അപരത്വം വിലക്കുവാങ്ങുന്നതിന്റെ നാരീ അപലപനം
ഗംഭീരമായ ചില അധർമ്മ കാര്യങ്ങൾ ചെയ്തു കേരളത്തെ പരിഷ്കൃതിയുടെ പരിവേശം അണിയിക്കാൻ ശ്രമിക്കുന്നതിൽ കുറച്ചു കാലമായി കേരള ഗവൺമെന്റ് അല്പം തിടുക്കത്തിലാണ്.ലിംഗഭേദം കാണിക്കാതെ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥിനികൾക്കും ഒരേ യൂണിഫോം (പാന്റും ഷർട്ടും എന്ന് വേണം വായിക്കാൻ )എന്ന രീതിയിൽ 'ജെൻഡർ ന്യൂട്രൽ യൂണിഫോം' എന്ന പരിഷ്കാരത്തിന് തുടക്കമിട്ടിരിക്കുകയാണ് സംസ്ഥാനം.ആധുനിക ലോകം ലിംഗസമത്വം എന്ന ആശയത്തെ വളരെ ആകാംക്ഷയോടെ നോക്കി കൊണ്ടിരിക്കുന്നു എന്നതിന്റെ അർത്ഥം സ്ത്രീ പുരുഷൻ ആകാൻ ശ്രമിക്കുക എന്നതാണെങ്കിൽ,കാക്ക കുളിച്ചാൽ കൊക്കാകില്ലെന്ന ബോധത്തോടെ കാക്കക്ക് വെളുത്തചിറക് വെച്ചുപിടിപ്പിക്കുന്നതിലെ അപഹാസ്യമായിട്ടേ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ഒരുവ്യക്തിക്ക് ഇതിനെയൊക്കെ കണക്കാക്കാനാകൂ. ബാലുശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ പരീക്ഷണത്തിന്റെ ആദ്യ പരിശ്രമം നടന്നത്. സാംസ്കാരിക കൈരളി യോട് സമത്വമാണ് നമ്മുടെ ലക്ഷ്യം എന്നുപറഞ്ഞ അവസരം "എന്നാൽ ആൺകുട്ടികളും ചുരിദാർ ധരിക്കട്ടെ...!" എന്ന് പ്രതികരിക്കാതിരിക്കാൻ മാത്രം അവർ ജനാധിപത്യബോധം ഇല്ലാത്തവരല്ല എന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, ജോലി സാധ്യതകൾ ഉറപ്പുവരുത്തുക, അവസരങ്ങൾ സൃഷ്ടിക്കുക, തുടങ്ങി യു.എൻ മുന്നോട്ടുവയ്ക്കുന്ന അനേകം സ്ത്രീ സുരക്ഷിത പദ്ധതികൾ നടപ്പിൽവരുത്താൻ ഉണ്ടെന്നിരിക്കെ പാശ്ചാത്യൻ സിദ്ധാന്തങ്ങളിലൂടെ, വിമോചനം നടത്തപ്പെടുന്നുണ്ടെന്നും പെൺകുട്ടികൾ പരിചരിക്കപ്പെടുന്നുണ്ടെന്നും കാണിക്കാനുള്ള വ്യഗ്രതയായേ ഇത്തരം പരിഷ്കാരങ്ങളെ നോക്കിക്കാണാനാകൂ.
