന്റെ അതിമഹത്വത്തെയും  വിവരിക്കുന്നതായി ഖുർആനിലൂടെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. ആ ആത്മീയ പിടിവള്ളി മുറുകെ പിടിച്ചു ജീവിക്കാനുള്ള വഴിയും കൂടിയാണ് അള്ളാഹു ഇതിലൂടെ തുറന്ന് തരുന്നത്.