സൂറത്തുന്നഹ്ൽ : തേനീച്ചയിലെ ഔഷധ മൂല്യവും ഐക്യബോധവും
വിശുദ്ധ ഖുർആനിൽ പല ജീവികളുടെയും നാമം കൊണ്ട് അധ്യായങ്ങൾ അറിയപ്പെടുന്നുണ്ട്.അതിൽ വളരെ ചെറിയ രണ്ട് ജീവികളുടെ പേരിലും അല്ലാഹു ഖുർആനിൽ അധ്യായങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.അതിൽ പെട്ട ഒരധ്യായമാണ് സൂറത്തുന്നഹ്ൽ.നഹ്ൽ എന്നാൽ തേനീച്ച.അത്ഭുതകരമായ ഈ ജീവിയെ സംബന്ധിച്ചും അത് നൽകിക്കൊണ്ടിരിക്കുന്ന മധുരമേറിയ തേനിനെ സംബന്ധിച്ചും ഇതിൽ പരാമർശമുള്ളതുകൊണ്ടാണ് ഈ അധ്യായത്തിന് സൂറത്തുന്നഹ്ൽ എന്ന പേര് ലഭിച്ചത്.
മക്കീ സൂറത്തുകളിൽ പെട്ടതാണ് ഈ അധ്യായം.അതുകൊണ്ടുതന്നെ വിശ്വാസസംബന്ധമായ വിഷയങ്ങളാണ് പ്രധാനമായും പരാമർശിക്കുന്നത്.ഏകദൈവവിശ്വാസം, ദിവ്യസന്ദേശം, അന്ത്യനാൾ, പുനരുത്ഥാനം തുടങ്ങിയ അടിസ്ഥാന വിശ്വാസ കാര്യങ്ങളെ അവതരിപ്പിക്കുകയും അവയുടെ വിവരണത്തിനായി മറ്റു പല പാർശ്വങ്ങൾ പരാമർശിക്കുകയും ചെയ്യുന്നു.
അവിശ്വാസികളായ ആളുകൾ പ്രവാചകനോട് 'നീ പറഞ്ഞ അപകടങ്ങൾ സംഭവിക്കാത്തത് എന്താണ് ? ശിക്ഷകൾ എത്താത്തത് എന്താണ്?' എന്ന് പരിഹാസ രൂപേണ ചോദിച്ചപ്പോൾ "നിങ്ങൾ ധൃതി കാണിക്കേണ്ടതില്ല ശിക്ഷയിതാ വന്നു കഴിഞ്ഞു" എന്ന് പറഞ്ഞു കൊണ്ടാണ് ഈ അധ്യായം സമാരംഭം കുറിക്കുന്നത്.അഥവാ അന്ത്യനാൾ ഒരുപാട് അകലെയല്ല, അത് വളരെ അടുത്താകുന്നു എന്നാണ് ഇതിലെ ആദ്യ സൂക്തം നമ്മോട് സൂചിപ്പിക്കുന്നത്.തുടർന്ന് അല്ലാഹു ഈ അധ്യായത്തിൽ അല്ലാഹുവിന്റെ ഏകത്വത്തെ കുറിച്ചും മഹത്വത്തെക്കുറിച്ചും സൂചിപ്പിക്കുന്നു.അവന്റെ മഹത്വത്തെ വിവരിക്കുമ്പോൾ പ്രപഞ്ചത്തിന്റെ വിസ്മയങ്ങളെ തൊട്ടുരുമ്മി കൊണ്ടാണ് അള്ളാഹു സംസാരിക്കുന്നത്.പ്രപഞ്ചത്തിലെ സമുദ്രങ്ങൾ, പർവ്വതങ്ങൾ, സമതലങ്ങൾ, താഴ്വരകൾ വൃക്ഷ - സസ്യലതാദികൾ സൂര്യ - ചന്ദ്ര - നക്ഷത്രങ്ങൾ, ആകാശം,അതിലെ വ്യത്യസ്ത പ്രതിഭാസങ്ങൾ, ഭൂമി തുടങ്ങിയ ഭാഗങ്ങളിലൂടെയൊക്കെയാണ് പ്രതിപാദനം മുന്നോട്ടുനീങ്ങുന്നത്.