*സമത്വം അടിച്ചേൽപ്പിച്ചു കൊണ്ടോ...?*
പുരുഷന്റെതായുള്ളത ല്ലാം നിലവാരമുള്ളതാണ് അവയുടെ പ്രയോഗം സമത്വം സൃഷ്ടിക്കുന്നു എന്നതാണ് സമത്വത്തിന് നൽകാനുള്ള നിർവ്വചനമെങ്കിൽ അത്തരം ഇടങ്ങളിൽ സ്ത്രീകൾ സമത്വം കൈവരിക്കുന്നുണ്ടോ അതല്ല സ്ത്രീയുടെ സ്വത്വം പൂർണമായും അവഗണിക്കപ്പെട്ട തരത്തിൽ "ജെൻഡർ ന്യൂട്രാലിറ്റി"എന്ന് പറയാവുന്ന അപകടകരമായ ഒരവസ്ഥ സംജാതമാവുമോ എന്നതല്ലാം ഭീതികളിൽ ചിലത് മാത്രമാണ്. ലോക ജനതയിലെ മൂന്ന് സ്ത്രീകളിൽ ഒരാൾ അവരുടെ ജീവിതകാലത്ത് ശാരീരികമായോ ലൈംഗികമായോ അതിക്രമത്തിനിരയാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുമ്പോൾ അത്തരം മുറിവുകളുണക്കാതെ ഉള്ളതിനെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിലുള്ള വിരോധാഭാസം അപകടകരം തന്നെ. ഹോളിവുഡ് നായിക സ്കാർലറ്റ് ജോൺസനോട് ഒരു ഇന്റർവ്യൂയിൽ തന്റെ ആകാരഭംഗിയെ പറ്റി ചോദിച്ചപ്പോൾ "എനിക്കും തലച്ചോറുണ്ട്,പുരുഷ ആർട്ടിസ്റ്റുകളോട് ചോദിക്കുന്നത് പോലെ യുള്ള ചോദ്യങ്ങൾ എന്നോടും ചോദിക്കാം"എന്നായിരുന്നു അവരുടെ പ്രതികരണം. സാധാരണ ജനത ഒരു വ്യക്തിയെ അവന്റെ വസ്ത്രധാരണത്തിൽ നിന്നും വായിക്കുന്നതിന്റെ സ്വാഭാവികതയെ ഈ ചോദ്യത്തിലുമുള്ളൂ എന്നതാണ് യാഥാർത്ഥ്യം.
കംഫേർട്ട് ഡ്രെസ്സിനെ അവഗണിച്ചുകൊണ്ട് ന്യൂട്രൽ യൂണിഫോമിനെ അടിച്ചേൽപ്പിക്കുമ്പോൾ സ്ത്രീ സുരക്ഷിതത്വവും സംരക്ഷണവുമാണ് ലക്ഷ്യം വെക്കുന്നത് എന്നാണോ നാം മനസ്സിലാക്കേണ്ടത്..?സമൂഹത്തിന് ഇത്തരം വൈകൃതങ്ങളെ കാണിക്കുകയല്ല വേണ്ടത് , അവരുടെ മനോഭാവങ്ങളെ മാറ്റിയെടുക്കുകയാണ് ഏറ്റവും നല്ല ശുശ്രൂഷാരീതി.ജനങ്ങളുടെ വ്യക്തിത്വ സംരക്ഷണത്തിന് വെല്ലുവിളിയുയർത്തുന്ന പരിഷ്കരണ പദ്ധതിക്ക് മൗനതല്പരർ ഒരുപാട് ഉണ്ടായിരിക്കാം.കാരണം പാശ്ചാത്യൻ ഉപോൽപന്നമായ ആധുനികതയുടെ കാറ്റ് അടിച്ചുവീശുന്ന നവയുഗത്തിൽ വസ്ത്രങ്ങളുടെ കോലമാറ്റത്തിന്റെയും സ്വത്വ മൂല്യചുതിയുടെയും വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്.മാത്രവുമല്ല,ഇപ്പോൾ മൗനികളായിരിക്കുന്ന പലരും ഒരുപക്ഷെ മുസ്ലിം വസ്ത്രധാരണത്തെ പറ്റി പലയിടങ്ങളിലും വാചാലരായിരുന്നവരാകാം.ആധുനികത രൂപം കൊടുക്കുന്ന തുല്യതാ പ്രയോഗങ്ങൾ മനുഷ്യാവകാശങ്ങൾക്കും നീതിബോധത്തിനും സാമൂഹിക പദവിക്കും വേണ്ടി നിലകൊള്ളേണ്ടവയാണ്.എന്നാൽ പ്രസ്തുത പരിഷ്കരണം വസ്ത്ര സ്വാതന്ത്ര്യത്തെയും നീതി ബോധത്തെയും ഉള്ളിൽ പൂഴ്ത്തിയും പുറമെ സ്വർണ്ണം പൂശിയുമുള്ള ഒരു പരിഷ്കരണ വിഭ്രാന്തി മാത്രമാണ്.
