റബീഉൽ ആഖിർ : ഒളിമങ്ങാത്ത സൂര്യതേജസ്സുകൾ

 പ്രവാചകൻ മുത്ത് മുഹമ്മദ് മുസ്തഫ (സ്വ) തങ്ങളുടെ ജന്മം കൊണ്ടനുഗ്രഹീതമായ പുണ്യ റബീഉൽ അവ്വൽ മാസം വിടപറഞ്ഞ് റബീഉൽ ആഖിർ ആഗതമായിരിക്കുകയാണ്. വിശ്വാസികളുടെ ഹൃദയങ്ങൾ നൊമ്പരത്തിന് വിധേയമാകുന്ന മാസം.
കർമ്മ വിശുദ്ധിയിൽ കനകം വിളയിച്ച കരളുറപ്പുള്ള കാർമ്മികർ മൺമറഞ്ഞ നൊമ്പരത്തിന്റെ മാസം.
റബീഉൽ ആഖിർ രണ്ടിനാണ് പ്രഗത്ഭ പണ്ഡിതനും സൂഫീ വര്യനും ഗുരുനാഥന്മാരുടെ ഗുരുവുമായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ ലോകത്തോട് വിടപറഞ്ഞത്. 

റഈസുൽ മുഹഖിഖീനായ ശൈഖുനാ കണ്ണിയത്ത് ഉസ്താദ് ഹിജ്റ 1318 ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തോട്ടക്കാട് എന്ന സ്ഥലത്ത് ജനിച്ചു. വൈജ്ഞാനിക - സാമൂഹിക - സാംസ്കാരിക രംഗത്ത് ഇസ്ലാമിക ആശയങ്ങൾ മുറുകെ പിടിച്ച് ജീവിതം നയിച്ച അവർ കേരള മുസ്‌ലീംങ്ങൾക്ക് മാതൃകയാണ്.

ജീവിത യാത്രയിൽ വന്ന് ഭവിക്കുന്ന നിസ്സാര സ്ഖലിതങ്ങൾ പോലും ഗൗരവപൂർവ്വം കാണുകയും ആരുടെ മുന്നിലും തെറ്റുകളെ കണ്ണടക്കാതെ തുറന്ന് പറയുകയും ചെയ്തിരുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കണ്ണിയത്ത് ഉസ്താദ്. 
ജീവിത സൂക്ഷ്മതയും പ്രാർത്ഥനയുമായിരുന്നു ഉസ്താദിന്റെ ജീവിതത്തിലെ വഴി വിളക്കുകൾ. ശൈശവം മുതൽ തന്നെ ആരോരുമില്ലാതെ പിച്ച വെച്ചു തുടങ്ങിയ പിഞ്ചോമനകളോട് അതിരറ്റ സ്നേഹം വെച്ച് പുലർത്തിയ മഹാമനീഷിയായിരുന്നു ഉസ്താദ്.
പഠനകാലത്ത് ചിലവ് തരുന്ന വീട്ടിലെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് രാത്രിയിലെ ഭക്ഷണം ഉസ്താദ് മുടക്കുകയുണ്ടായി  .  വീട്ടിലെ കുട്ടികൾ യതീമായ് തീർന്നതിനാൽ അവിടത്തെ അന്നത്തിന് അർഹത യതീമീങ്ങൾക്കായതിനാലാണ് ശൈഖുന ഭക്ഷണം മുടക്കിയത്. വിവരമറിഞ്ഞ ബന്ധു ഉസ്താദിനോട് നിങ്ങൾക്ക് അനാഥ കുട്ടികളുടെ ഒരു തുള്ളിയും ചേരാത്തതാണ് തരിക എന്ന് പറഞ്ഞതിന് ശേഷമാണ് ആ വീട്ടിലേക്ക്  ഭക്ഷണം കഴിക്കാൻ പോകാൻ വേണ്ടി തയ്യാറായത്.
സൂക്ഷ്മത നിറഞ്ഞ ഇത് പോലെ ഒരുപാട് സംഭവ മുഹൂർത്തങ്ങൾ അവരുടെ ജീവിതത്തിൽ നിന്നും വായിച്ചെടുക്കാനുണ്ട്.. ചാലിയാർ പുഴ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കത്തിന് കാരണമായപ്പോൾ ഉസ്താദിന്റെ പ്രാർത്ഥനാമൂലം ജലം ശാന്തമായതും മാട്ടൂലിൽ ദർസ് നടത്തിയിരുന്ന സമയത്ത് വെള്ളത്തിന് ബുദ്ധിമുട്ടിയപ്പോൾ പ്രാർത്ഥനാ കരങ്ങളുയർത്തിയപ്പോൾ മഴ വർഷിച്ചതും അങ്ങനെ ഒത്തിരി കൈപ്പു നീരുകളെ തേൻ മധുരം പുരട്ടും വിധം സഫലമാക്കിയ അൽഭുതം ജ്വലിക്കുന്ന പണ്ഡിത സൂഫി വര്യനാണ് ശൈഖുന കണ്ണിയത്ത് ഉസ്താദ്. ബിദ്അത്തുകൾക്കെതിരെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയങ്ങളെ അടർത്തി മാറ്റാൻ ശ്രമിക്കുന്ന പുത്തൻ വാദികളുടെ വായ അടപ്പിച്ച് ആശയസംവാദ വേദികളിൽ കത്തി ജ്വലിച്ചു നിന്ന ജ്ഞാന ഗോളം. 
66 വർഷക്കാലം സമസ്തയുടെ മുശാവറ അംഗമായും കാൽ നൂറ്റാണ്ടുകാലം സമസ്തയുടെ പ്രസിഡന്റായും നേതൃത്വം നൽകാൻ ഭാഗ്യം ലഭിച്ച അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായ ഉസ്താദിന്റെ വേർപാട് ഇന്നും നോവുകൾ തീർക്കുകയാണ്.