പ്രപഞ്ചത്തെ ഇങ്ങനെ സൃഷ്ടിച്ച് സംഘടിപ്പിച്ചതിൽ ചില ലക്ഷ്യങ്ങളുണ്ട്.ഇതിനൊരു നാഥനുണ്ട് എന്ന പരമമായ യാഥാർത്ഥ്യം പ്രപഞ്ചത്തിന്റെ ഓരോ ചലനത്തിലൂടെയും മനുഷ്യൻ സ്പഷ്ടമായി ഗ്രഹിച്ചിരിക്കണം.
നാൽക്കാലികളെ സംബന്ധിച്ചും ഈ അധ്യായത്തിൽ അള്ളാഹു പ്രതിപാദിക്കുന്നു അല്ലാഹു പറയുന്നു:
والأنعام خلقها لكم فيها دفئ ومنافع ومنها تأكلون.
മനുഷ്യന് അള്ളാഹു ചെയ്തു കൊടുത്ത ചില അനുഗ്രഹങ്ങളെ എടുത്തു പറയുകയാണ്.അവന്റെ അനുഗ്രഹം മൂലം ആട്,മാട്,ഒട്ടകം എന്നീ മൃഗങ്ങളെ അവൻ നമുക്ക് സൃഷ്ടിച്ചു തന്നിരിക്കുകയാണ്.മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഭക്ഷ്യയോഗ്യരായ മൃഗങ്ങൾ നമുക്ക് ഭക്ഷണം നൽകുന്നു.അവയുടെ മാംസം,പാൽ,നെയ്യ് തുടങ്ങിയ വിശിഷ്ട മേറിയ വിഭവങ്ങൾ നാം ഭക്ഷിക്കുന്നു.നിത്യജീവിതത്തിലും നിത്യോപയോഗത്തിനുവേണ്ടിയും നാമതിനെ ഉപയോഗിക്കുന്നു.അല്ലാഹു പറയുന്നു: "നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ മൃഗങ്ങൾ വളരെ അനുഗ്രഹം ഉള്ളതാണ്.മാത്രമല്ല പ്രഭാതങ്ങളിൽ നിങ്ങൾ അവയെ മേച്ചിൽ സ്ഥലങ്ങളിൽ കൊണ്ടുപോവുകയും പ്രദോഷങ്ങളിൽ അവയെ തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നത് വളരെ കൗതുകമുള്ളതല്ലേ" എന്ന് നമ്മോട് ചോദിക്കുന്നു.തുടർന്ന് ഇതിനോട് ബന്ധിപ്പിച്ചുകൊണ്ട് അല്ലാഹു വീണ്ടും സൂചിപ്പിക്കുന്നു.
وإنّ لكم في الأنعام لعبرة .نسقيكم ممّا في بطونه من بين فرث ودم لبنا خالصا سائغا للشّاربين.
നിശ്ചയം നാൽക്കാലികളിൽ നിങ്ങൾക്ക് നാം ഒരു വലിയ പാഠവും ഉൾക്കൊള്ളിച്ചിരിക്കുന്നു.അവയുടെ ഉദരങ്ങളിൽ നിന്ന് കാഷ്ഠത്തിനും രക്തത്തിനും ഇടയിൽ നിന്നാണ് അള്ളാഹു പാലെന്ന ശുദ്ധമായ ഒരു വിശിഷ്ട വിഭവത്തെ നമുക്ക് സമ്മാനിക്കുന്നത്.നാം നികൃഷ്ടമായി കാണുന്ന രക്തവും മലവും നിലനിൽക്കുന്നിടത്തു നിന്ന് കൗതുകമേറിയ മറ്റൊന്നിനെ അവൻ സൃഷ്ടിച്ചിരിക്കുന്നു.കന്നുകാലികളെ കുറിച്ച് ചിന്തിക്കുന്നവർക്ക് അല്ലാഹുവിനെയും അവന്റെ ശക്തി , കാരുണ്യം മുതലായവയെയും സംബന്ധിച്ച് ഗ്രഹിക്കുവാനുള്ള വലിയ പാഠമുണ്ട്.
