സൂറത്തു സ്വാഫ്ഫാത്ത്: വാനലോകത്തെ മാലാഖനിര
തൗഹീദിന്റെ തെളിവുകളിലൂടെയും ,പുനർജന്മ നിഷേധികൾക്കുള്ള ഖണ്ഡനത്തിലൂടെയും സ്വർഗവാസികൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയും ഇബ്രാഹിം നബി (അ) സ്വപുത്രനെ റബ്ബിന്റെ മുൻപിൽ ബലിയർപ്പിക്കുന്നതിലൂടെയും കടന്നുപോകുന്ന ഈ അധ്യായം നൂഹ് , ഇബ്രാഹിം, മൂസ, ഹാറൂൻ, ഇല്യാസ്, ലൂത്ത്, യൂനുസ് (അ) എന്നീ നബിമാരുടെ ചരിത്ര താളുകളിലേക്കും, മലക്കുകൾ ദൈവപുത്രന്മാരാണെന്ന മുശ് രിക്കുകളുടെ ജല്പനങ്ങൾക്കുള്ള മറുപടിയിലേക്കും കട്ടു കേൾക്കാൻ തക്കം പാർത്തിരിക്കുന്ന പിശാചുക്കളെ ആട്ടിയോടിക്കുന്നതിലേക്കും വിശ്വാസി ഹൃദയങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു.
"നബി (സ ) തങ്ങൾ പറഞ്ഞു:
മലക്കുകൾ അവരുടെ റബ്ബിനെ അടുക്കൽ അണി കെട്ടുന്നത് പോലെ നിങ്ങൾക്ക് അണകെട്ടിക്കൂടെ.., സ്വഹാബാക്കൾ ചോദിച്ചു: എങ്ങനെയാണ് മലക്കുകൾ രക്ഷിതാവിന്റെ അടുക്കൽ അണി കെട്ടുക ? തങ്ങൾ പറഞ്ഞു :അവർ മുമ്പിലുള്ള അണികൾ പൂർത്തിയാക്കുകയും അണികൾ പരസ്പരം ചേർത്തു നിർത്തുകയും ചെയ്യും (മുസ്ലിം ) "
ഹിജ്റക്കു മുന്നേ പുണ്യ മക്ക മണ്ണിൽ വെച്ച് തിരു പ്രവാചകന് അല്ലാഹു അവതരിപ്പിച്ച് നൽകിയ 182 സൂക്തങ്ങളടങ്ങിയ വിശുദ്ധ ഖുർആനിലെ 37-ആം അധ്യായമാണ് സൂറത്തു സ്വാഫ്ഫാത്ത് .അണി കെട്ടിനിൽക്കുന്നവയെ കൊണ്ട് സത്യം ചെയ്തു ആരംഭിക്കുന്നത് കൊണ്ടുതന്നെയാണ് ഈ സൂറത്തിന് "الصّافات" എന്ന് നാമകരണം ചെയ്യാൻ കാരണവും. അല്ലാഹുവിന്റെ ഇബാദത്തിൽ മുഴുകി കൊണ്ട് അണിയണിയായി നിരന്നുനിൽക്കുന്ന മലക്കുകളെയാണ് സ്വാഫ്ഫാത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഇക് രിമ, ഇബ്നു അബ്ബാസ് (റ) പോലുള്ള ബഹു ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.
തലക്കുമുകളിൽ പ്രത്യക്ഷപ്പെടുന്ന കാർമേഘം മറ്റു സ്ഥലങ്ങളിലേക്ക് നിമിഷനേരം കൊണ്ട് നീങ്ങി പോകുന്നത് പലപ്പോഴും നാം കാണുന്നു. യാദൃശ്ചികവും അപ്രതീക്ഷിതമായി മഴ വർഷിക്കുന്നതും നമുക്കറിയാം. അല്ലാഹുവിന്റെ നിർദ്ദേശാനുസരണം മലക്കുകളാണ് ഇതു നിർവഹിക്കുന്നത്.