റബീഉൽ ആഖിർ നാലിൽ അസ്തമിച്ച മറ്റൊരു സൂര്യനാണ് ഇ.കെ അബൂബക്കർ മുസ്‌ലിയാർ. മതവിജ്ഞാനത്തിന്റെ ഓരോ ശാഖയും ജീവിതത്തിലൂന്നി കൊണ്ട് 
 'ശംസുൽ ഉലമ' എന്ന നാമത്തിൽ പ്രസിദ്ധനായ മഹാ പണ്ഡിതൻ! ഇസ്ലാമിക ആശയങ്ങൾ ആരുടെ മുന്നിലും സലക്ഷ്യം സമർത്ഥിക്കുവാനും ശാസ്ത്രീയമായി തെളിയിക്കുവാനും ശംസുൽ ഉലമയെ പകരക്കാരനാക്കാൻ മറ്റാരുമില്ല.ഹിജ്റ 1333 ൽ കോഴിക്കോടിനടുത്ത പറമ്പിൽ കടവിലെ എഴുത്തച്ഛൻകണ്ടി എന്ന വീട്ടിൽ ഉദയം കൊണ്ടു. ഇസ്ലാമിക വിജ്ഞാന പ്രചാരണത്തിലും ദീനി പ്രവർത്തനത്തിലും ഏർപ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ പ്രചരണം സ്വയം ഏറ്റെടുത്തു.മത വിഷയങ്ങളിൽ കൃത്യനിഷ്ഠതയും ആത്മാർത്ഥതയും പുലർത്തി വരുന്ന കുടുംബമാണ് മഹാനവർകളുടേത്.1957 ൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി പൊതു രംഗത്ത് കടന്നു വന്ന മഹാൻ ഉജ്ജ്വല വാഗ്മിയും സുന്നി പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു.സുന്നി വിരോധികളെ തൊലിയുരിച്ച് കാണിക്കുന്ന മഹാൻ പ്രതിലോമ ശക്തികൾക്ക് എന്നും ഒരു പേടി സ്വപ്നമായിരുന്നു. സമസ്തയെ കേരള മണ്ണിൽ ഒരു അജയ്യ പ്രസ്ഥാനമാക്കി വളർത്തിയതിൽ മഹാന്റെ ദൃഢമായ വാക്കുകളും പുത്തൻ വാദികളെ മുട്ട്കുത്തിക്കാനുതകുന്ന പാണ്ഡിത്യവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം സമസ്തയുടെ ജനറൽ സെക്രട്ടറിയായി തുടർന്നു. വിദ്യാ ദാഹികൾ കാതുകൾ കൂർപ്പിച്ച് ശാന്തമായ് പേനയും പുസ്തകത്താളുകളെല്ലാം കൈയ്യിലേന്തി പഠിക്കാനിരിക്കുന്ന വിദ്യാ വേദി! അതായിരുന്നു അവരുടെ അധ്യാപനം. ഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്ന ഘാനഗാംഭീര്യമായിരുന്നു ആ ശബ്ദം. ഉസ്താദ് വിജ്ഞാനത്തിന്റെയും പ്രായോഗിക വ്യാഖ്യാനത്തിന്റെയും പുത്തൻ ചക്രവാളങ്ങളെ കീഴടക്കുകയായിരുന്നു .
1996 ആഗസ്റ്റ് 19 ന്  പുലർച്ചെ സുബ്ഹി ബാങ്കിന്റെ ശബ്ദ ധ്വനികൾ കർണ്ണപുടങ്ങളിൽ അലയടിച്ചു കൊണ്ടിരിക്കെയാണ്  ആ ശംസ്  അസ്തമിച്ചത്..

