സൂറത്തു അബസ : സംശുദ്ധമായ ഉപദേശം
അജ്ഞതയുടെ അന്ധകാരത്തിൽ ഹിദായത്തിന്റെ പ്രകാശം പരത്തിയ വിശുദ്ധ ഖുർആനിന്റെ എൺപതാമത്തെ അദ്ധ്യായമായ സൂറത്ത് അബസ അവതീർണമായത് വിശുദ്ധ മക്കയിലാണ്. സൂറത്തിലെ ആദ്യത്തെ സൂക്തത്തിലെ ആദ്യ വചനം കൊണ്ട് തന്നെയാണ് ഇതിന് നാമവും നൽകിയിട്ടുള്ളത്.
مرحبا بمن عاتبني فيه ربي
എന്ന് ആദരവായ മുഹമ്മദ് നബി ﷺതങ്ങൾ വിശേഷിപ്പിച്ചതായ മഹാനായ സ്വഹാബി അബ്ദുല്ലാഹ് ഇബ്നു ഉമ്മി മക്തൂം( റ) നിമിത്തം അവതീർണമായ അധ്യായമാണ് സൂറത്ത് അബസാ .
ഒരിക്കൽ മക്കയിലെ പ്രധാനികളായ കുറെ അവിശ്വാസികൾ നബി(ﷺ)യുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടും മുസ്ലിമാവേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തിക്കൊണ്ടും നബിﷺഅവരെ ഉദ്ബോധിപ്പിക്കുകയായിരുന്നു. അപ്പോഴാണ് അന്ധനായ അബ്ദുല്ലാഹി ബിൻ ഉമ്മി മക്തൂം(റ) ആ സദസ്സിലേക്ക് കയറി വന്നു കൊണ്ട്, നബിയേ! അങ്ങേക്ക് അല്ലാഹു പഠിപ്പിച്ചു തന്ന വിജ്ഞാനത്തിൽ നിന്ന് എനിക്ക് പഠിപ്പിച്ച് തന്നാലും! എന്ന് പറഞ്ഞത്. ഇതുപോലുള്ള സാധുക്കൾക്കൊപ്പം ഇരിക്കേണ്ടി വരും മുസ്ലിംകളായാൽ എന്ന് ചിന്തിച്ച് തലക്കനത്തിന്റെ ആൾരൂപങ്ങളായ ഈ അവിശ്വാസി നേതാക്കൾ മാറിപ്പോകുമോ എന്ന വിഷമത്തിൽ നബിﷺ ക്ക് ആ സ്വഹാബിയുടെ അപ്പോഴുണ്ടായ ആഗമനത്തിൽ നീരസം തോന്നുകയും അദ്ദേഹത്തിനു മറുപടി കൊടുക്കാതെ അവരുമായി നടന്ന് കൊണ്ടിരുന്ന സംസാരം തുടരുകയും ചെയ്തു.അദ്ദേഹം നേരത്തെ തന്നെ മുസ്ലിമായ ഒരു മഹാനായതിനാൽ തന്നെ ഞാൻ തൽക്കാലം അദ്ദേഹത്തെ പരിഗണിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസത്തിനു തകരാറുണ്ടാവില്ല,അതേ സമയം ഞാനിപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന ഖുറൈശി നേതാക്കൾ സത്യത്തിലേക്ക് കടന്നുവന്നാൽ അത് വലിയൊരു പുരുഷാരം ഇസ്ലാമിലേക്ക്-സത്യത്തിലേക്ക്-ഒഴുകിയെത്താൻ കാരണമാവും എന്ന് പ്രത്യാശിച്ചതിന്റെ പേരിലാണ് നബിﷺ ഈ സമീപനം സ്വീകരിച്ചത്.നരകത്തിലെത്താൻ സാദ്ധ്യതയുള്ള ചിലരെയെങ്കിലും രക്ഷിച്ചെടുക്കുക എന്ന ഉദ്ദേശ്യത്താൽ നബി ﷺ ക്ക് പലപ്പോഴും തങ്ങളുമായി അടുപ്പമുള്ളവരെ ഒഴിവാക്കുന്ന ശീലമുണ്ട്.
ശേഷമുള്ള സൂക്തങ്ങളിൽ അല്ലാഹു തആല ഹബീബായ റസൂലുല്ലാഹി ﷺ തങ്ങൾക്ക് അവിശ്വാസികളെ നന്നാക്കുന്നതിൽ സമയം കളയുന്നതിനേക്കാൾ ഭക്തനും വിജ്ഞാന ദാഹിയുമായ ഈ മഹാന്റെ കാര്യത്തിൽ ശ്രദ്ധകൊടുക്കലാണ് ഫലപ്രദമെന്ന സംശുദ്ധമായ ഉപദേശം നൽകുകയാണ്.