فالزّاجرات زجرًا (2)
അല്ലാഹുവിന്റെ കല്പന അനുസരിച്ച് മേഘങ്ങളെ അങ്ങോട്ടുമിങ്ങോട്ടും തെളിച്ചും തടുത്തും ആട്ടിൻപറ്റത്തെ നിയന്ത്രിക്കുന്നതു പോലെ വഴിതിരിച്ചുവിട്ടു നിയന്ത്രിക്കുന്ന മലക്കുകളാണ് ഇവിടെ "الزاجرات " എന്നതിന്റെ ഉദ്ദേശം. മലക്കുകളുടെ ഈ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഓരോ പ്രദേശത്തും മഴ ലഭിക്കുന്നത്.
നാം രാത്രികാലങ്ങളിൽ മേല്പോട്ടു നോക്കിയാൽ ഭംഗിയേറിയ വൈരക്കല്ലുകൾ വാരി വിതറിയതുപോലെ അതിവിശാലമായ ആകാശ മുഖത്ത് മനോഹരങ്ങളായ നിരവധി നക്ഷത്രങ്ങൾ പ്രകാശിക്കുന്നതായി കാണാം. എന്തൊരു മനോഹരമായ കാഴ്ചയാണിത് .അവയെ കൊണ്ടുള്ള പല പ്രയോജനങ്ങളും അല്ലാഹുതആല എടുത്തുപറയുന്നു .
(8) لّا يسّمّعون الى الملإ ٱالأعلى ويقزفون من كلّ جانب.
دحورًا ولهم عذابٌ واصبٌ.(9)
الملإ ٱالأعلى
യിൽ മലക്കുകൾ ആകുന്ന സമുന്നത സമൂഹത്തിൽനിന്നും വാർത്തകൾ കട്ടു കേൾക്കാൻ ആകാശത്തിലേക്ക് സൂത്രത്തിൽ കയറിച്ചെല്ലുന്ന ധിക്കാരികളായ പിശാചുക്കളെ ആട്ടിയോടിച്ചു ആകാശത്തെ സുരക്ഷിതമാക്കി നിർത്താൻ അള്ളാഹു നക്ഷത്രങ്ങളെ ഉപയോഗപ്പെടുത്തുന്നു. പിശാചുക്കൾ വല്ല വാർത്തയും തഞ്ചത്തിൽ തട്ടിയെടുക്കാൻ ശ്രമിച്ചാൽ നാനാഭാഗത്തുനിന്നും അവരുടെ നേരെ തീജ്വാല കൊണ്ടുള്ള ശക്തമായ ഏറുവരും.
മനുഷ്യന്റെ ചിന്താമണ്ഡലങ്ങൾക്കതീതമായി അല്ലാഹു സൃഷ്ടിച്ച സ്വർഗീയ ലോകത്തെ സുഖലോലുപതകളെ കുറിച്ചും അല്ലാഹു 41 മുതൽ 49 വരെയുള്ള സൂക്തങ്ങളിൽ പറയുന്നു. ഈ ആയത്തുകളുടെ ഉൾത്തടത്തിലേക്ക് കയറിച്ചെല്ലുമ്പോൾ തന്റെ ഇഷ്ട ദാസന്മാരായ സത്യവിശ്വാസികൾക്ക് സർവശക്തനും കരുണാമയനുമായ രക്ഷിതാവ് സജ്ജീകരിച്ചു വച്ചിരിക്കുന്ന അനുഗ്രഹങ്ങൾ അവർണ്ണനീയം തന്നെയെന്നതിൽ സംശയമില്ല . അവർണ്ണനീയമായ സ്വർഗ്ഗ സുഖങ്ങളിൽ ആറാടി കൊണ്ടിരിക്കുമ്പോൾ അവിടെ നടക്കുന്ന ഒരു രംഗം പിന്നീട് വിവരിക്കുന്നു. സ്വർഗ്ഗവാസികളിൽ ഒരാൾ തനിക്ക് ഇഹലോകത്ത് ഉണ്ടായിരുന്ന ഒരു കൂട്ടുകാരനെ ഓർക്കുകയാണ് , അയാൾ മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവൻ ആയിരുന്നു. എന്നിട്ട് ആ സ്വർഗ്ഗവാസി പഴയ കൂട്ടുകാരന്റെ ഇപ്പോഴത്തെ സ്ഥിതിഗതികൾ എന്താണെന്ന് അറിയാൻ ആഗ്രഹിക്കുകയും അതിലേക്ക് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കൂട്ടുകാരായ സ്വർഗ്ഗവാസികളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് . ഭൗതികലോകത്ത് കൂട്ടുകാരായിരുന്ന അവർ തീർത്തും വിഭിന്നമായ രണ്ട് വ്യത്യസ്ത ലോകങ്ങളിൽ ആണ് ഇപ്പോൾ.
