സൂറത്തുൽ ലൈൽ:നിത്യദൃഷ്ടാന്തങ്ങളിലെ അനർവചനീയ പൊരുൾ
വിശുദ്ധ കലാമായ ഖുർആനിലെ തൊണ്ണൂറ്റിരണ്ടാം അധ്യായമാണ് സൂറത്തുൽ ലൈൽ (രാവ് ). ഇരുപത്തിയൊന്ന് സൂക്തങ്ങളുള്ള ഈ അദ്ധ്യായം ഹിജ്റയുടെ മുമ്പേ ഇറക്കപ്പെട്ട മക്കിയായ സൂറത്തുകളുടെ എണ്ണത്തിൽ ഗണിക്കപ്പെടുന്നു. അബൂബക്കർ സിദ്ദിഖ് (റ )ന്റെയും ഉമയ്യത്തു ബിനു ഖലഫിന്റെയും കാര്യത്തിലിറങ്ങിയതാണ് പ്രസ്തുത സൂറത്ത് . രണ്ട് കൂട്ടരെയും വിശദീകരിച്ചു പറയുന്നത് തഫ്സീറിൽ കാണാം. സിദ്ധിഖ് (റ ) ഏറ്റവും മേലെയായ ഈമാനിലും ആദരവിലും സത്യസന്ധത യിലുമാണ്. എന്നാൽ ഉമയ്യത്ത് ഏറ്റവും നിഷേധത്തിലും പിശുക്കിലും ആഴ്ന്നിറങ്ങുന്നു. ഇവരുടെ ഉപമ വെച്ചു കൊണ്ടാണ് ഈ സൂറത്തു ഇറങ്ങുന്നത്.
സൂറത്തിന്റെ തുടക്കം തന്നെ അള്ളാഹു രാവിനെ കൊണ്ട് സത്യം ചെയ്യുന്നു.തുടർന്ന് വരുന്ന രണ്ട് സൂക്തത്തിലും അള്ളാഹു അവന്റെ നിത്യ ദൃഷ്ടാന്തങ്ങളെ തൊട്ട് സത്യം ചെയ്യുന്നു . ഇരുളും, പകലും, ആൺ പെണ്ണ് വർഗ്ഗങ്ങളും ഒക്കെ അവന്റെ വലിയ ദൃഷ്ടാന്തങ്ങളാണ്. കാരണം ഇരുളിനെ പകലാക്കുന്നതും പകലിനെ ഇരുളാക്കുന്നതും അവന്റെ മഹാ ശക്തി കൊണ്ടാണ്. അല്ലാതെ മറ്റാരുമല്ലെന്ന് നമുക്ക് സ്പഷ്ടമാണല്ലോ..
وما خلق الذكر والأنثى.
ഈ മൂന്നാമത്തെ ആയത്ത് വിളിച്ചോതുന്നത് ആണിനെയും പെണ്ണിനേയും സൃഷ്ടിച്ച രീതിയെ തന്നെയാണ് സത്യം എന്നു പറഞ്ഞു കൊണ്ടാണ്.ഇബ്നു അബ്ബാസ് (റ)ഉദ്ധരിക്കുന്ന ഹദീസിൽ കാണാം:മനുഷ്യ പിതാവായ ആദം നബിയെയും മനുഷ്യ മാതാവായ ഹവ്വ ബീവിയെയും ആണ് ഉദ്ദേശിച്ചത് എന്ന്. മനുഷ്യരുടെയും ജിന്നുകളുടെയും തന്നെ പരിശ്രമങ്ങളും പ്രവർത്തനങ്ങളും ഒരേ രൂപത്തിലുള്ളവയല്ല. വിഭിന്ന നിലയിലുള്ളതാണ് എന്നാണ് അള്ളാഹു സത്യം ചെയ്ത് പറയുന്നത്. അത് പോലെ രാത്രിയും പകലുമെന്ന പോലെയും ആണും പെണ്ണുമെന്ന പോലെയും മനുഷ്യ കർമങ്ങൾ നല്ലത്, ചീത്ത, ഗുണകരം, ദോശകരം,രക്ഷാ മാർഗം, ശിക്ഷാമാർഗം, എന്നിങ്ങനെ വ്യത്യസ്തങ്ങളായാണ് കാണപ്പെടാറുള്ളത്. ഇതിനെ തുടർന്നു കൊണ്ട് അള്ളാഹു അടുത്ത സുക്തത്തിൽ പറയുന്നുണ്ട് :തീർച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്നരൂപത്തിലുള്ളതാകുന്നു, അതുപ്രകാരം നന്മ ചെയ്യുന്നവരും താഴ്ന്നവരും അങ്ങനെ പല രൂപത്തിലും കാണാം.
