സൂറത്തുന്നാസ് :കാവൽഭടൻ അല്ലാഹുവാണ്..



പടച്ചോനും അവന്റെ പടപ്പുകളും തമ്മിലുള്ള ബന്ധത്തിന്റെ നൂലിഴയെ അടരാതെ സൂക്ഷിക്കുന്ന പരിശുദ്ധ ഖുർആനിലെ അവസാനത്തെ അധ്യായമാണ് സൂറത്തുന്നാസ്. ആറ് സൂക്തങ്ങളടങ്ങിയ ഈ അധ്യായം മക്കയിലാണ് അവതീർണമായത്.

قل أعوذ برب الناس

എന്ന വചനത്താൽ ആരംഭിക്കുന്ന സൂറത്തിലെ ആദ്യത്തെ സൂക്തത്തിൽ പരാമർശിക്കുന്ന 'റബ്ബ്' എന്ന അല്ലാഹുവിന്റെ വിശേഷണം തന്നെയാണ് പരിശുദ്ധ ഖുർആനിലെ ആദ്യത്തെ അദ്ധ്യായമായ ഫാത്തിഹയിലെ

الحمد لله رب العالمين

 എന്ന സൂക്തത്തിലും ഉപയോഗിച്ചത്.


സൂറത്തുൽ ഫാത്തിഹ നേർമാർഗ്ഗത്തിലേക്ക് നയിക്കണേ എന്ന പ്രാർത്ഥനയും ശേഷമുള്ള സൂറത്തുകൾ മനുഷ്യർക്ക് ആ സന്മാർഗം വ്യക്തമാക്കുന്നവയുമാണ്. വ്യക്തമായ സന്മാർഗത്തെ മറ്റെല്ലാ ശറുകളിൽ നിന്നും സംരക്ഷിക്കാൻ ജനങ്ങളുടെ റബ്ബും ജനങ്ങളുടെ ഉടമസ്ഥനും ജനങ്ങളുടെ ഇലാഹുമായ അല്ലാഹുവിനോട് കാവലിനെ ചോദിക്കാൻ പ്രവാചകൻ മുഹമ്മദ് (സ്വ)യോട് അള്ളാഹു കല്പ്പിക്കുന്നു.ബഖറ(മൃഗീയത)യിൽ നിന്ന് നാസി(മനുഷ്യൻ)ലേക്കുള്ള രൂപമാറ്റത്തിന്റെ വഴിവിളക്കാണ് പരിശുദ്ധ ഖുർആൻ.


 സൂറത്തുൽ ഫലഖിൽ ഉള്ളതുപോലെ അല്ലാഹുവിന്റെ മൂന്ന് ഗുണങ്ങളെ പരാമർശിച്ചുകൊണ്ട് തന്നെ കാവലിനെ ചോദിക്കാൻ അല്ലാഹു കൽപ്പിക്കുന്നു.സർവ്വ സൃഷ്‌ടികളിൽ നിന്നും മനുഷ്യനെ വ്യതിരിക്തമാക്കിയത് അവന് റബ്ബ്‌ കനിഞ്ഞ ബുദ്ധിയും ജ്ഞാനവുമാണ് . അള്ളാഹു നൽകിയ ഈ ഷറഫ്  കൊണ്ടാകണം മനുഷ്യരുടെ റബ്ബ്‌ എന്ന ആവർത്തനം ഏറെ മനോഹരമാകുന്നത്. മനുഷ്യന് തന്റെ "റബ്ബ്‌"എന്ന ദൃഢത ഇവിടെ നാമ്പിടുകയാണ്."റബ്ബ്‌" എന്ന വിശേഷണത്തിൽ നിന്ന് മലിക് (അധികാരി ) എന്നതിലേക്ക് ചേക്കേറുകയാണ്.ശേഷം ഇലാഹിലേക്കും.ഈയൊരു തർതീബ്  റബ്ബിന്റെ ഹിക്മത്ത് വരച്ചുകാട്ടുകയാണ്.


ആദ്യം തർബിയ്യത്തിന്റെ ഇനങ്ങൾക്ക് മനുഷ്യൻ സാക്ഷ്യം വഹിച്ചുകൊണ്ട്  "റബ്ബ്‌ " എന്ന അസ്തിത്വം ആവരണം ചെയ്യപ്പെടുന്നു.ശേഷം സൃഷ്ടിപ്പിന്റെ , ഉടലിന്റെ അധികാരി( മലിക് )യുടെ അജബുകളാൽ തടം കെട്ടി ആരാധിക്കപ്പെടൽ അനിവാര്യമായ ഒരുവനി(ഇലാഹ്)ലേക്ക് തേടുന്നു.ആദ്യ മൂന്നു സൂക്തങ്ങളാൽ "എന്റെ റബ്ബ്‌" എന്ന ചിന്ത മാനവ ഹൃദയങ്ങളിൽ പാകി അല്ലാഹുവിലേക്ക് കാവലിനെ തേടാൻ പ്രേരണ നൽകുകയാണ് സൂറത്തുന്നാസ്.മനുഷ്യരിലും ജിന്നുകളിലും പെട്ട,

മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരില്‍ നിന്നും,

ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതികളിൽ നിന്നും കാവലിനെ തേടാൻ മനുഷ്യന്റെ റബ്ബ്‌ തന്നെ അവനോട് കല്പികുന്നു.സുറത്തുൽ ഫലഖിന്റെ തുടർച്ചയാണെങ്കിലും ഫലഖ് ശരീരത്തിൽ പ്രകടമായതിനുള്ള കാവലും നാസ് ആത്മാവിനുള്ള കാവലുമാകുന്നു .