ഭൂമിയിൽ ഭൂമിക്ക് പോലും വേദനിക്കാതെ ജീവിക്കാനാവുകയെന്നത് വലിയ ത്യാഗമാണ്. അത്തിപ്പറ്റ ഉസ്താദ് റബീഉൽ ആഖിർ 11 ന് ഓർമ്മയാകുന്നത് അങ്ങനെയാണ്. സുന്നത്ത് ചെയ്യുന്ന സുന്നിയാവാൻ എന്നും വിളിച്ച് പറയുന്ന ജീവിതം..
ഈ നൂറ്റാണ്ടിൽ കേരളം ദർശിച്ച പ്രമുഖ സൂഫി വര്യനാണ് അത്തിപ്പറ്റ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ.
1936 സെപ്റ്റംബർ 18 വെള്ളിയാഴ്ച കോട്ടക്കലിനടുത്ത അച്ചിപ്പുറയിലാണ് ജനനം. വികലമായ ആശയങ്ങളും വ്യർത്ഥമായ ആചാരങ്ങളും ആഗോള തലത്തിൽ സൂഫിസമായി വാഴ്ത്തപ്പെടുമ്പോൾ തസ്വവ്വുഫിന്റെ യഥാർത്ഥ മുഖം തന്റെ സമകാലികർക്ക് കാണിച്ച് കൊടുത്ത അനുഗ്രഹീത വ്യക്തിത്വത്തിന്റെ ഉടമയാണ് ശൈഖുന. ജീവിതത്തിൽ കർമ്മവും ധർമ്മവും പരസ്പരം പൂരകങ്ങളാണെന്ന് തെളിയിക്കുകയായിരുന്നു.
നിയ്യത്തുകൾ കൊണ്ടാണ് ആരാധനകൾ സ്വീകരിക്കപ്പെടുന്നത് എന്ന ഹദീസ് വാക്യം ഉസ്താദ് തന്റെ ജീവിതത്തിൽ മുറുകെ പിടിച്ചു. ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അത് പ്രത്യേകം ശ്രദ്ധിച്ചു. സ്വയം നിയ്യത്ത് ചെയ്യുന്നതിനോടൊപ്പം പലപ്പോഴും മറ്റുള്ളവരെ നിയ്യത്ത് വെക്കാൻ ഓർമ്മപ്പെടുത്തുമായിരുന്നു.
വീട്ടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പോലും " അതിഥികൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്നു " എന്ന് നിയ്യത്ത് വെക്കാൻ വീട്ടിലെ സ്ത്രീകളോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഭക്ഷണം പാഴാക്കരുതെന്നും അവശേഷിക്കുന്നത് പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടി നല്ല നിയ്യത്തോടെ തന്നെ വൃത്തിയുള്ള സ്ഥലത്ത് വെക്കാനും പഠിപ്പിച്ചു.നിസ്കരിക്കുന്ന തിലായിരുന്നു ഉസ്താദിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഉസ്താദ് തയ്യാറായിരുന്നില്ല. ആദ്യ വഖ്ത്തിൽ ജമാഅത്തായി നിസ്കരിക്കൽ ഉസ്താദിന് നിർബന്ധമായിരുന്നു. മസ്ബൂഖായി നിസ്കരിക്കേണ്ടി വരുന്നത് പോലും ഉസ്താദിന് സഹിക്കുമായിരുന്നില്ല. അപൂർവ്വമായി അങ്ങനെ സംഭവിച്ചാൽ തന്നെ മറ്റാരെയെങ്കിലും കൂട്ടി പിന്നീട് ഉസ്താദ് ആ നിസ്കാരം ജമാഅത്തായി പുതുക്കി നിസ്കരിക്കുമായിരുന്നു.
സമ്മേളന നഗരികളിലും യാത്രകളിലുമാണെങ്കിൽ പോലും അല്ലാഹുവിനു നൽകാനുള്ള അവകാശങ്ങൾ ഒരൽപം പോലും വൈകാതെ ഉസ്താദ് കൊടുത്തു വീട്ടുമായിരുന്നു. 
അങ്ങനെ ഒരുപാട് പാഠങ്ങൾ ആ ജീവിതത്തിൽ നിന്നും പഠിക്കാനുണ്ട്. 
ഒരു ഭാഗത്ത് കൂടി വരുന്ന ദുനിയാവിനെ, മറുഭാഗത്ത് മറ്റുള്ളവർക്ക് ദാനമായി നൽകാൻ മാത്രം ശീലിച്ച മഹാൻ!
രോഗാവസ്ഥയും ജീവിത പ്രയാസവും പറഞ്ഞു വരുന്നവരോട് ഇവിടെ ചികിത്സ ഇല്ലായെന്നും അത് എനിക്ക് അറിയില്ലായെന്നും നമുക്ക് ദുആ ചെയ്യാമെന്നും തുറന്നു പറയുന്ന നിഷ്കളങ്ക പ്രകൃതം.
പ്രസംഗങ്ങൾക്കും പ്രബന്ധങ്ങൾക്കുമപ്പുറം പ്രവർത്തനപഥത്തിലാണ് മതനിയമങ്ങൾ നിലനിൽക്കേണ്ടതെന്നു ജീവിതം കൊണ്ട് തെളിയിച്ച ശ്രേഷ്ഠർ.
2018 ഡിസംബർ 19 ബുധൻ തഹജ്ജുദ് നിസ്കാരവും സുബ്ഹി നിസ്കാരവും കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റ ഉസ്താദിന് വല്ലാത്ത ക്ഷീണമായിരുന്നു. ക്രമേണ അത് കൂടിക്കൊണ്ടിരുന്നു. അടുത്തുണ്ടായിരുന്നവർ സംസം നൽകി. അപ്പോഴും ആ ചുണ്ടുകളിൽ ദിക്റിന്റെ മന്ത്രങ്ങളായിരുന്നു.. ജീവിത സാഫല്യത്തിന്റെ പുഞ്ചിരി ആ മുഖത്ത് വിടർന്ന് കാണാനായിരുന്നു. 
സൂഫീ ലോകത്തെ അത്ഭുത സാന്നിധ്യമായിരുന്ന ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനിയുടെ വിയോഗ ദിനവും അന്നായിരുന്നു.
ശാദിലി ഖാദിരി സരണിയിൽ തന്റെ ആത്മീയ ജീവിതം ചിട്ടപ്പെടുത്തിയ ഉസ്താദിന്റെ വേർപാട് ജീലാനി ദിനത്തിൽ തന്നെ സംഭവിച്ചത് നാഥന്റെ ഭാഗത്ത് നിന്നുമുള്ള വലിയൊരു അംഗീകാരം കൂടിയായിരുന്നു.
ഫത്ഹുൽ ഫത്താഹിൻ്റെ തിരുമുറ്റത്ത് മരിക്കുന്നതിന് മുമ്പ് സ്വന്തമായി വാങ്ങിയ ഭൂമിയിൽ ഉസ്താദ് അന്തിയുറങ്ങുന്നു.

