സൂറത്തുൽ ഗാഫിർ : പാപമോചനപാതയിലൂടെ സ്വർഗത്തിലേക്ക്
പരിശുദ്ധ ഖുർആനിലെ നാല്പതാമത്തെ അധ്യായമാണ് 'സൂറത്തുൽ ഗാഫിർ'.85 സൂക്തങ്ങളുള്ള ഈ സൂറത്ത് അവതരിച്ചത് മക്കയിലാണ്.'സൂറത്തുൽ മുഅ്മിൻ' എന്ന മറ്റൊരു പേര് കൂടി ഈ സൂറത്തിനുണ്ട്.
غافر الذنب و قابل التوب
( പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും) എന്ന പരിശുദ്ധ വാക്യം കൊണ്ടാണ് ഈ അദ്ധ്യായം ആരംഭിക്കുന്നത്. ഈ കാരണത്താലാണ് ഈ അധ്യായത്തിന്' غافر 'എന്ന പേരുവന്നത്. ഫിർഔനിന്റെ കുടുംബത്തിൽ പെട്ട ഒരു മുസ്ലിമിനെ കുറിച്ച് ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതിനാലാണ് ഈ അധ്യായം മുഅ്മിൻ എന്ന പേരിലും അറിയപ്പെടുന്നത്.മുഖത്തഅത്തിൻ്റെ ഹർഫുകളായ 'حم' കൊണ്ട് ആരംഭിക്കുന്ന 7 സൂറത്തുകളിൽ ഒന്നാണ് സൂറത്തുൽ ഗാഫിർ.
അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ട അതിമഹത്തായ ഒരു വിശേഷണമാണ് غافر (പൊറുക്കുന്നവൻ ). നന്മയ്ക്ക് അല്ലാഹു അനേകമിരട്ടി പ്രതിഫലം നൽകുമെന്ന് ഖുർആനും ഹദീസും പഠിപ്പിക്കുന്നു. എന്നാൽ തിന്മയ്ക്ക് അതിനുള്ള കൃത്യമായ ശിക്ഷ മാത്രമേ അവൻ നൽകുകയുള്ളൂ. മാപ്പ് അർഹിക്കുന്നവർക്ക് അവൻ മാപ്പ് നൽകുകയും ചെയ്യും. അല്ലാഹുവിന്റെ വിട്ടുവീഴ്ചയും കാരുണ്യവും ആണ് ശിക്ഷയേക്കാൾ മുന്നിട്ടുനിൽക്കുന്നത് എന്ന വസ്തുത ഈ അധ്യായം വ്യക്തമാക്കുന്നുണ്ട്. സൽകർമങ്ങൾ പ്രവർത്തിച്ചാൽ ആൺ-പെൺ വ്യത്യാസമില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും എന്ന് അല്ലാഹു ഈ അധ്യായത്തിലൂടെ വിശ്വാസിക്ക് വാഗ്ദാനവും ഉറപ്പും നൽകുന്നു. നരകവാസികളുടെ ദയനീയ അവസ്ഥയെ പറ്റിയും ഈ സൂറത്തിലൂടെ അല്ലാഹു നമ്മോട് പറയുകയും അതിനോടൊപ്പം അല്ലാഹുവിന്റെ ശിക്ഷ അധികഠിനം ആണെന്നും സത്യനിഷേധികളുടെ മേൽ അവന്റെ ശിക്ഷയുണ്ട് എന്നും വ്യക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
സൂറത്തു മുഅ്മിനിൽ പറയുന്ന മറ്റൊരു പ്രധാന സംഭവമാണ് ഫിർഔനിന്റെ കുടുംബക്കാരിൽപെട്ട ഒരു സത്യവിശ്വാസിയുടെ കഥ. ഫിർഔനും സംഘവും അവിശ്വസിക്കുകയും മൂസ (അ)നെ കളവ് ആക്കുകയും ചെയ്തപ്പോൾ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നൽകുകയും അന്ത്യനാൾ കൊണ്ട് വിശ്വസിക്കാൻ കൽപിക്കുകയും ചെയ്തു.സത്യവിശ്വാസിയായ ആ മനുഷ്യൻ തൗഹീദിനെ മുറുകെപ്പിടിക്കുകയും അല്ലാഹുവിലേക്ക് മുഴുവൻ ജനതയേയും ക്ഷണിച്ചു കൊണ്ടിരിക്കുകയും ചെയ്തു.എന്നാൽ, ഒടുവിൽ അവർ സത്യ നിഷേധത്തിൽ തുടരുകയും അവരുടെമേൽ അല്ലാഹുവിന്റെ കഠിനശിക്ഷ ഇറങ്ങുകയും ആ സത്യവിശ്വാസിയായ മനുഷ്യനെ അള്ളാഹു സംരക്ഷിക്കുകയും ചെയ്ത സന്ദർഭം ഈ അധ്യായത്തിൽ വ്യക്തമായി വിവരിക്കുന്നുണ്ട്.
പാപക്കറ പൂണ്ട മനുഷ്യ ഹൃദയത്തെ പശ്ചാത്താപത്തിന്റെ ശുദ്ധ ജലം കൊണ്ട് കഴുകാനുള്ള അവസരമുണ്ടെന്ന് غافر ആയ അള്ളാഹു ഈ അദ്ധ്യായത്തിലൂടെ നമുക്ക് അറിയിച്ചു തരുന്നു.
ഒരിക്കൽ ഒരാൾ അമീറുൽ മുഅ്മിനീൻ ഉമർ (റ)വിന്റെ അടുത്ത് വന്നുകൊണ്ട് ഞാൻ കൊലപാതകിയാണെന്നും എനിക്ക് തൗബയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തപ്പോൾ ഉമർ (റ) ഈ അദ്ധ്യായത്തിലെ മൂന്നാം ആയത്ത് പാരായണം ചെയ്ത് കൊടുക്കുകയും നീ ഇങ്ങനെ പ്രവർത്തിച്ചോളൂ നിരാശപ്പെടേണ്ടതില്ല എന്ന് സമാധാനിപ്പിക്കുകയും ചെയ്ത സന്ദർഭം ഹദീസിൽ വന്നിട്ടുണ്ട്.
അല്ലാഹു പവിത്രമാക്കിയ 100 മനുഷ്യശരീരത്തെ വധിച്ച ഒരു പാപിയുടെ ഹൃദയമുരുകിയുള്ള പശ്ചാത്താപം മൂലം അവന്റെ പാപം പൊറുത്തു കൊടുത്തവനാണ് അല്ലാഹു. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യവും അവന്റെ ശിക്ഷയും ജനനം മുതൽ മരണം വരെയുള്ള അവന്റെ പരിപാലനവും അതിനുശേഷമുള്ള പുനർജന്മവും അന്ത്യനാളും ഒക്കെയാണ് ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങൾ. പാപത്തിന് ഇരുട്ടുമുറിയിൽ അകപ്പെട്ട മനുഷ്യനെ പശ്ചാത്താപത്തിലൂടെ പ്രകാശനിമഗ്നമായ കവാടങ്ങൾ ഉണ്ടെന്ന സന്തോഷവാർത്ത അറിയിക്കുകയാണ് ഈ അധ്യായം.
Nusaiba k
Shifanath
Wadeema mohammed butti women's college

1 Comments
❤
ReplyDelete