വെള്ളിയിലൂടെ വെളിച്ചത്തിലേക്ക്..


നബി (സ്വ) പറയുന്നു:" സൂര്യനുദിച്ച ദിവസങ്ങളിൽ വെച്ച് ഏറ്റവും മഹത്തരമായത് വെള്ളിയാഴ്ച്ചയാണ്. "

    മുഹമ്മദ്‌ നബി (സ്വ) യുടെ ഉമ്മത്തിന് പ്രത്യേകമാക്കി നൽകിയ വെള്ളിയുടെ രാവും പകലും സുകൃതപൂർണമാക്കണമെന്ന വിളംബരമാണ് മേൽപറഞ്ഞ ഹദീസ്.ഇസ്ലാമിക സമൂഹത്തിന്റെ അസ്തിത്വം നിലനിർത്തേണ്ടത് അവരുടെ കർമ്മധർമ്മങ്ങളുടെ തനിമയിൽ നിന്നാണല്ലോ...

ആയതിനാൽ രാപ്പകൽ ഭേദമന്യേ ആരാധനാ കർമ്മങ്ങളധികരിപ്പിക്കുന്നതിലൂടെ നാഥനിലേക്കടുക്കുകയും നന്മകളിലൂടെ പ്രവർത്തനസജ്ജരായിക്കൊണ്ടും വെള്ളിയാഴ്ച്ചകളെ നാം 

മുതലെടുക്കേണ്ടതാണ്.

സ്വന്തം അസ്തിത്വത്തിന്റെ ഉത്ഭവത്തെ പറ്റിയോ, സ്വശരീരത്തിന്റെയും മനസിന്റെയും വ്യതിയാനങ്ങളെ പറ്റിയോ ചിന്തിക്കുന്നതിലപ്പുറം വെറും നശ്വരമായ സുഖാനുഭൂതികൾക്കുള്ളിൽ ഒതുങ്ങിയ മാനവരാശിക്കെന്നും നന്മയുടെ കവാടമാണ് വെള്ളിയെന്ന് സുന്നത്തുകളിലൂടെ പ്രവാചകന്മാർ സവിസ്തരം വ്യക്തമാക്കുന്നു.

മനുഷ്യപിതാവായ ആദം നബിയെ സൃഷ്ടിച്ചതും സ്വർഗത്തിൽ പ്രവേശിപ്പിച്ചതും പിന്നീട് ഭൂമിയിൽ താമസിപ്പിച്ചതും പുണ്യമാക്കപ്പെട്ട ഈ ദിനത്തിൽ തന്നെയാണെന്നതിലുപരി സ്വർഗവാസികൾക്ക് അല്ലാഹുവിനെ ദർശിക്കാനുള്ള അവസരം ലഭിക്കുന്നതിലും വെള്ളി സാക്ഷിയാകുന്നത് കൊണ്ട്തന്നെ മലക്കുകൾ അനുഗ്രഹം ചൊരിയുന്ന ദിനമായിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്.

    الجمعة حج الفقراء والمساكين وعيد المؤمنين

    വെള്ളിയാഴ്ച്ചയുടെ വിശുദ്ധി വിളിച്ചോതുന്ന,

ആത്മാനുഭൂതി നിറക്കുന്നൊരീ വചനങ്ങളെന്നും വിശ്വാസിയുടെ മനോവീര്യത്തെ സുദൃഢമാക്കുകയാണ്.

മുൻകാല സമുദായത്തിന് നൽകിയ ജുമുഅയെ അള്ളാഹു മുസ്‌ലിം ഉമ്മത്തിന്റെ പെരുന്നാൾ ആക്കി മാറ്റുമ്പോൾ 

നശ്വരതയുടെ ആർപ്പുവിളികൾക്കിടയിൽ   നിന്ന് ആത്മീയത അന്യം നിൽക്കുന്ന വർത്തമാന യുഗം അത് മാനിക്കാതെ പോകുന്നു എന്നത് ഖേദകരമാണ്.മുസ്‌ലിം സമൂഹം വെള്ളിയാഴ്ച്ചയുടെ ശ്രേഷ്ഠത ഉൾകൊള്ളാത്തത് കൊണ്ടും,ഈ ദിവസത്തെ മറ്റുദിനങ്ങളിൽ നിന്ന് വേർതിരിച്ചു കാണാത്തത് കൊണ്ടും തന്നെ ജുമുഅ സമ്പ്രദായങ്ങളൊക്കെയും കേവലം ചടങ്ങുകളായി മാത്രം അവശേഷിക്കുകയാണ്.

         ആഖിറമെന്ന വെളിച്ചത്തെ മുന്നിൽ കണ്ടുകൊണ്ട് ദുനിയാവിലെ കൃഷിയിടത്തെ സമ്പന്നമാക്കുന്നവർക്കുള്ള ഒരു തുറന്ന കവാടം കൂടിയാണ് ഓരോ വെള്ളിയാഴ്ചയും.