പിന്നീടുള്ള സുക്തത്തിൽ അള്ളാഹു പറയുന്നത് അവന്റെ മുത്തഖിയായ ഇഷ്ട്ട ദാസന്മാരെ കുറിച്ചാണ്. നല്ല കർമങ്ങൾ ചെയ്തവന്ന് അത് കാരണമായി സ്വർഗമുണ്ടെന്നും നിഷ്കർമങ്ങൾ ചെയ്തവന്ന് അത് കാരണമായി നരകമുണ്ടെന്നും അവൻ ശക്തമായി താക്കീത് നൽകുന്നു..
وصدق بالحسنى
എന്നതിൽ حسنى ക്ക്
സൽകർമങ്ങൾ, ഇസ്ലാമിന്റെ മാർഗം, നല്ല പ്രതിഫലം എന്നിങ്ങനെ പലവിധത്തിലുള്ള അർത്ഥങ്ങൾ കാണാം.
ലുബ്ദത കൂടാതെ സത്കാര്യങ്ങളിൽ ധനം ചിലവഴിക്കുക, അല്ലാഹുവിന്റെ കല്പനനിർദ്ദേശങ്ങൾ സ്വീകരിച്ചു കൊണ്ട് അവനെ സൂക്ഷിക്കുക,സത്യ വിശ്വാസം,സൽകർമം തുടങ്ങിയ ഗുണങ്ങളോട് കൂടിയായിരിക്കും മനുഷ്യരിൽ ഒരു വിഭാഗം ആളുകൾ. ഇവർക്ക് നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കാനും നല്ല പ്രതിഫലം ആസ്വദിക്കാനും അള്ളാഹു സഹായിക്കുന്നു. ഇവരുടെ പര്യവസാനം ശാശ്വത സ്വർഗമായിരിക്കും.പക്ഷെ, ഇതിനെതിരെയായി മറ്റൊരു വിഭാഗമുണ്ട്. ധനം ചിലവഴിക്കാൻ അവരുടെ പിശുക്ക് അവരെ സമ്മതിക്കുകയില്ല.
അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പ്രതിഫലത്തിൽ അവർക്ക് താല്പര്യമില്ല. അവന്റെ നിയമനിർദ്ദേശങ്ങളെ അവർ മാനിക്കുകയില്ല.
ഇങ്ങനെയുള്ളവർക്ക് കൂടുതൽ പ്രയാസത്തിലേക്കായിരിക്കും വഴി ലഭിക്കുന്നത്. അഥവാ പ്രയാസങ്ങളിൽ ഏറ്റവും പ്രയാസകരമായ പ്രതിഫലവും നരക ശിക്ഷയുമാണ് ലഭിക്കുക.അള്ളാഹു സൂറത്തു മുഹമ്മദിലെ 17 മത്തെ അദ്ധ്യായത്തിൽ പറയുന്നുണ്ട് :"സൻ മാർഗം സ്വീകരിച്ചവർക്ക് അള്ളാഹു സൻമാർഗം വർധിപ്പിച്ചു കൊടുക്കുകയും അവർക്ക് അവരുടേതായ സൂക്ഷ്മത നൽകുകയും ചെയ്യും.
12/20... ആർക്ക് എന്ത് നന്മ ചെയ്ത് കൊടുത്താലും അതിൽ അല്ലാഹുവിന്റെ പ്രീതി ലഭിക്കണമെന്ന സൽവിചാരത്തിൽ ധാനം ചെലവഴിക്കുന്നവനാണ് ആത്മ പരിശുദ്ധിക്കു വേണ്ടി ധനം ചെലവഴിക്കുന്നവൻ എന്നാണ് തുടർന്നുള്ള സുക്തങ്ങളിലൂടെ പറയുന്നത്.
അല്ലാഹുവിന്റെ വിധി വിലക്കുകളെ സൂക്ഷിച്ചു കൊണ്ട് ജീവിക്കുന്ന ഭയഭക്തരും, ആത്മ ശുദ്ധി നേടിയവരുമായ ആളുകൾക്ക് നരക ശിക്ഷ ഒഴിവാക്കപ്പെടുമെന്നും മാത്രമല്ല, മതി, മതി എന്നു തൃപ്തിപ്പെടുവോളം ഉന്നതമായ പ്രതിഫലം അള്ളാഹു അവർക്ക് നൽകുകയും ചെയ്യുന്നതാണ് എന്ന വലിയൊരു ശ്രേഷ്ഠതയെ പറഞ്ഞു കൊണ്ടാണ് ഈ സൂറത്തവസാനിക്കുന്നത്.
Rahmath beevi
Imam shafi she campus, kumbala

1 Comments
Maa shaa Allah 😍👍🏻
ReplyDelete