സൂറത്തുൽ ഖദ്ർ:നിർണയത്തിന്റെ രാവ്
സർവ്വചരാചരങ്ങളുടെയും ഉടമയായ, പ്രപഞ്ചതിന്റെ അധികാരിയായ, ഏകനായ ഇലാഹ് അവന്റെ അടിമകൾക്കായി നിജപ്പെടുത്തി കൊടുത്ത രാത്രിയാണ് ലൈലത്തുൽ ഖദർ.
മഹത്വങ്ങൾ ഏറെയുള്ള ആ രാത്രിയെ കുറിച്ച് ഖുർആനിൽ വ്യക്തമായി തന്നെ പരാമർശിച്ചിട്ടുണ്ട്. സൂറത്തുൽ ഖദ്ർ എന്ന് നാമകരണം ചെയ്ത് അഞ്ച് സൂക്തങ്ങളുള്ള 97 ആം അധ്യായമാണത്.മാനവ രാശിയെ സംബന്ധിച്ചിടത്തോളം വർഷത്തിൽ ഏറ്റവും പുണ്യമായ രാത്രി ലൈലത്തുൽ ഖദ്ർ ആണ്.ഖദ്ർ എന്ന വാക്കിന്റെ അർത്ഥം വരുന്നത് വിധി, തീരുമാനം, മഹത്വം എന്നൊക്കെയാണ്. പ്രകാശപൂരിതമാക്കിയ ഈ ഒറ്റ രാത്രിയിലെ ആരാധന ലൈലത്തുൽ ഖദ്ർ അല്ലാത്ത ആയിരം രാത്രിയേക്കാൾ ശ്രേഷ്ഠമാണ് എന്ന് മഹാത്മാക്കളുടെ വചനത്തിൽ കാണാം.
പ്രസ്തുത സൂറത്തിന്റെ ആശയം വരുന്നതിപ്രകാരമാണ്.
""നിശ്ചയം, നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്നാണു തങ്ങള്‍ മനസിലാക്കിയത്. ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ പവിത്രമാണ്. മലക്കുകളും ആത്മാവും (ജിബ്രീല്‍) അവരുടെ രക്ഷിതാവിന്റെ അജ്ഞാനുസരണം സകല വിധികളുമായി ആരാവില്‍ ഇറങ്ങും. പ്രഭാതോദയം വരെ ആ രാവ് രക്ഷയാണ്.””
സത്യമാണെന്നു വിശ്വസിച്ചും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലൈലത്തുല്‍ ഖദ്റില്‍ ആരെങ്കിലും നിസ്കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടും എന്ന് നബി (സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിന്‍കാല പാപങ്ങളും പൊറുക്കുമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ കാണാം. ഈ രാത്രിക്ക് വിധിനിര്‍ണയ രാവ് എന്ന പേരു ലഭിച്ചതിന് പണ്ഡിതന്‍മാര്‍ പല കാരണങ്ങളും പറഞ്ഞിട്ടുണ്ട്. ഇബ്നു അബ്ബാസ് (റ) വിന്റെ വിശദീകരണം ഈ രാവിലാണ് മാനവരാശിക്ക് വര്‍ഷാവര്‍ഷമുള്ള വിധിയും വിഹിതവും അല്ലാഹു നിര്‍ണയിക്കുന്നതെന്നാണ്.വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായ തഫ്സീര്‍ ഖുര്‍തുബിയില്‍ കാണാം, ജീവജാലങ്ങളുടെ ഒരു വര്‍ഷത്തേക്കുള്ള പ്രായം, ഭക്ഷണം, തുടങ്ങിയവ ക്ലിപ്തമാക്കുന്നത് ഈ രാത്രിയിലാണ്. (ഖുര്‍തുബി 20/116) ഇക്രിമ (റ) പറയുന്നു. ലൈലത്തുല്‍ ഖദ്റിലാണ് കഅ്ബാലയ തീര്‍ഥാടനം നടത്തുന്ന ഹാജിമാരുടെയും അവരുടെ പിതാക്കളുടെയും പേരുകള്‍ വരെ നിര്‍ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക. (റാസി 32/28). ഇമാം റാസി (റ) പറയുന്ന മറ്റൊരുകാരണം:- ഖദ്ര്‍: എന്ന പദത്തിന് തിങ്ങിനിറഞ്ഞ എന്നൊരര്‍ത്ഥം കൂടിയുണ്ട്.ഈ രാവില്‍ മലക്കുകള്‍ വാനലോകത്തുനിന്നിറങ്ങിവന്ന് ഭൂഗോളത്തില്‍ നിറയുന്നു. ഇക്കാരണത്താലാണ് പ്രസ്തുതനാമകരണം.