 മനുഷ്യനുമായി ബന്ധപ്പെടുത്തിയിട്ടുള്ള സൂക്തങ്ങൾ ഉൾക്കൊള്ളുന്നതാണ് സൂറത്തുന്നാസ് എന്ന നാമകരണത്തിന് നിദാനം.മനുഷ്യജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളാണ് കുട്ടിക്കാലം, യുവത്വം, വാർദ്ധക്യം.ഈ സൂറത്തിൽ അല്ലാഹുവിനോട് കാവലിനെ ചോദിക്കുന്നത് അവന്റെ മൂന്ന് ഗുണങ്ങളെ മനുഷ്യരോട് ബന്ധപ്പെടുത്തിയിട്ടാണ്.

- رب النّاس : صغار

- ملك النّاس : شبابة

-إله النّاس : شيوخ

ചെറുപ്പകാലം തർബിയത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഘട്ടമാണ്.യുവത്വം നേടിയെടുക്കലിന്റെയും അധികാരത്തിന്റെയും കാലമാണ്. അതു പോലെ തന്നെ വാർദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നവർ വികാരങ്ങളെല്ലാം നഷ്ടപ്പെട്ടവരാണ്.തെറ്റുകളിൽ നിന്നൊക്കെ മാറി സൃഷ്ടാവായ അല്ലാഹുവിനോട് കൂടുതൽ അടുക്കുകയും ഇബാദത്തിനായി ഇലാഹീ സ്മരണയിലായി സമയം ചെലവഴിക്കുന്നവരുമാണ് .


എല്ലാ ഉപദ്രവങ്ങളിൽ നിന്നും മുസ്‌ലിം ഈ സൂറത്തിനാൽ കാവൽ ചോദിക്കുന്നതിനാലാണ് സൂറത്തുന്നാസിനും സൂറത്തുൽ ഫലഖിനും മുഅവ്വിദത്തൈനി എന്ന പേര് ലഭിച്ചത്.


عن عقبة بن عامر -رضي الله عنه- أنَّه قال: “كنت أقود برسولِ اللَّهِ -صلَّى الله عليهِ وسلَّمَ- ناقتَه في السَّفرِ. فقالَ لي: يا عقبة ألا أعلِّمك خيرَ سورتينِ قرئتا؟ فعلَّمني قلْ أعوذ بِرَبِّ الفَلَقِ وقلْ أعوذ برَبِّ النَّاسِ”.(رواه مسلم )


ഒരിക്കൽ ഉക്ബത്ത് ബ്നു ആമിർ റസൂൽ (സ്വ)യോട് കൂടെ യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് റസൂൽ (സ്വ)പറഞ്ഞു :ഓ ഉഖ്ബാ, ഓതി കേൾപ്പിച്ചതിൽ ഏറ്റവും ഖൈർ ആയ രണ്ട് സൂറത്തുകൾ നിനക്ക് അറിയിച്ചു നൽകട്ടെ.  ശേഷം قل أعوذ برب الفلق،قل أعوذ برب النّاس എന്നീ സൂറത്തുകൾ എനിക്ക് പഠിപ്പിച്ചു തന്നു.


കണ്ണേറിൽ നിന്നും അസൂയാലുക്കളിൽ നിന്നും ഈ സൂറത്ത് ഓതി കാവലിനെ ചോദിക്കാൻ അല്ലാഹുവിന്റെ റസൂൽ (സ്വ)അരുളിയിട്ടുണ്ട്.റസൂൽ (സ്വ)ക്ക് രോഗം മൂർച്ഛിക്കുന്ന സമയത്ത് ജിബിരീൽ അലൈഹിസ്സലാം ഈ സൂറത്ത് ഓതി മന്ത്രിച്ച് ഊതുമായിരുന്നു.ശ്രേഷ്ഠമേറിയ ഈ സൂറത്തുകളെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ 


"قد جاءكم من الله نور وكتاب مبين"

ആത്മാവിൻറെ ദാഹം തീർക്കാനുള്ള ഒരു സുദീർഘ സഞ്ചാരമായിരുന്നു വചനപ്പൊരുൾ... ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമനെന്ന  പ്രവാചക വചനത്തിനായുള്ള  സമർപ്പണമായിരുന്നു മഷിത്തുള്ളികളായി വചനപ്പൊരുളിൽ അടർന്നു വീണത്....ഓരോ ആയത്തുകളും ഓരോ ജീവിതപദ്ധതി ആയിട്ടാണ് പരിശുദ്ധ ഖുർആൻ  വിശ്വാസിയെ പരിചയപ്പെടുത്തുന്നത്. ഉജ്ജ്വലമാർന്ന ആ ജീവിത പദ്ധതിയെ ഈമാനികാവേശത്തോടെ പുൽകാൻ... വചനത്തിൻ പൊരുളുകൾ തേടിയുള്ള യാത്രയെ അനുഗമിച്ച വർക്ക്..... വചനപ്പൊരുളിന്റെ വേദിയെ ധന്യമാക്കിയവർക്ക്... ഒരായിരം നന്ദി...


Raihanath.PA&Rifa Raheem

Al gaith Islamic & arts college