*ഏക സിവിൽ യൂണിഫോം...!?*
ന്യൂനപക്ഷത്തെ അവഗണിക്കുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ നവീകരണ താൽപര്യങ്ങളും ലക്ഷ്യങ്ങളും "വൈവിധ്യങ്ങളുടെ ഇന്ത്യ", എന്നും എതിർത്ത ചരിത്രം മാത്രമേയുള്ളൂ. ഭരണഘടനയുടെ മാർഗനിർദ്ദേശക തത്വങ്ങളിലെ ഏകീകൃത സിവിൽകോഡ് ഒരു രീതിയിലും ജനാധിപത്യപരമല്ല എന്ന കാരണത്താൽ സ്വാതന്ത്ര്യലബ്ധിയുടെ തുടക്കത്തിൽ തന്നെ എതിർപ്പുകൾ നേരിട്ടിരുന്നു. പുരുഷ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതും സ്ത്രീ പക്ഷത്തിന്റെ മേൽ അവ അടിച്ചേൽപ്പിക്കുന്നതുമായുള്ള ഭരണ താൽപര്യങ്ങൾ സ്ത്രീ ശാക്തീകരണമായോ സംവരണ മനോഭാവമായോ സമത്വ ആദർശമായോ കണക്കാക്കാൻ സാധിക്കുകയില്ല. അതിന്റെ ഏറ്റവും ചെറിയ ശാഖയായാണ് ഏക യൂണിഫോമിനെ തീർച്ചയായും നാം മനസ്സിലാക്കേണ്ടത്.
*സ്ത്രീക്ക് പ്രതീക്ഷിക്കാവുന്നത് അപരത്വമോ...??*
ശാരീരികമായും മാനസികമായുള്ള സ്ത്രൈണതയുടെ പ്രത്യേകതകളെ അവളുടെ പര്യാപ്തതയുടെ അളവുകോലായാണ് ചിത്രീകരിക്കേണ്ടത്.മറിച്ച് മതിലിനപ്പുറം പൊന്നാണെന്നും പറഞ്ഞു അപര്യാപ്തതയെ അണിയിച്ച് തള്ളി വിടലല്ല.ഒരു സ്ത്രീ അവൾക്കിണങ്ങുന്ന അവകാശങ്ങൾക്കും പരിഗണനകൾക്കും അർഹയാണെന്നതിലുപരി വ്യക്തിത്വ അവകാശങ്ങൾ അംഗീകരിച്ച് കിട്ടാനും അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള അവസരങ്ങൾ ഭരണകൂടത്തിൽ നിന്നും പ്രതീക്ഷിക്കുന്നവൾകൂടിയാണ്. സ്വത്വ മൂല്യങ്ങളെ ബാധിക്കും വിധമുള്ള പരിഷ്കരണങ്ങൾ സ്ത്രീ സംസ്കൃതിക്കും സംരക്ഷണത്തിനും തടസ്സമായി മാറുന്നതിനുള്ള ബാക്കി ചിത്രങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. സ്കൂൾ ഘട്ടങ്ങളിൽ തന്നെ ആധുനികതയെ അഴിച്ചുവിട്ടുള്ള ഇത്തരം നടപടികൾ കേരള സംസ്കാരത്തെ മാത്രമല്ല മത വികാരങ്ങളെയും വ്രണപ്പെടുത്തും എന്നതിൽ സംശയമില്ല. കാരണം പുരുഷവേഷം ധരിക്കൽ സ്ത്രീക്ക് നിഷിദ്ധമാണ് എന്നാണ് ഇസ്ലാമിക ഭാഷ്യം. എന്നുമല്ല ഓരോ വ്യക്തിയും അവനവനായിരിക്കുക എന്നതിലെ മനോഹാരിതയാണ് കേരളത്തിന്റെ തനിമയും. ആൺ-പെൺ ബന്ധങ്ങളെ നിർവചിക്കേണ്ടത് മറ്റൊരു സ്വത്ത്വത്തിന് കീഴ്പ്പെടുത്തിക്കൊണ്ടല്ല, മറിച്ച് ലിംഗ വൈവിധ്യങ്ങളെ അവയുടെ വ്യക്തിത്വത്തോട് കൂടെ നിലനിർത്തിക്കൊണ്ടാണ് .
"പടുരാക്ഷസ ചക്രവർത്തിയെൻ ഉടൽ മോഹിച്ചതിന് ഞാൻ പിഴച്ചതോ...?(ഞാൻ പിഴച്ചിട്ടാണയ്യാ, എന്നൊരു കാലം വരാതിരിക്കട്ടെ...)".
Fouziya KP
Darul Anwar Islamic & Arts College for Women, Pallippuram
2 Comments
സമഗ്രo സമ്പൂർണ്ണം 👍👍🔥🔥
ReplyDelete👌👌👌
ReplyDelete