പിന്നീട് സമുദ്രങ്ങളിലേക്കും മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്.എത്ര ലാഘവത്തിലാണ് കടൽ,സമുദ്രം എന്ന് മനുഷ്യൻ പറയുന്നത് ?ഭൂഗോളത്തിൻറെ മുക്കാൽഭാഗം വരുന്ന സമുദ്രം അല്ലാഹു മനുഷ്യന് കീഴ്പ്പെടുത്തി കൊടുത്തിരിക്കുകയാണ്.അതിനെ പര്യാലോചനക്ക് വിധേയമാക്കുക യാണെങ്കിൽ അതിൽ അല്ലാഹു സന്നിവേഷിപ്പിച്ച വിവിധ രത്നക്കല്ലുകൾ, മുത്തുകൾ,പവിഴം തുടങ്ങിയവയൊക്കെയും കോടാനുകോടി വിലമതിക്കുന്നതാണ്.ഇവയൊക്കെയും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളാകുന്നു.
ഈ അധ്യായത്തിൽ അല്ലാഹു പരാമർശിച്ച അത്ഭുതകരമായ ജീവിയാകുന്നു തേനീച്ച.തേനീച്ചയുടെ വിസ്മയിപ്പിക്കുന്ന സംവിധാനങ്ങളും അതിന്റെ സംഘാടന മികവും നിർമ്മാണ വൈദഗ്ധ്യവുമൊക്കെ അല്ലാഹു സവിസ്തരം പ്രതിപാദനം ചെയ്യുന്നു.ഓരോ ജീവിക്കും അതിന്റെ വളർച്ചക്കും ജീവിതത്തിനും ഭക്ഷണ താമസങ്ങൾക്കുമൊക്കെ ആവശ്യമായ ബോധനം നൽകുന്നത് അല്ലാഹു തന്നെയാണ്.എന്നാൽ തേനീച്ചയെ കുറിച്ച് അക്കാര്യം പ്രത്യേകം പരാമർശിച്ചത് ശ്രോദ്ധാവിന്റെ സവിശേഷ ശ്രദ്ധ തേനീച്ചകൂടിന്റെ സവിശേഷ ഘടനയിലേക്ക് തിരിക്കുവാനായിരിക്കണം.അവയുടെ കൂട് നിർമ്മാണങ്ങൾ വൈദഗ്ധ്യമുള്ളതും അവർക്കിടയിൽ ആലോചനയും സംഘടനാ വൈദഗ്ധ്യത്തോടുകൂടെ ഒരു നേതാവിന്റെ അണികളായി നിന്നുകൊണ്ട് ഒരുമയോടുകൂടി പ്രവർത്തിക്കുന്നവരാണ് തേനീച്ചകൾ.അവരുടെ കൂട് നിർമ്മാണം ശാസ്ത്ര പടുക്കളെ വിശിഷ്യ എന്റോമോളജിസ്റ്റുകളെ ഹഠാതാകർഷിച്ച കാര്യമാണ്.ഒന്നായി നിന്ന് ഓരോരുത്തരും പലരിൽ ഒരുവനായി നിന്ന് പ്രവർത്തിച്ച് അതിവിദൂരതകളിൽ പോയി അദ്ധ്വാനം ചെയ്ത് സമൂഹത്തിന് അവ നൽകുന്നത് തേൻ എന്ന മധുരത്തെയാണ് .അതുകൊണ്ടുതന്നെ അവരുടെ സംഘടനാ മികവും സമൂഹത്തിന് നൽകുന്ന വലിയ കർമ്മങ്ങളൊക്കെയും പഠിക്കാൻ വിശ്വാസികൾക്ക് പാഠമുണ്ട്.
അവയുടെ അദ്ധ്വാനവും ഒരുമയും ഒത്തൊരുമയും കൂടി പ്രവർത്തിച്ചപ്പോൾ അവർ സമൂഹത്തിന് നൽകിയ തേൻ എന്ന വസ്തു മനുഷ്യർക്ക് വലിയ ഔഷധമാണെന്ന് ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു.
