സൂറത്തുൽ കൗസർ: സദ് വൃത്തർക്കുള്ള സംവരണം




പ്രപഞ്ച  സൃഷ്ടാവിന്റെ വൈഡൂര്യവാണിയാണ് പരിശുദ്ധ ഖുർആൻ. സത്യത്തിന്റെ വെള്ളക്കീറുകൾ തേടി ഹിറാഇന്റെ ഇരുൾ മുറ്റിയ ഇടങ്ങളിൽ അഭയം തേടിയ പുണ്യനബിക്കും അല്ലാഹുവിനും ഇടയിൽ ജിബിരിൽ ( അ) മാധ്യമമായി വർത്തിച്ചപ്പോൾ  അവിടെ  അനന്യസാധാരണമായൊരു ഗ്രന്ഥം രൂപപ്പെടുകയായിരുന്നു. വിശുദ്ധ ഖുർആൻ സ്പർശിക്കാത്ത ഇടങ്ങളോ, തിരിഞ്ഞുനോക്കാത്ത വഴികളോ ഇല്ല. അനന്തസാഗരമായ ഖുർആനിലെ ഏറ്റവും ചെറിയതും "മീം" എന്ന അക്ഷരമില്ലാത്തതുമായ സൂക്തമാണ് സൂറത്തുൽ കൗസർ.


കൗസർ എന്ന വാക്കിന്റെ ഉത്ഭവം കസീർ (അധികരിച്ചത്) എന്ന പദത്തിൽ നിന്നാണ്. പ്രസ്തുത  വാക്കിനെ കുറിച്ച് ഖുർആൻ വ്യാഖ്യാതാക്കൾ പല വീക്ഷണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൗസർ എന്ന വാക്കിന് പല തരത്തിലുള്ള ആഖ്യാനങ്ങളുമുണ്ട്. പൂർവ്വികരും ആധുനികരുമായ ഭൂരിപക്ഷം പേരും പറഞ്ഞത് അത് സ്വർഗ്ഗത്തിലെ നദിയുടെ നാമമാണെന്നാണ്. വെള്ളത്തിന്റെ ആധിക്യവും അതിന്റെ മേന്മകളുമാവാം ഈ നദിക്ക് ഇങ്ങനെ നാമകരണം ചെയ്യാൻ ഹേതു .നശ്വരമായ അനേകായിരം സ്വർഗത്തോപ്പുകളിലേക്കുള്ള നദികൾ അതിൽ നിന്നാണ് ഒഴുകുന്നത്.


അനസ് (റ) നിന്ന് നിവേദനം; നബി (സ്വ) പറയുന്നു" സ്വർഗ്ഗത്തിൽ ഞാനൊരു നദി കണ്ടു അതിന്റെ ഇരു കരകളിലും മുത്തുകളുടെ കൂമ്പാരങ്ങളുണ്ടായിരുന്നു.അതിലെ വെള്ളത്തിന് കസ്തൂരിയുടെ ഗന്ധവും ഉണ്ടായിരുന്നു. ഇതെന്താണെന്നുള്ള ന

ചോദ്യത്തിന് മറുപടി ' ഇതാണ് അല്ലാഹു താങ്കൾക്ക് നൽകിയ കൗസർ ' എന്നായിരുന്നു. 


إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾ فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾ 

അളവറ്റ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകാശനമാണ്  നമസ്കാരം. നമസ്കരിക്കുക എന്നാൽ നന്ദികാണിക്കുക എന്നാണ് വിവക്ഷ. മൃഗബലി നന്ദി പ്രകാശനത്തിന്റെ പ്രതീകമാണ്. ബഹുദൈവവിശ്വാസികൾ അവരുടെ വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കുന്ന പതിവുണ്ടായിരുന്നു. ആരാധനയും ബലിദാനവും അല്ലാഹുവിന് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുന്നതാണ് ഈ അധ്യായം


 إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣﴾

വിശ്വസനീയമായ നിവേദനങ്ങൾ പ്രകാരം മക്കയിൽ അവതരിച്ച  ഈ അധ്യായം 'ആസ് ബ്നു വാഇലിന്റെ' കാര്യത്തിലാണ് എന്ന് പറയപ്പെടുന്നു. ഖുറൈശികൾ ആൺമക്കളെ പ്രൗഢിയുടെയും കുടുംബപരമ്പര നിലനിർത്തുന്നതിനുള്ള ആദരവുമായിട്ടാണ് കണക്കാക്കിയിരുന്നത്. ഒരിക്കൽ ആസ് നബിയെ കണ്ടുമുട്ടുകയും യും, നബി(സ്വ) ആരാണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അത് "ابتر" ആണെന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഇതിനു താക്കീതെന്നോണം അല്ലാഹു അവതരിപ്പിച്ചതാണ് ഈ സൂറത്ത്. ആൺമക്കൾ മരണപ്പെട്ടാൽ ഒരാളുടെ  കുലം മുടിഞ്ഞു എന്ന് ഖുറൈശികൾ പറയാറുണ്ടായിരുന്നു. പ്രവാചക പുത്രന്മാരുടെ വിയോഗത്തെ മുശ്രിക്കുകൾ ابتر  അഥവാ വാലറ്റവൻ, കുലം മുടിഞ്ഞവൻ എന്ന പ്രയോഗത്തിലൂടെ പരിഹസിക്കാറുണ്ടായിരുന്നു. യഥാർഥത്തിൽ പിന്നീട് അവരുടെ കുലമാണ് മുടിഞ്ഞു പോയത് .തിരു നബിയുടെ അനന്തര തലമുറ അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്...അന്ത്യനാൾ വരെ ...!


ധാരാളം ശ്രേഷ്ഠതകൾ നിറഞ്ഞ പാനീയമാണ് ഹൗളിലേത് .നബി (സ്വ) യുടെ ഉമ്മത്തിന് മാത്രമായി നൽകപ്പെട്ടതാണിത് . മഹ്ശറയിൽ വെച്ച് നന്മതിന്മകളെ തൂക്കി കണക്കാക്കുന്നതിന് മുമ്പ് നല്ലവരായ സമുദായാംഗങ്ങൾക്ക് നബി (സ്വ) ഹൗളിൽ നിന്നും വെള്ളം കുടിപ്പിക്കും എന്നാണ് പ്രബലാഭിപ്രായം.


നബി (സ്വ) പറഞ്ഞു: "എൻ്റെ ഹൗള് ഒരുമാസത്തെ വഴി അകലെയാണ്. അതിന്റെ ഭാഗങ്ങൾ സമമാകുന്നു.അതിലെ വെള്ളം പാലിനേക്കാൾ വെളുത്തതും അതിന്റെ വാസന കസ്തൂരിയേക്കാൾ നല്ലതുമാകുന്നു. അതിലെ കൂജകൾ ആകാശത്തെ നക്ഷത്രങ്ങൾ കണക്കെയുള്ളതാകുന്നു. അതിൽ നിന്ന് ആരെങ്കിലും കുടിച്ചാൽ അവന് പിന്നീട് ദാഹിക്കുകയില്ല."


ധാരാളം ശ്രേഷ്ഠതകൾ നിറഞ്ഞ സൂറത്തുൽ കൗസർ ഓതിയാൽ സ്വർഗത്തിലെ അരുവികളിൽ നിന്ന് അവനെ കുടിപ്പിക്കാനും, ഖൽബ് മയപ്പെടാനും,റബ്ബിൽ ഭയമുണ്ടാവാനും, തിരുനബി(സ്വ)യെ സ്വപ്നത്തിൽ ദർശിക്കാനും വരെ കാരണമാകും.


സൃഷ്ടാവും പരിപാലകനുമായ അള്ളാഹുവുമായി സാമീപ്യം നേടാനുള്ള സംഹിതയാണ് സൂറത്തുൽ കൗസർ .നബി (സ്വ) ക്ക് പ്രത്യേകമായി നൽകിയ അനുഗ്രഹങ്ങളെക്കുറിച്ചും , അതുപോലെ പ്രത്യേകമായി നിർബന്ധമാക്കിയ ആരാധനാ കർമങ്ങളെ കുറിച്ചും ,നബി(സ്വ)ക്ക് നേരെ കുപ്രചരണങ്ങൾ തൊടുത്തുവിട്ട ശത്രുക്കൾക്കെതിരെയുള്ള താക്കീതുമറുപടിയുമായിട്ടാണ് കേവലം വരുന്ന മൂന്ന് സൂക്തങ്ങളിലായി അവതരിച്ച ഈ അധ്യായം കടന്ന് പോകുന്നത് .ഇത് മുൻ അധ്യായങ്ങളുടെ ഒരു പൂർത്തീകരണം പോലെയും വരാൻ പോകുന്നവയുടെ ഒരു അടിസ്ഥാനം പോലെയുമാകുന്നു. വിധിനിർണയ ദിവസത്തിൽ ലോക സൃഷ്ടിപ്പിന് കാരണമായ പ്രവാചകൻ (സ്വ) യുടെ കരങ്ങളിൽ നിന്നും ഹൗളുൽ കൗസർ ലഭിക്കുന്നവരുടെ കൂട്ടത്തിൽ നാഥൻ നമ്മെയും ഉൾപ്പെടുത്തട്ടെ ആമീൻ....


Safa

Bafakhy wafiyya college