തന്റെ ജനതയുടെ ധിക്കാരവും ആക്രമണങ്ങളും അതിരുവിട്ടപ്പോൾ നൂഹ് നബി (അ) രക്ഷക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അല്ലാഹു ഉത്തരം നൽകുകയും അങ്ങനെ സത്യനിഷേധികളെ എല്ലാം വെള്ളത്തിൽ മുക്കി കൊല്ലുകയും അദ്ദേഹത്തെയും സത്യവിശ്വാസികളെയും രക്ഷിക്കുകയും ചെയ്യുന്ന സംഭവബഹുലമായ ചരിത്രത്താളുകൾ ഈ അധ്യായം വിളിച്ചോതുന്നു . ഒരു വക കളങ്കവും സ്വാർത്ഥതയും തീണ്ടാത്ത ശുദ്ധ ഹൃദയനായ ഇബ്രാഹിം നബി (അ) ബിംബങ്ങളെ ആക്ഷേപിച്ചതും നശിപ്പിച്ചതും അതു മൂലം പരീക്ഷണങ്ങൾക്ക് വിധേയമായതും മകനെ ബലിയർപ്പിക്കാൻ തയ്യാറായതും എല്ലാം ഈ സൂറത്തിൽ വിവരിക്കുന്നു .
وتركنا عليه في الأخرين (129)
"പിൻ തലമുറകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നിലനിർത്തുകയും ചെയ്തു ."പ്രവാചക ശ്രേഷ്ഠന്മാരായ നൂഹ് , ഇബ്രാഹിം, മൂസ,ഹാറൂൻ, ഇൽയാസ് (അ) എന്നിവരെ കുറിച്ച് പ്രസ്താവിച്ച ശേഷം പിൻതലമുറകളിൽ അവരെക്കുറിച്ചുള്ള പ്രശംസ നാം നിലനിർത്തി എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാർഹമാണ്.
പരിശുദ്ധമാക്കപ്പെട്ട ഈ അധ്യായം തസ്ബീഹും ഹംദും കൊണ്ടാണ് അവസാനിക്കുന്നത്.
سبحان رب العزة عما يصفون(180)
وسلام على المرسلين(181)
و الحمد لله رب العالمين(182)
അലി (റ) പറയുന്നു : സൂറത്ത് സ്വാഫ്ഫാത്തിലെ അവസാന ആയത്തുകൾ ഒരു വിശ്വാസി ഒരു സദസ്സിൽ നിന്നും എണീറ്റു പോകുമ്പോൾ പറഞ്ഞാൽ അന്ത്യനാളിൽ അവന്റെ പ്രതിഫലങ്ങൾ എല്ലാം പരിപൂർണ്ണമാക്കി നൽകപ്പെടുന്നതാണ്. (ഹാശിയതു സ്വാവി :3 :327 ) .
ഒരാൾ സൂറത്ത് സ്വാഫ്ഫാത്ത് സ്വപ്നം കണ്ടാൽ അല്ലാഹുവിന് കീഴ്പ്പെടുന്ന വിശ്വാസ ദൃഢതയുള്ള സന്താനത്തെ അല്ലാഹു അവന് നൽകും . (തഅത്വീർ : 153,154)
ദൈർഘ്യമേറിയ ഈ സൂറത്തിലെ ചെറുതും വലുതുമായ ഓരോ കാര്യങ്ങളും വിശാലമായ മനസ്സോടെ ആഴത്തിൽ ചിന്തിക്കാനും സത്യാസത്യ മാർഗ്ഗങ്ങൾ വേർതിരിച്ച് അറിഞ്ഞ് സത്യത്തെ നെഞ്ചോട് ചേർക്കാനും അസത്യത്തെ ധൈര്യപൂർവ്വം ചെറുക്കാനും സർവ്വശക്തൻ തുണക്കട്ടെ- ആമീൻ
Fathima Rifa KV
Rabiya K
CM Ayisha Hajjumma Institute of Advanced studies (Wafiyya) Madavoor

2 Comments
Aameen 🤲
ReplyDeleteMaa shaa Allah 🌹
❤
ReplyDelete