فيه شفاء للنّاس.
തേനിൽ നിങ്ങൾക്ക് വലിയ ശമനമുണ്ടെന്ന് അല്ലാഹു പറയുന്നു.ഒരു തുള്ളി തേൻ ഒരു തേനീച്ച ഉണ്ടാക്കി കൊണ്ടുവരുന്നതിന്റെ പിന്നാമ്പുറങ്ങളിലുള്ള അദ്ധ്വാനങ്ങളെ ഒരുപാട് ശാസ്ത്ര പടുക്കൾ ചർച്ച ചെയ്തിട്ടുണ്ട്.മലകളിലും വീടുകളിലും കൂട് നിർമ്മിച്ച് അതിവിദൂരതയിൽ സഞ്ചരിച്ച് പുഷ്പിച്ചു നിൽക്കുന്ന പൂക്കളിൽ നിന്നും തേൻ ശേഖരിച്ച് തങ്ങളുടെ വയറിനകത്തേക്ക് നിക്ഷേപിച്ചതിനുശേഷം വയറിനുള്ളിലെ ഒരു പ്രത്യേക ദ്രാവകവുമായി സംയോജിപ്പിച്ചതിനു ശേഷമാണ് കേടുവരാതെ കാലങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഔഷധമൂല്യമുള്ളതായി തേൻ മാറുന്നതെന്ന് ശാസ്ത്ര പടുക്കൾ പിന്നീട് നമ്മോട് പറയുന്നു.എന്നാൽ ഈ അധ്യായത്തിൽ ഇതിനെ സംബന്ധിച്ച് രണ്ടു സൂക്തങ്ങളിലായി അള്ളാഹു വളരെ വിശദമായി ഹ്രസ്വമാണെങ്കിലും അതിഗഹനമായ രീതിയിൽ വിശാലാശയത്തോടുകൂടെ അല്ലാഹു അതിനെ സമർപ്പണം ചെയ്യുന്നു. മനുഷ്യ സമുദായത്തിന്റെ നന്മക്കായി അല്ലാഹു ചെയ്ത നാനാതരം സൗകര്യങ്ങളും വ്യവസ്ഥകളും ഓരോന്നായി ബുദ്ധിജീവിയായ മാനവന്റെ മുമ്പിൽ നിരത്തി വെക്കുകയാണ്.സർവ്വശക്തൻറെ തൗഹീദിലേക്കുള്ള ഉള്ള തെളിവുകളാണവ.
وإن تعدّوا نعمة اللّه لا تحصوها إنٌ اللّه لغفور رحيم
നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ സാധ്യമല്ല എന്നും അല്ലാഹു പറയുന്നു .മാത്രമല്ല ഈ അദ്ധ്യായത്തിന്റെ അവസാന സൂക്തത്തിൽ അല്ലാഹു പറയുന്ന വലിയ ഒരു സന്ദേശം ഉണ്ട്.അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓർക്കുകയും അത് മനസ്സിലാക്കുകയും അല്ലാഹുവിനെ അനുസരിക്കുകയും ചെയ്താൽ
إنّ اللّه مع الّذين إتّقوا والّذين هم محسنون.
നിശ്ചയം ഭക്തിമാർഗ്ഗം കൈക്കൊള്ളുന്നവരും
നന്മ പ്രവർത്തിക്കുന്നവരും ആരോ അവരോടൊപ്പമാണ് അള്ളാഹു എന്ന വലിയ സന്ദേശത്തെ നമുക്ക് സമർപ്പിച്ചുകൊണ്ട് ''നഹ്ൽ' എന്ന അദ്ധ്യായം സമാപ്തി യാവുന്നു.
جعلنا اللّه من المتّقين المحسنين.
✍🏻Hafizath Fathima Shamila
Vadinoor Islamic & Arts College For Girls, Vanimel.
2 Comments
😊👍✨🎉🎉🎉🎊🎊
ReplyDelete👍👍🥰
ReplyDelete