'പുതിയ' പാഠ്യപദ്ധതി; 'പുതിയ' സമത്വം
"ഇവിടെ മുഴുവൻ അസമത്വമാണ്...തിരുത്തി എഴുത്ത് അത്യാവശ്യമാണ്".
പാഠ്യപദ്ധതി പരിഷ്കരണത്തിന് ചട്ടക്കൂട് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പിൽ നിന്നും ഇങ്ങനെയൊരു വാദം ഉയരുന്നതായി കാണാം. സമത്വത്തിനായി പോരാടുന്ന ഒരു കൂട്ടം സമത്വസമര പോരാളികളായി ഇക്കൂട്ടരെ ഒരുപക്ഷേ നമുക്ക് തോന്നിയേക്കാം.. പക്ഷേ, ഇത്തരം തുഗ്ലക്ക് ഭരണ പദ്ധതികൾ വിഡ്ഢിത്തം ആണെന്ന് മനസ്സിലാക്കാൻ ഐൻസ്റ്റീന്റെ തലയൊന്നും നമുക്ക് ആവശ്യമില്ല എന്നുള്ളതാണ്. 'ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന ശീർഷകത്തിലുള്ള അധ്യായമാണ് ഇന്ന് കേരളത്തിൽ വിവാദം സൃഷ്ടിക്കുന്നത്. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.കാരണം,സ്വന്തം സംസ്കാരത്തെ ചോദ്യം ചെയ്യുകയും തലമുറയെ ധാർമിക മൂല്യ തകർച്ചയിലേക്ക് എത്തിക്കുകയും ചെയ്യുന്ന പരിഷ്കാര പദ്ധതികളെ എതിർക്കൽ സ്വാഭാവികം.
ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ആശയം ഇത്രയേറെ വിമർശിക്കപ്പെടാൻ കാരണം, ഇത് മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളിൽ ഒന്നാമത്തേത് , ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലേക്ക് എത്തിക്കാനും ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുമ്പോൾ സമത്വത്തോടെ പ്രവർത്തിക്കാൻ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നുമാണ് . ഇതിൽനിന്ന് ഉൾത്തിരിഞ്ഞ് വരുന്ന കാര്യം വളരെ വ്യക്തമാണ്. സ്കൂളുകളിൽ ആൺ- പെൺ വേർതിരിവില്ലാതെ കുട്ടികളെ ഇടകലർത്തി ഇരുത്തുക എന്നും ലിംഗ സമത്വം എന്നത് ഊന്നൽ നൽകുന്നത് വസ്ത്രധാരണയിലെ സമത്വം ആണെന്നുമാണ്.
ഇതിനുമുമ്പും ലിംഗ സമത്വ പ്രശ്നങ്ങൾക്ക് പരിഹാരമായ നിർദ്ദേശങ്ങൾ പാഠ്യ പദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2007-ലെ കേരള പാഠ്യ പദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടുത്തിയ നിർദ്ദേശങ്ങൾ അതിന് ഒരു ഉദാഹരണമാണ്. സ്ത്രീധനം, സ്ത്രീവിവേചനം പെൺകുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത്, തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുക, സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ, നിയമപരിരക്ഷ, തുടങ്ങിയവ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുക, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തൊഴിൽ പരിശീലനത്തിന് അവസരം ഒരുക്കുക, തുടങ്ങിയ സമത്വം കൊണ്ടുവരുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ എത്രത്തോളം പ്രാവർത്തികമാക്കി എന്ന് നാം ചിന്തിക്കണം. ഇവയൊന്നും ചർച്ച ചെയ്യാതെ ഇത്തരത്തിൽ പുരോഗമനം കൊണ്ടുവരുന്നതിന് പകരം ജൻഡർ ന്യൂട്രാലിറ്റിക്ക് പിറകെ എന്തിന് ഓടുന്നു എന്നാണ് മനസ്സിലാവാത്തത്.