വിശുദ്ധ ഖുര്‍ആനിന്റെ അവതാരണത്തിലേക്ക് കടന്ന് ചെന്നാൽ കാണാം ഖുർആനിന് പ്രധാനമായും രണ്ടവതരണമുണ്ട്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് പ്രഥമ ആകാശത്തിലെ ബൈതുല്‍ ഇസ്സയിലേക്ക് ഇറക്കിയതാണ് ഒന്നാം ഘട്ട അവതരണം. ഇത് ലൈലത്തുല്‍ ഖദ്റിലായിരുന്നു. ഒറ്റ ഗഡുവായായിരുന്നു ഈ അവതരണം. പിന്നീട് സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് 23 വര്‍ഷങ്ങളിലായി ജിബ്രീല്‍ (അ) നബി (സ) ക്ക് ഓതിക്കൊടുത്തതാണ് രണ്ടാമത്തെ അവതരണം. ഇതിന്റെ തുടക്കവും ലൈലത്തുല്‍ ഖദ്റിലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (സ്വവി. 4/319, 320)
ലൈലത്തുൽ ഖദ്ർ എന്താണെന്ന് വ്യക്തമാക്കുന്ന സൂറത്താണിത് . പ്രയാസങ്ങൾ നീങ്ങാനും മനസ്സ് ശാന്തമാകാനും ഈ സൂറത്ത് പാരായണം ചെയ്യൽ കൊണ്ട് മതിയാവും എന്ന് ഹദീസുകളിൽ കാണാവുന്നതാണ്. വീട്ടിൽ പ്രവേശിക്കുമ്പോളും പഠിക്കും മുമ്പും ഈ സൂറത്ത് പാരായണം ചെയ്യൽ ഏറെ പുണ്യമായ കാര്യമാണ്. ഖബർ സന്ദർശിക്കുമ്പോൾ 7 തവണ ചൊല്ലിയാൽ അവർക്ക് പൊരുത്തപ്പെട്ട് കൊടുക്കുന്നതാണ്. വുളൂഇന് ശേഷം ചൊല്ലിയാൽ നിഷ്കളങ്ക മനസ്സാവും അത് പോലെ തന്നെ ആവശ്യങ്ങൾ നിറവേറ്റാനും ഈ സൂറത്ത് പതിവാക്കൽ കൊണ്ട് മതിയാകുന്നതാണ്.കിടക്കുമ്പോൾ 11 തവണ ചൊല്ലിയാൽ 11 മലക്ക് കാവൽ നിൽക്കുമെന്നും വെള്ളിയാഴ്ച രാവിൽ പാരായണം ചെയ്താൽ നബി തങ്ങളെ സ്വപ്നത്തിൽ ദർശിക്കാൻ കാരണമാകുമെന്നും ഹദീസുകളിൽ കാണാം.
മുഹമ്മദ് നബി (സ)യുടെ സമുദായത്തെ ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ കൊണ്ട് അല്ലാഹു അനുഗ്രഹിച്ചതിന്റെ പിന്നിലെ രഹസ്യമെന്ത്?
ധാരാളം ഹദീസുകളില്‍ നബി (സ) ലൈലത്തുല്‍ ഖദ്റിന്റെ മാഹാത്മ്യത്തെ കുറിച്ച് സുവിശേഷം നല്‍കിയിട്ടുണ്ട്. പ്രസ്തുത രാവിന്റെ പ്രത്യേകതകള്‍, അതിനു വേണ്ടി അരയും തലയും മുറുക്കി പ്രവാചകന്‍ (സ) ആരാധനാ നിമഗ്നനായത്, കുടുംബത്തെ വിളിച്ചുണര്‍ത്തി ഇത് ബോധിപ്പിച്ചത്. ഹദീസുകള്‍ പരന്നുകിടക്കുന്നു. നന്മയില്‍ ജാഗ്രതരാവുക തിരുനബിയുടെ പ്രകൃതിയായിരുന്നു. കാരണം ഈ വിശുദ്ധരാവ് അവിടുത്തെ അഭിലാഷപ്രകാരം അല്ലാഹു നല്‍കിയ സമ്മാനമാണ്. അനസ് (റ) പറയുന്നത് കാണാം. പൂര്‍വ്വകാല സമുദായത്തിന്റെ ആയുർദൈർഘ്യത്തെപ്പറ്റി ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ്സ് എന്ന് തിരുനബി (സ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലത്തുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്. (മുവത്വ, ബൈഹഖി). ഒരു മനുഷ്യന് അവന്റെ ജീവിതത്തിലെ ഒരൊറ്റ ലൈലത്തുൽ ഖദർ ലഭിച്ചാൽ 83 വർഷവും ചില്ലറ മാസങ്ങളും ആരാധന ചെയ്ത കൂലിയാണ് ലഭിക്കുക. മുത്ത് നബിയുടെ (സ്വ) ഉമ്മത്തിന് അള്ളാഹു കനിഞ്ഞുനൽകിയ അനുഗ്രഹമാണിത്.