എന്നാൽ പിന്നീട് വരുന്ന ഭാഗങ്ങളിൽ അല്ലാഹു മനുഷ്യൻ കാണിക്കുന്ന സത്യ നിഷേധത്തിന്റെയും മറ്റു പേക്കൂത്തുത്തുകളുടെയും ഗൗരവത്തെ ഉണർത്തുകയാണ് ചെയ്യുന്നത് .അവൻ ആദ്യം മ്ലേഛമായി കരുതുന്ന ഇന്ദ്രിയവും അവസാനം ചീഞ്ഞളിയുന്ന ശവവും അതിനിടക്ക് കാഷ്ടം പേറി നടക്കുകയും ചെയ്യുന്ന അവസ്ഥയല്ലേ? അവൻ എത്ര അഹങ്കരിച്ചാലും സൃഷ്ടിപ്പിലെ ഈ അവസ്ഥയോ അവസാനത്തിൽ വരുന്ന ആ സാഹചര്യമോ ഇപ്പോഴുള്ള ഈ നിസ്സഹായതയോ അവനു ഇല്ലാതാക്കാനാവുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ അവൻ എങ്ങനെ സത്യ നിഷേധിയാവുന്നു? എന്ന മനസിലേക്ക് തുളച്ച് കയറുന്ന ചോദ്യമാണ് അല്ലാഹു ചോദിക്കുന്നത് എന്നിട്ട് ആ നിഷേധത്തിന്റെ പേരിൽ അവനെതിരെയുള്ള ശക്തമായ പ്രാർത്ഥനയാണ് അവൻ കൊല്ലപ്പെടട്ടെ! ശപിക്കപ്പെടട്ടെ! നാശമടയട്ടെ! എന്നൊക്കെ അർത്ഥം പറയാവുന്ന വാക്കിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്നത്. പിന്നീടുള്ള ഭാഗത്തിൽ അവൻ രക്തക്കട്ടയും മാംസക്കട്ടയും അതിന്റെ വളർച്ചയും വിജയവും പരാജയവും തുടങ്ങിയ വ്യവസ്ഥാപിതമായ കാര്യങ്ങളെയും അതിന് ശേഷം മരിപ്പിക്കൽ, ഖബറടക്കൽ,പുനർജ്ജനിപ്പിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളെയും ആണ് വിശദീകരിക്കുന്നത് . അല്ലാഹുവിൻ്റെ ഏകത്വത്തിൻ്റെ തെളിവുകൾ മനസ്സിലാക്കാനും അഹങ്കാര സ്വഭാവവും മറ്റും ഉപേക്ഷിക്കാനും കൽപിക്കപ്പെട്ട മനുഷ്യർ ഇതിനൊക്കെ എതിരാകയാൽ അല്ലാഹു അവന് കൊടുത്ത അനുഗ്രഹങ്ങളെ ഉണർത്തുകയാണിവിടെ.മനുഷ്യൻ കഴിക്കുന്ന ഭക്ഷണം,മൃഗങ്ങൾക്ക് ആവശ്യമായ ആഹാരം, അതിനു പ്രകൃതിയിൽ ഒരുക്കേണ്ട സംവിധാനങ്ങൾ എല്ലാം അല്ലാഹു സജ്ജീകരിച്ചു വെച്ചിരിക്കുന്നു. മഴ വർഷിപ്പിക്കുന്നതും, അത് ഭൂഗർഭ അറകളിൽ സൂക്ഷിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തതുമൊക്കെ തുടങ്ങി ധാരാളം അനുഗ്രഹങ്ങൾ.അല്ലാഹുവിന്റെ അളവറ്റ ഈ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാൻ താനേറെ കടപ്പെട്ടവനാണെന്ന് ചിന്തിക്കുന്നവനു മനസിലാകും.
ശേഷം അല്ലാഹു ഖബ്റിൽ നിന്നു മഹ്ശറ മൈതാനിയിലെത്തുന്ന മനുഷ്യരുടെ അസ്വസ്ഥമായ അവസ്ഥയാണ് വിശദീകരിക്കുന്നത്. അന്നത്തെ വിഷമത്തിൽ നിന്നു എനിക്കെങ്ങനെ രക്ഷപ്പെടാനാവും എന്ന് മാത്രമായിരിക്കും ഓരോരുത്തരുടെയും ചിന്ത! സ്വന്തം മാതാപിതാക്കളെയോ ഭാര്യ സന്താനങ്ങളെയോ നേരിൽ കണ്ടാൽ പോലും അവരുടെ വിവരങ്ങൾ അന്വേഷിക്കാൻ ഒരാളും ഒരുക്കമായിരിക്കില്ല.കാരണം ആദ്യം എന്റെ രക്ഷ! എന്നതാണ് ഓരോരുത്തരുടെയും ലക്ഷ്യം.അതിനായി നെട്ടോട്ടത്തിലാണ് എല്ലാവരും!.അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ സന്തുഷ്ടരായ കാരണത്താൽ സജ്ജനങ്ങളുടെ മുഖം പ്രസന്നവും സന്തോഷം കളിയാടുന്നതുമായിരിക്കും. അതേ സമയം യാതൊരു പ്രതീക്ഷയുമില്ലാത്ത ദുർജ്ജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ അവരുടെ വിഷമം വായിച്ചെടുക്കാനാവും. എന്നിങ്ങനെ പല ചിന്താത്മകമായ കാര്യങ്ങളെയും അല്ലാഹു ഇവിടെ സരളമായി വ്യക്തമാക്കുന്നുണ്ട്.
വർണ്ണിക്കാൻ സാദ്ധ്യമല്ലാത്തത്രയും വിഷമകരമായ അന്ത്യ ദിനത്തെയും തുടക്കം മുതൽ ഒടുക്കം വരെയുള്ള സൃഷ്ടികളുടെ അവസ്ഥയെയും സൃഷ്ടാവിന്റെ അനുഗ്രഹങ്ങളെയും നബി ﷺ തങ്ങളോടുള്ള ഉപദേശത്തെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഏറെ മഹത്വങ്ങളും പ്രത്യേകതകളുമുള്ള ഒരു സൂറത്താണ് അബസ.
അബസ സൂറത്ത് പാരായണം ചെയ്യുന്നവൻ പരലോകത്ത് പ്രസന്നമായ മുഖവുമായിട്ടായിരിക്കുമെന്ന് നബിﷺപറഞ്ഞിട്ടുണ്ട്(ബൈളാവി 2/571)
Fathimath Shameema
Faslathunnisa A P
Noorul Islam Women's College
Alampady , Kasaragod

2 Comments
♥️sista
ReplyDelete😍
ReplyDelete