ഇവർ കാലത്തിനനുസരിച്ച് കോലം കെട്ടുന്നവർ... യഥാർത്ഥ വിദ്യാഭ്യാസ മൂല്യങ്ങൾക്ക് പരിക്കേൽപ്പിച്ചുകൊണ്ട് രാഷ്ട്രീയം അരച്ചു കലക്കി അടിസ്ഥാനരഹിത മൂല്യങ്ങളെ പുതിയ വിദ്യാഭ്യാസ പദ്ധതികളായി വരുംതലമുറയുടെ ചിന്താധാരയിൽ കുത്തിനിറക്കുന്ന ഭരണകൂടത്തിനു മുന്നിൽ നാം കണ്ണു തുറക്കേണ്ടതുണ്ട്. വിദ്യ അഭ്യസിക്കുന്നിടത്ത് തന്നെ വിദ്യാഭ്യാസ മൂല്യങ്ങൾക്കായി കൊടി പിടിക്കേണ്ട അവസ്ഥ. പിച്ച വെക്കുമ്പോൾ തന്നെ പിച്ചിച്ചീന്തുന്ന നിഗൂഢ ശ്രമങ്ങളാണ് ഇതിനുപിന്നിൽ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ സമൂഹത്തിന് ജെൻഡർ കൺഫ്യൂഷൻ ഇത് സൃഷ്ടിക്കുന്നു. വിദ്യാർഥി ജീവിതങ്ങളിൽ ലിബറലിസത്തിന് വെള്ളവും വളവും നൽകി നട്ടുവളർത്തുന്ന പുതിയ സമത്വവാദികളെ പിഴുതെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... വിദ്യാർത്ഥി സമൂഹത്തിന് ആശയപരമായും മാനസികപരമായും സാമൂഹികപരമായും മറ്റും ഇത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പുരോഗമനവാദം പുറന്തള്ളുന്ന പുരോഗമന വാദികൾക്കായി കൊടി പിടിക്കാൻ ഇന്ന് ഭരണകൂടവും സ്വയം സമർപ്പിതമായി രംഗത്ത് വരുന്നു. അടിസ്ഥാന സാമൂഹിക മൂല്യങ്ങളെ കറുപ്പിക്കുകയും മത രഹിത സമൂഹത്തെയും തുറന്ന ലൈംഗികതയെയും വെളുപ്പിക്കുകയും സാമൂഹിക തിന്മകൾക്ക് മൂർച്ച കൂട്ടുകയും ചെയ്തു ലിബറലിസത്തിന്റെ ചായ്‌വും മണപ്പിച്ച് രംഗത്ത് വരുന്ന പുതിയ പാഠ്യപദ്ധതികൾക്കെതിരെ നാം സന്നദ്ധ രായിരിക്കേണ്ടത് അത്യാവശ്യമാണ്.
ലിംഗ സമത്വത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്നത് കാലത്തിന്റെ ആവശ്യകതയാണ്. മാത്രമല്ല വിദ്യ അഭ്യാസിക്കുന്നതിന് മുമ്പ് നമുക്ക് ആവശ്യം സമത്വം തന്നെയാണ്. അതിൽ യാതൊരു തർക്കവുമില്ല. വിദ്യാഭ്യാസ കാര്യത്തിൽ ആൺ-പെൺ വിവേചനം വർഷങ്ങൾക്കു മുമ്പ് അവസാനിപ്പിച്ച കേരളം ഒന്നാംതരത്തിൽ പ്രവേശനം നേടുന്ന കുട്ടികൾ സെക്കൻഡറി ഘട്ടം അവസാനം വരെ തുടരുന്നുമുണ്ട്. അക്കാദമിക മികവിൽ പെൺകുട്ടികൾ എത്രയോ മുന്നിലാണ്. ഇന്ത്യയിൽ ഇക്കാര്യത്തിൽ കേരളം മുന്നിൽ തന്നെയാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മറ്റു പല സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കുകയും ചെയ്തിട്ടുണ്ട് . എന്നിട്ടും ന്യൂജൻ ചിന്താഗതിക്കാരാണെന്നും കാലത്തിനൊപ്പം ഓടുന്നവരാണ് എന്നും സ്വയം വാദിക്കുന്നവർ പറയുന്നു കേരളം മുഴുവൻ അസമത്വമാണ് എന്നും ആൺ-പെൺ വ്യത്യാസം ഇവിടെ നിലനിൽക്കുന്നു എന്നും.യഥാർത്ഥത്തിൽ ഇക്കൂട്ടർ കാലം ഓടുന്നതിന് എതിർ ദിശയിൽ ഓടുകയും കേരളം ഒരു ഭ്രാന്താലയമായി മുദ്രകുത്തിയ കാലത്തിൽ എത്തിനിൽക്കുകയും അവിടെയുള്ള കാര്യങ്ങൾ വിളിച്ചുപറയുകയും ചെയ്യുകയാണോ എന്ന് നാം സംശയിക്കേണ്ടതുണ്ട്.
ആൺവേഷം ധരിക്കാൻ പെൺകുട്ടികൾക്ക് വഴിയൊരുക്കുന്നതിലൂടെ, ക്ലാസ് മുറികളിൽ കുട്ടികൾ ഇടകലർന്നിരിക്കണം എന്ന് നിർദ്ദേശിക്കുന്നതിലൂടെ, ഒരു തലമുറയെ അത് ധാർമിക മൂല്യ തകർച്ചയിലേക്ക് എത്തിക്കും എന്ന് ചൂണ്ടിക്കാണിച്ചാൽ അവർ ജീവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണെന്ന് മുദ്രകുത്തുക എന്തെളുപ്പം?
Fathima Rifa KV
CM Ayisha Hajjumma institute of advanced studies, (Wafiyya) madavoor

1 Comments
🔥🔥💯💯💯
ReplyDelete