അപരാധികൾ പുറത്താണ്,ജാഗ്രതൈ!



മൗഢ്യരുടെ ആർഷഭാരത സംസ്കാരത്തിന്റെ തീവ്രത വിളിച്ചോതുന്ന സംഭവ ബഹുലമായ വിധികളും പ്രസ്താവനകളുമാണ് ഈയിടെ കാണാനിടയായത്. രാജ്യം അതിന്റെ മുക്കാൽ നൂറ്റാണ്ട് സ്വാതന്ത്ര ലബ്ധി ആഘോഷിക്കുമ്പോൾ “സ്വാതന്ത്ര് കാ അമൃത് മഹോത്സവ്‌ ”ന്റെ ഭാഗമായി ജസ്‌വന്ത് ഭായ് നയി,ഗോവിന്ദ് ഭായി നയി,ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ,ബിപിൻ ചന്ദ്ര ജോഷി,കേസർ ഭായി വോഹാനിയ,പ്രദീപ്‌ മോർദിയ,രാജു ഭായി സോണി,മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരെ ആദരിക്കുകയുണ്ടായി. ഇപ്പോൾ നല്ല മധുര പായസം വിളമ്പുന്ന വേദികളിൽ വൻ സ്വീകരണം ഏറ്റുവാങ്ങുന്ന തിരക്കിലാണ് സംഘം. ഇവർ ആരാണെന്നല്ലേ..കാലചക്രം ഒന്ന് പുറകോട്ട് തിരിക്കാം.. വർഷം 2002 മെയ്‌ മാസം 3 ന് ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രെന്തിക്പൂർ ഗ്രാമത്തിലാണ് സംഭവം.എല്ലാ സ്ത്രീകളെയും പോലെ ഗർഭ ധാരണത്തിന്റെ അഞ്ചാം മാസത്തിൽ എത്തി നിൽക്കുന്ന..തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ സ്വപ്നം കണ്ടവളായിരുന്നു ബിൽകീസ് ബാനു എന്ന യുവതി. എന്നാൽ അന്നേ ദിവസം മനുഷ്യ പിശാചുകളുടെ അക്രമം നാട്ടിലാകെ വ്യാപിച്ചു.. പാവങ്ങളുടെ വീടുകളിൽ അവർ കയറി ഇറങ്ങി അഴിഞ്ഞാടി. അധികം താമസിയാതെ അവളുടെ മേലിലും കരിനിഴൽ പതിച്ചു. അവളുടെ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പൊന്നോമനയെ നിലത്തടിച്ചു കൊന്നു . അത് കണ്ടു നിൽക്കേണ്ടി വന്ന അവരുടെ നിസ്സഹായവസ്ഥ മനസാക്ഷിക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. കൂടാതെ, സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിഷ്ഠൂരമായി  വളഞ്ഞാക്രമിച്ചു . കഴിഞ്ഞില്ല, സ്ത്രീകളുടെ മാനം പിച്ചി ചീന്തി അവരെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു തള്ളി. അങ്ങനെ തള്ളപ്പെട്ട ഒരുവളായിരുന്നു ബിൽകീസ് ബാനു. കൊല്ലപ്പെട്ടെന്ന് കരുതിയ ഇവൾക്ക് പക്ഷെ മൂന്ന് മണിക്കൂറിനു ശേഷം ബോധം തിരിച്ചു കിട്ടുകയായിരുന്നു. ഇത്തരത്തിൽ മനുഷ്യരാശിയുടെ മമത തൊട്ടു തീണ്ടിയിട്ടില്ലാത്ത നരഭോജികളായ ആ കൊലയാളികളാണ് മേൽ ഉദ്ധരിക്കപ്പെട്ട സ്വാതന്ത്ര ദിനത്തിൽ ഇന്ത്യ സ്വതന്ത്രമാക്കിയ ‘ഉത്തമ പൗരന്മാർ ’.


അവർ എത്ര തന്നെ കെടുത്താൻ ശ്രമിചിട്ടും ഉള്ളിൽ  കെടാതെ പോയ ഒരു തീപ്പൊരിയുണ്ടായിരുന്നു അവൾക്ക്.അത് അവൾ ഊതി ഒരു തീ ജ്വാലയാക്കി. പിന്നീടങ്ങോട്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. അവളുടെ ഭർത്താവ് യാക്കൂബ് റസൂലിന്റെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ കൊലയാളികൾക്ക് ജീവ പര്യന്തം തടവു ശിക്ഷ അവൾ പൊരുതി നേടി കൊടുത്തു. വർഷങ്ങൾക്ക് ശേഷം സ്വാതന്ത്ര ഇന്ത്യ അതിന്റെ 75ആം പിറന്നാളിൽ സമൂഹത്തിന് ആ കൊലയാളികളെ തിരിച്ച് സമ്മാനമായ് നൽകുകയും ചെയ്തിരിക്കുന്നു.


എന്തു നീചം അവസ്ഥ..!


സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം, സ്ത്രീ പ്രാധിനിത്യം, സ്ത്രീ ഭരണം, സ്ത്രീ സമത്വം, തുടങ്ങിയ ഒരു നീണ്ട നോൺസ്റ്റോപ്പ്‌ പട്ടിക തന്നെയുണ്ട് നമ്മുടെ രാഷട്രീയ നേതാക്കൾക്കും സ്ത്രീപക്ഷ വാദികൾക്കും പ്രസംഗിക്കാൻ.. അപ്പോൾ ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്..“നീതി ന്യായ വ്യവസ്ഥയിൽ എത്തി ചേരുമ്പോൾ എന്തുകൊണ്ട് ഇപ്പ്രയോഗങ്ങൾ പ്രാവർത്തികമാകുന്നില്ല?”


ചാനൽ ചർച്ചകളിൽ വന്നിരുന്ന് വാചാലരായ സ്ത്രീ പക്ഷ വാദികളെ ഇപ്പോൾ കാണുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. പ്രശ്നം നിസാരമല്ല...ഞാനും നിങ്ങളുമടങ്ങുന്ന ഇന്ത്യ മഹാ ഭാരതത്തിന്റെ സമുന്നതമായ പൈതൃകത്തിനും വിശിഷ്യ ഭരണഘടനക്ക് തന്നെ ഏൽക്കേണ്ടി വന്ന ഒരു തിരിച്ചടിയായി ഇതിനെ കാണാം.ജനങ്ങളുടെ സുരക്ഷയേയും , സുരക്ഷ നിയമങ്ങളേയും കാറ്റിൽ പറത്തിയിരിക്കുകയാണ് ഗുജറാത്ത്‌ സർക്കാർ എന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അല്ലെങ്കിലും വലിയ തോതിൽ ഭീതി പരത്തിയ കുപ്രസിദ്ധി നേടിയ ഗുജറാത്ത്‌ കലാപത്തെ പോലും അഭിമാനപുരസരം കൊട്ടി ഘോഷിക്കുകയാണല്ലോ മേധാവികൾ..വെള്ളക്കാർ ക്ക് ഒത്താശ ചെയ്തു നിലകൊണ്ടിരുന്ന സവർണ്ണ ജാതി മേൽക്കോയ്മയുടെ പ്രതിനിധിയും ഹിന്ദു മഹാ സഭയുടെ നേതാവുമായ സവർക്കറെ പോലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വയം ബലിയർപ്പിച്ച മഹാത്മാക്കളുടെ കൂടെ ആദരിച്ചതിലും വലിയ അത്ഭുതമില്ല..അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സ്വാതന്ത്ര ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി സവർക്കരുടെ രൂപത്തിൽ ഒരുക്കപ്പെട്ട കുട്ടി.!!


രാഷ്ട്ര പിതാവിന്റെ നേരെ നിറയൊഴിച്ചു അരിശം തീർക്കുകയും നാതുറാം ഗോഡ്സെയ്ക്ക് സ്തുതി മണ്ഡപങ്ങൾ അർപ്പിക്കുകയും ചെയ്ത ഭാരതത്തിന്റെ രക്ഷാ കവചങ്ങൾ ചമയുന്നവർ ഒന്നോർക്കുക.. ബാപ്പുജിയെ ഇല്ലാതാക്കാൻ ഗോഡ്സെയ്ക്ക് പ്രേരകമായ നിങ്ങളുടെ കഷാപ്പ് രാഷ്ട്ട്രീയം ഇന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

 സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ നിന്ന് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്  ഹാജിയെ പോലുള്ള ധീര രക്തസാക്ഷികളെ ഒഴിവാക്കിയതും ഇപ്പോൾ കുറ്റവാളികൾ നന്മ മരങ്ങളായി വാഴ്ത്തപ്പെടുന്നതും കാണുമ്പോൾ നാളെ വരുന്ന തലമുറ ഈ കൊലയാളികളെ ഇന്ത്യാ മഹാ ഭാരതത്തിന്റെ സാംസ്‌കാരിക പരിഷ്കർത്താക്കളും പോരാളികളുമായി ചരിത്രം മാറ്റി എഴുതപ്പെടുമോ എന്ന ആശങ്ക പങ്കുവെക്കാതിരിക്കാൻ കഴിയുന്നില്ല. എന്നിരുന്നാലും അനീതിക്കെതിരെ ശബ്ദിക്കാൻ  പ്രതിജ്ഞാബദ്ധരായി നിലകൊള്ളേണ്ടത് നമ്മെ സംബന്ധിച്ചിടത്തോളം  വലിയ കടമയാണ്. അർഹിക്കാത്ത കരങ്ങളിൽ കിടന്ന് രാജ്യം വീർപ്പുമുട്ടുന്ന സ്ഥിതി വിശേഷണം മാറുമെന്ന പ്രത്യാശയും പ്രാർത്ഥനയുമാണ് മുഖ്യം.


“എവിടെ നിര്‍ഭയമാകുന്നു മാനസം

അവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം

എവിടെ വിജ്ഞാനം സര്‍വ്വസ്വതന്ത്രമായ്‌

അവികലമായ്‌ വിരാജിപ്പൂ നിത്യവും

മുക്തി തന്റെയാ സ്വര്‍ഗ്ഗരാജ്യത്തിലേ-

ക്കെന്റെ നാടൊന്നുണരണമേ ദൈവമേ!”

- ശ്രീ.രബീന്ദ്രനാഥ്‌ ടാഗോർ.


SAYYIDATH SHAHNA BEEVI OMS

SUBULURASHAD WAFIYYA DAY COLLEGE, IRINGATTIRI