ജിബ്രീൽ (അ )പറയുന്നു :ഞങ്ങളുടെ അടുക്കൽ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വെള്ളി.ഞങ്ങൾ അതിനെ വിളിക്കുന്നത് വർധനവിന്റെ ദിനമെന്നാണ്.നല്ല വെണ്മയും കസ്തൂരിയെ വെല്ലുന്ന  സുഗന്ധവും നിറഞ്ഞ ഒരു വിശിഷ്‌ട താഴ്‌വാരം അല്ലാഹു സ്വർഗത്തിൽ പണിതിട്ടുണ്ട്. അവിടെ വെള്ളിയാഴ്ച്ചയിൽ അല്ലാഹുവിനെ ദർശിക്കാനും മതിവരുവോളം ചോദിക്കാനുമുള്ള അവസരം ലഭിക്കുന്നു.

ആത്മീയ ശോഷണം നേരിടുന്ന ഇന്നിന്റെ ജനതക്ക് ധാർമിക മഹിമ കൊണ്ട് ആത്മാവിനെ തേജോന്മയമാക്കുന്നതി നും പ്രാകൃത മാനവ ചെയ്തികളിൽ നിന്ന് മനുഷ്യനെ മുക്തമാക്കുന്നതിനും ഓരോ വെള്ളിയാഴ്ച്ചയും നിസ്തുല പങ്ക് വഹിക്കുന്നുണ്ട് എന്നത് ഈ ഹദീസിലൂടെ നമുക്ക് വ്യക്തമാകുന്നു.വെള്ളിയാഴ്ച്ച ദിവസത്തിൽ ഒരു പ്രത്യേക സമയമുണ്ടെന്നും ആ സമയത്തിലെ പ്രാർത്ഥനക്ക് ഫലം ഉറപ്പാണെന്നുമുള്ള നിരവധി ഹദീസുകളിലൂടെ 

الدعاء سلاح المؤمن

എന്ന വചനത്തിന്റെ ഉൾസാരത്തെ ശക്തിപ്പെടുത്തുകയാണ് ഓരോ വെള്ളിയാഴ്ച്ചയും.

        നബി (സ്വ ) യുടെ മേൽ സ്വലാത്ത്  അധികരിപ്പിക്കുക, സുഗന്ധമുപയോഗിക്കുക,പള്ളിയിലേക്ക് പുറപ്പെടുക തുടങ്ങീ ജുമുഅ നിസ്കാരത്തിനുള്ള വിശ്വാസിയുടെ എല്ലാ ഒരുക്കങ്ങൾക്കുംപുറമെ കഹ്‌ഫ് സൂറത്ത് പാരായണം ചെയ്യലും വെള്ളിയാഴ്‌ച്ചയുടെ കാതലായ ഭാഗമാണ്.സംഭവ ബഹുലമായ മൂന്ന്  ചരിത്ര സത്യങ്ങൾ പരാമർശിക്കുന്ന ഈ സൂറത്ത് അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂർണമായ വിജ്ഞാന സമ്പാദനത്തിന്റെയും പാഠങ്ങൾ പ്രതിപാദിക്കുന്നു.പാരായണം ചെയ്യൽ കൂടുതൽ പ്രതിഫലാർഹമുള്ള കഹ്‌ഫിൽ ഒരുപാട് അർത്ഥഗർഭമായ സാരങ്ങളും ഗുണപാഠവുമുൾക്കൊള്ളുന്നു.നബി (സ്വ) പറയുന്നു : "ഒരുത്തൻ വെള്ളിയാഴ്ച്ച സൂറത്തുൽ കഹ്‌ഫ് പാരായണം ചെയ്താൽ രണ്ട് വെള്ളിയാഴ്ച്ചകൾക്കിടയിൽ അവന്ന് ഒരു പ്രകാശം ഉണ്ടായിരിക്കുന്നതാണ്. "

        വെള്ളിയാഴ്ച്ചയിലെ പകൽ അറഫാദിനത്തേക്കാൾ ശ്രേഷ്ഠമാണെന്നും, വെള്ളിയാഴ്ച്ച രാവ് ലൈലത്തുൽ ഖദ്റിനെക്കാൾ പവിത്രതയേറിയതാണെ ന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.ആയതിനാൽ 

ജുമുഅ ദിവസം മുഴുവനായും ഭംഗിയാക്കലാണ് ഒരു വിശ്വാസിക്ക് ഏറ്റവും അഭികാമ്യം.കൂടുതൽ കർമ്മനിരതരാവുകയും നാഥനിലേക്ക് ഉളരുകയും ചെയ്യണമെന്ന് ഓരോ വെള്ളിയും വിശ്വാസിയെ ഓർമപ്പെടുത്തുന്നു.

ചുരുക്കത്തിൽ വെള്ളിയാഴ്ച്ചകൾ പൂർണമായും നന്മയിലൂന്നി വിനിയോഗിക്കാൻ  ശ്രദ്ധിക്കേണ്ടതും, മനുഷ്യ നന്മയെ സ്വാധീനം ചെലുത്തുന്ന അപസ്വരങ്ങളിൽ നിന്ന് നാം ജാഗ്രതരാകേണ്ടതുമുണ്ട്.


Ashna v

(Mic islamic and arts college for women)