തന്റെ സമുദായത്തിന്റെ ആയുര്‍ ദൈര്‍ഘ്യം ശരാശരി 60-70 ആയിരിക്കുമെന്ന് അവിടുന്ന് പ്രവചിച്ചിട്ടുണ്ട്. ഇത്ര ഹ്രസ്വായുസ്സികള്‍ നൂറ്റാണ്ടുകളുടെ ആരാധനകള്‍ നിര്‍വ്വഹിച്ച സമൂഹത്തിന്റെ തോളോടുചേര്‍ന്ന് നില്‍ക്കാന്‍ അര്‍ഹതനേടുന്നതെങ്ങനെ?. നബിയുടെ സമുദായം മുന്‍കാല സമൂഹത്തിന്റെ മേല്‍ സാക്ഷിയായിരിക്കുമെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, തുല്യയോഗ്യതയില്ലാത്തവര്‍ സാക്ഷികളാവുക ന്യായമാണോ? ഈ സമസ്യകള്‍ക്കെല്ലാം നീതിമാനായ അല്ലാഹു പരിഹാരം കണ്ടതും തിരുനബി (സ)യെ സന്തോഷിപ്പിച്ചതും ആയിരം മാസങ്ങളുടെ പവിത്രതയുള്ള ആ രാവ് കൊണ്ടാണ്. ആ രാവിനെ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചവർ ഭാഗ്യവാന്മാർ.
ലൈലത്തുൽ ഖദ്ർ ഏത് രാവിലെന്നത് പറയപ്പെടുന്നില്ല,എങ്കിലും റമളാനിന്റെ അവസാന പത്തിലാണ് അതെന്നാണ് ഏറെ നിഗമനം.
ലൈലത്തുല്‍ ഖദ്റിന്റെ ദിവസം നബി (സ)ക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് സത്യം. ഉബാദത്ബ്നു സ്വാമിതില്‍ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. “”നബി (സ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്ലിംകളില്‍ പെട്ട രണ്ടു പേര്‍ ശണ്ഠകൂടുന്നത് കണ്ടു. അപ്പോള്‍ നബി (സ) പറഞ്ഞു. ലൈലത്തുല്‍ ഖദ്റിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വെക്കുന്നത്. അതോടെ ആ ജ്ഞാനം അല്ലാഹു ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷെ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.
ഇത്രയേറെ മഹത്വമുള്ള ലൈലത്തുൽ ഖദറിനെപറ്റി ഇറങ്ങിയ അധ്യായമായത് കൊണ്ടാണ് സൂറത്തുൽ ഖദ്റിന് ഇത്രയേറെ മഹത്വമുണ്ടായത് എന്ന് സാരം. റമളാനിലെ അവസാന പത്തിലെ രാവുകളിൽ ഈ അദ്ധ്യായം പതിവാക്കുന്നത് ഏറെ മഹത്വമുള്ള കാര്യമാണ്.
മുസ്ലിം (റ) അബൂമുന്‍ദിര്‍ (റ) ല്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇങ്ങനെ പറയുന്നു: “”ലൈലതുല്‍ ഖദ്റിനു ശേഷമുള്ള ഉദയ സൂര്യനു മങ്ങിയ കിരണങ്ങളായിരിക്കും”” ലൈലതുല്‍ ഖദ്റില്‍ നായകളുടെ കുരയും കഴുതകളുടെ അലര്‍ച്ചയും വിരളമായിരിക്കും. കടല്‍ വെള്ളത്തില്‍ അമ്ലസാന്ദ്രത ലഘുവായിരിക്കും. ജീവജാലങ്ങള്‍ അല്ലാഹുവിന് അവരുടെ പ്രകൃതിയില്‍ ദ്ക്റും സാംഷ്ടാംഗവും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതും കാണാം. മറ്റു ദിനങ്ങളെ പോലെ അന്നത്തെ സൂര്യോദയം പിശാചിന്റെ കൊമ്പുകള്‍ക്കിടയിലൂടെയായിരിക്കില്ല. (സ്വാവി 4/322)
ചുരുക്കത്തില്‍ ലൈലതുല്‍ ഖദ്റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83.4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ദാനം ആയിരം മാസത്തെ ദാനത്തിനു തുല്യം. അന്നത്തെ നിസ്കാരം ആയിരം മാസം നിസ്കരിക്കുന്നതിനു തുല്യം. അന്നത്തെ ഇഅ്തികാഫ് ആയിരം മാസം തുടര്‍ച്ചയായി ഇഅ്തികാഫിരിക്കുന്നതിന് സമം. അങ്ങനെ ഓരോ ഇബാദത്തും 83.4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യം. അനസ് (റ) പറയുന്നത് ശ്രദ്ധിക്കുക: “ലൈലത്തുല്‍ ഖദ്റിലെ സദ്പ്രവൃത്തികള്‍, ദാന ധര്‍മങ്ങള്‍, സകാത്, നിസ്കാരം, എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവർത്തനത്തെക്കാൾ പുണ്യകരമാണ്....
മഹത്വങ്ങൾ ഏറെയുള്ള സൂറത്തുൽ ഖദ്റിന്റെ വെളിച്ചതിലൂടെ ലൈലത്തുൽ ഖദർ ലഭിക്കുന്ന പുണ്യവാൻമാരിൽ അള്ളാഹു നമ്മളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.... ആമീൻ
Ayisha Nasreen V.M,
Sahala Yasmin P.S
SMST COLLEGE, ANCHANGADI

1 Comments
🙌🏻🤲🏻
ReplyDelete