റബീഉൽ ആഖിർ പതിനൊന്നിന് തന്നെ നാഥന്റെ സന്നിദ്ധിയിലേക്ക് അണഞ്ഞ സൂര്യ തേജസ്സാണ് ശൈഖുന കോട്ടുമല ബാപ്പു മുസ്‌ലിയാർ. 1952 ഫെബ്രുവരി 10 നാണ് മഹാന്റെ ജനനം. 
ആമുഖങ്ങൾ ആവശ്യമില്ലാത്ത ഒരു സുകൃതനാമം. അത്യഗാധ ചിന്തയുടേയും ആസൂത്രണ മികവിന്റെയും അനർഘ പാണ്ഡിത്യത്തിന്റെയും പരിപാവന വ്യക്തിത്വം.
അക്കമിട്ട് തെളിവ് നിരത്തി പുത്തൻ വാദികളുടെ നെഞ്ചിലേക്ക് തുളച്ച് കയറുമാറ് ആ ഗാംഭീര്യ സ്വരം അവരുടെ വായ അടപ്പിക്കാനുതകുന്നതായിരുന്നു. 
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തന മേഖലകളിൽ മഹാന്റെ കർമ്മമണ്ഡലം വിദ്യാഭ്യാസ ബോർഡായിരുന്നു. വിദ്യാഭ്യാസ ബോർഡിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമായിരുന്നില്ല രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ എഴുതപ്പെട്ട സുവർണ്ണ അധ്യായമാണ്.
സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചരണ രംഗത്ത് പുതിയ 'സുപ്രഭാത'ങ്ങൾക്ക് തിരികൊളുത്തിയത് കോട്ടുമല ഉസ്താദിന്റെ ത്യാഗസന്നദ്ധതയുടെ മികച്ച ഉദാഹരണമാണ്. സമസ്തക്ക് ഒരു പത്രം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുൻകൈ എടുക്കാൻ ഉസ്താദ് മുന്നിട്ടിറങ്ങിയതോടെ ആ സ്വപ്നവും പൂവണിഞ്ഞു. "ഏത് വിഷയവും പഠിക്കാൻ ആളുകളെ നിശ്ചയിക്കുക, അതിനിടക്ക് സ്വയം പഠിക്കുക " ഇതായിരുന്നു ഉസ്താദിന്റെ വിജയരഹസ്യം.
കാലത്തിന്റെ ചുവരെഴുത്തുകൾ ഉൾകൊണ്ട് പ്രതികരിക്കാൻ കെൽപ്പുള്ള പണ്ഡിത പ്രതിഭകളായി ശിഷ്യഗണങ്ങൾ മാറണമെന്ന് ഉസ്താദിന് നിർബന്ധമുണ്ടായിരുന്നു. മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഉസ്താദിന്റെ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് വലിയ ഹരമായിരുന്നു.
അങ്ങനെ വായിച്ചാൽ മതിവരാത്ത , എഴുതി തുടങ്ങിയാൽ തീർക്കുവാനാവാത്ത ജീവിതമാണ് അസ്തമനം കൊണ്ട ദീപ്ത കിരണങ്ങളുടേത്....

 സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ല വർക്കിംഗ് പ്രസിഡന്റും, സമസ്ത മുശാവറ അംഗവും പണ്ഡിതനുമായിരുന്ന കാളാവ് സൈതലവി മുസ്ലിയാർ റബീഉൽ ആഖിർ ആറിനാണ് ഈ ലോകത്തോട് വിടപറഞ്ഞത് .1947 ൽ മഞ്ചേരി നെല്ലിക്കുത്ത് എന്ന പ്രദേശത്ത് പാലക്ക തൊണ്ടി അഹമ്മദ്, പുല്ലൂർശക്കാട്ടിൽ ആയിശ എന്നിവരുടെ മകനായി ജനിച്ചു. വിദേശ രാജ്യങ്ങൾ ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ ഒട്ടനവധി മത വിദ്യാഭാസ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗമ്യമായ പെരുമാറ്റവും ഉദാര മനസ്കതയും നിസ്വാർത്ഥ സേവനവും കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായിരുന്നു മഹാനവർകൾ.

ആഴമുള്ള ആശയങ്ങൾ പങ്ക് വെക്കുന്ന മഹാനും ഫിഖ്ഹിയ്യായ വിഷയങ്ങളിൽ നിപുണനും സമസ്തയുടെ മുശാവറ അംഗവും അതിലുപരി ഫത്‌വ കമ്മിറ്റി അംഗവുമായ എ. മരക്കാർ ഉസ്താദ് ഓർമ്മയായ് മാറിയതും ഈ മാസത്തിലാണ്...
ജീവിതത്തിൽ ചെറിയ നിമിഷങ്ങൾ പോലും ഇലാഹിലേക്ക് അർപ്പിക്കുന്ന മഹാന്മാരുടെ ജീവിതം എഴുതുവാൻ ഏറെയാണ്.. 

നെഞ്ച് വിരിച്ചു നിന്ന് നായകത്വം നൽകിയ നിയോഗങ്ങൾ നൊമ്പരങ്ങൾക്ക് വഴിമാറിയല്ലോ നാഥാ.... 
നിറഞ്ഞൊഴുകുന്ന നയനങ്ങളെ ഓർമ്മയുടെ അനുബന്ധമെന്ന് വിളിക്കാമെങ്കിൽ അച്ചടക്കമില്ലാത്ത ഈ അക്ഷരക്കൂട്ടങ്ങളെ പ്രാർത്ഥനയുടെ പതിഞ്ഞ വചനങ്ങളെന്ന് വിശേഷിപ്പിച്ചാലും......




Femina. A
Grace Valley Islamic and Arts college for girls Maravattom.